•  30 Jan 2025
  •  ദീപം 57
  •  നാളം 46
വചനനാളം

ലോകത്തിന്റെ പ്രകാശം

  ഫെബ്രുവരി 2 ദനഹാക്കാലം അഞ്ചാം ഞായര്‍
നിയ 18:13-18   ഏശ 48:12-20
ഹെബ്രാ 6:9-15   യോഹ 3:14-21
 
 
  നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നുള്ള ഒന്നാമത്തെ വായനയില്‍ രണ്ടു പ്രാവശ്യം  പറയുന്നുണ്ട്: സഹോദരന്മാരുടെ ഇടയില്‍നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി ഞാന്‍ അയയ്ക്കും (നിയമ. 18:14-18). പഴയനിയമത്തിലെ ഉന്നതപ്രവാചകനാണ് മോശ. മോശയ്ക്കുശേഷം പിന്‍തലമുറകളില്‍ ധാരാളം പ്രവാചകന്മാരുണ്ടായിരുന്നു. എന്നാല്‍, മോശതന്നെ പറഞ്ഞിരിക്കുന്ന എന്നെപ്പോലുള്ള ഒരു പ്രവാചകന്‍ എന്നത് ഈശോമിശിഹാതന്നെയാണ്. മോശയും പഴയനിയമപ്രവാചകന്മാരും ദൈവികമായ അറിവ് ദൈവത്തില്‍നിന്നു സ്വീകരിച്ച് ദൈവവചനമായി ജനത്തെ പഠിപ്പിച്ചപ്പോള്‍; ഈശോമിശിഹായാകട്ടെ, വ്യക്തിത്വം ധരിച്ച വചനമാണ്; ആവിഷ്‌കൃതമായ ദൈവവചനമാണ്. അവിടുത്തെ സ്വീകരിച്ചവര്‍ ദൈവവചനം സ്വന്തമാക്കുന്നു. ഈശോതന്നെ പറഞ്ഞിട്ടുണ്ട്: മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടും (യോഹ. 3:14). അപ്രകാരം, മോശയുടെ ദൗത്യം മിശിഹായില്‍ പൂര്‍ത്തിയാകാനിരുന്ന ദൗത്യത്തിന്റെ മുന്നോടിയായി മിശിഹാ കാണുന്നു.
    നിയമാവര്‍ത്തനം 18:15-18 എന്നീ രണ്ടു വചനങ്ങളിലും ദൈവമായ കര്‍ത്താവിന്റെ വാക്കുകളാണ് 'നിന്റെ സഹോദരങ്ങളുടെ ഇടയില്‍നിന്ന് (18:15), അവരുടെ സഹോദരങ്ങളുടെയിടയില്‍നിന്ന്' (18:8) ഒരു പ്രവാചകനെ നിങ്ങള്‍ക്കായി ഉയര്‍ത്തും എന്നത്. നിയമാവര്‍ത്തനപ്പുസ്തകം  'നിന്റെ സഹോദരങ്ങളില്‍നിന്ന്' എന്നു പറയുമ്പോള്‍ അത് ഇസ്രായേല്യരില്‍നിന്നുതന്നെ എന്നാണ് ഉദ്ദേശിക്കുന്നത്, അല്ലാതെ ഇസ്മായേല്യരില്‍നിന്ന് എന്നല്ല. നിയമാവര്‍ത്തനം 17:15 പറയുന്നത് നിന്റെ സഹോദരരില്‍നിന്നു മാത്രമേ രാജാവിനെ വാഴിക്കാവൂ എന്നാണ്. അതിന്റെ അര്‍ഥം ഇസ്മായേല്യരില്‍നിന്ന് രാജാവിനെ വാഴിക്കണം എന്നല്ലല്ലോ? നിയമാവര്‍ത്തനം 1:16ല്‍ ന്യായാധിപന്മാരെ നിയോഗിച്ചുകൊണ്ടു കല്പിച്ചത് നിങ്ങളുടെ സഹോദരന്മാരുടെ ഇടയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുവിന്‍ എന്നാണ്. അത് ഇസ്രായേല്‍ജനതയുടെ ഇടയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ആഹ്വാനമാണ്; അല്ലാതെ മറ്റു സഹോദരജനതകളുടെ ഇടയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനല്ല. ഇസ്രായേലിന്റെ സഹോദരങ്ങളായി ഒരിക്കലും ഇസ്മായേലിനെ ബൈബിള്‍ അവതരിപ്പിക്കുന്നില്ല. എന്നാല്‍, ഏദോമ്യര്‍, ഏസാവിന്റെ മക്കള്‍ (2:4; 23:7) ഇസ്രായേല്യര്‍ (നിയമ. 1:16; 3:18; 3:20; ജോഷ്വ. 1:14.15; 22:3) എന്നിവരെ ഉദേശിച്ചുകൊണ്ട് പല പ്രവശ്യം നിങ്ങളുടെ സഹോദരര്‍ എന്നു പറയുന്നുണ്ട്. സഹോദരരില്‍നിന്നു വരാനിരിക്കുന്ന പ്രവാചകന്‍ എന്നു മോശ ഇവിടെ പറയുമ്പോള്‍ യഹൂദരുടെ പ്രതീക്ഷയുടെ പൂര്‍ത്തീകരണമായി വരാനിരിക്കുന്ന മിശിഹായെക്കുറിച്ചുള്ള പ്രവചനമാണ്. മോശയോടു പ്രവചിച്ചത്  മിശിഹായുടെ വരവിനെക്കുറിച്ചാണ് എന്ന് പത്രോസ് ശ്ലീഹാ പറയുന്നുണ്ട്. (അപ്പ. പ്രവ. 3:22) 
    രണ്ടാമത്തെ വായനയില്‍ ഏശയ്യാ പ്രവാചകന്‍ നമ്മെ ഓര്‍മിപ്പിക്കുന്നു, പഴയനിയമത്തില്‍ പ്രവാചകരിലൂടെ സംസാരിച്ചുകൊണ്ടിരുന്നത് സകലത്തിന്റെയും സ്രഷ്ടാവായ ദൈവമായിരുന്നു എന്നും (ഏശ. 48:12) അവിടുന്ന് വചനത്തെയും അരൂപിയെയും അയച്ചാണ് ജനവുമായി സമ്പര്‍ക്കത്തിലായിരുന്നത് എന്നും. ഇസ്രയേലിനെ പഠിപ്പിക്കുകയും നയിക്കുകയും ചെയ്തിരുന്നത് വചനമായ ദൈവമായിരുന്നു. മോശയിലൂടെയും മറ്റും പ്രവര്‍ത്തിച്ചിരുന്നത് ദൈവത്തിന്റെ ചൈതന്യമായിരുന്നു (റൂഹാ), (സംഖ്യ 11:17-25). പഴയനിയമത്തില്‍ നയിച്ച വചനവും അരൂപിയുമാണ് വചനം മാംസം ധരിച്ച ഈശോമിശിഹായും അവിടത്തെ അരൂപിയും.
   ഹെബ്രായലേഖനത്തിന്റെ തന്നെ പ്രധാനലക്ഷ്യം ഈശോമിശിഹായ്ക്കു പഴയനിയമത്തിലെ ഉന്നതവ്യക്തികളുടെയെല്ലാംമേലുള്ള പ്രഥമസ്ഥാനം പ്രഘോഷിക്കുകയാണ്. അവിടുന്ന് അബ്രാഹത്തെക്കാള്‍ വലിയവനും മോശയെക്കാള്‍ ശ്രേഷ്ഠനും മാലാഖമാരെക്കാള്‍ ഉന്നതനുമാണ്. ദൈവത്തിന്റെ വാഗ്ദാനത്തില്‍ അബ്രാഹം പ്രത്യാശവെച്ചതുപോലെ പ്രത്യാശയില്‍ വസിക്കാന്‍ വിളിക്കുന്നു. രക്ഷയുടെ മാര്‍ഗങ്ങള്‍ നാം ഉപയോഗപ്പെടുത്തണം എന്ന് ഹെബ്രായലേഖനം 6:9-12 പറയുന്നു. അതിനു വിശ്വാസത്തിലും ദീര്‍ഘക്ഷമയിലും ഉത്സാഹത്തോടെ വ്യാപരിക്കണം.
    ഈ ആശയങ്ങള്‍തന്നെയാണ് യോഹ 3:16-21 ലുള്ളത്. പിതാവായ ദൈവത്തിനു ലോകത്തോടുള്ള സ്‌നേഹം; ലോകത്തെ രക്ഷിക്കാന്‍ സ്വപുത്രനെ നല്കുന്നത്; ഈശോയില്‍ വിശ്വസിക്കുന്നവനു രക്ഷാവിധി; ഈശോയെ നിരാകരിക്കുന്നവനു ശിക്ഷാവിധി; ഈശോ ലോകത്തിനു നല്കുന്ന പ്രകാശം; ഈശോയെ സ്വീകരിച്ചു സത്യത്തില്‍ വ്യാപരിക്കുന്നവനു പ്രകാശത്തില്‍ വാസം, തിന്മ ചെയ്യുന്നവന്റെ വാസം അന്ധകാരത്തില്‍ എന്നീ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു.
എന്നാല്‍, ഈശോമിശിഹാ ദൈവവചനമായി, പ്രവാചകനും അധ്യാപകനുമായി സ്വജനമധ്യേ ആഗതനായപ്പോള്‍ സ്വജനം അവിടത്തെ നിരാകരിക്കുകയുണ്ടായത്. അവര്‍ വെളിച്ചത്തെ ഭയപ്പെടുകയും ഇരുട്ടിനെ സ്‌നേഹിക്കുകയും ചെയ്തു. പ്രകാശത്തെ വെറുക്കുകയും അന്ധകാരത്തെ പുല്കുകയും ചെയ്തു. കാരണം, മനുഷ്യപ്രകൃതി വക്രവും പ്രവൃത്തികള്‍ ദുഷ്ടവുമാണെന്നതുതന്നെ. എന്നാല്‍,  ഈശോമിശിഹായില്‍ വിശ്വസിക്കുന്നതിനു വിളിക്കപ്പെട്ട സഭാസമൂഹത്തിന് വിശ്വാസത്തിലേക്കുള്ള വാതില്‍ തുറക്കുന്ന സുവിശേഷമാണ് യോഹന്നാന്റെ സുവിശേഷം. 
     ദൈവാന്വേഷകരായ മനുഷ്യരുടെ പ്രതീകമായിട്ടാണ് യോഹന്നാന്റെ സുവിശേഷം നിക്കൊദേമൂസിനെ അവതരിപ്പിക്കുന്നത്. ഈശോയുടെ അദ്ഭുതങ്ങളും അടയാളങ്ങളും ആ ദൈവാന്വേഷിയെ ഈശോയിലേക്ക് അടുപ്പിക്കുന്നു. യോഹന്നാന്റെ സുവിശേഷങ്ങളില്‍ മാത്രമേ ഇയാളെ പരാമര്‍ശിക്കുന്നുള്ളൂ (7:50, 19:39). ഈശോയെക്കുറിച്ചു കേട്ടിരുന്ന അയാള്‍ ഈശോയെ നേരില്‍ കാണാനും ഗുരുമുഖത്തുനിന്ന് ദിവ്യവചനങ്ങള്‍ കേള്‍ക്കാനും ഒരു ശിഷ്യന്റെ എളിമയോടെ ഈശോയുടെ അടുത്ത് എത്തുന്നു. ഈശോയെ ഒരു ഗുരുവായി അയാള്‍ അംഗീകരിക്കുന്നു. രാത്രിയുടെ യാമങ്ങളില്‍ ദൈവത്തില്‍നിന്നുദയം ചെയ്ത ഗുരുവിന്റെ മുമ്പില്‍ സംശയങ്ങളുടെ കൂമ്പാരവും ഉള്ളില്‍ പേറിക്കൊണ്ടു നില്ക്കുന്നു നിക്കൊദേമൂസ്. ലോകവ്യാപാരങ്ങളില്‍മാത്രം ശ്രദ്ധ പതിക്കുന്ന മനുഷ്യര്‍ക്കു ദൈവത്തെ കണ്ടെത്താന്‍ സാധിക്കുകയില്ല. കൂടാതെ, അന്ധകാരനിബിഡമായ ലോകത്തില്‍നിന്നു നിത്യപ്രകാശമായ ഈശോയെ തേടിവരുന്നവനായാണ് നിക്കൊദേമൂസിനെ യോഹന്നാന്‍ശ്ലീഹാ അവതരിപ്പിക്കുന്നത്. കാരണം, യോഹന്നാന്റെ സുവിശേഷം ഈശോയെ അവതരിപ്പിക്കുന്നത് ലോകത്തിന്റെ പ്രകാശമായിട്ടാണ്. ഈ പ്രകാശത്തിലാണ് സത്യം വെളിപ്പെടുന്നത്. നിക്കൊദേമൂസ് സത്യം അറിയാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍, അന്ധകാരത്തില്‍നിന്നു പ്രകാശമായ ഈശോയിലേക്കു വരുന്നു. കര്‍ത്താവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു (യോഹ. 3:21).
     സുവിശേഷഭാഗത്ത് നിക്കൊദേമൂസ് പറയുന്നു: ദൈവം കൂടെയില്ലെങ്കില്‍ ഒരുവനും നീ ചെയ്യുന്ന അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇതേ  രീതിയില്‍ത്തന്നെയാണ്, പ്രത്യക്ഷത്തില്‍ ബന്ധമില്ലെന്നു ദ്യോതിപ്പിക്കുന്ന ഈശോയുടെ മറുപടി. വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇതിനെ രണ്ടിനെയും നാം ഒന്നിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഉരുത്തിരിയുന്ന സത്യം, ദൈവം കൂടെയുണ്ടാകുമ്പോഴാണ് നാം വീണ്ടും ജനിക്കുന്നത്. ഇപ്രകാരം വീണ്ടും ജനിച്ചവന്‍ ദൈവം ആഗ്രഹിക്കുന്ന പ്രവൃത്തികള്‍ അനുവര്‍ത്തിക്കും. അവന്‍ സ്വര്‍ഗരാജ്യം അവകാശമാക്കും എന്നത്രേ.
നിക്കൊദേമൂസുമായുള്ള സംഭാഷണത്തില്‍ മാമ്മോദീസായെ പുനര്‍ജന്മമായും മുകളില്‍നിന്നുള്ള ജനനമായും അവതരിപ്പിക്കുന്നു. ലോകസുഖങ്ങളും ആഡംബരങ്ങളും ഉപേക്ഷിച്ച് പഴയമനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് മിശിഹായെ നാം മാമ്മോദീസയില്‍ ധരിക്കണം. ഇവിടെ വീണ്ടും ജനിക്കുക എന്നതിന് ആധ്യാത്മികമായി ദൈവത്തിങ്കലേക്കുള്ള ജനനം എന്നര്‍ഥം.
    അനോത്തെന്‍ എന്ന ഗ്രീക്കുപദത്തിന് മുകളില്‍നിന്ന്, വീണ്ടും എന്നീ അര്‍ഥങ്ങളുണ്ട്. പുതിയ ജനനം പരിശുദ്ധാത്മാവിലും ജലത്താലുമാണ്. ഇതിന്റെ അര്‍ഥം വിശ്വാസവും മാമ്മോദീസായും വഴി പുതിയ ജീവനിലേക്കുള്ള പ്രവേശനമാണ്. 
    അരൂപിയുടെ പ്രവര്‍ത്തനം നമുക്കു കാണാന്‍ സാധിക്കുന്നതല്ല എന്നു വിശദീകരിക്കാനാണ് കാറ്റിന്റെ പ്രതീകം ഉപയോഗിച്ചിരിക്കുന്നത്. അരൂപി സര്‍വസ്വതന്ത്രമായതിനാല്‍ അതിന്റെ പ്രവര്‍ത്തനം കാണുന്നതിനോ അളക്കുന്നതിനോ ആര്‍ക്കും സാധിക്കുകയില്ല. എന്നാല്‍, ജലത്താലും അരൂപിയാലും ജനിക്കപ്പെടാന്‍ തങ്ങളെത്തന്നെ നല്കണം എന്നാണ് സുവിശേഷം ഓര്‍മിപ്പിക്കുന്നത്. ജലത്താലും അരൂപിയാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുകയില്ല (യോഹ. 3:5.)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)