പതിവുകാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. വര്‍ഷാവസാനം പണമില്ല. അതുകൊണ്ട് പദ്ധതിച്ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നു. കേരളത്തില്‍ ഇതു പതിവായതുകൊണ്ട് വലിയ ഒച്ചപ്പാടില്ലാതെ കടന്നുപോകുന്നു.
പദ്ധതിച്ചെലവുകള്‍ കേള്‍ക്കുമ്പോള്‍ അത്ര വലിയ കാര്യമായി തോന്നുകയില്ല. പക്ഷേ, അതു വളരെ പ്രധാനമാണ്. ഗവണ്‍മെന്റുകള്‍ നാടിന്റെ വികസനത്തിനുവേണ്ടി തയ്യാറാക്കുന്ന പദ്ധതികളാണ് അവയിലുള്ളത്. ആശുപത്രി-സ്‌കൂള്‍ കെട്ടിടങ്ങള്‍, പാലങ്ങള്‍, ജലസേചനപദ്ധതികള്‍, വൈദ്യുതപദ്ധതികള്‍ തുടങ്ങി പുതിയ കാര്യങ്ങള്‍ നടപ്പാക്കുന്നതും നിര്‍മിക്കുന്നതുമാണ് പദ്ധതിച്ചെലവുവഴി നടക്കുന്നത്.
പദ്ധതിച്ചെലവു വര്‍ധിച്ചാല്‍ നാട്ടില്‍ പുതിയ സ്ഥാപനങ്ങളും പരിപാടികളും വരും. ആ ചെലവു കുറഞ്ഞാല്‍ പുതിയവ കുറയും. പൊട്ടിപ്പൊളിഞ്ഞ വഴികളും വീതിയില്ലാത്ത പാലങ്ങളും പഴഞ്ചന്‍ ആശുപത്രിക്കെട്ടിടങ്ങളും ദുര്‍ബലമായ സ്‌കൂള്‍കെട്ടിടങ്ങളും വെള്ളം ഒഴുകാത്ത കനാലുകളുമൊക്കെ നാടിന്റെ മുഖച്ഛായ വികൃതമാക്കും. പുരോഗതിയിലേക്കു നീങ്ങുന്ന ഒരു സമൂഹത്തിന്റെ നിലവാരത്തിനു തക്ക പുറംചട്ട നാടിന് ഇല്ലാതാകും.
വര്‍ഷങ്ങളായി സര്‍ക്കാരുകള്‍ പദ്ധതിച്ചെലവ് വെട്ടിക്കുറയ്ക്കുന്നു. കാരണം, വേണ്ടത്ര പണമില്ല. കിട്ടുന്ന പണം ദൈനംദിനാവശ്യങ്ങള്‍ നിറവേറ്റാന്‍ തികയുന്നില്ല; അതാണു പ്രശ്‌നം.
കേന്ദ്രത്തിന്റെ അവഗണനയും അവകാശനിഷേധവും ശത്രുതാപരമായ സമീപനവുമാണ് ഇതിന്റെ അടിസ്ഥാനകാരണമെന്ന് സംസ്ഥാനസര്‍ക്കാര്‍ പറയുന്നു. തീര്‍ത്തും അടിസ്ഥാനരഹിതമല്ല ഈ വാദം. സംസ്ഥാനങ്ങള്‍ക്കര്‍ഹമായതു നല്‍കാതിരിക്കാന്‍ നികുതിയുടെ പേരുമാറ്റി ഭരണഘടനയെ നോക്കുകുത്തിയാക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വരുമാനവിഭജനം അഞ്ചുവര്‍ഷം കൂടുമ്പോള്‍ നിയമിക്കുന്ന ധനകാര്യകമ്മീഷന്‍ ശിപാര്‍ശപ്രകാരം വേണമെന്നാണു ഭരണഘടന പറയുന്നത്. (2026 മുതല്‍ വിഭജനക്രമം എന്താകണമെന്നു പറയാനുള്ള 16-ാം ധനകാര്യ കമ്മീഷന്‍ ഈയിടെ കേരളത്തില്‍ വന്നു ചര്‍ച്ചനടത്തി മടങ്ങിയിരുന്നു).
വീതം തരാതെ കള്ളക്കളി
15-ാം ധനകാര്യ കമ്മീഷന്‍ നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്കു വീതിച്ചുനല്‍കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, കേന്ദ്രം ഈ നിര്‍ദേശത്തെ തന്ത്രപരമായി മറികടന്നു. ചില നികുതികള്‍ നികുതികളല്ലാതാക്കി. നികുതി എന്നതില്‍ മേഃ എന്നുള്ളതുമാത്രമേ പെടൂ. സെസ്, സര്‍ചാര്‍ജ്, അഡീഷണല്‍ ഡ്യൂട്ടി, സ്‌പെഷല്‍ ഡ്യൂട്ടി തുടങ്ങിയവയെ വിഭജിക്കേണ്ട വരുമാനത്തില്‍പെടുത്തിയിട്ടില്ല. അതുകൊണ്ട് കേന്ദ്രം മിക്ക നികുതികളുടെയുംകൂടെ അഞ്ചോ പത്തോ ശതമാനം സെസും സര്‍ചാര്‍ജും ചുമത്തി. ചിലയിനങ്ങള്‍ക്കൊപ്പം സ്‌പെഷല്‍ ഡ്യൂട്ടിയും ഏര്‍പ്പെടുത്തി. ഇങ്ങനെ കിട്ടുന്ന തുക സംസ്ഥാനങ്ങള്‍ക്കു വീതിക്കാതെ കേന്ദ്രം ഉപയോഗിക്കുന്നു.
ഇതു കേരളത്തിനും മറ്റും വലിയ തിരിച്ചടിയാണ്. കാരണം, ജനസംഖ്യ പോലുള്ള ചില കാര്യങ്ങള്‍പ്രകാരം കേരളത്തിന് ആദ്യംതന്നെ വിഹിതം കുറവാണ്. ജനസംഖ്യാനിയന്ത്രണം സാധിച്ചതോടെ കേരളത്തില്‍ ആളെണ്ണം കുറഞ്ഞു. യുപിയും ബിഹാറും മധ്യപ്രദേശും രാജസ്ഥാനുമടക്കം ഉത്തരേന്ത്യന്‍സംസ്ഥാനങ്ങള്‍ കൂടുതല്‍ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ശതമാനം വിഹിതം കൈവശപ്പെടുത്തി. പതിന്നാലാം ധനകാര്യ കമ്മീഷന്‍ കേരളത്തിനു നികുതിവിഹിതമായി 2.50 ശതമാനം അനുവദിച്ച സ്ഥാനത്ത് 15-ാം കമ്മീഷന്‍ അനുവദിച്ചത് 1.925 ശതമാനംമാത്രം. കാരണം, 2011 ലെ ജനസംഖ്യാ കണക്കില്‍ കേരളത്തിന്റെ അനുപാതം കുറഞ്ഞു. അതേസമയം, ബിഹാറും മഹാരാഷ്ട്രയും മധ്യപ്രദേശും പശ്ചിമബംഗാളും രാജസ്ഥാനും കൂടുതല്‍ വിഹിതം നേടി. കേരള വിഹിതത്തില്‍ വരുന്ന കുറവ് ഗണ്യമായ തുകയാണ്.
ഇതിന്റെകൂടെ സെസും സര്‍ചാര്‍ജും ഒക്കെയായി പേരുമാറ്റിയ നികുതിത്തുക സംസ്ഥാനങ്ങള്‍ക്കു വീതം നല്‍കാതെ കേന്ദ്രം സ്വന്തമായി ഉപയോഗിക്കുന്നു. രണ്ടിലും അനീതിയും അന്യായവും പ്രകടം.
അതുമാത്രമല്ല കാരണം
പക്ഷേ, അതുകൊണ്ടുമാത്രമല്ല സംസ്ഥാനം ധനകാര്യപ്രതിസന്ധിയിലാകുന്നത്. അതിനു കാരണം നമ്മുടെ ഭരണച്ചെലവിലും മറ്റുമാണെന്നു കാണാവുന്നതാണ്. കുറഞ്ഞ പെന്‍ഷന്‍പ്രായം, അഞ്ചു വര്‍ഷം കൂടുമ്പോഴുള്ള ശമ്പളപരിഷ്‌കാരം തുടങ്ങിയവ ശമ്പളച്ചെലവുമാത്രമല്ല പെന്‍ഷന്‍ബാധ്യതയും വര്‍ധിപ്പിച്ചു. കെഎസ്ഇബി ലിമിറ്റഡ്, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വലിയ പൊതുമേഖലാസ്ഥാപനങ്ങള്‍ പല കാരണങ്ങള്‍കൊണ്ടും വലിയ വെള്ളാനകള്‍മാത്രമായി. നിലനില്പിനുവേണ്ടി പ്രതിമാസം ആയിരം കോടിയിലേറെ രൂപ ബജറ്റില്‍നിന്നു നല്‍കേണ്ടിവരുന്ന കെഎസ്ആര്‍ടിസിയില്‍ അര്‍ഥപൂര്‍ണമായ ഒരു പരിഷ്‌കാരം പോലും ആരും നിര്‍ദേശിക്കുന്നതുമില്ല. യൂണിയന്‍കാരുടെ ഭരണം തടയാനും കഴിയുന്നില്ല.
ഇവയിലെ ധൂര്‍ത്തും അഴിമതിയും മൂലമുള്ള വലിയ നഷ്ടം നികത്താന്‍ ആയിരക്കണക്കിനു കോടി രൂപ ഓരോ വര്‍ഷവും സംസ്ഥാനം ചെലവിടുന്നു. ഇതിനു പുറമേയാണ് ബന്ധുക്കള്‍ക്കും രാഷ്ട്രീയ ആശ്രിതര്‍ക്കും ലാവണമൊരുക്കാന്‍ രൂപീകരിച്ച ഡസന്‍കണക്കിനു കോര്‍പ്പറേഷനുകളും ബോര്‍ഡുകളും. എല്ലാറ്റിനും ഓഫീസും വണ്ടികളും അനുബന്ധങ്ങളും. ഇതിനെല്ലാം പണം വേണം. അതെല്ലാം ചേര്‍ന്നതാണു സര്‍ക്കാരിന്റെ ദൈനംദിന ചെലവ് അഥവാ റവന്യുചെലവ്. ഇവയുടെ അധികച്ചെലവു താങ്ങാനും സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പളവും വിരമിച്ചവരുടെ പെന്‍ഷനും സര്‍ക്കാര്‍ ഇതുവരെ എടുത്ത കടത്തിന്റെ പലിശയും നല്‍കാനും ദൈനംദിനചെലവുകള്‍ നടത്താനുംമാത്രം വരുമാനം സംസ്ഥാനത്തിനില്ല. സാമ്പത്തികഭാഷയില്‍ റവന്യുചെലവ് നടത്താന്‍ വേണ്ടത്ര റവന്യു വരവ് ഇല്ല.
റവന്യുമിച്ചം ഇല്ല
അതുകൊണ്ട് എന്തു സംഭവിക്കുന്നു?
1982-83 ല്‍ 26.79 കോടി രൂപ റവന്യു മിച്ചം ഉണ്ടായതിനുശേഷം ഒരിക്കല്‍ പോലും ബജറ്റില്‍ റവന്യുമിച്ചം ഉണ്ടായിട്ടില്ല. റവന്യുമിച്ചം ഇല്ലെങ്കില്‍ റവന്യു കമ്മിയാകും. റവന്യുചെലവ് എന്നാല്‍ സര്‍ക്കാരിന് ആസ്തി കൂട്ടുകയോ ഭാവിവരുമാനം വര്‍ധിപ്പിക്കുകയോ ചെയ്യാത്ത ചെലവുകളാണ്. ആസ്തി കൂട്ടാന്‍ മൂലധനച്ചെലവ് വര്‍ധിപ്പിക്കണം. അതിനാണു കടമെടുക്കുന്നത്. കടമെടുത്ത പണം നിക്ഷേപിച്ചുണ്ടാക്കുന്ന ആസ്തി പില്‍ക്കാലത്തു വരുമാനം നല്‍കും.
പക്ഷേ, കേരളം ദശകങ്ങളായി ചെയ്യുന്നതു തലതിരിച്ചാണ്. ഓരോ വര്‍ഷവും റവന്യു കമ്മി വര്‍ധിക്കുന്നു. ആ കുറവ് നികത്തുന്നത് കടമെടുക്കുന്ന പണം (ധനകമ്മി) ഉപയോഗിച്ച്. കടമെടുത്ത് ആര്‍ഭാടം നടത്തുന്നതിനു സമാനമാണിത്. ഈ ധൂര്‍ത്ത് സാമ്പത്തികത്തകര്‍ച്ചയിലേക്കു സംസ്ഥാനത്തെ തള്ളിയിടുന്നു.
കടമെടുത്ത് ആര്‍ഭാടം
കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ റവന്യു കമ്മിയും ധനകമ്മിയും വര്‍ധിച്ചു വരുന്ന തോതു നോക്കിയാല്‍ ഇതിന്റെ ഗൗരവം ബോധ്യപ്പെടും.
വര്‍ഷം റവന്യു കമ്മി ധനകമ്മി
(കോടി രൂപയില്‍)
1983-84 58.18 299.31
1993-94 371.31 935.16
2003-04 3680.30 5339.05
2013-14 11,308.56 18,641.73
2023-24 24,585.31 40,461.37
2024-25 27,846.05 44,528.96
ഇതിന്റെ ഫലം സംസ്ഥാനസര്‍ക്കാരിന്റെ കടബാധ്യത വര്‍ധിച്ചുപോകുന്നതാണ്. 2001-ല്‍ 25,754 കോടി രൂപയായിരുന്നു കേരളസര്‍ക്കാരിന്റെ കടം. ഇതു 2011-ല്‍ 82,486 കോടിയും 2021-ല്‍ 3,62,659 കോടിയും ആയി. 2024 മാര്‍ച്ച് 31 ന് 4,02,634 കോടി ആകുമെന്നു കണക്കാക്കി. ഇതു സംസ്ഥാന ജിഡിപി യുടെ 34.3 ശതമാനം വരും. 2025 മാര്‍ച്ച് 31 ലേക്കു കടബാധ്യത 4,47,857 കോടി രൂപ ആകുമെന്നാണു ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.
കടം വര്‍ധിക്കുമ്പോള്‍ അതിനു നല്‍കേണ്ട പലിശയും കൂടും. റവന്യൂ വരുമാനത്തിന്റെ 20 ശതമാനം പലിശയായി ചെലവാക്കേണ്ട നിലയിലാണു കേരളം. ആന്ധ്രപ്രദേശിനു 11.12 ഉം കര്‍ണാടകത്തിന് 15.03 ഉം തമിഴ്‌നാടിന് 17.41 ഉം മഹാരാഷ്ട്രയ്ക്ക് 10.89 ഉം ശതമാനം ആയിരിക്കുമ്പോഴാണ് ഇത്.
തുടരാനാകാത്ത നില
ഇതു തുടര്‍ന്നുപോകാന്‍ പറ്റുന്ന നിലയല്ല. മൊത്തം റവന്യു ചെലവിന്റെ 60 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ എന്നീ മൂന്നിനങ്ങള്‍ക്കുമാത്രം വേണം. 2024-25 ലെ ആകെ റവന്യു ചെലവായ 1,66,501.21 കോടി രൂപയില്‍ 97,977.84 കോടി ഈ മൂന്ന് ഇനങ്ങളില്‍ ചെലവാകും. ശമ്പളം 40,674.56 കോടി രൂപ, പെന്‍ഷന്‍ 28,609.04 കോടി രൂപ, പലിശ 28,694.24 കോടി രൂപ എന്നിങ്ങനെ. റവന്യു വരുമാനത്തിന്റെ 70.66 ശതമാനവും റവന്യുചെലവിന്റെ 58.85 ശതമാനവും ഈ മൂന്നിനങ്ങളിലാണു ചെലവാകുന്നത്.
ഇങ്ങനെ പോയാല്‍ മതിയോ? കടമെടുക്കുന്ന തുകയുടെ പകുതിയിലേറെ റവന്യുകമ്മി നികത്താന്‍ വേണ്ടിവരുമ്പോള്‍ വരുമാനം കൂട്ടാനുള്ള നിക്ഷേപം എവിടെനിന്നു നടത്തും? കടമെടുക്കുന്നതിനു തുല്യമായ ആസ്തി എങ്ങനെ ഉണ്ടാക്കും?
വിവരമോ ഉത്തരവാദിത്വബോധമോ ഇല്ലാത്ത കാരണവന്മാര്‍ കടമെടുത്തു സദ്യ നടത്തിയതുപോലെ ജനകീയ ഭരണകൂടങ്ങളും ചെയ്യുമ്പോള്‍ 'കേഴുക പ്രിയനാടേ' എന്നല്ലാതെ എന്തു പറയാന്‍?