വയറ്റില്‍ ജനിച്ചത് ഒരു പെണ്‍കുട്ടിയാണെന്നറിയുമ്പോള്‍ത്തന്നെ അതിന്റെ കഴുത്തുഞെരിക്കുമായിരുന്ന ഒരു പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരാണു നാം. പെണ്‍കുട്ടികള്‍ ഒരു സൗഭാഗ്യമാണ്. അവരെ ശബ്ദിക്കാനും ഉയരങ്ങളില്‍ പറക്കാനും നാം അനുവദിക്കണം. അസമത്വവും തിരിച്ചുവ്യത്യാസവും അനുഭവപ്പെടുന്ന ഒരവസ്ഥ എപ്പോഴെങ്കിലും അവള്‍ക്കു വന്നുചേരുന്നെങ്കില്‍, അതൊരു അക്ഷന്തവ്യമായ അപരാധമാണ്. മനുഷ്യസമൂഹത്തിന്റെ അനേകം പോരാട്ടങ്ങളില്‍ മുന്നിട്ടിറങ്ങിയ ഒരു കുലത്തിന്റെ കണ്ണിയായാണ് അവള്‍ അവതരിക്കുന്നത്. ആ കുലത്തെ ആര്‍ക്കും കുറച്ചുകാണാനും മാറ്റിനിര്‍ത്താനുമാവില്ല.
സാംസ്‌കാരികമായി ഏറെ ഉയര്‍ന്നവരുടെ സമൂഹങ്ങളില്‍പോലും ഇന്നും പെണ്‍കുട്ടികള്‍ സ്വരമുയര്‍ത്തുന്നത് പലപ്പോഴും ചിലര്‍ക്കെങ്കിലും ഇഷ്ടമാവുകയില്ല. നമ്മുടെ നാട്ടിലെ കാര്യങ്ങള്‍ പിന്നെ പറയാനുമില്ല. പെണ്‍ശബ്ദം അടുക്കളപ്പുറത്തേക്കു കേള്‍ക്കേണ്ട എന്നു നിഷ്‌കര്‍ഷിക്കുന്ന കാരണവന്മാര്‍ ഇന്നും ധാരാളം.
സ്വഭവനങ്ങളില്‍ സ്വന്തമായി അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമില്ലാത്തവരുണ്ട്. സമയോചിതമായി പറയുന്ന ചില കാര്യങ്ങളെ വിഡ്ഢിത്തം, ഭ്രാന്ത്, നികൃഷ്ടം, സ്വാര്‍ഥം, വിവരക്കേട് എന്നൊക്കെ ലേബലിട്ട് അടിച്ചമര്‍ത്തുന്ന പ്രവണതയും വിരളമല്ല. എന്റെ സ്വരം എന്റെ ആത്മാവില്‍ എവിടെയോ ഒളിഞ്ഞുകിടക്കുന്നു; അതിന്റെ മാറ്റൊലി എനിക്കുപോലും കേള്‍ക്കാനാകുന്നില്ലെന്ന് ഒരു കുട്ടി ഒരിക്കല്‍ പറഞ്ഞു.
കുടുംബാന്തരീക്ഷത്തില്‍, സഹോദരങ്ങളുമായുള്ള ഇടപെടലുകളില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും അഭിപ്രായങ്ങളും ചിന്തകളും പൂര്‍ണമായി പങ്കുവയ്ക്കാനായിക്കൊള്ളണമെന്നില്ല. ഏതു സംസ്‌കാരത്തില്‍പ്പെട്ടവര്‍ ആയിരുന്നാലും, ഏതു പ്രായത്തിലുള്ളവരായാലും ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അതൊരു അധികപ്രസംഗമായി കണക്കാക്കപ്പെടാം. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ ആ ശബ്ദങ്ങള്‍ പാഴായിപ്പോകും. ആരും ഇതൊന്നും ഗൗരവതരമായി എടുത്തുവെന്നും വരില്ല.
മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാനും സമാധാനത്തിന്റെ ഒരു അന്തരീക്ഷം നിലനിര്‍ത്താനും പെണ്‍കുട്ടികള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാണ്. അനാവശ്യമായ പോരുകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഇടം കൊടുക്കാതെ പ്രശാന്തതയുടെ അന്തരീക്ഷം സൃഷ്ടിക്കാനാണ് അധികം കുട്ടികളും ശ്രദ്ധിക്കുക.
മറ്റുള്ളവര്‍ എന്തു പറയും എന്നൊരു ചോദ്യം സ്വയം ആവര്‍ത്തിച്ചുകൊണ്ടാണ് ഇന്ന് പരിഷ്‌കൃതനാടുകളില്‍പോലും പെണ്‍കുട്ടികള്‍ ജീവിക്കുന്നത്. പൊതുജനത്തിന്റെ മൗനമായ അംഗീകാരത്തിനുവേണ്ടി കാംക്ഷിക്കുന്നവരാണ് അവരില്‍ ഭൂരിഭാഗവും എന്നു തോന്നുന്നു. 'ഞാന്‍ അങ്ങനെയൊക്കെ പറഞ്ഞാല്‍ അത് അപാകതയാവുകയില്ലേ?' ചുരുക്കിപ്പറഞ്ഞാല്‍, ചെയ്യുന്ന കാര്യങ്ങള്‍ക്കു നല്ല അഭിപ്രായവും അതിനൊരു സ്ഥിരീകരണം ലഭിക്കണമെന്നാഗഹിക്കുന്നവരാണ് മിക്ക പെണ്‍കുട്ടികളും.
പെണ്‍കുട്ടികള്‍ക്ക് അവരുടെ ശബ്ദം നഷ്ടപ്പെടുന്നുണ്ടോ? ശബ്ദം ഒരിക്കലും നഷ്ടപ്പെടാന്‍ പാടില്ല. അവരുടെ തുറന്നുപറച്ചില്‍, അവരുടെ ആത്മവിശ്വാസം, അതുപോലെ ചിന്തകളിലുള്ള വ്യക്തതയും സ്പഷ്ടതയും ധീരതയുമെല്ലാം നമ്മെ അമ്പരപ്പിക്കും. ഇതിനെയൊക്കെ കുപ്പിയില്‍ ഭൂതത്തിനെ എന്നപോലെ കോര്‍ക്കിട്ടടയ്ക്കുന്ന രീതി നന്നല്ല.
ഡിപ്രെഷന്‍
അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ നടത്തിയ ചില പഠനങ്ങളില്‍ അവിടുത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ ഇതുവരെ കണ്ടിട്ടില്ലാത്തവണ്ണം മനോസംഘര്‍ഷങ്ങളും ആത്മഹത്യാപ്രവണതകളും ഇരട്ടിച്ചുകൊണ്ടിരിക്കുന്നു എന്നു കണ്ടെത്തി. 'ഗേള്‍സ് ഇന്‍ഡക്‌സ്' എന്ന ഒരു സര്‍വേയില്‍ പങ്കെടുത്ത കൗമാരക്കാരായ പതിനായിരം പെണ്‍കുട്ടികളോടു ചോദിച്ച, 'യഥാര്‍ഥത്തില്‍ നിങ്ങള്‍ ചിന്തിക്കുന്ന കാര്യങ്ങളും വിയോജിക്കുന്ന കാര്യങ്ങളും തുറന്നുപറയാന്‍ അവസരമുണ്ടോ' എന്ന ചോദ്യത്തിനു വ്യക്തമായി ഒരു ഉത്തരം ലഭിച്ചില്ല. കാരണം, എല്ലാവരും അവരെ ഇഷ്ടപ്പെടണമെങ്കില്‍ സത്യം തുറന്നുപറയാന്‍ പാടില്ലല്ലോ.
ഈ ദുരവസ്ഥയ്ക്കു കാരണമാകുന്നത് സോഷ്യല്‍മീഡിയയുടെ പ്രഭാവമാണ്. ഈ ലോകത്ത് എന്തു കാര്യത്തിലാണ് നിങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് 'നാട്ടുകാരുടെ വിധിപ്രസ്താവങ്ങള്‍ക്ക്' എന്നൊരു ഉത്തരമാണു ലഭിച്ചത്. എന്തിനും ഏതിനും വിധിപറയുന്നത് അമേരിക്കയില്‍മാത്രമല്ല, ആവശ്യമുള്ളിടത്തും അല്ലാത്തിടത്തും അഭിപ്രായങ്ങള്‍ തട്ടിവിടാന്‍ പ്രാവീണ്യം ലഭിച്ച, അതൊരു കലയായി സ്വീകരിച്ചവര്‍ എല്ലാ സമൂഹങ്ങളിലുമുണ്ട്.
പക്ഷേ, സ്വന്തം സ്വരങ്ങള്‍ ഞെക്കിഞെരുക്കുന്നത് അപകടകരമായ കാര്യമാണ്. ഒരു പ്രഷര്‍കുക്കറില്‍ എന്നപോലെ എല്ലാം തിങ്ങിക്കൂടിയാല്‍ എന്താവും സ്ഥിതി? മനസ്സിനെ തണുപ്പിച്ചു യാഥാര്‍ഥ്യബോധത്തോടെ സാഹചര്യങ്ങള്‍ വീക്ഷിക്കുകയും സ്വയം നിയന്ത്രിക്കുകയുംവേണം. നിരാശയും വൈമനസ്യവും മാറ്റി നിസ്സംഗതയോടെ നോക്കിക്കാണുമ്പോള്‍ കുട്ടികള്‍ക്കു ഡിപ്രെഷന്‍ ഒഴിവാക്കാം.
വിരുന്നു വന്ന മാലാഖ
കുടുംബങ്ങളിലേക്ക് ഒരു 'ഡെപ്യുട്ടേഷനി'ല്‍ നിയോഗംപോലെ എത്തിച്ചേരുന്ന അപ്‌സരകന്യകകളാണ് പെണ്‍കുട്ടികള്‍ എന്നു നമുക്ക് അല്പം അതിശയോക്തി കലര്‍ത്തി പറയാം. ഏതായാലും അവര്‍ ഒരുക്കുന്ന അനുഗ്രഹവര്‍ഷങ്ങള്‍ നാമെല്ലാവരുംതന്നെ അനുഭവിച്ചിട്ടുള്ളതാണ്. ഒരു കൊന്തയിലെ സ്വര്‍ണച്ചരട് എന്നപോലെ കുടുംബത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കാന്‍ അവളുടെ സാന്നിധ്യം ആവശ്യമാണ്. അവള്‍ പ്രായമായവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും തണലൊരുക്കുന്നു, അവരെ പരിപാലിക്കുന്നു; സാന്ത്വനമേകുന്നു. പെണ്‍കുഞ്ഞ് ഒരു അതിശ്രേഷ്ഠമായ സമ്പത്താണ്, ദാനമാണ്. ദൈവം തന്റെ സാദൃശ്യത്തില്‍ സ്വന്തം കൈയൊപ്പോടെ അവളെ മെനഞ്ഞെടുത്തയയ്ക്കുന്നത് കുടുംബങ്ങളില്‍ കെടാവിളക്കാകാനാണ്.
അവള്‍ക്കുള്ളില്‍ ദൈവം ഒളിച്ചുവച്ചിരിക്കുന്ന സ്‌നേഹചൈതന്യം നമുക്ക് അത്രവേഗം കണ്ടെത്താനായെന്നു വരില്ല. അവളുടെ വിധിയും ഭാവിയും എത്രയെത്ര വൈഭവങ്ങളുടെ പൂര്‍ത്തീകരണത്തിലേക്കാണ് എത്തിച്ചേരുകയെന്നും നമുക്ക് അനുമാനിക്കാനാവില്ല. അവളുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍ നാം ശ്രദ്ധയോടെ പഠിച്ചുകൊണ്ടിരിക്കണം. മഹിമയും ഉത്കൃഷ്ടതയും അദ്ഭുതകരമാംവിധം സന്നിവേശിപ്പിച്ചുകൊണ്ടു സര്‍വേശ്വരന്‍ അവളെ ഒരുക്കിയിട്ടുണ്ട്. അവളുടെ യഥാര്‍ഥമായ സ്വയം സത്തയെ കണ്ടെത്താന്‍ അവള്‍ക്കു നാം തുണയേകണം. അവളുടെ പ്രാപ്തികളും മികവുകളും വിശ്വാസങ്ങളും നിര്‍ബന്ധബുദ്ധിയോടെയുള്ള വീക്ഷണങ്ങളും മനോഭാവവും എല്ലാം നാം ക്ഷമയോടെ അറിയണം. അവളോടൊപ്പം വഴിനടക്കണം.
പുരാതനമായ ചില ആധിപത്യസമ്പ്രദായങ്ങളുടെ വടംവലികള്‍ക്കുള്ളില്‍ ഞെരുങ്ങുന്നുണ്ട് പെണ്‍കുട്ടികള്‍ ഈ നൂറ്റാണ്ടില്‍പ്പോലും. അവരെ സ്വതന്ത്രരാക്കാന്‍, അവര്‍ക്കു ശബ്ദം നല്കാന്‍ അവരെ സ്വാതന്ത്ര്യത്തിന്റെ വാതില്‍ തുറന്നു നയിക്കേണ്ടത് നാം മാതാപിതാക്കന്മാരാണ്. അവള്‍ ചിറകു വിരിക്കട്ടെ, ആ ചിറകുകള്‍ ആരും വരിഞ്ഞുകെട്ടാതെ നോക്കാം.