ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷംമാത്രം റോഡപകടങ്ങളില്‍ മരിച്ചത് 1.78 ലക്ഷം പേരാണ്. ഇതില്‍ 60 ശതമാനമാവട്ടെ, 18 നും 34 നുമിടയില്‍ പ്രായമുള്ളവരും. റോഡപകടങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന അന്താരാഷ്ട്രസമ്മേളനങ്ങളില്‍ പോകുമ്പോള്‍ മുഖം മറയ്‌ക്കേണ്ട അവസ്ഥയാണെന്നു കേന്ദ്ര ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത് ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. ഇന്ത്യയില്‍ ഏറ്റവുമധികം റോഡപകടങ്ങള്‍ നടക്കുന്ന നഗരം ഡല്‍ഹിയും സംസ്ഥാനം ഉത്തര്‍പ്രദേശുമാണെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിന്റെ നിലയും ഒട്ടും ആശാവഹമല്ല. അപകടമരണങ്ങളുടെ വാര്‍ത്തകളില്ലാത്ത ഒരു ദിവസംപോലും ഇല്ലെന്ന സ്ഥിതിയായിരിക്കുന്നു. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2023 ജനുവരിമുതല്‍ 2024 ഓഗസ്റ്റുവരെ സംസ്ഥാനത്ത് 80, 465 റോഡപകടങ്ങളും 6534 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എത്രയോ മനുഷ്യരുടെ സ്വപ്നങ്ങളാണു പാതിവഴിയില്‍ നിശ്ചലമാകുന്നത്.
ഇതില്‍ ഏറ്റവും ശ്രദ്ധേയവും അത്യന്തം ദൗര്‍ഭാഗ്യകരവുമായ വസ്തുത അപകടമരണങ്ങളില്‍ പകുതിയിലധികവും സംഭവിക്കുന്നതിനു കാരണം അമിതവേഗമാണ് എന്നതാണ്. അമിതവേഗംകൊണ്ട് അപകടങ്ങള്‍ ഉണ്ടാക്കുന്ന വാഹനങ്ങളിലാവട്ടെ ഒന്നാംസ്ഥാനം ഇരുചക്രവാഹനങ്ങള്‍ക്കും.
Speed thrills but kills എന്ന മുന്നറിയിപ്പ് അക്ഷരാര്‍ഥത്തില്‍ ശരിയാവുന്നു. ആവേശയാത്രകള്‍ പലപ്പോഴും അവസാനയാത്രകളായി മാറുന്നു. അമിതവേഗം, വിശേഷിച്ച് ഇരുചക്രവാഹനങ്ങളുടെ മിന്നല്‍വേഗം വാഹനയാത്രികരുടെ മാത്രമല്ല, റോഡു മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരുടെപോലും ജീവനെടുക്കുന്നു. ട്രാഫിക് ബ്ലോക്കില്‍ കാത്തുകിടക്കാന്‍ ക്ഷമയില്ലാതെ ഫുട്പാത്തുകളിലൂടെയും മറ്റും പാഞ്ഞുവരുന്ന മോട്ടോര്‍ ബൈക്കുകള്‍ പലയിടങ്ങളിലെയും പേടിപ്പെടുത്തുന്ന കാഴ്ചയാണ്. നഗരങ്ങളിലുംമറ്റും താമസിക്കുന്ന വയോജനങ്ങള്‍ തങ്ങള്‍ക്കു റോഡിലേക്കിറങ്ങാന്‍തന്നെ ഭയമാണെന്നു പറയുന്നു. ഈ അവസ്ഥയ്ക്കു തീര്‍ച്ചയായും മാറ്റം വരുത്തേണ്ടതുണ്ട്. മഹാമാരികളോ പ്രകൃതിദുരന്തങ്ങളോ ഒന്നും നമുക്കു തടഞ്ഞുനിര്‍ത്താനാവില്ലായിരിക്കാം. എന്നാല്‍, വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍, അതുവഴിയുള്ള മരണസംഖ്യ കുറയ്ക്കാന്‍ തീര്‍ച്ചയായും ഉത്തരവാദിത്വബോധമുള്ള ഒരു സമൂഹത്തിനു കഴിയും.
ഗതാഗതനിയമങ്ങള്‍ എത്രമാത്രം കര്‍ക്കശമാക്കിയാലും, നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക എത്രതന്നെ വര്‍ധിപ്പിച്ചാലും ശരി, റോഡില്‍ വാഹനവുമായി ഇറങ്ങുന്ന മനുഷ്യര്‍ വിചാരിച്ചാല്‍മാത്രമേ അപകടങ്ങള്‍ ഇല്ലാതാവൂ. വാഹനവുമായി വീട്ടില്‍നിന്നിറങ്ങുന്ന നിങ്ങള്‍ സുരക്ഷിതമായിത്തന്നെ മടങ്ങിയെത്തേണ്ടത് ഗവണ്മെന്റിന്റെയോ ട്രാഫിക് പൊലീസിന്റെയോ ആവശ്യമല്ല, നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും ആവശ്യമാണ്. ഒരു നിമിഷത്തിന്റെ അശ്രദ്ധ മതി ഒരു കുടുംബം ആയുഷ്‌കാലം കണ്ണീരിലാകാന്‍. ജോലിയോ സമ്പത്തോ മറ്റു ഭൗതികവസ്തുക്കളോ ഒക്കെ നഷ്ടമായാലും തിരിച്ചുപിടിക്കാന്‍ മാര്‍ഗങ്ങളുണ്ട്. പക്ഷേ, ജീവന്‍ നഷ്ടമായാലോ? വാഹനവുമായി പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ തിരിച്ചുവരുന്നതു കാത്തിരിക്കുന്ന പ്രിയപ്പെട്ടവരെ മറക്കരുത്. ഇരുചക്രവാഹനമാണെങ്കില്‍ നിശ്ചയമായും ഹെല്‍മെറ്റ് ധരിക്കണം. കാറിലും മറ്റും യാത്ര ചെയ്യുന്നവര്‍ സീറ്റ്‌ബെല്‍റ്റ് ഇടാന്‍ മടികാണിക്കരുത്. ഹെല്‍മറ്റ് ധരിക്കാത്തതും സീറ്റ് ബെല്‍റ്റ് ഇടാത്തതുമാണ് പലപ്പോഴും നിസ്സാരപരിക്കുകളില്‍ നില്‍ക്കേണ്ട അപകടങ്ങള്‍ ഗുരുതരപരിക്കുകളിലേക്കും മരണത്തിലേക്കുംവരെ എത്തുന്നതിനുള്ള കാരണം.
നമ്മുടെ നാട്ടിലെ അപകടങ്ങളിലധികവും വളവു തിരിവുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും ഇല്ലാത്ത നേരായ റോഡുകളിലാണു സംഭവിക്കുന്നത് എന്ന റിപ്പോര്‍ട്ടും ശ്രദ്ധിക്കേണ്ടതാണ്. നേരായ റോഡുകള്‍ പലര്‍ക്കും അതിവേഗത്തിലും അങ്ങേയറ്റം അശ്രദ്ധമായും വാഹനം ഓടിക്കാനുള്ള ഇടങ്ങളാണ്. മൊബൈലില്‍ സംസാരിച്ചും ഹെഡ്‌ഫോണ്‍ ചെവിയില്‍ തിരുകി പാട്ടുകേട്ടുമൊക്കെ വാഹനം ഓടിക്കുന്നവര്‍ സ്വജീവനെമാത്രമല്ല, ആ വഴിയില്‍ യാത്ര ചെയ്യുന്ന മറ്റ് അനേകമനുഷ്യരുടെ ജീവനെക്കൂടിയാണ് അപകടമുനമ്പിലേക്ക് എത്തിക്കുന്നത്.
ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചിട്ടുള്ള ഡ്രൈവിങ്ങാണ് റോഡപകടങ്ങള്‍ക്കുള്ള മറ്റൊരു പ്രധാന കാരണം. മദ്യംമാത്രമല്ല, പെട്ടെന്നു തിരിച്ചറിയാന്‍ കഴിയാത്ത എംഡിഎംഎ അടക്കമുള്ള നിരവധിയായ നിരോധിതരാസലഹരികളും ഇന്നു സമൂഹത്തില്‍ സുലഭമാണ്. അത്യന്തം അപകടകരമായ ഈ ലഹരിവലയില്‍പെട്ടുപോകുന്നവരില്‍ അധികവും കൗമാര യൗവന പ്രായക്കാരാണ് എന്ന വസ്തുത നാടിന്റെ നാളേക്കുതന്നെ വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ലഹരി ഒഴുകുന്ന നൈറ്റ് പാര്‍ട്ടികളും അതിനുശേഷം അര്‍ധരാത്രിയില്‍ പാതി ബോധത്തിലുള്ള ഡ്രൈവിങ്ങും അനേക അപകടങ്ങള്‍ വരുത്തിവയ്ക്കുന്നതായി നാം കാണുന്നു.
രാത്രി നടക്കുന്ന അപകടങ്ങള്‍ക്കുള്ള മറ്റൊരു പ്രധാന കാരണം വാഹനമോടിക്കുന്നയാള്‍ ഉറങ്ങിപ്പോകുന്നതാണ്. ഒരുനിമിഷം കണ്ണൊന്നടഞ്ഞാല്‍മതി വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാന്‍. അര്‍ദ്ധരാത്രിയിലും മറ്റുമുള്ള യാത്രകള്‍ ഒഴിവാക്കുന്നതു തന്നെയാണ് ഏറ്റവും സുരക്ഷിതം. ഇനി അഥവാ അത്തരം യാത്രകള്‍ അനിവാര്യമാണെങ്കില്‍ യാത്രയ്ക്കുമുമ്പേ ആവശ്യമുള്ളത്ര നേരം ഉറങ്ങാന്‍ ശ്രമിക്കുക. യാത്രയ്ക്കിടെ ഉറക്കം വരുന്നുവെന്നു മനസ്സിലാക്കിയാല്‍ നിര്‍ബന്ധമായും വാഹനം നിര്‍ത്തുകയും വിശ്രമിച്ചു ക്ഷീണം അകറ്റിയതിനുശേഷംമാത്രം യാത്ര തുടരുകയും ചെയ്യുക. യാത്ര എവിേടക്കാണെങ്കിലും എത്ര പ്രധാനപ്പെട്ടതാണെങ്കിലും സുരക്ഷിതമായി എത്തിച്ചേരുക എന്നതിനുതന്നെയാവണം പ്രഥമപരിഗണന.
ഡ്രൈവിങ് ദുഷ്‌കരമാക്കുംവിധം പാതയോരങ്ങളില്‍, പ്രത്യേകിച്ച് വളവുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന ബാനറുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തുടങ്ങിയവയും അപകടങ്ങള്‍ക്കു കാരണമാകാറുണ്ട്. ഇതിനെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ പലപ്പോഴും നിയമപാലകര്‍ക്കും കഴിയാറില്ല. ഈ വിഷയത്തില്‍ കോടതികള്‍ മറ്റും പലതവണ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. റോഡുകളില്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടക്കാത്തതും തത്ഫലമായി രൂപപ്പെടുന്ന വലിയ കുഴികളും അപകടങ്ങള്‍ വരുത്തിവയ്ക്കുന്നു. റോഡിലെ കുഴികള്‍ പലപ്പോഴും മരണക്കുഴികളായി മാറുന്നു.
മഴക്കാലമായാല്‍ വഴിയേത്, പുഴയേത് എന്നു തിരിച്ചറിയാനാവാത്ത അവസ്ഥയാണ് പലയിടത്തും എന്നതുകൊണ്ട് ഇത്തരം കുഴികളില്‍ വീണുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.
ഏതുനിമിഷവും റോഡില്‍ പ്രത്യക്ഷപ്പെട്ടേക്കാവുന്ന വന്യജീവികളാണ് യാത്രികര്‍ ഇന്നു നേരിടുന്ന മറ്റൊരു പ്രധാന ഭീഷണി. വയനാടും ഇടുക്കിയും പാലക്കാടുമൊക്കെ യാത്ര ചെയ്യുന്ന മനുഷ്യര്‍ക്കു മുന്നില്‍ എപ്പോഴാണ് കാട്ടാനക്കൂട്ടമോ കാട്ടുപോത്തോ കാട്ടുപന്നിയോ പ്രത്യക്ഷപ്പെടുകയെന്നറിയില്ല. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നിയമത്തിനു മുന്നില്‍ പലപ്പോഴും മനുഷ്യജീവനെക്കാള്‍ വില കാട്ടുപന്നിക്കും കാട്ടുപോത്തിനും ഒക്കെയാണുതാനും. വന്യജീവികളുടെ ഭീഷണി നിലനില്‍ക്കുന്ന ഇടങ്ങളില്‍ അത്യന്തം ജാഗ്രതയോടെവേണം സഞ്ചരിക്കുവാന്‍. വനാതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ മിനിമം വേഗതത്തില്‍മാത്രം യാത്ര ചെയ്യുക. രാത്രിയാത്രകളും മറ്റും നിര്‍ബന്ധമായും ഒഴിവാക്കുക.
നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കാതെ വരുത്തിവയ്ക്കുന്ന അപകടങ്ങളെ വിധിയെന്നോ ദൈവനിശ്ചയമെന്നോ വിളിക്കുന്നതില്‍ അര്‍ഥമില്ല. ഡ്രൈവിങ്‌സീറ്റില്‍ ഇരിക്കുന്ന നമ്മുടെ പ്രവൃത്തികള്‍തന്നെയാണ് പലപ്പോഴും നമ്മുടെ വിധിയും നിശ്ചയിക്കുന്നതെന്നു മറക്കാതിരിക്കുക. ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കുക. ട്രാഫിക് സിഗ്‌നലുകളും വേഗനിയന്ത്രണത്തെ സംബന്ധിച്ച് പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും ശ്രദ്ധിക്കാതെ പോവരുത്. അപകടകരമായ വിധമുള്ള ഓവര്‍ടേക്കിങ്ങുകള്‍ ഒഴിവാക്കുക. യാത്രയില്‍ ആവേശമല്ല, വിവേകമാണു വേണ്ടത്. മനുഷ്യര്‍ക്കു ഭീതിയില്ലാതെ യാത്ര ചെയ്യാനാവുന്ന ഒരു യാത്രാസംസ്‌കാരം നമ്മുടെ റോഡുകളില്‍ രൂപപ്പെടട്ടെ. വാഹനവുമായി നിരത്തിലിറങ്ങുന്ന ഓരോരുത്തരും ശ്രദ്ധയോടും ഉത്തരവാദിത്വത്തോടുംകൂടി മാത്രമേ വാഹനമോടിക്കൂ എന്നു തീരുമാനിക്കണം. ഓരോ മനുഷ്യജീവനും അത്യധികം വിലപ്പെട്ടതാണെന്നു മറക്കാതിരിക്കുക; അതിനു പകരംവയ്ക്കാന്‍ മറ്റൊന്നുമില്ല താനും. നമ്മുടെ വഴിയോരങ്ങളില്‍ ഇനിയെങ്കിലും ചോരയും കണ്ണീരും കലരാതിരിക്കട്ടെ.