ഡിസംബര്‍ 8 മംഗളവാര്‍ത്തക്കാലം രണ്ടാം ഞായര്‍
സംഖ്യ 22:20-35ഏശ 43:25-44:5
കൊളോ 4:2-6 ലൂക്കാ 1:26-38
മംഗളവാര്‍ത്തഞായര്‍ എന്നറിയപ്പെടുന്ന മംഗളവാര്‍ത്തക്കാലം രണ്ടാം ഞായറാഴ്ച മനുഷ്യകുലത്തിനു ലഭിച്ച രക്ഷാകരവും മംഗളകരവുമായ സന്ദേശങ്ങളാണ് ദൈവവചനപ്രഘോഷണങ്ങളിലൂടെ ധ്യാനവിഷയമാക്കുന്നത്. ഒന്നാമത്തെ വായനയില്‍ ഇസ്രയേലിനുമേല്‍ തിന്മയുടെ ശാപവചസ്സുകള്‍ പ്രഘോഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ബാലാം ദൈവത്തിന്റെ വചനംമാത്രം പ്രഘോഷിക്കാന്‍ ദൈവദൂതനാല്‍ നയിക്കപ്പെടുന്നതും ദൈവവചനംകൊണ്ട് ഇസ്രായേലിനെ അനുഗ്രഹിക്കുന്നതും കാണാം. ദൈവത്തിന്റെ വചനംമാത്രം സംസാരിക്കാനുള്ള അറിയിപ്പാണ് ദൂതനിലൂടെ ബാലാമിനു ലഭിക്കുന്നത്. ബാലാം പറയുന്നു: ''സ്വന്തമായി എന്തെങ്കിലും പറയാന്‍ എനിക്കു കഴിവുണ്ടോ? ദൈവം തോന്നിക്കുന്ന വചനമാണ് എനിക്കു പറയുവാനുള്ളത്'' (സംഖ്യ 22:38). സ്വന്തമായ വാക്കുകളല്ല, ദൈവാരൂപിയാല്‍ പ്രേരിതമായാണ് ബാലാം സംസാരിക്കുന്നത്. ബാലാം നടത്തുന്ന പ്രവചനങ്ങളില്‍ മിശിഹായുടെ വരവിനെക്കുറിച്ചുള്ള അറിയിപ്പും ഉണ്ട് (സംഖ്യ 23-24).
ദൈവം നല്കിയ രക്ഷയുടെ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ച് അന്ധകാരത്തിലേക്കു പോകുന്ന ജനത്തോട് അകൃത്യത്തില്‍നിന്നു തിരിച്ചുവന്ന് രക്ഷയുടെ മാര്‍ഗം സ്വീകരിക്കാനുള്ള ആഹ്വാനമാണ് എശയ്യാപ്രവാചകന്റെ ഗ്രന്ഥത്തില്‍ നാം കാണുന്നത്. ദൈവത്തിന്റ രക്ഷ മുളയെടുക്കുന്നത് അവര്‍ അറിയുന്നില്ല (43:19). 'നിന്റെ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം ഞാന്‍തന്നെ; നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല' എന്നു പറഞ്ഞുകൊണ്ട് രക്ഷയുടെ സദ്വാര്‍ത്ത അറിയിക്കുന്ന വചനമാണ് രണ്ടാം വായന.
മൂന്നാം വായനയില്‍ മനുഷ്യനായ ഈ വചനത്തെത്തന്നെയാണ് സഭ ഇന്നും പ്രഘോഷിക്കുന്നതെന്ന് പൗലോസ് ശ്ലീഹാ നമ്മെ അനുസ്മരിപ്പിക്കുന്നു. ദൈവവചനത്തിന്റെ കവാടം തുറക്കപ്പെടുന്നത് ക്രിസ്തുവിന്റെ രഹസ്യം പ്രഖ്യാപിക്കുന്നതിനാണ് (കൊളോ. 4:3). ഭരണം നടത്താനുള്ളവന്‍ യാക്കോബില്‍നിന്നു വരും എന്ന ബാലാമിന്റെ പ്രവചനം പൂര്‍ത്തീകരിക്കപ്പെടുന്നതിന്റെ അറിയിപ്പാണ് സുവിശേഷം.
''പരിശുദ്ധാത്മാവ് നിന്റെമേല്‍വരും; ദൈവത്തിന്റെ ശക്തി നിന്റെമേല്‍ ആവസിക്കും'' (1:35) എന്നാണ് ദൈവദൂതന്‍ മറിയത്തോടു പറയുന്നത്. പരിശുദ്ധാത്മാവ്, ദൈവത്തിന്റെ ശക്തി എന്നത് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത് ഉത്പത്തി 1:2 ലേക്കാണ്. സൃഷ്ടിപരമായ ദൈവത്തിന്റെ ശക്തി, ദൈവത്തിന്റെ ആത്മാവ് മറിയത്തില്‍ ആവസിക്കുകയും വചനം മാംസം ധരിക്കുകയും ചെയ്യുന്നു. ഉത്പത്തിപ്പുസ്തകത്തില്‍ വചനത്താല്‍ എല്ലാം സൃഷ്ടിക്കപ്പെടുന്നു എങ്കില്‍ ഇവിടെ വചനം (സ്രഷ്ടാവ്) തന്നെ സൃഷ്ടിയായി മാറുന്നു. ആ മംഗളവാര്‍ത്തയാണ് മറിയത്തോടു മാലാഖ പറയുന്നത്. കാരണം, ദൈവത്തിന്റെ മുമ്പില്‍ ഒന്നും അസാധ്യമല്ല. ആ അനന്തമായ സാധ്യതയ്ക്കുമുമ്പില്‍ സ്വയം സമര്‍പ്പിക്കുന്നതാണ് 'ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്കു നിറവേറട്ടെ' (1:38) എന്ന മറുപടിയിലൂടെ വ്യക്തമാക്കുന്നത്. ആ സമര്‍പ്പണം മംഗളവാര്‍ത്തയായി ഭവിക്കുന്നു. ദൈവത്തിന്റെ ഹിതത്തിനുമുമ്പിലുള്ള മനുഷ്യന്റെ സമര്‍പ്പണമാണ് മംഗളവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.
''ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ''. ഈ തിരുവചനത്തിലൂടെ പരിശുദ്ധ അമ്മ തന്നെത്തന്നെ പൂര്‍ണമായി ദൈവഹിതത്തിനു സമര്‍പ്പിക്കുന്നതാണ് നമ്മള്‍ കാണുന്നത്. പരി. അമ്മയുടെ സമര്‍പ്പണപൂര്‍ണതയില്‍ പരിശുദ്ധറൂഹാ വരുകയും അത്യുന്നതന്റെ ശക്തി ആവസിക്കുകയും ചെയ്തു. അങ്ങനെ ഈശോമിശിഹായ്ക്ക് അമ്മ ജന്മം നല്കി. നാം ഓരോരുത്തരുടെയും ഹൃദയത്തില്‍ ഈശോ പിറന്ന് നാം മറ്റൊരു ഈശോയായി മാറേണ്ടവരാണ്. അപ്പോള്‍മാത്രമേ, പൗലോസ്ശ്ലീഹായെപ്പോലെ ഈശോ എന്നില്‍ ജീവിക്കുന്നുവെന്നു പറയാന്‍ സാധിക്കുകയുള്ളൂ. അതിനായി നമുക്കോരോരുത്തര്‍ക്കും അമ്മയോടൊപ്പം, ഇതാ കര്‍ത്താവിന്റെ ദാസി/ദാസന്‍ എന്നു ഏറ്റുപറഞ്ഞ് ദൈവഹിതത്തിനു വ്യവസ്ഥകള്‍ ഒന്നുംവയ്ക്കാതെ സമര്‍പ്പിക്കാം. അപ്പോള്‍ അത്യുന്നതന്റെ ശക്തി നമ്മുടെമേല്‍ ആവസിക്കുകയും ശക്തനായവന്‍ നമ്മിലൂടെ വന്‍കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും. നാം ബലിയര്‍പ്പിക്കുന്ന ഓരോ അള്‍ത്താരയിലും നിറവേറുന്നത് ഈ മംഗളവാര്‍ത്തയാണ്. ദൈവം അപ്പമായി അവതരിക്കുന്നു. മനുഷ്യന്റെ അധ്വാനത്തിന്റെ ഫലമായ അപ്പം ദൈവത്തിനുമുമ്പില്‍ അര്‍പ്പിക്കുമ്പോള്‍ അവിടെ ഈശോ അവതീര്‍ണനാകുന്നു. ഇതു നമ്മെ പഠിപ്പിക്കുന്നത് മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് എന്നാണ്.
മറിയത്തിന്റെ സ്വയംസമര്‍പ്പണത്തില്‍ മനുഷ്യനായി അവതരിച്ചവന്‍ ഇന്ന് ബലിവേദിയില്‍ നാം അര്‍പ്പിക്കുന്ന അപ്പത്തിലും വീഞ്ഞിലും അവതരിക്കുന്നു. ബലിവേദിയില്‍നിന്നു മിശിഹായെ സ്വീകരിക്കുന്നവര്‍ മറിയത്തെപ്പോലെ മിശിഹായെ വഹിക്കുന്നവരും, മിശിഹായെ ലോകത്തിനു നല്‍കുന്നവരുമാകുന്നു എന്ന മംഗളവാര്‍ത്തയാണ് അള്‍ത്താരയിലെ ബലിവേദിയില്‍നിന്നു നാം ഉള്‍ക്കൊള്ളേണ്ടത്. കാരണം, ദൈവത്തിന്റെ ശക്തി നമ്മില്‍ ആവസിക്കുന്നു, നാം പരിശുദ്ധാത്മാവിന്റെ ആലയമാകുന്നു (1 കോറി. 6:19). അങ്ങനെ ആരാധനാസമൂഹം ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവവും ആകുന്നു (1 കോറി 12:27). മിശിഹായുടെ മനുഷ്യാവതാരത്തിന്റെ തിരുനാള്‍ ആചരിക്കാനൊരുങ്ങുമ്പോള്‍ വചനം നല്‍കുന്ന സന്ദേശം ഇന്നും മിശിഹാ നിന്നില്‍ രൂപംകൊള്ളുന്നു എന്നതാണ്. അതിന് മറിയത്തെപ്പോലെ നീയും വചനത്തിനു സ്വയം സമര്‍പ്പിക്കണം. കാരണം, നീയല്ല ക്രിസ്തുവാണ് നിന്നില്‍ ജീവിക്കേണ്ടത് (ഗലാ. 2:20). എന്തെന്നാല്‍, നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ് (1 കോറി. 6:20).
മാനുഷികമായ കാഴ്ചപ്പാടില്‍ ചിന്തിച്ചാല്‍ വളരെ അമംഗളകരമായ വാര്‍ത്തയാണ് പരിശുദ്ധജനനിക്കു ലഭിക്കുന്നത്. വിവാഹനിശ്ചയംമാത്രം കഴിഞ്ഞിരിക്കുന്ന സ്ത്രീ ഗര്‍ഭം ധരിച്ചിരിക്കുന്നുവെന്ന വാര്‍ത്ത. യഹൂദനിയമപ്രകാരം കല്ലെറിഞ്ഞുകൊല്ലുന്നതിനര്‍ഹമായ പ്രവൃത്തി. അമംഗളകരമായ ഈ വാര്‍ത്തകേട്ടിട്ട് അതു തള്ളിപ്പറയുന്ന സ്ത്രീയെയോ നിരാശപ്പെട്ടു തളര്‍ന്നിരിക്കുന്ന കന്യകയെയോ അല്ല നാം സുവിശേഷത്തില്‍ കാണുന്നത്.
അമംഗളവാര്‍ത്തയെ മംഗളകരമാക്കുന്ന പരിശുദ്ധകന്യാമറിയം അനുദിനജീവിതത്തില്‍ നമുക്കും മാതൃകയാണ്. നമ്മുടെ ജീവിതത്തിലേക്കും അശുഭകരമായ വാര്‍ത്തകള്‍ ചിലപ്പോള്‍ വരാറുണ്ട്. ജീവിതത്തിലേല്ക്കുന്ന പരാജയങ്ങളായിരിക്കാം, സാമ്പത്തികത്തകര്‍ച്ചകളായിരിക്കാം, പ്രിയപ്പെട്ടവരുടെ പെട്ടെന്നുള്ള മരണമായിരിക്കാം, മാരകമായ രോഗങ്ങളായിരിക്കാം. അപ്രകാരം പലവിധത്തിലുള്ള അമംഗളവാര്‍ത്തകള്‍ വരുമ്പോള്‍ നിരാശപ്പെട്ട്, ദൈവത്തെ തള്ളിപ്പറഞ്ഞു ജീവിതത്തില്‍നിന്ന് ഓടിയൊളിക്കേണ്ടവനല്ല ക്രിസ്തുശിഷ്യന്‍. പരിശുദ്ധ കന്യകയെപ്പോലെ ദൈവത്തിന്റെ സന്നിധിയില്‍ ധ്യാനിക്കാന്‍ നമുക്കും സാധിക്കണം; 'ദൈവമേ, ഈ സാഹചര്യത്തിന്റെ അര്‍ഥം എന്തെന്നു മനസ്സിലാക്കാന്‍ എനിക്കു സാധിക്കുന്നില്ല, അതിന്റെ അര്‍ഥം മനസ്സിലാക്കിത്തരണമേ.' അപ്പോള്‍ ദൈവത്തിന്റെ പക്കല്‍നിന്ന് ആ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ നമുക്കു കരുത്തു കിട്ടും. അമംഗളകരമായ വാര്‍ത്തകള്‍ നീക്കിത്തരാം എന്നല്ല മറിയം നല്കുന്ന സന്ദേശം; മറിച്ച്, അമംഗളകരമായ സാഹചര്യങ്ങളെ ആത്മീയമായ അടിത്തറയില്‍നിന്നു സ്വീകരിച്ചാല്‍ ആ സാഹചര്യങ്ങളെ നേരിടുന്നതിനുള്ള ശക്തി നമുക്കു ലഭിക്കുമെന്നാണ്. പരിശുദ്ധകന്യാമറിയത്തെപ്പോലെ കര്‍ത്താവിന്റെ പക്കല്‍ ധ്യാനിക്കുന്നതിനും ദൈവഹിതത്തിനു കീഴ്‌വഴങ്ങി ജീവിക്കുന്നതിനും നാം തയ്യാറാകണമെന്നു സാരം.