•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

കൊവിഡിതരം കൊറോണേതരം

കൊറോണ, കൊവിഡ് എന്നീ വാക്കുകള്‍ തദ്‌സമങ്ങളായി മലയാളി സ്വീകരിച്ചുകഴിഞ്ഞു. നിരന്തരമായ മാധ്യമവിനിമയത്താല്‍ അവ പരിചിതപദങ്ങളായി. ലോകാരോഗ്യസംഘടനയാണ് ഈ രണ്ടു വാക്കുകള്‍ ലോകത്തിനു പരിചയപ്പെടുത്തിയത്. കൊറോണ, കൊവിഡ് എന്നിവയോട് സംസ്‌കൃതത്തില്‍ നിന്നോ മലയാളത്തില്‍നിന്നോ പദങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സമസ്തപദങ്ങള്‍ സൃഷ്ടിക്കാം.
കോണ്‍ഗ്രസ് + ഇതരം = കോണ്‍ഗ്രസ്സിതരം, കമ്മ്യൂണിസ്റ്റ് + ഇതരം = കമ്മ്യൂണിസ്റ്റിതരം. ഇവപോലെ, കൊവിഡ് + ഇതരം = കൊവിഡിതരം. കൊവിഡേതരം തെറ്റായ പ്രയോഗമാണ്. ഇതരം എന്ന വാക്കിന് മറ്റൊന്ന് എന്നര്‍ത്ഥം. കോണ്‍ഗ്രസ്സല്ലാത്ത, കമ്മ്യൂണിസ്റ്റല്ലാത്ത, കൊവിഡല്ലാത്ത എന്നായാല്‍ നല്ല മലയാളമായി. കൊവിഡിനുശേഷം എന്നര്‍ത്ഥം കിട്ടാന്‍ കൊവിഡനന്തരം എന്നു മതി. ''കൊവിഡാനന്തരം'' തെറ്റായ പ്രയോഗമാണ്. കൊവിഡ് + അനന്തരം = കോവിഡനന്തരം.
കൊറോണ + ഇതരം ചേര്‍ത്തെഴുതുമ്പോള്‍ കൊറോണേതരം എന്നുവരും. (അ+ഇ=എ). അവര്‍ണ്ണത്തിനുശേഷം ഇ, ഉ, ഋ വര്‍ണ്ണങ്ങള്‍ക്കു ഗുണാദേശം എന്നു നിയമം. കൊറോണ + ഇതരം = കൊറോണേതരം. കൊറോണ + ഇതരം = കൊറോണയിതരം എന്നായാല്‍ മലയാളസന്ധിയായി. കൊറോണ, ഇതരം ഇവ രണ്ടും അന്യഭാഷാപദങ്ങളായതിനാല്‍ മലയാളസന്ധിനിയമം പ്രായോഗികമാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. 
കൊറോണ + അനന്തരം ചേര്‍ത്തെഴുതുമ്പോള്‍ കൊറോണാനന്തരം എന്നു വരും. സന്ധിക്കുന്ന സ്വരങ്ങള്‍ സവര്‍ണ്ണങ്ങള്‍ ആണെങ്കില്‍ രണ്ടിനുംകൂടി ആ വര്‍ണ്ണത്തിന്റെ ദീര്‍ഘം ആദേശം എന്ന നയമനുസരിച്ചാണ് കൊറോണ + അനന്തരം, കൊറോണാനന്തരം ആകുന്നത്. കൊറോണയ്ക്കുശേഷം എന്നര്‍ത്ഥം. കൊറോണയനന്തരം എന്ന പ്രയോഗം നിലവിലുള്ള നിയമമനുസരിച്ച് സാധുവല്ല.
*ജോണ്‍ കുന്നപ്പള്ളി, ഫാ. പ്രക്രിയാഭാഷ്യം, ഡി.സി. ബുക്‌സ്, കോട്ടയം, 1989, പുറം - 32, 34.

 

Login log record inserted successfully!