സകലലോകത്തിനും സന്തോഷദായകമായ സദ്വാര്‍ത്തയാണ് ക്രിസ്മസ് - ക്രിസ്തുവിന്റെ തിരുജനനം. തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ഈ ലോകത്തെ സ്‌നേഹിച്ചു എന്നാണ് ക്രിസ്മസിനെക്കുറിച്ച് അപ്പസ്‌തോലനായ യോഹന്നാന്‍ പറയുന്നത്. ദൈവം മനുഷ്യനോടു കാണിച്ച ഏറ്റവും വലിയ സ്‌നേഹത്തിന്റെ അടയാളമാണ് ക്രിസ്മസ്. അതുകൊണ്ടുതന്നെ, ആരെയും മാറ്റിനിര്‍ത്താതെ എല്ലാവരെയും ചേര്‍ത്തുപിടിച്ച് ലോകത്തെ ഒരു കുടുംബമാക്കുന്ന തിരുനാളാണ് ഈശോയുടെ തിരുജനനത്തിന്റെ ഓര്‍മപ്പെരുന്നാള്‍. ക്രിസ്മസില്‍ കര്‍ത്താവു തരുന്ന സന്തോഷത്തെയും സമാധാനത്തെയുംകുറിച്ചാണ് നാം കൂടുതല്‍ ധ്യാനിക്കുന്ന
തും ചിന്തിക്കുന്നതും പ്രാര്‍ഥിക്കുന്നതും.
ലോകത്തെ സൃഷ്ടിച്ച ദൈവം ലോകത്തിന്റെ മകുടമായി മനുഷ്യനെ സൃഷ്ടിച്ചു. ആദാമിനെ മണ്ണില്‍നിന്നു മെനഞ്ഞെടുത്ത് അവന്റെ നാസാരന്ധ്രങ്ങളിലേക്കു ജീവശ്വാസം കൊടുത്ത ദൈവം അവനെ നോക്കിക്കൊണ്ടണ്ടു പറഞ്ഞു: 'എന്റെ സ്വന്തം ഛായയും സാദൃശ്യവും.' ആദാമിന്റെ വാരിയെല്ലില്‍നിന്ന് ഹവ്വായെ രൂപപ്പെടുത്തിയ ദൈവം ലോകത്തില്‍ ആദ്യത്തെ വിവാഹം ആശീര്‍വദിച്ചു. മനുഷ്യന്‍ ഈ ലോകത്തിലെ ദൈവത്തിന്റെ പ്രതിനിധിയാണ്. ദൈവം നേരിട്ട് ഈ ലോകത്തെ ഭരിക്കുന്നില്ല, മനുഷ്യനിലൂടെയാണ് ദൈവം ഈ ലോകത്തെ നയിക്കുന്നതും നിയന്ത്രിക്കുന്നതും.
ക്രിസ്മസ് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും തിരുനാളാണ്. ഈ സന്തോഷവും സമാധാനവും വ്യക്തികളില്‍നിന്നാരംഭിക്കണം. വ്യക്തികള്‍ കൂടുന്നതാണല്ലോ സമൂഹം. ആദാമില്‍നിന്നാണ് ലോകം ആരംഭിക്കുന്നത്. ഹവ്വാ കൂട്ടിച്ചേര്‍ക്കപ്പെട്ടു. അതുകൊണ്ട്, വ്യക്തികള്‍ ലോകത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വക്താക്കളാകണം, ഉപകരണങ്ങളായി മാറണം.
ക്രിസ്മസിനെ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച ഒരു വിശുദ്ധനാണ് അസ്സീസിയിലെ ഫ്രാന്‍സിസ്. അദ്ദേഹമാണ് അസ്സീസിയിലെ ഗ്രേച്ചോ എന്ന ഗ്രാമത്തില്‍ ആദ്യമായി ക്രിസ്മസ് ക്രിബ് സജ്ജമാക്കിയത്. ഇന്നു ക്രിസ്മസ് ക്രിബ് ഇല്ലാത്ത വീടുകളോ സ്ഥാപനങ്ങളോ സ്ഥലങ്ങളോ ഇല്ല. അതിനു ജാതിയോ മതമോ ഒന്നുമില്ല. അത് തിരുജനനത്തിന്റെ ഒരടയാളമാണ്.
എന്നാല്‍, മനുഷ്യനു ദൈവം നല്കിയ വലിയ സ്വാതന്ത്ര്യത്തെ അവന്‍ ദുരുപയോഗപ്പെടുത്തി. ഇങ്ങനെ ദുരുപയോഗപ്പെടുത്താന്‍ മനുഷ്യനുണ്ടായ
പ്രലോഭനം സ്വാര്‍ഥതയാണ്. തനിക്കു ദൈവമാകണം, തനിക്കുമുകളില്‍ ആരുമുണ്ടാകാന്‍ പാടില്ല എന്ന ചിന്തയാണിത്. എല്ലാ പാപവും ആരംഭിക്കുന്നത് അഹ
ന്തയില്‍നിന്നും സ്വാര്‍ഥതയില്‍നിന്നുമാണ്.
ക്രിസ്മസ് നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്ന സന്ദേശം അഹന്തയും സ്വാര്‍ഥതയുമില്ലാത്ത ഒരു ലോകത്തെക്കുറിച്ചുചിന്തിക്കാനാണ്. തന്റെ ഏകജാതനെ ഈ ലോകത്തിലേക്കു നല്കാന്‍ ദൈവം തിരുമനസ്സായതിന്റെ പിന്നില്‍ ഒരു വലിയ ത്യാഗമുണ്ട്, ഔദാര്യമുണ്ട്. ഈ വലിയ രക്ഷാകരദൗത്യത്തില്‍ ദൈവത്തോടു സഹകരിക്കാന്‍ വിളിക്കപ്പെട്ട വ്യക്തികളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടയാളാണ് മറിയം. മറിയത്തോടു മാലാഖ അറിയിക്കുന്ന സദ്വാര്‍
ത്ത എന്താണ്? 'നീ ഗര്‍ഭം ധരിച്ച് ഒരു കുഞ്ഞിനെ പ്രസവിക്കും. അവന്‍ ലോകത്തിന്റെ രക്ഷകനായിരിക്കും.' മറിയം പറയുന്നുണ്ട്; 'ഇത് എങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.' മാലാഖ മറുപടി പറഞ്ഞു: 'പരിശുദ്ധാത്മാവ് വരും. അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും. ദൈവത്തിന്
ഒന്നും അസാധ്യമല്ല.' മറിയം പറഞ്ഞു: 'ഇതാ ഞാന്‍, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ.' നാം ദൈവത്തോടു സഹകരിച്ചാല്‍ ദൈവ
ത്തിന് അസാധ്യമായി ഒന്നുമില്ല എന്ന വലിയ സത്യമാണ് ക്രിസ്മസിന്റെ മര്‍മപ്രധാനമായ സന്ദേശം.
മറിയം ഗര്‍ഭവതിയായിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ യൗസേപ്പ്ചഞ്ചലചിത്തനായി. കാരണം, അവരുടെ വിവാഹനിശ്ചയം കഴിഞ്ഞതേയുള്ളൂ. അവര്‍ പര
സ്പരം സംഗമിച്ചിട്ടില്ല. അവരുടെ വിവാഹജീവിതം ആരംഭിച്ചിട്ടില്ല. യൗസേപ്പിതാവ് മറിയത്തെ ഉപേക്ഷിച്ചുപോകാന്‍ തീരുമാനിച്ചു. മാലാഖ സ്വപ്നത്തില്‍
പ്രത്യക്ഷപ്പെട്ട് യൗസേപ്പിനോടു പറഞ്ഞു: 'ഇതു ദൈവത്തിന്റെ പദ്ധതിയാണ്. ദൈവത്തിന്റെ കൈകളില്‍ നീ ഉപകരണമാണ്,
മറിയം ഗര്‍ഭം ധരിച്ചിരിക്കുന്നത് നിന്നില്‍നിന്നല്ലെന്ന് നിനക്കറിയാമല്ലോ. മറിയം ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്.' സ്വപ്നത്തില്‍നിന്നു
ണര്‍ന്ന യൗസേപ്പ് ദൈവഹിത ത്തിനു കീഴടങ്ങി. മറിയത്തെ യൗസേപ്പ് സ്വന്തം ഭാര്യയായി സ്വീകരിച്ചു. യൗസേപ്പു നടത്തുന്ന ഒരു എക്‌സ്ട്രാമൈല്‍ യാത്ര യുണ്ട്. അതു മനുഷ്യബുദ്ധിക്ക് അതീതമാണ്. ക്രിസ്മസ് നമ്മുടെ ജീവിതത്തിലും ഒരു എക്‌സ്ട്രാമൈലിലേക്കുള്ളവിളിയും നിയോഗവുമാണ്.
ക്രിസ്മസിലെ പരസ്പരധാരണയും സഹകരണവും എത്ര സജീവമാണെന്ന് ഓര്‍മിക്കേണ്ടതാണ്. കാനേഷുമാരി കണക്കെടുക്കാന്‍ പോയപ്പോള്‍ മറിയത്തിനു പ്രസവവേദനയുണ്ടായി. കിടക്കാന്‍ ഇടമില്ലാതെ കഷ്ടപ്പെട്ടപ്പോള്‍ ആട്ടിടയന്മാര്‍ കാലിത്തൊഴുത്തില്‍ ഇടംകൊടുത്തു സഹകരിച്ചു. ഇടം കാട്ടുകയും
കൊടുക്കുകയും ചെയ്യുക, കരം കൊടുക്കുകയും കരുത്തുപകരുകയും ചെയ്യുക, ഇതൊക്കെ ക്രിസ്മസിന്റെ വലിയൊരു ചക്രവാളമാണ്,
മഹനീയമായ സന്ദേശത്തിന്റെ ആവിഷ്‌കാരമാണ്.
ഇന്നു നമ്മുടെ സമൂഹത്തില്‍ എത്രയോപേര്‍ ഒറ്റപ്പെട്ടിരിക്കുന്നു. വാര്‍ധക്യത്തില്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്നമാതാപിതാക്കള്‍, പണച്ചെലവി
ന്റെയും മറ്റു പ്രതികൂലസാഹചര്യങ്ങളുടെയും സമ്മര്‍ദത്തില്‍ മക്കളെ വേണ്ടെന്നുവയ്ക്കുന്ന ദമ്പതികള്‍... ഇവിടെയൊക്കെയാണ് ക്രിസ്മസിന്റെ അര്‍ഥം കൂടുതലായി ധ്യാനിക്കേണ്ടത്.
ക്രിസ്മസില്‍ മനുഷ്യജീവനോടു കാണിക്കുന്ന ആദരം വളരെ പ്രധാനപ്പെട്ടതാണ്. മനുഷ്യനു ജനിക്കാനും ജീവിക്കാനും അഭിവൃദ്ധിപ്പെടാനും എവിടെയൊക്കെ സാധ്യതയുണ്ടോ ആ ഇടങ്ങള്‍ ചൂണ്ടിക്കാണിക്കാനും കൊടുക്കാനും കഴിയുന്നവര്‍ക്കുമാത്രമേ ക്രിസ്മസിന്റെ സന്തോഷം അനുഭവിക്കാന്‍ കഴിയൂ. ക്രിസ്മസിന്റെ സന്തോഷവും സമാധാനവും മാലാഖ സ്വര്‍ഗത്തില്‍നിന്നു കൊണ്ടുവരുന്ന ഒരു ക്രിസ്മസ്‌കാലമല്ല ഇത്; മറിച്ച്, ജീവിതത്തിന്റെ വര്‍ത്തമാനകാലസാഹചര്യങ്ങളില്‍ ഞാനും നിങ്ങളും കരം കോര്‍ക്കാനും കരുത്തുപകരാനും കാണിക്കുന്ന സന്മനസ്സാണ്. അതുകൊണ്ടാണ്, സന്മനസ്സുള്ളവര്‍ക്കു സമാധാനമെന്നു മാലാഖമാര്‍ പാടിയത്. ഈ സന്മനസ്സിന്റെ വലിയ ആഘോഷമാകണം ക്രിസ്മസ്.
സമ്മാനങ്ങള്‍ കൈമാറുന്ന ഒരു കാലഘട്ടമാണ് ക്രിസ്മസ്. മറ്റുള്ളവരെ അംഗീകരിക്കാനും അവര്‍ക്ക് ഇടംകൊടുക്കാനും അവരുടെ സങ്കടക്കണ്ണീര്‍ തുടച്ച് അവര്‍ക്കു കരുത്തുപകരാനും സാധിക്കുന്നതാകണം നമ്മുടെ ക്രിസ്മസ്‌സമ്മാനം. മുറിച്ചു പങ്കിടുന്നിടത്ത് ദൈവം പിറക്കുന്നതാണ് ക്രിസ്മസ്. എവിടെയാണോ പങ്കുവയ്ക്കപ്പെടുന്നത് അവിടമാണ് ബത്‌ലഹേം. അതിനുള്ള നല്ല മനസ്സുണ്ടാകണം. സന്മനസ്സില്ലാത്തതുകൊണ്ടാണ് സമാധാനവും ഇല്ലാത്തത്. ധാരാളം ഇടങ്ങളില്‍ ഈ സന്മനസ്സ് ആവശ്യമാണ്. ലോകരാഷ്ട്രങ്ങള്‍ തമ്മിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലും സമൂഹങ്ങളും സമുദായങ്ങളും തമ്മിലുമൊക്കെയുള്ള കലഹങ്ങള്‍ നമ്മെ വീര്‍പ്പുമുട്ടിക്കുമ്പോള്‍ നമുക്കൊരുമിച്ചുനിന്നു പറയാറാകണം, ക്രിസ്മസ് അര്‍ഥവത്താകണമെങ്കില്‍ വിട്ടുകൊടുക്കാനും കരംകൊടുക്കാനും തയ്യാറാകണമെന്ന്.
കിടപ്പാടമില്ലാത്തവരും ഭക്ഷണമില്ലാത്തവരും ആവശ്യത്തിനു വസ്ത്രമില്ലാത്തവരുമൊക്കെയായി ധാരാളംപേര്‍ ചുറ്റുമുണ്ടെന്നുള്ള വിചാരം നമുക്കെപ്പോഴുമുണ്ടാകണം. ആര്‍ഭാടത്തില്‍ ജീവിക്കാന്‍ നമുക്കവകാശമില്ല. ഉള്ളവന്‍ ഇല്ലാത്തവനെ മറക്കാന്‍ പാടില്ല. ജീവിതത്തില്‍ ആരും തുണയില്ലാത്തവര്‍ക്ക് കരുണയുടെ കരം കൊടുക്കുന്ന സന്മനസ്സിന്റെ ക്രിസ്മസ് നമുക്കുണ്ടാകട്ടെ. ഞാനും നിങ്ങളും മറ്റുള്ളവര്‍ക്കു സമ്മാനമാകുമ്പോള്‍, അവര്‍ക്കു കിട്ടുന്ന സമാധാനമാണ് ക്രിസ്മസ്. സന്തോഷത്തിന്റെയും സംതൃപ്തിയുടെയും സമഭാവനയുടെയും ക്രിസ്മസുണ്ടാവാന്‍ നമുക്കു പ്രാര്‍ഥിക്കാം. ആരെയും മറക്കാതെ, എല്ലാവരെയും ചേര്‍ത്തുപിടിക്കുമ്പോള്‍ സംജാതമാകുന്ന കരുത്തിന്റെ ക്രിസ്മസ് ആഘോഷം നമുക്കെല്ലാവര്‍ക്കും സംജാതമാകട്ടെ. എന്റെ സന്തോഷം മറ്റുള്ളവന്റെ കണ്ണീര്‍തുടയ്ക്കുന്നതുകൂടിയാകാന്‍ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.