മുറിക്കുള്ളില്‍നിന്നു സര്‍പ്പത്തിന്റെ ഓട്ടവും കുതിച്ചുചാട്ടവും ഉയര്‍ന്നു. വലിയ സീല്‍ക്കാരശബ്ദം പുറപ്പെടുവിപ്പിച്ചുകൊണ്ട് സര്‍പ്പം മരണവെപ്രാളം കാണിക്കുകയാണ്. ആദ്യത്തെ അടിയില്‍ എല്ലാ പാമ്പുകളും കടുത്ത അസ്വസ്ഥതയോടെ അങ്ങോട്ടുമിങ്ങോട്ടും ഓടും. ചിലപ്പോള്‍ വലിയ ശബ്ദങ്ങളും ഉതിര്‍ക്കും.
ജനം അദ്ഭുതസ്തബ്ധരായി ശ്വാസമടക്കിനില്‍ക്കുകയാണ്. ജീവിതത്തിലാദ്യമായാണ് അവര്‍ സര്‍പ്പകാലനെ നേരില്‍ കാണുന്നത്. ഇത്രയുംനാള്‍ പറഞ്ഞുമാത്രം കേട്ടുള്ള അറിവേ സര്‍പ്പകാലനെക്കുറിച്ചുണ്ടായിരുന്നുള്ളൂ. ഇന്നിതാ അദ്ദേഹത്തെ നേരില്‍ക്കാണാന്‍ കഴിഞ്ഞിരിക്കുന്നു.
പാമ്പിന്റെ പരാക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.
''പ്രഭോ'' രാജദൂതന്‍ ഭയഭക്തിബഹുമാനത്തോടെ സര്‍പ്പകാലനെ വിളിച്ചു.
സര്‍പ്പകാലന്‍ ദൂതനെ തിരിഞ്ഞുനോക്കി ചോദിച്ചു:
''താങ്കള്‍ക്ക് എന്താണ് അറിയേണ്ടത്?''
''മഹാരാജാവു തിരുമനസ്സിന് എന്തെങ്കിലും?''
''എല്ലാം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ഇത്ര വിഷമുള്ള ഒരു സര്‍പ്പത്തിന്റെ സീല്‍ക്കാരത്തിനിടയില്‍ വന്നുവീഴുന്ന ദ്രാവകം ശരീരത്തില്‍ വീണാല്‍പോലും മരണം സംഭവിക്കും. പിന്നെ അതു ദംശിച്ചാല്‍ പറയാനുണ്ടോ?''
''അപ്പോള്‍ എന്റെ അച്ഛന്‍.'' കാര്‍ഫിയൂസിനെ തളര്‍ന്നുവീഴാതിരിക്കാനായി ഭടന്മാര്‍ മുറുകെ പ്പിടിച്ചിരിക്കുകയാണ്.''
''അതേ, താങ്കള്‍ സംശയിച്ചതുതന്നെ സംഭവിച്ചിരിക്കുന്നു. മഹാരാജാവ് നാടുനീങ്ങിയിരിക്കുന്നു.''
''അമ്മേ?'' കാര്‍ഫിയൂസ് തളര്‍ന്ന് ഭടന്മാരുടെ കൈകളിലേക്കു വീണു.''
സര്‍പ്പകാലന്‍ തന്റെ വടി വീണ്ടും നിലത്ത് ആഞ്ഞടിച്ചു. ജനം പെട്ടെന്നു നിശ്ശബ്ദരായി.
അടുത്തനിമിഷം പാമ്പ് മയങ്ങിവീഴാന്‍ പോവുകയാണ്.
മുറിക്കുള്ളിലെ സര്‍പ്പത്തിന്റെ സീല്‍ക്കാരവും അസ്വസ്ഥതകളും പൊടുന്നനവേ നിലച്ചു. എങ്ങും നിശ്ശബ്ദത...
എല്ലാ കണ്ണുകളും സര്‍പ്പകാലന്റെ മുഖത്തുതന്നെ തറഞ്ഞുനിന്നു. ഇനിയെന്താണ് അയാള്‍ ചെയ്യുന്നതെന്നറിയാന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ ജനംനിന്നു.
ഇപ്പോള്‍ സര്‍പ്പം മയങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇനി അടുത്ത അടിയോടെ സര്‍പ്പത്തിന്റെ ജീവന്‍ അതിന്റെ ശരീരത്തില്‍നിന്നു പറന്നുപോകും.
അദ്ദേഹം എന്താണു ചെയ്യുന്നതെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. ചിലപ്പോള്‍ മയക്കി കുന്നിന്‍മുകളിലേക്കു കൊണ്ടുപോയെന്നു വരും. അല്ലെങ്കില്‍ ആ നിഷ്ഠുരകര്‍മം ചെയ്ത ജീവിയെ മൂന്നാമത് ഒന്നുകൂടി വടി നിലത്തടിച്ച് വധിച്ചെന്നിരിക്കും...
ഇനി എന്താണു സംഭവിക്കുന്നതെന്നറിയാതെ ജനം അമ്പരന്നു നില്‍ക്കേ, സര്‍പ്പകാലന്‍ പറഞ്ഞു:
''നിങ്ങള്‍ വേഗം വാതില്‍ വെട്ടിത്തുറക്ക്.''
അതുകേട്ട് എല്ലാവരും ഭയത്തോടെ അന്യോന്യം മുഖത്തേക്കു നോക്കി.
''എന്താ ഇനിയും നിങ്ങള്‍ക്കു ഭയമാണോ? എന്റെ വാക്ക് നിങ്ങള്‍ക്കു വിശ്വാസം വരുന്നില്ല, അല്ലേ?''
''അയ്യോ, പ്രഭോ അങ്ങനെ പറയരുത്. പക്ഷേ, അതിനുള്ള ധൈര്യം ഞങ്ങളില്‍ പലര്‍ക്കും ഇല്ല.''
അവര്‍ക്കിടയിലേക്ക് അഡോക്കിയാസ് കടന്നു. ഏറ്റവും ധൈര്യശാലിയായ പടയാളി.
''ഞാന്‍ വാതില്‍ തുറക്കാം.''
''അയാള്‍ വലിയൊരു ചുറ്റികകൊണ്ടുവന്ന് കൊട്ടാരവാതിലില്‍ ആഞ്ഞിടിച്ചു. ആ ശബ്ദം എമ്പാടും മാറ്റൊലിക്കൊണ്ടു. അവസാനം ചിത്രപ്പണിയുള്ള ആ കൂറ്റന്‍വാതില്‍ തെറിച്ച് മുറിക്കകത്തേക്കു വീണു.
ആ രംഗം കണ്ട് 'അമ്മേ' എന്നലറിക്കൊണ്ട് കാര്‍ഫിയൂസ് ബോധമറ്റുവീണു. അഡോക്കിയോസ്‌പോലും ഞെട്ടി നിലവിളിച്ചുപോയി.
ചുറ്റും നിന്ന ആര്‍ക്കും മുറിക്കുള്ളിലേക്കു കയറാന്‍ പോയിട്ട് ഒന്നെത്തിനോക്കാനുള്ള ധൈര്യംപോലും ഉണ്ടായിരുന്നില്ല.
എങ്കിലും ഏതാനും പേര്‍ മുറിക്കുള്ളിലേക്കു ഭയത്തോടെയാണെങ്കിലും എത്തിനോക്കി.
ആ കാഴ്ച ആരെയും ഞെട്ടിക്കുന്നതായിരുന്നു.
മുറിയുടെ ഒരു മൂലയ്ക്കായി നിശ്ചലമായി തറയില്‍ കിടക്കുന്ന മഹാരാജാവ്. സര്‍പ്പവിഷമേറ്റ് ആ ശരീരം കടുംനീലനിറമായിരിക്കുന്നു! കണ്ടാല്‍ തിരിച്ചറിയാന്‍പോലും കഴിയാത്ത അവസ്ഥ.
രാജാവിന്റെ ശവത്തിനു തൊട്ടരുകില്‍ കറുത്തിരുണ്ട ഒരു കൂറ്റന്‍ സര്‍പ്പം ചുരുണ്ടുകൂടി കിടക്കുന്നു. സര്‍പ്പത്തിന്റെ ശരീരത്തില്‍ അങ്ങിങ്ങ് വെളുത്ത പൊട്ടുകള്‍ കാണാം. ത്രികോണാകൃതിയിലുള്ള വലിയൊരു തല. ഏതു വലിയ ജന്തുക്കളെയും മനുഷ്യരെയുംപോലും വിഴുങ്ങാന്‍ പര്യാപ്തമായ വലിയൊരു വായും ഉണ്ട്. ഏതാണ്ട് ഒരു പത്തടിയോളം നീളവും ഒരു മനുഷ്യന്റെ അതേ തൂക്കവും വരും.
അപ്പോഴും ജനങ്ങള്‍ അന്യോന്യം ചോദിച്ചു.
''എങ്ങനെ ഇത്രയും വലിയൊരു പാമ്പ് രാജകൊട്ടാരത്തില്‍ കയറി? അതും കൃത്യം മഹാരാജാവിന്റെ മുറിയില്‍ത്തന്നെ കയറിപ്പറ്റി ദംശിച്ചു കൊല്ലുക.
''തിരുമനസ്സിന്റെ ആയുസ്സു തീര്‍ന്നു. അപ്പോള്‍ എങ്ങനെയോ ഒരു പാമ്പ് കയറി വന്നു.'' ജനം സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.
''രാജാവിന്റെ ശരീരം ആദ്യം പുറത്തെടുക്കു.''
സര്‍പ്പകാലന്‍ ആജ്ഞാപിച്ചു. ''ആരും ഭയപ്പെടേണ്ട. സര്‍പ്പം അബോധാവസ്ഥയിലാണ്. അത് ഉടനെങ്ങും ഉണരില്ല.''
ഭടന്മാര്‍ അകത്തുകയറി രാജാവിന്റെ ജഡം പുറത്തേക്കിറക്കി പ്രത്യേകം തയ്യാറാക്കിയ ഒരു പരവതാനിയില്‍ കിടത്തി. അതുകണ്ട് പ്രജകള്‍ ഒന്നടങ്കം വാവിട്ടു നിലവിളിച്ചു. കാര്‍ഫിയൂസ് ബോധമറ്റു കിടക്കുകയാണ്. ഇളയകുമാരന്‍ ജഡം കാണാന്‍ ശക്തിയില്ലാതെ അകത്തെ കിടക്കയില്‍ കിടന്ന് ഉച്ചത്തില്‍ അലറിക്കരഞ്ഞു. കൊട്ടാരവാസികള്‍ കുമാരനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
''ഇനി പാമ്പിനെ എടുത്ത് കുതിരവണ്ടിയില്‍ കയറ്റൂ.'' സര്‍പ്പകാലന്‍ വീണ്ടും പറഞ്ഞു.
ഏതാനും പേര്‍കൂടി സര്‍പ്പത്തിനെ താങ്ങി കുതിരവണ്ടിയില്‍ കിടത്തി.
''വേണമെങ്കില്‍ ഇതിനെ എനിക്കു കൊല്ലാമായിരുന്നു. പക്ഷേ, ഈ ക്രൂരജന്തുവിനെക്കൊണ്ട് എനിക്കിനിയും ഈ രാജ്യത്ത് ചില കര്‍ത്തവ്യങ്ങള്‍കൂടി നിറവേറ്റാനുണ്ട്. ഞാന്‍ ഇനിയും എത്തും.''
സര്‍പ്പത്തെയുംകൊണ്ട് കുതിരവണ്ടി മെല്ലെ നീങ്ങിത്തുടങ്ങി.
പെട്ടെന്ന് രാജ്യം കണ്ട ഏറ്റവും വലിയ മന്ത്രവാദിയായ മാര്‍ജാരന്‍ ഓടിയെത്തി അലറിപ്പറഞ്ഞു: ''വണ്ടി ചലിക്കരുത്. സര്‍പ്പകാലന്‍ അനങ്ങിപ്പോകരുത്. ഞാനാണു പറയുന്നത്.'' ആ രംഗംകണ്ട് എല്ലാവരും ഇടിവെട്ടേറ്റതുപോലെ സ്തംഭിച്ചു നിന്നു.
(തുടരും)