ശീശ്മയുടെ കാലമായിരുന്ന 16-ാം നൂറ്റാണ്ടില്‍ ആധ്യാത്മികതയുടെ നഭോമണ്ഡലത്തില്‍ വീരോചിതമായി വിരാജിച്ച പുണ്യാത്മാവും ഭാരതത്തിന്റെ ദ്വിതീയാപ്പസ്‌തോലനുമാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. അദ്ദേഹത്തിന്റെ ജന്മദേശം സ്‌പെയിനിലെ നവാറ സ്റ്റേറ്റിലാണ്. 1506 ഏപ്രില്‍ ഏഴിന് വിശുദ്ധ വാരത്തിലെ ചൊവ്വാഴ്ചയാണ് ജന്മദിനം. രാജകീയപദവിയും പ്രഭുത്വാവകാശവുമുള്ള ജുവാന്‍ - ഡോണാ മരിയ ദമ്പതികളുടെ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ ആറാമത്തെതും അവസാനത്തെയുമായ ആണ്‍പൂവാണ് ഫ്രാന്‍സിസ്. ഇളംപ്രായത്തില്‍ത്തന്നെ സമാകര്‍ഷകമായ മുഖഭാവവും വിനയാന്വിതമായ പെരുമാറ്റവും അനിതരസാധാരണമായ ബുദ്ധി വൈഭവവും അവനില്‍ വിളങ്ങിനിന്നു. കുഞ്ഞിനെ ദൈവഭക്തിയിലും ജ്ഞാനതൃഷ്ണയിലും പ്രാര്‍ഥനാരൂപിയിലും വളര്‍ത്താന്‍ സുകൃതിനിയായ വത്സലമാതാവ് ഡോണാ മരിയ അതീവശ്രദ്ധാലുവായിരുന്നു.
ഫ്രാന്‍സിസിന്റെ ബാല്യം പ്രശാന്തസുന്ദരമായിരുന്നെങ്കിലും കൗമാരപ്രായം ഏറെ തിക്താനുഭവങ്ങള്‍ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ ജന്മഭൂമിയായിരുന്ന നവാറയെ അയല്‍രാജ്യമായ കോസ്റ്റില ആക്രമിച്ചു കീഴടക്കി. തന്മൂലം, പിതാവിന്റെ രാജകീയപദവിയും മാതാവിന്റെ പ്രഭുത്വാവകാശങ്ങളും നഷ്ടമായി. മാത്രമല്ല, ഫ്രാന്‍സിസിന്റെ വത്സലപിതാവ് പരലോകം പ്രാപിക്കുകയും ചെയ്തു. കുടുംബത്തിന്റെ അവസ്ഥ തികച്ചും പരിതാപകരവും ശോചനീയവുമായിത്തീര്‍ന്നു. എന്നാല്‍, ഫ്രാന്‍സിസിന്റെ സഹോദരന്മാര്‍ നവാറാനിവാസികളെ ഒരുമിച്ചുകൂട്ടി സ്ഥാനഭ്രഷ്ടനാക്കപ്പെട്ട രാജാവിന്റെ നേതൃത്വത്തില്‍ ശത്രുക്കള്‍ക്കെതിരേ ആയുധമെടുത്തു. പക്ഷേ, പരാജയത്തിന്റെ പടുകുഴിയിലേക്കാണു വീണ്ടും നിപതിച്ചത്. മാത്രമല്ല, ഫ്രാന്‍സിസിന്റെ സഹോദരന്മാര്‍ തടവിലാക്കപ്പെടുകയും ചെയ്തു.
ആറുമക്കളുടെ മാതാവും വിധവയും വിവേകിയുമായ ഡോണാ മരിയയുടെ ഹൃദയം നുറുങ്ങിയുള്ള പ്രാര്‍ഥനയ്ക്കു ദൈവം ഉത്തരമരുളി. തങ്ങളുടെ കൊട്ടാരവും സ്വത്തുക്കളും നാടുവാഴ്ചയ്ക്കുള്ള അവകാശവും ഒത്തുതീര്‍പ്പിലൂടെ അദ്ഭുതകരമായി അവര്‍ക്കു തിരിച്ചുകിട്ടി. ഒപ്പം, ഫ്രാന്‍സിസിന്റെ സഹോദരന്മാര്‍ തടവറയില്‍നിന്നു മോചിതരാവുകയും ചെയ്തു. ഫ്രാന്‍സിസ് സേവ്യറിന് വയസ്സ് പത്തൊമ്പത്. തന്റെ പ്രിയമാതാവിനോടും സഹോദരങ്ങളോടും യാത്ര പറഞ്ഞ് ഉപരിപഠനത്തിനായി പാരീസ് സര്‍വകലാശാലയില്‍ ചേര്‍ന്നു. ദൈവശാസ്ത്രം, തത്ത്വശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയവയായിരുന്നു പഠനവിഷയങ്ങള്‍. കനത്ത ജോലിഭാരം, ഭാരിച്ച ഉത്തരവാദിത്വങ്ങള്‍, കര്‍ശനമായ നിയമങ്ങള്‍ തുടങ്ങിയവ ഫ്രാന്‍സിസിനു താങ്ങാനാവുന്നതിലധികമായിരുന്നു. അമ്മയും സഹോദരങ്ങളും അദ്ദേഹത്തെ വീട്ടിലേക്കു തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, ക്ലാരസഭയിലെ അംഗമായിരുന്ന സഹോദരിയുടെ തീവ്രമായ പ്രാര്‍ഥനയും പ്രത്യാശപകരുന്ന കത്തുകളും ഫ്രാന്‍സിസിന് ഉണര്‍വും ഉന്മേഷവും പകര്‍ന്നു. മകന്റെ വളര്‍ച്ചയും ഉയര്‍ച്ചയും മനംനിറയെ ആസ്വദിച്ചതിനുശേഷമാണ് പ്രിയ മാതാവ് ഇഹലോകവാസം വെടിഞ്ഞത്.
ഒരുനാള്‍ അപ്രതീക്ഷിതമായി തന്നേക്കാള്‍ മുതിര്‍ന്നവനും മുടന്തനുമായ ഒരു വിദ്യാര്‍ഥിയെ ഫ്രാന്‍സിസ് തന്റെ കലാലയത്തില്‍വച്ചു കണ്ടുമുട്ടി. സ്‌പെയിനില്‍നിന്നുള്ള ഇഗ്നേഷ്യസ് ലയോളയായിരുന്നു ആ നവാഗതന്‍. അദ്ദേഹം ഫ്രാന്‍സിസിനോടു സംസാരിക്കുമ്പോഴൊക്കെ ആന്തരികപ്രചോദനംപോലെ ഇപ്രകാരം പറഞ്ഞിരുന്നു: ''മിസ്റ്റര്‍ ഫ്രാന്‍സിസ്, ഒരു വന്‍ ലോകം മുഴുവന്‍ നേടിയാലും അവന്റെ ആത്മാവ് നഷ്ടമായാല്‍ എന്തു പ്രയോജനം?'' ഫ്രാന്‍സീസ് എന്ന യുവകോമളന് ഈ വാക്കുകള്‍ കേള്‍ക്കുന്നതുതന്നെ അരോചകമായിരുന്നു.എങ്കിലും ക്രമേണ ചിന്തയുടെ ചിതയ്ക്കു തീ കൊളുത്താനും ആത്മാവിന്റെ അന്തരാളങ്ങളില്‍ ചലനങ്ങള്‍ ഉളവാക്കാനും ഈ ചോദ്യം കാരണമായി. ലോകമോഹങ്ങളോടും സ്ഥാനമാനങ്ങളോടുമുള്ള മമത വിട്ടകലാന്‍ തുടങ്ങി. മാത്രമല്ല, സെമിനാരിജീവിതത്തോട് താത്പര്യം ജനിച്ചുതുടങ്ങി. അവരുടെ സൗഹൃദം മേല്‍ക്കുമേല്‍ വര്‍ധിച്ചുവന്നു.
പശ്ചാത്താപവിവശനായ ഫ്രാന്‍സിസ് തന്റെ ജീവിതം പുതുക്കിപ്പണിയാന്‍ ആരംഭം കുറിച്ചു. പ്രാര്‍ഥന, ധ്യാനം, ഉപവാസം, ഉപവിപ്രവൃത്തികള്‍ തുടങ്ങിയവ ദിനചര്യകളുടെ ഭാഗമായി മാറി. ഇഗ്നേഷ്യസും മറ്റ് അഞ്ചു സഹോദരങ്ങളും ഫ്രാന്‍സിസിനൊപ്പം ചേര്‍ന്നു. 1537 ല്‍ ഇവര്‍ ഏഴുപേരും വെനീസില്‍ വച്ച് വൈദികപട്ടം സ്വീകരിച്ചു. മൂന്നുവര്‍ഷത്തെ സുവിശേഷ വേലയ്ക്കുശേഷം 1540 ല്‍ 'സൊസൈറ്റി ഓഫ് ജീസസ്' സ്ഥാപിച്ചു. പോള്‍ മൂന്നാമന്‍ മാര്‍പാപ്പയുടെ അനുഗ്രഹാശിസ്സുകളോടെമിഷന്‍പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ചു. ഇക്കാലയളവിലാണ് പോര്‍ച്ചുഗീസ്‌രാജാവ് ഗോവയില്‍ മിഷന്‍പ്രവര്‍ത്തനത്തിനായി ഈശോസഭയുടെ സഹായം തേടിയത്. ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ഏറെ സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു മാര്‍പാപ്പായുടെ അനുമതിയോടും ആശീര്‍വാദത്തോടും സഹപ്രവര്‍ത്തകരുടെ പ്രാര്‍ഥനാശംസകളോടുംകൂടി ഇന്ത്യയിലേക്കു യാത്രതിരിച്ചു. 13 മാസത്തെ കപ്പല്‍യാത്രയ്ക്കുശേഷമാണ് ഗോവയില്‍ എത്തിച്ചേര്‍ന്നത്.
ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീംകളും സമ്മിശ്രമായി ജീവിക്കുന്ന നാടാണ് ഗോവ. നിരക്ഷരരും നിര്‍ധനരും രോഗികളും നിരാലംബരുമായ മനുഷ്യരോടൊപ്പം അവരെക്കാള്‍ വിനയാന്വിതനായി ഫാ. ഫ്രാന്‍സിസ് സുവിശേഷവേല ആരംഭിച്ചു. തെരുവിലൂടെ മണിയടിച്ച് കുട്ടികളെ വിളിച്ചുകൂട്ടി ദൈവരാജ്യത്തെക്കുറിച്ച് സരസമായി സംസാരിച്ചു. ആതുരാലയങ്ങളും തടവറകളും വൃദ്ധസങ്കേതങ്ങളും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലകളായിരുന്നു. മലര്‍പ്പൊടിയും കഞ്ഞിവെള്ളവും മാത്രമായിരുന്നു മുഖ്യാഹാരം. കന്യാകുമാരി, കൊല്ലം, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൂത്തുക്കുടി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ സുവിശേഷം പ്രഘോഷിച്ച് അനേകായിരങ്ങള്‍ക്ക് ജ്ഞാനസ്‌നാനം നല്‍കി. അദ്ഭുതങ്ങളും അടയാളങ്ങളും നിത്യസംഭവങ്ങളായി മാറി. വീണ്ടും, ഗോവയിലേക്കും അവിടെനിന്നു ജപ്പാനിലേക്കും സുവിശേഷം ഘോഷിക്കാന്‍ പുറപ്പെട്ടു.
സുവിശേഷപ്രചാരണാര്‍ഥം ചൈനയിലേക്കുള്ള യാത്രാ മധ്യേ സാന്‍സിയന്‍ ദ്വീപില്‍വച്ച് ടൈഫോയ്ഡ് പിടിപെട്ടു. 1552 ഡിസംബര്‍ മൂന്നിനു നിത്യവസതിയിലേക്കു യാത്രയായി. ഒരു പോര്‍ച്ചുഗീസുകാരന്റെ ഭവനത്തില്‍വച്ചായിരുന്നു അന്ത്യം. മൃതശരീരം പെട്ടെന്ന് അഴുകുന്നതിനായി കുമ്മായച്ചാക്കുകള്‍ക്കിടയില്‍ നിക്ഷേപിച്ചു. എന്നാല്‍, ശാസ്ത്രത്തിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് നൂറ്റാണ്ടുകളായി ഇന്നും അഴുകാത്ത ശരീരത്തോടെ ഗോവയിലെ ബോംജീസസ് ബസിലിക്കയില്‍ ആ വിശുദ്ധന്‍ അന്ത്യവിശ്രമംകൊള്ളുന്നു.
1622 ലാണ് ഗ്രിഗറി അഞ്ചാമന്‍ മാര്‍പാപ്പാ ഫാ. ഫ്രാന്‍സിസ് സേവ്യറിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. ഡിസംബര്‍ മൂന്നിന് ആഗോളസഭയില്‍ വിശുദ്ധന്റെ തിരുനാള്‍ ആചരിക്കുന്നു. പരമ്പരാഗതമായി പത്തുവര്‍ഷത്തിലൊരിക്കലാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും കോടിക്കണക്കിനു തീര്‍ഥാടകരാണ് ഗോവയിലെത്തി വിശുദ്ധന്റെ അനുഗ്രഹങ്ങള്‍ പ്രാപിച്ചിരിക്കുന്നത്. 2025 ജനുവരി അഞ്ചിന് ഇത്തവണത്തെ പരസ്യവണക്കം സമാപിക്കുന്നു.