രാജാക്കന്മാരുടെ രാജാവും നേതാക്കന്മാരുടെ നേതാവുമായ ദൈവകുമാരന്‍ മനുഷ്യനായി അവതരിച്ച ബേത്‌ലഹേമിലെ പുല്‍ക്കൂട് ഒരുമയുടെയും എളിമയുടെയും സന്ദേശം പ്രഘോഷിക്കുന്നു. വലിയവനെന്നോ ചെറിയവനെന്നോ സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും രക്ഷയേകാനായി ഈശോ പുല്‍ക്കൂട്ടില്‍ ജാതനായി. പിതാവും പുത്രനും ഒന്നായിരിക്കുന്നതുപോലെ എല്ലാ മനുഷ്യരും സ്‌നേഹത്തില്‍ ഒന്നാകണമെന്ന ആഗ്രഹത്താലാണ് അവിടുന്നു ''തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്നത്'' (ഫിലി. 2:7). വിജ്ഞാനികളായ പൂജരാജാക്കന്മാരെയും ആരും പരിഗണിക്കാത്ത നിസ്സാരരായ ആട്ടിടയരെയും തുല്യസ്ഥാനത്തു ചേര്‍ത്തുനിര്‍ത്തിയ മിശിഹാ സകല ജനതകള്‍ക്കുംവേണ്ടിയുള്ള രക്ഷയുടെ സദ്വാര്‍ത്തയാണ്.
ക്രിസ്മസ് വെറുമൊരു ആഘോഷമല്ല; ജീവിതത്തിന്റെ അനുഭവമായി മാറേണ്ട നിത്യസത്യമാണ്. പുതിയ സ്വപ്നങ്ങളിലേക്കുള്ള പ്രത്യാശയുടെ വാതില്‍ തുറന്ന് സ്‌നേഹവും നന്മയും സാഹോദര്യവും കണ്ടെത്താന്‍ നമ്മെ പ്രചോദിപ്പിക്കുന്ന ക്രിസ്ത്വനുഭവമാണത്. ക്രിസ്മസ് ആഘോഷത്തിലൂടെ നാം പങ്കുവയ്‌ക്കേണ്ടത് യേശുക്രിസ്തുവിന്റെ ജനനം മാത്രമല്ല; മറിച്ച്, ക്രിസ്തുവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്ന സ്‌നേഹവും കരുണയും സഹിഷ്ണുതയും സാഹോദര്യവും അതിലുപരി മനുഷ്യത്വവും മാനവികതയുംകൂടിയാണ്. പ്രശസ്ത നിരൂപകനായ കെ. പി. അപ്പന്റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്: ''ദൈവാലയത്തെക്കാള്‍ വലിയവനെ മുന്‍നിര്‍ത്തിയുള്ള ആരാധനയുടെയും സ്തുതിപ്പിന്റെയും ലോകം എന്നില്‍ രൂപപ്പെട്ടുതുടങ്ങിയത് ഒരു ക്രിസ്മസ് ദിനത്തിലാണ്. എനിക്കു ക്രിസ്തു കാരുണ്യത്തിലേക്കുള്ള വഴിയും വാതിലുമാണ്.'' അതേ, പുല്‍ക്കൂട്ടില്‍ ജനിച്ച ഉണ്ണിയേശു ദൈവത്തിനു മനുഷ്യരോടുള്ള കരുണാര്‍ദ്രസ്‌നേഹത്തിന്റെ സജീവസാക്ഷ്യമാണ്. ജീവിതവീഥികളില്‍ നിരാശയുടെ, അരക്ഷിതത്വത്തിന്റെ കാര്‍മേഘങ്ങള്‍ പടരുമ്പോള്‍ ദൈവം നമുക്കു കൂട്ടിനുണ്ട് എന്ന ഓര്‍മപ്പെടുത്തലാണ് ഓരോ ക്രിസ്മസും. ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ തളര്‍ന്നുവീഴാതെ അവയെ വിശ്വാസപൂര്‍വം നേരിട്ടു പ്രതീക്ഷയോടെ മുന്നേറാന്‍ ക്രിസ്മസ് നമ്മെ ആഹ്വാനം ചെയ്യുന്നു. പ്രതീക്ഷയുടെ വെളിച്ചമാണ് തിരുപ്പിറവി നമുക്കു നല്‍കുന്നത്.
''അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനം വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു'' (വി. മത്തായി 4:16). ചുറ്റുമുള്ളവരെ നോക്കി പുഞ്ചിരിക്കാനും നിരാശയിലാഴ്ന്നവര്‍ക്കു പ്രതീക്ഷ നല്‍കാനും അവഗണിക്കപ്പെട്ടവര്‍ക്ക് ആശ്വാസമേകാനും ആരുമില്ലാത്തവരുടെ ആരൊക്കെയോ ആകാനും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ കഴിയുന്നവരെ ചേര്‍ത്തുപിടിക്കാനും വിശ്വാസമില്ലാത്തവര്‍ക്കു ദൈവത്തെ കാണിച്ചുകൊടുക്കാനും നമുക്കു സാധിക്കുമ്പോള്‍ രക്ഷകനു പിറക്കാന്‍ കഴിയുന്ന ഒരു പുല്‍ക്കൂടായി നമ്മുടെ ഹൃദയവും സജ്ജമാക്കപ്പെടും. അങ്ങനെ ക്രിസ്തുവിനെ ധ്യാനിച്ച് ദൈവശാസ്ത്രജ്ഞനായ എക്കാര്‍ട്ട് എഴുതി: ''നാം ദൈവത്തെപ്പോലെ ആകാത്തിടത്തോളം ക്രിസ്തു നമ്മില്‍ രൂപപ്പെടുന്ന പിറവിക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ പിറവി സാധ്യമാക്കാന്‍ തടസ്സമായി നില്‍ക്കുന്ന സൃഷ്ടവസ്തുക്കളെയെല്ലാം നമ്മില്‍നിന്നു പുറത്താക്കുക. അപ്പോള്‍ നാം ദൈവത്തെക്കൊണ്ടു നിറയും.'' യഥാര്‍ഥ ക്രിസ്ത്വനുഭവം നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍, ആരെയും ഒഴിവാക്കാതെ എല്ലാവരെയും തന്റെ ഹൃദയത്തിലേക്കു ചേര്‍ത്തുനിര്‍ത്താന്‍ മനുഷ്യരൂപം സ്വീകരിച്ച യേശുക്രിസ്തുവിന്റെ അതിരുകളില്ലാത്ത സ്‌നേഹം നമ്മിലൂടെ ചുറ്റുമുള്ളവരിലേക്കു ചൊരിയപ്പെടും.
ബ്രിട്ടീഷ് അമേരിക്കന്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ ബോബ് ഹോപ്പിന്റെ വാക്കുകള്‍ നമ്മെ പ്രചോദിപ്പിക്കട്ടെ: ''എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്മസ് എന്ന ആശയം പ്രാചീനമായാലും ആധുനികമായാലും വളരെ ലളിതമാണ് - മറ്റുള്ളവരെ സ്‌നേഹിക്കുക. പക്ഷേ, അങ്ങനെയെങ്കില്‍ അതു ചെയ്യാന്‍ നമുക്ക് ക്രിസ്മസ്‌വരെ കാത്തിരിക്കേണ്ട ആവശ്യമുണ്ടോ?'' ഹോപ് പറഞ്ഞതുപോലെ ഡിസംബര്‍ 25 മാത്രമല്ല, ഓരോ ദിവസവും നമുക്കൊരു ക്രിസ്മസ് ആക്കി മാറ്റാം. ഓരോ പ്രഭാതത്തിലും ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ മിഴിതുറക്കട്ടെ. ആത്മാവിന്റെ ആഴങ്ങളില്‍ ക്രിസ്തു ജനിക്കട്ടെ. അവിടുന്നു പങ്കുവച്ച പരിധികളില്ലാത്ത ദൈവസ്‌നേഹം നമ്മുടെ ഹൃദയങ്ങളില്‍ വെളിച്ചമാകട്ടെ.