നസ്സില്‍ ഈശ്വരന്‍ ജന്മംകൊണ്ടാല്‍ വലിയ കൃപയും സൗഭാഗ്യവും നമ്മിലും ഉണ്ടാകും. പരസ്പരം മനസ്സിലാക്കിയും കുറവുകള്‍ അംഗീകരിച്ചും കഴിഞ്ഞാല്‍ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരമായി. ദൈവഹിതത്തിനു വിട്ടുകൊടുത്ത ജീവിതമാണെങ്കില്‍ ദൈവപരിപാലനയുടെ കരങ്ങള്‍ പരിമിതികളുടെ നടുവിലും കണ്ടെത്താനാവും.
കാലിത്തൊഴുത്തിന്റെ പരിമിതികളിലും അവള്‍ ആനന്ദവതിയായിരുന്നു. സ്വര്‍ഗത്തിന്റെ സാന്ത്വനസമ്മാനം ഒരു ഓമനക്കുഞ്ഞിന്റെ രൂപത്തില്‍ തന്റെ കൈകളില്‍ കിട്ടിയാല്‍പ്പിന്നെ ആനന്ദിക്കാതിരിക്കുന്നതെങ്ങനെ?
മറ്റൊരിക്കല്‍ യൂദയായിലെ മലമ്പ്രദേശത്തുള്ള ഒറ്റയടിപ്പാതയിലൂടെ തിടുക്കത്തില്‍ ഒറ്റയ്ക്കു മറിയം ഓടിയെത്തിയത് ബന്ധുവായ എലിസബത്തിനെ ശുശ്രൂഷിക്കാനായിരുന്നു. ആ ഭവനത്തില്‍വച്ച് ഒരു ആനന്ദഗീതം ആവര്‍ത്തിച്ച് ഉറക്കെ അവള്‍ ഏറ്റുപാടി: ''എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്ത്വപ്പെടുത്തുന്നു. എന്റെ ചിത്തം രക്ഷകനായ ദൈവത്തില്‍ അത്യന്തം ആനന്ദിക്കുന്നു.''
യഥാര്‍ഥത്തില്‍ മറിയത്തിന് ആനന്ദിക്കാനെന്തിരിക്കുന്നു? ഭര്‍ത്താവുമായി ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുന്നതിനുമുമ്പേ ഗര്‍ഭവതിയായ സംഭവം മതിയല്ലോ നാട്ടിലെ വലിയ ദുരന്തമായിത്തീരാന്‍! ആരു വിശ്വസിക്കും കെട്ടുകഥപോലെ മാത്രം കൈക്കൊള്ളാനാവുന്ന ഒരു വിവരണം! എന്തൊരു വലിയ ആന്തരികാസ്വസ്ഥതയും മാനസികപിരിമുറുക്കവുമാകും അങ്ങനെയുള്ള ഒരു വ്യക്തിക്ക്. പക്ഷേ, അപ്പോഴും മറിയത്തിന്റെ ഇഷ്ടഗാനം ഇതുതന്നെ: 'ആനന്ദിക്കുന്നു ഇന്നെന്റെ അന്തരാത്മാവ്.'
നിറവയറുമായാണ് അവളുടെ നീണ്ട യാത്ര. ഭരിക്കുന്ന സര്‍ക്കാരിന്റെ തീരുമാനമനുസരിച്ച് കാനേഷുമാരി പൂര്‍ത്തിയാക്കാന്‍ ബെത്‌ലേഹമിലേക്കു ഭര്‍ത്താവുമൊന്നിച്ചു പൂര്‍ണഗര്‍ഭിണിക്കു പാടില്ലാത്ത ഒരു പര്യടനം. അവിടെയെത്തിയപ്പോള്‍ പ്രസവത്തിനു സമയമായി എന്നു തിരിച്ചറിഞ്ഞു. വിവരിക്കാനാവാത്ത വേദനയും വിങ്ങലും. മരപ്പണിക്കാരനായ ഭര്‍ത്താവുമാത്രം സഹായിയായി അടുത്തുള്ളപ്പോള്‍ കടിഞ്ഞൂല്‍പ്രസവം നടക്കുന്നു. എന്തായിരിക്കും ആ മനസ്സിന്റെ വിഹ്വലതകള്‍? എങ്കിലും അവള്‍ ആ കുഞ്ഞിനെ കണ്ടപ്പോള്‍ ആനന്ദവതിതന്നെ. കുഞ്ഞിനെ കൈകളിലേന്തുമ്പോഴുള്ള ആത്മസാഫല്യം!
തച്ചനായുള്ള ജോസഫും ഇതേ ആനന്ദനിര്‍വൃതിയിലും സംതൃപ്തിയിലുമാണ്. യഥാര്‍ഥത്തില്‍ അയാള്‍ക്ക് ആനന്ദിക്കാന്‍ എന്തവകാശം! എന്തൊരു നിരുത്തരവാദിത്വത്തോടെയാണ് ആ മനുഷ്യന്‍ കാര്യങ്ങള്‍ ചെയ്തത്? പൂര്‍ണഗര്‍ഭവതിയായ ഒരു ഭാര്യയെയും കൂട്ടി, ഒരു മുന്‍കരുതലുമില്ലാതെ, ഒരു കുടുസ്സുമുറിപോലും അവിടെയെത്തിയാല്‍ താമസിക്കാനൊരുക്കാതെ അന്യനാട്ടിലേക്കുള്ള ദുരിതയാത്ര. തിരക്കുള്ള ഉത്സവകാലത്ത് 'സത്രത്തില്‍ അവര്‍ക്കു സ്ഥലം കിട്ടിയില്ല' എന്നതു സ്വാഭാവികം. അവസാനം കാലിത്തൊഴുത്തില്‍ അഭയം. കാലികള്‍ക്കു നടുവില്‍ കടിഞ്ഞൂല്‍ പുത്രനു ജനനം. എങ്കിലും ആ തച്ചന് മനസ്സുനിറയെ ആനന്ദംമാത്രം. എന്താണ് അതിനു നിദാനം? ഈ പരിമിതികളിലും ജോസഫിന് എങ്ങനെ സന്തോഷിക്കാനാകും? കര്‍ത്താവിന്റെ ദൂതന്‍ കല്പിച്ചതുപോലെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക്, ദൈവഹിതം നിവര്‍ത്തിക്കുന്ന ഒരാള്‍ക്ക്, പിന്നെ എന്തു നിരാശ!
ഫ്രാന്‍സീസ് പാപ്പാ എഴുതിയ 2025 ജൂബിലിയുടെ സ്ഥാപനഡിക്രിയുടെ പേര് 'പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല' എന്നാണ്. പൗലോസ് അപ്പസ്‌തോലന്‍ റോമാക്കാര്‍ക്കെഴുതിയ ലേഖനം 5:5 ആണത്. പാപ്പാ വിവരിക്കുന്നു: ''പ്രത്യാശിക്കുകയെന്നാല്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഭാവി എന്തായിരിക്കും എന്നതിലുള്ള അനിശ്ചിതത്വം ഹൃദയത്തില്‍ കുടികൊള്ളുമ്പോഴും സംഭവിക്കാനിരിക്കുന്ന നല്ല കാര്യങ്ങള്‍ക്കായുള്ള പ്രതീക്ഷയും ദാഹവുമായി പ്രത്യാശ എല്ലാവരിലും കുടികൊള്ളുന്നു. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ചിലപ്പോള്‍ പരസ്പരവിരുദ്ധമായ വികാരങ്ങള്‍ ഉണര്‍ത്താം. ഉറച്ച വിശ്വാസത്തില്‍നിന്നു ഭയത്തിലേക്കും, ശാന്തതയില്‍നിന്ന് ആകുലതയിലേക്കും, ഉറച്ചബോധ്യത്തില്‍നിന്നു സന്ദേഹത്തിലേക്കും സംശയത്തിലേക്കും നയിക്കപ്പെടാം'' (പേജ് 4). ''ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലതും നന്മയായി പരിണമിപ്പിക്കും!'' (റോമ 8:28). ഹൃദയത്തില്‍ പ്രത്യാശയും ആനന്ദവും നിറച്ച രണ്ടുപേരെയാണ് കാലിത്തൊഴുത്തില്‍ നമുക്കു കാണാനാവുന്നത്.
അരുമസുതന്‍ പിറക്കുംമുമ്പുതന്നെ ദൈവം അവര്‍ ഇരുവരുടെയും ഹൃദയങ്ങളിലുണ്ട്. ഇതുപോലെ, മനസ്സില്‍ ഈശ്വരന്‍ ജന്മംകൊണ്ടാല്‍ വലിയ കൃപയും സൗഭാഗ്യവും നമ്മിലും ഉണ്ടാകും. പരസ്പരം മനസ്സിലാക്കിയും കുറവുകള്‍ അംഗീകരിച്ചും കഴിഞ്ഞാല്‍ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരമായി. ദൈവഹിതത്തിനു വിട്ടുകൊടുത്ത ജീവിതമാണെങ്കില്‍ ദൈവപരിപാലനയുടെ കരങ്ങള്‍ പരിമിതികളുടെ നടുവിലും കണ്ടെത്താനാവും. അപ്പോള്‍ ക്രിസ്മസിന്റെ സന്തോഷവും സമാധാനവും അനുഭവിക്കാനാവും. ഹാപ്പി ക്രിസ്മസ്! ഹാപ്പി ജൂബിലി 2025!