എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളായ മുനമ്പം, ചെറായി, പള്ളിപ്പുറം എന്നിവിടങ്ങളിലെ അറുന്നൂറോളം കുടുംബങ്ങള്‍ തങ്ങളുടെ ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചുകിട്ടാന്‍വേണ്ടി സത്യാഗ്രഹമനുഷ്ഠിക്കുകയാണ്. പതിറ്റാണ്ടുകളായി മതിയായ രേഖകളോടെ സ്വന്തമായി കരുതി പരിപാലിച്ചുപോന്നിരുന്ന സ്ഥലത്തിനുമേല്‍ അവകാശവാദവുമായി വഖഫ് ബോര്‍ഡ് എത്തിയിട്ട് രണ്ടു വര്‍ഷമാകുന്നതേയുള്ളൂ. കോഴിക്കോട്ടെ ഫറൂക്ക് കോളജധികാരികളില്‍നിന്നു നാട്ടിലെ താരിഫ്‌വിലയെക്കാള്‍ രണ്ടരയിരട്ടി തുക നല്‍കി സ്വന്തമാക്കിയ ഭൂമിയുടെമേലാണ് വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചിരിക്കുന്നത്.
മുസ്ലീംസമൂഹത്തിന്റെ മതപരമോ വിശ്വാസപരമോ ആയ ആവശ്യങ്ങള്‍ നിറവേറ്റാനും ജീവകാരുണ്യപ്രവര്‍ത്തനത്തിനുമായി മുസ്ലീംകളോ അല്ലാത്തവരോ വാക്കാലോ രേഖാമൂലമോ നല്‍കുന്ന സ്വത്താണ് വഖഫ്. അതു ഭൂമിയോ സ്ഥാപനങ്ങളോ മറ്റ് ആസ്തിയോ ആകാം. അങ്ങനെ നല്‍കപ്പെടുന്ന സ്ഥാവരജംഗമവസ്തുക്കള്‍ ദൈവത്തിന്റേതാണെന്നാണു വിശ്വാസം. വഖഫ് ഇനത്തില്‍ എട്ടുലക്ഷത്തിലധികം ഏക്കര്‍സ്ഥലമുണ്ട്. ഇന്ത്യന്‍സേനയും ഇന്ത്യന്‍ റെയില്‍വേയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ഥലമുള്ളത് വഖഫിനാണ്. 1913 മുതല്‍ വഖഫ് സാധൂകരണനിയമം നിലവിലുണ്ട്. കോളനിഭരണകാലത്ത് 1923 ല്‍ അതു മുസല്‍മാന്‍ വഖഫ് ആക്ട് എന്ന പേരു സ്വീകരിച്ചു. ഇന്ത്യന്‍ യൂണിയന്‍ നിലവില്‍വന്നശേഷം 1954 ല്‍ വഖഫ് ആക്ട് പാര്‍ലമെന്റില്‍ പാസാക്കി. അതു വഖഫുകളുടെ കേന്ദ്രീകരണത്തിനും വ്യാപനത്തിനും സഹായകമായി. 1964 ല്‍ സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ നിലവില്‍വന്നു. വഖഫ് ആക്ടിന്റെ നവീകരിച്ച രൂപം 1995 ല്‍ പുറത്തിറങ്ങി. ഈ ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് ബിജെപി സര്‍ക്കാര്‍ 2024 ഓഗസ്റ്റ് എട്ടാം തീയതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ബില്ല് വിശദമായ പഠനത്തിനും ചര്‍ച്ചയ്ക്കുമായി പാര്‍ലമെന്റിന്റെ സംയുക്തസമിതിക്കു വിട്ടിരിക്കുകയാണ്.
വഖഫ്‌സ്വത്തിന്റെ ആര്‍ജനത്തെയും വിനിയോഗത്തെയും സംബന്ധിച്ചു സമുദായത്തിനുള്ളില്‍നിന്നുതന്നെ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചത് എന്നാണ് സര്‍ക്കാരിന്റെ ന്യായവാദം. വഖഫിന്റെ പ്രമാണം രജിസ്റ്റര്‍ ചെയ്ത് ഡിജിറ്റലൈസുചെയ്യുക, വഖഫിന്റെ പ്രവര്‍ത്തനം സുതാര്യമാക്കുക, കണക്കുകള്‍ ഓഡിറ്റിനു വിധേയമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണു ബില്ലിനുള്ളത്. ബില്ലില്‍ നാല്പതിലധികം ഭേദഗതികളാണു നിര്‍ദേശിച്ചിട്ടുള്ളത്. വഖഫ് ബോര്‍ഡിന് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം കോടി രൂപയുടെ ആസ്തിയുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഇതില്‍നിന്നുണ്ടാകുന്ന വരുമാനം എങ്ങനെ ചെലവഴിക്കപ്പെടുന്നു എന്നു വെളിപ്പെടുത്തുന്നതിനാണ് ഓഡിറ്റിങ്. വഖഫിനെ നിയന്ത്രിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന ആരോപണവുമായി മുസ്ലീംകള്‍ ബില്ലിനെ എതിര്‍ത്തു. മുസ്ലീംസമുദായത്തെ വോട്ടുബാങ്കായി കരുതുന്ന രാഷ്ട്രീയനേതാക്കന്മാര്‍ വഖഫ് ബില്ലിനെ എതിര്‍ത്തു. കേരളനിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിബില്ലിനെ എതിര്‍ത്തു പ്രമേയം പാസാക്കി. അത് ഒരു വിഭാഗമാളുകള്‍ക്കു തൃപ്തികരമായിരുന്നുവെങ്കിലും മുനമ്പം ഭൂമിവിഷയത്തില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് അതു വലിയ തിരിച്ചടിയായി. അതുകൊണ്ടുതന്നെ, പൊതുസമൂഹത്തിന്റെ പിന്തുണ വര്‍ധിതമായ തോതില്‍ അവര്‍ക്കു ലഭിച്ചുതുടങ്ങി. അതിന്റെ സൂചനയാണ് റവന്യൂ അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാന്‍വേണ്ടി ധര്‍മസമരം നടത്തുന്ന അവരുടെ സമരപ്പന്തലിലേക്കു നൂറുകണക്കിനാളുകള്‍ ഐക്യദാര്‍ഢ്യം അറിയിക്കാനെത്തുന്നത്. അവര്‍ ഒറ്റപ്പെട്ട വ്യക്തികളല്ല, സമുദായത്തിന്റെയോ സംഘടനകളുടെയോ പ്രതിനിധികളാണെന്നോര്‍മിക്കണം. അതായത്, വോട്ടുള്ളവര്‍മാത്രമല്ല, വോട്ടുസ്വാധീനമുള്ളവരുമാണ്.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുനമ്പംവിഷയത്തെ സമീപിക്കുന്നതുപോലെയല്ല സ്ഥാപിതതാത്പര്യങ്ങളോ വോട്ടുനോട്ടമോ ഇല്ലാത്ത സാധാരണമനുഷ്യര്‍ ആ വിഷയത്തെ കാണുന്നത്. അവര്‍ക്ക് അതൊരു മനുഷ്യാവകാശവിഷയം തന്നെയാണ്. മുനമ്പത്ത് ഇരയാക്കപ്പെട്ട ഹതഭാഗ്യരുടെ പക്ഷം ചേരുന്നവര്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയചായ്‌വ് ഉള്ളവരോ ആക്ടിവിസ്റ്റുകളോ അല്ല; രാഷ്ട്രീയപ്പാര്‍ട്ടികളുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഇരകളായി മാറിയ പാവപ്പെട്ട മനുഷ്യര്‍ നീതിക്ക് അര്‍ഹതയുള്ളവരാണെന്ന അടിസ്ഥാനബോധ്യമുള്ളവരാണ്. മുനമ്പത്തെ കണ്ണീര്‍പ്പന്തലില്‍ ആശ്വാസവചനങ്ങളും പിന്തുണയുമായി എത്തിയിട്ടുള്ള മെത്രാന്മാരും സംഘടനാഭാരവാഹികളും എല്ലാ സഭാവിഭാഗങ്ങളിലുംപെട്ടവരാണെന്ന തിരിച്ചറിവ് രാഷ്ട്രീയനേതാക്കന്മാര്‍ക്കുണ്ടാകേണ്ടതാണ്.
എല്ലാ മതങ്ങള്‍ക്കും അവരുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്കും വികസനത്തിനും ആവശ്യമായ സ്ഥാവരജംഗമവസ്തുക്കള്‍ സമ്പാദിക്കാനും കൈകാര്യം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 26-ാം അനുച്ഛേദം ഉറപ്പുവരുത്തിയിട്ടുണ്ട്. അതുകൊണ്ട് വഖഫ് ഭരണഘടനാവിരുദ്ധമാണെന്നു പറയാനാവില്ലെങ്കിലും അത് ആര്‍ജിക്കുന്ന രീതിയും സമീപകാലത്ത് വഖഫ് ബോര്‍ഡുകള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളും പരിഹരിക്കേണ്ടത് ഭരിക്കുന്ന സര്‍ക്കാരിന്റെമാത്രമല്ല, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ഉത്തരവാദിത്വമാണ്. അവകാശസംരക്ഷണത്തിനുവേണ്ടിയുള്ള നയങ്ങളും നിയമങ്ങളും അധിനിവേശത്തിനുള്ള ലൈസന്‍സായി വകവച്ചുകൊടുക്കാന്‍ പാടില്ല. ഒരു മതനിയമവും രാഷ്ട്രനിയമത്തിനു മുകളിലാകാന്‍ പാടില്ല.