രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷന്‍
എന്നീ പരമോന്നതബഹുമതികള്‍ നല്‍കി ആദരിച്ച
വിശ്രുത തബലവാദകന്‍ സക്കീര്‍ ഹുസൈന്‍ ഓര്‍മയായി
സക്കീര്‍ പോയി. തബല ഇനി ഒരിക്കലും പഴയതുപോലെ ശബ്ദിക്കില്ല. തബല തുടങ്ങുന്നതും അവസാനിക്കുന്നതും അദ്ദേഹത്തിന്റെ കുടുംബത്തിലാണ്. എ മുതല്‍ സെഡ് വരെ. അള്ളാ (A) രാഖഖാന്‍മുതല്‍ സക്കീര്‍ (Z) ഹുസൈന്‍വരെ. സക്കീര്‍ഭായിയുടെ സംഗീതജീവിതത്തെ ഓര്‍ക്കുമ്പോള്‍ എല്ലാവരും ഒരുപോലെ ഇങ്ങനെ സ്വയമറിയാതെ പറഞ്ഞുപോകുന്നു.
താളവിദ്വാനും കമ്പോസറും ഹിന്ദുസ്ഥാനിസംഗീതജ്ഞനും ലോക-സംഗീതങ്ങളെ സമന്വയിപ്പിക്കുന്ന കലാകാരനുമായിരുന്നു സക്കീര്‍ ഹുസൈന്‍. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒരു ആശുപത്രിയില്‍വച്ച് ഇഡിയോപതിക് പള്‍മണറി ഫൈബ്രോസിസ് (ശ്വാസകോശസംബന്ധമായ രോഗം) ബാധിച്ചു മരിക്കുമ്പോള്‍ അദ്ദേഹത്തിന് 73 വയസ്സായിരുന്നു.
ഭീംസെന്‍ ജോഷി, രവിശങ്കര്‍, ശിവകുമാര്‍ ശര്‍മ, അലി അക്ബര്‍ ഖാന്‍ തുടങ്ങിയ നിരവധി മഹാസംഗീതജ്ഞന്മാരുടെ സംഗീതക്കച്ചേരികള്‍ക്കു സക്കീര്‍ ഹുസൈന്‍ തബല വായിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എണ്ണമറ്റ സോളോ കച്ചേരികളിലൂടെ സംഗീതാസ്വാദകരെ കോരിത്തരിപ്പിച്ച ഇന്നലെകളും ഉണ്ടായിരുന്നു. തബലമാത്രമല്ല, ആ വിരലുകളില്‍ തട്ടി നിരവധി പാരമ്പര്യവാദ്യങ്ങളും ആധുനികവാദ്യങ്ങളും നാദതാരങ്ങളായിട്ടുണ്ട്. കേരളത്തിന്റെ ചെണ്ടയോടും ആ തബലസംഗീതം സംസാരിച്ചിട്ടുണ്ട്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ചെണ്ടയിലും സക്കീര്‍ തബലയിലും തീര്‍ത്ത സംഗീതസമന്വയത്തിന്റെ വീഡിയോ നാം പല തവണ കണ്ടുകഴിഞ്ഞു. നമുക്ക് അദ്ദേഹത്തിന്റെ സംഗീതം വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാം. പക്ഷേ, ഇനി ലൈവ് ഇല്ല.
ക്ലാസിക്കല്‍ സംഗീതംമാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ മേഖല. ഇംഗ്ലീഷ് ജാസ് ഗിറ്റാറിസ്റ്റ് ജോണ്‍ മിക്ലോഗ്ലിന്‍, ഇന്ത്യന്‍ വയലിനിസ്റ്റ് എല്‍. ശങ്കര്‍, ഘടം വാദ്യകാരന്‍ വിക്കു വിനായക് റാം എന്നിവരോടൊപ്പം ചേര്‍ന്ന് 1973 ല്‍ അദ്ദേഹം ശക്തി എന്ന ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. കിഴക്ക്-പടിഞ്ഞാറ് ഫ്യൂഷന്‍ മാത്രമായിരുന്നില്ല ശക്തി. വിക്കു വിനായക്‌റാമിന്റെ സാന്നിധ്യംകൊണ്ട് അത് ഇന്ത്യയുടെ തെക്കു-വടക്ക് താളസമന്വയംകൂടിയായിരുന്നു. കാലങ്ങള്‍ക്കുശേഷം മിക്ലോഗ്ലിനും സക്കീര്‍ ഹുസൈനും മറ്റു മൂന്നു പേരും ചേര്‍ന്ന് ശക്തി ഗ്രൂപ്പ് പുനര്‍രൂപീകരിച്ചു. 2023 ലെ 'ദി മൊമന്റ്' എന്ന ആല്‍ബം, ശക്തിയുടെ സൃഷ്ടിയായിരുന്നു. ലോകത്തിലെ ആദ്യത്തെ ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്ന വകുപ്പില്‍ ഇതിന് ഗ്രാമ്മി അവാര്‍ഡ് ലഭിച്ചു.
ഇക്കൊല്ലം സക്കീര്‍ ഹുസൈന്‍ രണ്ടു ഗ്രാമ്മി അവാര്‍ഡുകള്‍ക്കുകൂടി അര്‍ഹനായി: ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സിനും കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബത്തിനും. 'ഏസ് വി സ്പീക്' എന്നായിരുന്നു ഈ സമന്വയത്തിന്റെ പേര്. ബേന്‍ജോ വാദകന്‍ ബെലാ ഫ്ളെക്കും ഡബ്ള്‍ ബാസ്സ് വായിക്കുന്ന എഡ്ഗാര്‍ മേയറും ബാംസുരി വാദകന്‍ രാകേഷ് ചൗരാസ്യയും ചേര്‍ന്ന് ഒരുക്കിയതാണ് ഈ ആല്‍ബം.
സക്കീര്‍ ഹുസൈന്‍ ഖുറെയ്ഷി 1951 ല്‍ ബോംബെയില്‍ ജനിച്ചു, അള്ളാ രാഖ ഖുറെയ്ഷിയുടെ മൂത്ത പുത്രനായിട്ട്. അദ്ദേഹത്തിന്റെ അമ്മ ബാവി ബീഗം. ജനിച്ച് കുറച്ചുസമയത്തിനുള്ളില്‍ ചെവിയില്‍ പ്രാര്‍ഥന മന്ത്രിക്കണമെന്നാണ് ആചാരം. അള്ളാ രാഖ കുഞ്ഞിന്റെ ചെവിയില്‍ മന്ത്രിച്ചു: തബലയുടെ ഏതാനും ബോലുകള്‍. എന്താണ് ഈ ചെയ്യുന്നതെന്ന് ബീവി പരിഭ്രമിച്ചുചോദിച്ചപ്പോള്‍ അള്ളാ രാഖ പറഞ്ഞു: ഇതാണ് എന്റെ പ്രാര്‍ഥന.
അടുക്കളയിലെ പാത്രങ്ങളുടെയും കിണ്ണങ്ങളുടെയും പുറത്ത് കൊട്ടിക്കളിച്ചു വളര്‍ന്ന് സക്കീര്‍ ഏഴാം വയസ്സില്‍ അച്ഛന്റെ ശിഷ്യനായി. രാവിലെ നേരത്തേ എഴുന്നേറ്റ് മൂന്നു മണിക്കൂര്‍ തബല വായിച്ച്, മദ്രസയില്‍ പോയി ഖുറാന്‍ പഠിച്ച്, അടുത്തുള്ള റോമന്‍ കാത്തലിക് ചര്‍ച്ചില്‍ പോയി സ്‌തോത്രങ്ങള്‍ പാടി സക്കീര്‍ വളര്‍ന്നു. വീടിനടുത്തുള്ള പള്ളിയില്‍നിന്ന് സൂഫി ഖവാലി സംഗീതം കേള്‍ക്കാം. അങ്ങനെ കുട്ടിക്കാലം കടന്നുപോയി.
പന്ത്രണ്ടാം വയസ്സിലായിരുന്നു സക്കീറിന്റെ ആദ്യത്തെ തബലവാദനകച്ചേരി. പതിനെട്ടാം വയസ്സില്‍, 1970 ല്‍, യു എസ്സില്‍ അരങ്ങേറി. ന്യൂയോര്‍ക്ക് നഗരത്തിലെ ഈസ്റ്റ് വില്ലേജില്‍ പ്രശസ്തമായ ഫില്‍മോറിലെ കോണ്‍സര്‍ട്ട് വെന്യുവില്‍ രവിശങ്കറുടെ കച്ചേരിക്കു തബല വായിച്ചുകൊണ്ടായിരുന്നു അത്. അള്ളാ രാഖയ്ക്കു സുഖമില്ലായിരുന്നു. പകരം മകനെ ക്ഷണിച്ചു. പിന്നീട് രവിശങ്കറിന്റെ പരിപാടികളുടെ അവിഭാജ്യഘടകമായി അദ്ദേഹത്തിന്റെ തബലവാദനം.
ഒരു സംഗീതവിദ്വാന്‍മാത്രമായിരുന്നില്ല സക്കീര്‍ ഹുസൈന്‍. ജീവിക്കുകയെന്നാല്‍ സംഗീതത്തില്‍ മുഴുകുക എന്നാണെന്നു മനസ്സിലാക്കിയതുകൊണ്ടായിരിക്കാം അദ്ദേഹം സംഗീതത്തെക്കുറിച്ചു പഠിക്കാന്‍ ഒരുങ്ങി. സംഗീതവും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിച്ചു. എത്‌നോമ്യൂസിക്കോളജി പഠിക്കാന്‍ സിയാറ്റിലിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണില്‍ ചേര്‍ന്നു. പിഎച്ച്.ഡി. എടുത്തു. തുടര്‍ന്ന് അവിടെത്തന്നെ പഠിപ്പിച്ചു. പിന്നീട് നോര്‍ത്ത് കാലിഫോര്‍ണിയയിലേക്കു മാറി, സാന്‍ റാഫേലിലെ അലി അക്ബര്‍ കോളജ് ഓഫ് മ്യൂസിക്കില്‍ പഠിപ്പിക്കാന്‍. അവിടെ 'താള്‍ വാദ്യ റിതം ബാന്‍ഡി'നെ നയിച്ചു. വിവിധ സംസ്‌കാരങ്ങളിലെ താളവാദ്യങ്ങളെ കേന്ദ്രീകരിച്ച് താളസമന്വയങ്ങള്‍ പരീക്ഷിക്കുകയായിരുന്നു ആ ബാന്‍ഡിന്റെ ലക്ഷ്യം. 'ഹാപ്പിനസ് ഇന്‍ ഡ്രമ്മിങ്' ഈ സംഘം സൃഷ്ടിച്ച ട്രാക്കുകളിലൊന്നാണ്. പിന്നീട് അതിനെ പുനഃസൃഷ്ടിച്ചതാണ് 'ഫയര്‍ ഓണ്‍ ദ മൗണ്ടന്‍.'
സാമ്പ്രദായിക തബലവാദനത്തിന്റെ പുറത്തേക്കുള്ള സക്കീര്‍ ഹുസൈന്റെ സാഹസികയാത്രകളെക്കുറിച്ചു പറഞ്ഞാല്‍ തീരില്ല. അതേസമയം, എല്ലാ സാഹസികയാത്രകളിലും അദ്ദേഹം ഹിന്ദുസ്ഥാനി തബലവാദനംതന്നെയാണു ചെയ്തുകൊണ്ടിരുന്നത്. 2022 ല്‍ ക്വിയോട്ടോ പുരസ്‌കാരം സ്വീകരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത്, 500 വര്‍ഷം മുമ്പ് ഹിന്ദുസ്ഥാനിതബലവാദനം എങ്ങനെയായിരുന്നോ അതുതന്നെയാണ് ഇപ്പോഴും താന്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ്. മുന്‍ഗാമികള്‍ വായിച്ചതുതന്നെ പുതുതായി വായിക്കുകയാണെന്ന്. വായിക്കുന്നത് യാഥാസ്ഥിതികമായാണെന്ന് ഉദ്ദേശിച്ചല്ല; പകരം, ആ പഴയ ഭാഷ ഇപ്പോള്‍ എല്ലാ പുതിയ ഭാഷകളിലേക്കും പ്രകാശിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന അര്‍ഥത്തില്‍. ഹിന്ദുസ്ഥാനിസംഗീതത്തിന്റെ വേരുകളില്‍നിന്നു വ്യതിചലിക്കാതെ, തന്റെ നൂതനമായ സാഹസികതകളെ അതേ വൃക്ഷത്തിന്റെ ശാഖകളാക്കി പരിണമിപ്പിക്കുന്നതിലൂടെ, ഒരുപക്ഷേ സക്കീര്‍ ഹുസൈന്‍ തന്റെ സംഗീതത്തെ ഒരേസമയം ആഗോളസംഗീതവും അതേസമയം, ഹിന്ദുസ്ഥാനി സംഗീതവുമാക്കി നിലനിര്‍ത്തിയത് അദ്ദേഹത്തിന്റെ ഈ സര്‍ഗാത്മകമായ കൗശലംവഴിയാണ്. ഏതു സംസ്‌കാരത്തിന്റെ സംഗീതമായാലും അതിനോടു സ്വയം ഹിന്ദുസ്ഥാനിസംഗീതദ്വാരാ ബന്ധബിന്ദുക്കള്‍ തിരയുന്നതിലൂടെ...
അടുത്തകാലംവരെ സക്കീര്‍ ഹുസൈന്‍ വര്‍ഷത്തില്‍ ചുരുങ്ങിയത് 150 കച്ചേരികള്‍ ചെയ്തിരുന്നു. സൂക്ഷ്മമായ സംഗതികള്‍ വിളംബ-മധ്യ-ദ്രുത ലയങ്ങളില്‍ മധുരനാദങ്ങള്‍ ധ്വനിപ്പിക്കുന്നത് കേള്‍ക്കാന്‍, അദ്ദേഹത്തിന്റെ വിരലുകള്‍ തബലയില്‍ തട്ടി സംഗീതത്തിന്റെ ഘനമേഘമായുയരുന്നതു കാണാന്‍, അതീവ ശ്രദ്ധയോടെ പ്രേക്ഷകര്‍ അദ്ദേഹത്തിനു മുമ്പില്‍ എപ്പോഴും ധ്യാനിച്ചിരുന്നു.
ഇന്ത്യ ടുഡേയ്ക്കു നല്‍കിയ ഒരു അഭിമുഖത്തില്‍ സക്കീര്‍ ഹുസൈന്‍ തന്റെ സംഗീതചിന്ത വ്യക്തമായി പറയുന്നുണ്ട്, ഇപ്രകാരം: ആളുകളുടെ ഇടയില്‍ നടക്കുന്ന ഒരു സംഭാഷണമാണ് സംഗീതം. അത് ഒരു പ്രക്രിയയാണ് അഥവാ എല്ലാ അതിര്‍ത്തികളെയും വേലികളെയും മതങ്ങളെയും എല്ലാ ഇതര ജീവിതരീതികളെയും അതിവര്‍ത്തിക്കുന്ന ഒരു പ്രക്രിയയാണ്. മറ്റെന്തില്‍നിന്നും വ്യത്യസ്തമായ ഒരു പ്രക്രിയ. സംഗീതജ്ഞന്മാരും കലാകാരന്മാരും പരസ്പരം ഇടപെടുന്നതുപോലെ ലോകത്തിലെല്ലാവരും പരസ്പരം ബന്ധപ്പെടുകയാണെങ്കില്‍ നമുക്ക് കുറേക്കൂടി ശാന്തമായ ഒരു ഭൂലോകം സാധ്യമാകും.