ഇന്ത്യ സ്വാതന്ത്ര്യം നേടി ഏഴരപ്പതിറ്റാണ്ടായിട്ടും ദളിതരും ആദിവാസികളുമടങ്ങുന്ന പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ മനുഷ്യത്വരഹിതമായ ക്രൂരതകളും വിവേചനങ്ങളും നേരിടേണ്ടിവരുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. 1947 ല്‍ രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ അമൃതം രുചിക്കാനോ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം അനുഭവിക്കാനോ സാധിക്കാത്ത ഒരു അടിസ്ഥാനവര്‍ഗം നമ്മുടെ പരിസരങ്ങളിലുണ്ടെന്നതു നമ്മെ ലജ്ജിപ്പിക്കുന്നു. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരേ പടപൊരുതിയതിന്റെ ചരിത്രഗാഥകള്‍ മുഴങ്ങുന്ന നവോത്ഥാനകേരളത്തില്‍ ജാതിയുടെ പേരിലുള്ള അകറ്റിനിര്‍ത്തലുകളും അപമാനങ്ങളും ഇന്നും നടക്കുന്നുണ്ടെങ്കില്‍ നാം നെഞ്ചില്‍ കൈവച്ചുചോദിക്കേണ്ടിയിരിക്കുന്നു, നാം കൊട്ടിഘോഷിക്കുന്ന വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനും എന്തര്‍ഥമെന്ന്!
വയനാട്ടിലെ മാനന്തവാടിയില്‍നിന്ന് ഒരേദിവസംതന്നെ മനുഷ്യമനഃസാക്ഷിയെ നൊമ്പരംകൊള്ളിക്കുന്ന രണ്ടു ക്രൂരസംഭവങ്ങള്‍ക്കാണ് ഈയിടെ സാക്ഷരകേരളം സാക്ഷിയായത്. മാനന്തവാടി-പുല്‍പ്പള്ളി റോഡില്‍ മാതന്‍ എന്ന ആദിവാസി യുവാവിനെ മര്‍ദിച്ചു റോഡിലൂടെ അരക്കിലോമീറ്ററോളം കാറില്‍ വലിച്ചിഴച്ചതാണ് ഒരു സംഭവം. കാറിനു സൈഡു നല്‍കിയില്ലെന്നതിന്റെ പേരില്‍ രണ്ടു കാര്‍യാത്രികര്‍തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ടു പിന്തിരിപ്പിക്കാന്‍ മാതനും നാട്ടുകാരും ശ്രമിക്കുന്നതിനിെടയാണ് മാതന്റെമേലുള്ള ക്രൂരത അരങ്ങേറിയത്. കേസില്‍ അറസ്റ്റടക്കമുള്ള നടപടികള്‍ ഉണ്ടായിട്ടുണ്ട്.
ആദരവോടെയുള്ള അന്ത്യയാത്രയ്ക്കു സാഹചര്യമില്ലാതെ ചുണ്ടമ്മയെന്ന ആദിവാസിവയോധിക മണ്ണിലേക്കു മടങ്ങിയ വാര്‍ത്തയും, ഇതിനു പിന്നാലെ മാനന്തവാടിയില്‍നിന്നുതന്നെ കേള്‍ക്കേണ്ടിവന്നത് കേരളത്തെ ലജ്ജിപ്പിച്ചു. വീടിനു രണ്ടു കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സിനായി മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ലഭിക്കാത്തതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കൊണ്ടുപോകേണ്ടിവന്നതാണ് ദയനീയവാര്‍ത്ത. സംഭവം വിവാദമായതോടെ ട്രൈബല്‍ പ്രൊമോട്ടറെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡു ചെയ്തു.
വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും ഏറെ മുന്നിലെന്നു സ്വയം കൊട്ടിഘോഷിക്കുന്ന സാക്ഷരകേരളത്തിലാണ് അരികുജീവിതങ്ങളോടുള്ള കൊടിയ വിവേചനവും അക്രമവും ആവര്‍ത്തിക്കുന്നത്! കേരളമനഃസാക്ഷിയുടെ മുമ്പില്‍ കണ്ണീരോര്‍മയായി നിലകൊള്ളുന്ന മധുവും വിശ്വനാഥനും, ഇപ്പോളിതാ മാതനും ചുണ്ടമ്മയും മാത്രമല്ല, നൂറുകണക്കിന് ആദിവാസി-ദളിത്‌വിഭാഗങ്ങള്‍ വംശീയ-ജാതീയ അധിക്ഷേപത്തിനു ദിവസവും ഇരകളാകുന്നുണ്ട് എന്നതിനു കണക്കുകള്‍ സാക്ഷിയാണ്.
2018 ഫെബ്രുവരിയിലാണ് ദരിദ്രനും മാനസികാരോഗ്യമില്ലാത്തവനുമായ അട്ടപ്പാടിയിലെ മധു എന്ന ആദിവാസിയുവാവിനെ അരി മോഷ്ടിച്ചെന്ന കുറ്റമാരോപിച്ച് ആള്‍ക്കൂട്ടവിചാരണയും അക്രമവും നടത്തി കൊന്നു 'നീതി' നടപ്പാക്കിയത്. വയനാട്ടിലെ ആദിവാസിയുവാവ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കുസമീപം തൂങ്ങിമരിച്ച നിലയില്‍ കാണേണ്ടിവന്നത് 2023 ഫെബ്രുവരിയിലാണ്. ഭാര്യയുടെ പ്രസവത്തിനു കൂട്ടിരിക്കാനെത്തിയ വിശ്വനാഥനെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചു നടത്തിയ ആള്‍ക്കൂട്ടവിചാരണയ്‌ക്കൊടുവിലായിരുന്നു അതിദാരുണമായ മരണം.
ആദിവാസികളെയും ദളിതരെയും കാണുമ്പോള്‍ കൊള്ളരുതാത്തവരെന്നു തോന്നുന്ന മാനസികാവസ്ഥയ്ക്കാണു ചികിത്സ വേണ്ടതെന്നു തോന്നിപ്പോകുന്നു! മനുഷ്യന്റെ അന്തസ്സും മഹത്ത്വവും മാനിക്കാത്ത, അപരിഷ്‌കൃതരായ സവര്‍ണമേലാളിത്തത്തിന്റെ കിരാതപീഡനങ്ങളുടെ കാലം എത്ര പണ്ടേ കഴിഞ്ഞു. പക്ഷേ, അതിന്റെ കൊടിയ വാഴ്ചകളും അവശേഷിപ്പുകളും ദുര്‍ഭൂതംപോലെ നമ്മെ തൊട്ടുതീണ്ടുന്നുണ്ടെന്നു പറയാതെ വയ്യ. നാം പെരുമ്പറ മുഴക്കുന്ന നവോത്ഥാനചിന്തകളുടെയും മാനവികതയുടെയും തലപ്പൊക്കം വെറും വമ്പുപറച്ചിലുകളാണെന്നു ലജ്ജയോടെ സമ്മതിച്ചേ പറ്റൂ.
വംശീയതയും വര്‍ഗീയതയും വര്‍ണവെറിയും ഉത്തര-ദക്ഷിണവ്യത്യാസമില്ലാതെ സകല സംസ്ഥാനങ്ങെളയും വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കു നീതി ലഭ്യമാക്കുന്നതില്‍ പൊലീസും കോടതിയുമടക്കമുള്ള നിയമസംവിധാനങ്ങള്‍ കാണിക്കുന്ന അലംഭാവവും കാലതാമസവും വച്ചുപൊറുപ്പിക്കാവുന്നതല്ല. നിഴലിനെപ്പോലും അയിത്തം കല്പിച്ച് അകറ്റിനിര്‍ത്തിയിരുന്ന ഒരു ഭൂതകാലത്തിന്റെ ഭ്രാന്തന്‍ അവശേഷിപ്പുകള്‍ ഇന്നുകളെ നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ എന്തു വിദ്യാഭ്യാസവിപ്ലവമാണ് ഇനിയും നമുക്കുണ്ടാകേണ്ടത്? സമത്വത്തിന്റെയും നീതിബോധത്തിന്റെയും ശുദ്ധവായു ശ്വസിക്കാന്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. ഒരുപാടിടങ്ങളില്‍ വ്യത്യസ്തതകളും വിയോജിപ്പുകളും നിലനില്ക്കുന്ന ഈ ജനാധിപത്യരാജ്യത്ത് ആരെയും മാറ്റിനിര്‍ത്താതെ എല്ലാവരെയും ചേര്‍ത്തുപിടിക്കാന്‍ നമ്മെ പ്രതിജ്ഞാബദ്ധരാക്കുന്ന ഒരാത്മീയതയുടെ ഉണര്‍ത്തുപാട്ടുകള്‍ ഈ ക്രിസ്മസ്‌കാലത്ത് നമ്മെ പരിവര്‍ത്തനപ്പെടുത്തട്ടെ. ഉണ്ണിമിശിഹാ നമ്മുടെ ഹൃദയങ്ങളില്‍ രാജാവായി വാഴട്ടെ. ശാന്തിയും സമാധാനവും സമത്വവും സമഭാവനയും നമ്മുടെ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും പിറവികൊള്ളട്ടെ. എല്ലാവര്‍ക്കും അനുഗൃഹീതമായ ക്രിസ്മസ്-പുതുവത്സരാശംസകള്‍!