മനുഷ്യന്റെ ദൈവാന്വേഷണമാണ് എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നത്; എന്നാല്‍, ക്രിസ്തുമതം ദൈവത്തിന്റെ മനുഷ്യാന്വേണത്തെ പ്രഘോഷിക്കുന്നു. യേശു പറഞ്ഞ ഉപമകളിലൊന്നില്‍, എല്ലാ അവകാശവും കണക്കുപറഞ്ഞു വാങ്ങി പുറപ്പെട്ടുപോയ മകന്റെ മടങ്ങി വരവു കാത്തിരിക്കുന്ന പിതാവിന്റെ ചിത്രം മിഴിവോടെ വരച്ചുവച്ചിരിക്കുന്നത് എത്രയോവട്ടം നാം വായിക്കുകയും ധ്യാനിക്കുകയും ചെയ്തിരിക്കുന്നു. ഈ പിതാവ് സ്വര്‍ഗസ്ഥനായ പിതാവിന്റെ ഐഹികനിദര്‍ശനമാണ്; അഥവാ, സ്വര്‍ഗസ്ഥനായ പിതാവിനെ ഈ പിതാവില്‍ പ്രതീകവത്കരിച്ചുകൊണ്ടാണ് യേശു ഈ കഥ പറയുന്നത്. ഈ മകന്‍ മടങ്ങിവരുമെന്നു കരുതാന്‍ എന്തു ന്യായമാണുള്ളത്? ഒരു ന്യായമേയുള്ളൂ - അവന്‍ മടങ്ങിവരണമെന്ന പിതാവിന്റെ തീവ്രമായ അഭിലാഷം. ആ അഭിലാഷത്തിന്റെ പിന്നിലുള്ളത് അളവില്ലാത്ത സ്‌നേഹമാണ്. അതിരും അളവുമില്ലാത്ത സ്‌നേഹത്തിനുമാത്രമേ ധൂര്‍ത്തജീവിതത്തിന്റെ മായികപ്രലോഭനങ്ങളുടെ വിളികേട്ട് ഇറങ്ങിപ്പോയ മകന്റെ മടങ്ങിവരവു പ്രതീക്ഷിക്കാനാകൂ. സ്‌നേഹത്തിന് അങ്ങനെയൊരു സവിശേഷവൈഭവമുണ്ട്. മകന്‍ മടങ്ങിവരണമെന്ന ആഗ്രഹംമാത്രമല്ല ഇവിടെയുള്ളത്. മടങ്ങിവരും എന്ന ഉറപ്പുകൂടിയുണ്ട്. ആ വിശ്വാസത്തിനു സരളമായ കാര്യകാരണബന്ധമില്ല.
സ്‌നേഹം സാമാന്യയുക്തിയുടെ വരുതിയില്‍ വര്‍ത്തിക്കുന്ന വികാരമല്ല. ലൗകികമായ സ്‌നേഹംപോലും പ്രത്യക്ഷയുക്തിയുടെ വലയം ഭേദിക്കുന്നത് അനുഭവസത്യമായി നാം അറിയുന്ന യാഥാര്‍ഥ്യമാണ്. വിശ്വാസവും പ്രത്യാശയും സ്‌നേഹവുമാണ് ശാശ്വതമായി നിലനില്ക്കുകയെന്ന് പൗലോസ് അപ്പസ്‌തോലന്‍ പറയുന്നു. അങ്ങനെ പറഞ്ഞുനിറുത്തുകമാത്രമല്ല; ഇവയില്‍ പ്രധാനം സ്‌നേഹമാണെന്ന് അടിവരയിട്ട് ഉറപ്പിക്കുകയും ചെയ്യുന്നു. സ്‌നേഹരഹിതമായി വിശ്വാസവും പ്രത്യാശയും സാധ്യമല്ലാത്തതുകൊണ്ടാണ് അങ്ങനെ എടുത്തുപറഞ്ഞിരിക്കുന്നത്. സ്‌നേഹമാണ് പരമമായ മൂല്യം. ലൗകികപ്രതിഭാസങ്ങളെ വിശദീകരിക്കാന്‍മാത്രം കൊള്ളാവുന്ന യുക്തിക്ക് ദൈവികസ്‌നേഹത്തെ വിധേയപ്പെടുത്തുക സാധ്യമല്ല. അല്ലെങ്കില്‍, മസ്തിഷ്‌കത്തിന്റെ യുക്തിക്കപ്പുറമാണ് ഹൃദയത്തിന്റെ യുക്തിയുടെ സ്ഥാനം. ആ യുക്തിയാണ്, സ്ഥൂലയുക്തികളെ പിന്തള്ളി ദൂരെനിന്നേ വരുന്ന മകനെ തിരിച്ചറിയുന്നത്. ഏതെല്ലാം കര്‍മങ്ങളില്‍ വ്യാപരിക്കുമ്പോഴും ആ വ്യഗ്രതകളില്‍ ഉടക്കിപ്പോകാതെ ആ പിതാവിന്റെ കണ്ണ് നീണ്ടുനീണ്ടുചെന്ന് ചക്രവാളരേഖയില്‍ ഒരു പൊട്ട് തെളിയുന്നുണ്ടോയെന്നു പരതിക്കൊണ്ടിരിക്കും; അത് ഒരിക്കലും പിന്‍വലിക്കപ്പെടുന്നില്ല.
പാപിയുടെ മാനസാന്തരത്തില്‍ സ്വര്‍ഗം എങ്ങനെ സന്തോഷിക്കുന്നു എന്നുകൂടി പറഞ്ഞുതരുന്നുണ്ട് ഈ ഉപമ. അക്കഥ വിസ്തരിക്കേണ്ട. എന്നാല്‍, പോയവരൊക്കെ പോകട്ടെ, പുകഞ്ഞ കൊള്ളി പുറത്ത് എന്ന നിസ്സംഗത ദൈവസ്വഭാവത്തില്‍ കലര്‍ന്നിട്ടില്ല എന്ന് ഈ ഉപമ വ്യക്തമാക്കുന്നു. കൊടിയ പാപങ്ങളില്‍ വിവേകം കെട്ട് പുളച്ചുജീവിക്കുന്നവനായാലും അവനില്‍ ഒരു മടങ്ങിവരവിന്റെ സാധ്യത കെട്ടുപോകാതെ എരിഞ്ഞുകൊണ്ടിരിക്കുന്നു. കെടുവാതങ്ങള്‍ക്കൊന്നും കെടുത്തിക്കളയാവതല്ല ഈ ജ്വാല. കാരണം, മനുഷ്യന്‍ എന്ന ഈ മണ്‍ചെരാതില്‍ ഈ തിരി കൊളുത്തിവച്ചതു ദൈവമാണ്. അതില്‍, കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും എണ്ണ വറ്റിപ്പോകാതെ ദൈവം നിരന്തരം പകര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രത്യാശയ്ക്ക് അവസാനമില്ല. ലോകത്തില്‍ ഇപ്പോഴും കുഞ്ഞുങ്ങള്‍ പിറക്കുന്നത് മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്നതിന്റെ തെളിവാണെന്ന് ടാഗൂര്‍ എഴുതിയിട്ടുണ്ട്.
വേദപുസ്തകത്തെ 'രക്ഷാകരചരിത്രം' - Salvation History എന്നു വിളിക്കുന്നത് ദൈവത്തിന്റെ മനുഷ്യാന്വേഷണത്തിന്റെ, മനുഷ്യനെ എങ്ങനെ വീണ്ടെടുക്കേണ്ടൂ എന്ന അന്വേഷണത്തിന്റെ ചരിത്രം അതു സംഗ്രഹിക്കുന്നതുകൊണ്ടാണ്. ആ ചരിത്രത്തിന്റെ ഫലശ്രുതിയാണ് ക്രിസ്തുസംഭവം. ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വിചാരപ്പെടലാണ് യേശുക്രിസ്തു. മനുഷ്യനെ നശിക്കാന്‍ വിടുകയില്ല എന്ന ദൈവനിശ്ചയത്തിന്റെ പിന്നിലെ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും മൂര്‍ത്തമായ അവതാരമായി അവിടുന്നു ഭൂമിയിലേക്കു വന്നു. മനുഷ്യരാശിക്കു മുഴുവന്‍ ഉണ്ടാകാന്‍ പോകുന്ന മഹാസന്തോഷം എന്നാണ് ആ വരവാര്‍ത്ത ആട്ടിടയന്മാരെ അറിയിച്ച ദൈവദൂതന്മാര്‍ അതിനെ വിശേഷിപ്പിച്ചത്. ദൈവാലയത്തില്‍വച്ച് ഈ ശിശുവിനെ കൈകളിലേന്തി വൃദ്ധനായ ശിമയോന്‍ ദൈവം ഒരുക്കിയ രക്ഷയെ തന്റെ കണ്ണു കണ്ടല്ലോ എന്നാണ് തന്റെ ജീവിതസാഫല്യത്തെ സാക്ഷ്യപ്പെടുത്തുന്നത്.
തിരുപ്പിറവി-ക്രിസ്മസ്-ആഘോഷിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ നാം ചെയ്യുന്നത്, ചെയ്യേണ്ടത്, ദൈവം നമുക്കുവേണ്ടി ഒരുക്കിയ രക്ഷയെ നാം കൈക്കൊള്ളുന്നു എന്നു പ്രഖ്യാപിക്കുകയാണ്. ക്രിസ്മസ് ദൈവസ്‌നേഹത്തിന്റെ ഉത്സവമാണ്. ഇതിനേക്കാള്‍ വലിയ എന്തു സമ്മാനമാണ് മനുഷ്യനു കൊടുക്കാന്‍ ദൈവത്തിനു കഴിയുക? ക്ഷമിക്കണം, ദൈവത്തിന്റെ കഴിവിന് ഞാന്‍ അതിരു കല്പിക്കുകയാണെന്നു തെറ്റിദ്ധരിക്കരുത്. അവനവനെ കൊടുക്കുന്നതിനപ്പുറം കൊടുക്കാന്‍ ഒന്നും ബാക്കിയില്ല. പുത്രന്‍ അവനവന്‍തന്നെ- ആത്മാ വൈ പുത്രനാമാസി - എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. അതുകൊണ്ട്, ദൈവം പുത്രനെ നല്കി എന്നതിനര്‍ഥം തന്നെത്തന്നെ നല്കി എന്നാണ്. യേശു ദൈവത്തില്‍നിന്നു വന്നവന്‍മാത്രമല്ല, ദൈവവും ആയിരുന്നു. അതുകൊണ്ട്, ക്രിസ്മസ് ഒരു മഹാപുരുഷന്റെ ജനനത്തിരുനാളല്ല, ദൈവം മനുഷ്യന്റെ വീണ്ടെടുപ്പിനു തന്നെത്തന്നെ മോചനദ്രവ്യമായി നല്കിയതിന്റെ തിരുനാളാണ്.
സ്‌നേഹത്തിന്റെ അതിരെവിടെ എന്ന ചോദ്യത്തിനു സംശയച്ഛേദിയും കണിശവുമായ ഉത്തരം യേശു നല്കിയിട്ടുണ്ട്. 'ജീവന്‍ നല്കുന്നിടത്തോളം' എന്നാണ് ആ ഉത്തരം. ആത്മദാനത്തോളം നീണ്ടുകിടക്കുന്ന സ്‌നേഹത്തിന്റെ വഴിയില്‍ പദം വച്ചതിന്റെ ഉത്സവമാണ് ക്രിസ്മസ്. നക്ഷത്രവിളക്കുതൂക്കിയും പുല്‍ക്കൂടൊരുക്കിയും ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ബേത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ യേശു ജനിച്ച ചരിത്രസംഭവത്തിന്റെ ഓര്‍മപുതുക്കുകമാത്രമല്ല ചെയ്യുന്നത്; അത് സ്‌നേഹം എന്ന മൂല്യത്തിന്റെ, എല്ലാ മൂല്യങ്ങളുടെയും കാതലായ സ്‌നേഹത്തിന്റെ, ആ സ്‌നേഹം ഒരുക്കിയ രക്ഷയുടെ ഓര്‍മയാണു പുതുക്കുന്നത്. രക്ഷയുടെ ഓര്‍മപുതുക്കല്‍ ആ രക്ഷയുടെ അനുഭവത്തില്‍ പ്രവേശിക്കുന്നവര്‍ക്കുമാത്രം അവകാശപ്പെട്ടതാണ്.
രക്ഷയുടെ അനുഭവം എങ്ങനെയാണ് ഉണ്ടാകുന്നത്? ദൈവം ഒരു കാര്യംമാത്രമേ ആവശ്യപ്പെടുന്നുള്ളൂ - സ്‌നേഹിക്കുക. 'പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ ഞാന്‍ നിങ്ങളെ സ്‌നേഹിച്ചു. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍' എന്നാണ് ക്രിസ്തു നല്കിയ കല്പന. മനുഷ്യനെ സ്‌നേഹിക്കാതെ ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയുമോ എന്ന അന്വേഷണമായി ആധ്യാത്മികജീവിതം മാറിയതാണ് ലോകത്തിനു സംഭവിച്ച വിപത്ത്. അപരനിലേക്കുള്ള വഴി തുറക്കപ്പെടുമ്പോള്‍ ദൈവത്തിലേക്കുള്ള വഴിയാണു തുറക്കപ്പെടുന്നത്. അയല്ക്കാരനെ സ്‌നേഹിക്കാതെ ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയുകയില്ല.