•  2 May 2024
  •  ദീപം 57
  •  നാളം 8
വര്‍ത്തമാനം

കേരളരാഷ്ട്രീയത്തില്‍ മാറ്റങ്ങളുടെ കാലം

കേരളരാഷ്ട്രീയത്തില്‍ മുന്നണിസമവാക്യങ്ങള്‍ മാറ്റിയെഴുതപ്പെടുകയാണ്. ഐക്യജനാധിപത്യമുന്നണിയിലെ പ്രമുഖകക്ഷി കേരളാകോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയില്‍നിന്നു പുറത്താക്കുകയും അവര്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തുകഴിഞ്ഞു.
2011 ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ യുഡിഎഫ് 71 സീറ്റിലും എല്‍ഡിഎഫ് 69 സീറ്റിലുമാണ് വിജയിച്ചത്. അന്ന് കേരളാകോണ്‍ഗ്രസ് (എം)ന് ഒമ്പത് എം.എല്‍.എ. മാരുണ്ടായിരുന്നു. ആ പാര്‍ട്ടി മുന്നണിയിലുണ്ടായിരുന്നില്ലെങ്കില്‍ എല്‍ഡിഎഫ് തുടര്‍ഭരണം ഉറപ്പാക്കുമായിരുന്നു.
2016 ല്‍ യുഡിഎഫിനു ഭരണം നഷ്ടമായപ്പോഴും കേരളാകോണ്‍ഗ്രസ് (എം)ന് ആറ് എംഎല്‍എമാരുണ്ടായിരുന്നു. 2011 ലെ വിജയം ആവര്‍ത്തിച്ചില്ലെങ്കിലും, ശക്തമായ ഭരണവിരുദ്ധവികാരം മറികടന്ന് സ്വന്തം ജനകീയാടിത്തറ സംരക്ഷിക്കാന്‍ അവര്‍ക്കു കഴിഞ്ഞു എന്നതാണു ശ്രദ്ധിക്കേണ്ടത്.
2016 ല്‍ യുഡിഎഫിന്റെ പരാജയം ഉറപ്പാക്കിയതു രണ്ടു വിവാദങ്ങളാണ്. സരിതവിവാദവും കോഴവിവാദവും. ആദ്യത്തേത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും രണ്ടാമത്തേത് ധനമന്ത്രി കെ.എം. മാണിക്കെതിരെയും ആയിരുന്നു.
2014 ഒക്‌ടോബര്‍ 31 ന് കേരളത്തിലെ ഒരു പ്രമുഖ ന്യൂസ് ചാനലാണ് ബാര്‍ കോഴ വിവാദത്തിനു തീകൊളുത്തിയത്. അതിനു പിന്നില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിലെതന്നെ ചില നേതാക്കളായിരുന്നു എന്ന് അടക്കിപ്പിടിച്ച സംസാരമുണ്ടായിരുന്നു. കെ.എം. മാണിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കേരളാകോണ്‍ഗ്രസ് (എം)നെയും തകര്‍ക്കുകയായിരുന്നത്രേ അവരുടെ ലക്ഷ്യം. അതെന്തായാലും, വിവാദത്തില്‍ അടിപതറിയ കെ.എം. മാണി പിടിച്ചുനില്ക്കാനാവാതെ 2015 നവംബര്‍ 10 നു രാജിവച്ചിറങ്ങി.
ഉണങ്ങാത്ത മുറിവു മനസ്സില്‍   സൂക്ഷിച്ചുകൊണ്ടാണ് കെ.എം. മാണി അന്നു സെക്രട്ടറിയേറ്റിന്റെ പടിയിറങ്ങിയത്. പതിറ്റാണ്ടുകളായി ഒപ്പം നിന്നവര്‍ തനിക്കുവേണ്ടി ഇങ്ങനെയൊരു കെണിയൊരുക്കുമെന്ന് അദ്ദേഹം സ്വപ്നത്തില്‍പോലും കരുതിയിട്ടുണ്ടാവില്ല. ബാര്‍ കോഴവിവാദത്തിന്റെ പിന്നില്‍ അരങ്ങേറിയ ഉപജാപങ്ങളെക്കുറിച്ചു പഠിക്കാന്‍ പാര്‍ട്ടി ഒരു അന്വേഷണക്കമ്മീഷനെ നിയോഗിച്ചിരുന്നു. ആ ദൗത്യം അവര്‍ ഒരു സ്വകാര്യകുറ്റാന്വേഷണസംവിധാനത്തെ ഏല്പിക്കുകയാണു ചെയ്തത്. 2016 മാര്‍ച്ചില്‍ അവരുടെ റിപ്പോര്‍ട്ടു തയ്യാറാവുകയും ചെയ്തു.
ഈ റിപ്പോര്‍ട്ട് പാര്‍ട്ടിനേതൃത്വത്തെ ഞെട്ടിക്കുകതന്നെ ചെയ്തു. അതിന്റെ പ്രതികരണവും താമസിയാതെ ഉണ്ടായി. 2016 ഓഗസ്റ്റ് 10 ന് കേരളാകോണ്‍ഗ്രസ്  ഐക്യജനാധിപത്യമുന്നണിയോടു വിടപറഞ്ഞു. പക്ഷേ, ഇടയ്ക്കുവച്ച് ഈ നിലപാടില്‍ വീണ്ടും മാറ്റമുണ്ടായി. അതിനു കാരണമായത് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പായിരുന്നു.
2018 മെയ് 21 ന് ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, എം.എം. ഹസ്സന്‍ എന്നീ യുഡിഎഫ് നേതാക്കള്‍ പാലായില്‍ കെ.എം. മാണിയുടെ വീട്ടിലെത്തി. യുഡിഎഫിലേക്കു മടങ്ങിവരണമെന്നും ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു പിന്തുണ നല്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
കെ.എം. മാണി വഴങ്ങി. നീറുന്ന ഓര്‍മ്മകള്‍ ഉള്ളിലൊതുക്കിക്കൊണ്ടുള്ള തീരുമാനം അദ്ദേഹത്തിന് എത്ര ദുസ്സഹമായിരുന്നിരിക്കണം? പക്ഷേ, അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് ഒന്നും മറക്കാന്‍ കഴിയുമായിരുന്നില്ല. ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വന്‍ഭൂരിപക്ഷ(20956 വോട്ട്)ത്തോടെയുള്ള വിജയം അതാണ് വ്യക്തമാക്കുന്നത്.
ഇവിടെ കേരളാകോണ്‍ഗ്രസിന്റെ ചരിത്രത്തിലേക്കുള്ള ഒരു പിന്‍നോട്ടം അനിവാര്യമായി വരുന്നു. 1964ല്‍ ആ പാര്‍ട്ടി രൂപംകൊണ്ടത് കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പിലൂടെയാണ്. മധ്യതിരുവിതാംകൂറിലെ ഏറ്റവും ശക്തനായ കോണ്‍ഗ്രസ് നേതാവ് പി.ടി. ചാക്കോയെ മരണാനന്തരവും അപമാനിച്ചു എന്നു തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ അനുയായികളായ 15 എം.എല്‍.എ. മാര്‍ ചേര്‍ന്നു രൂപംകൊടുത്ത രാഷ്ട്രീയകക്ഷിയാണ് കേരളാകോണ്‍ഗ്രസ്.
ഇത്തരമൊരു പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തിന് അനുകൂലമായ രാഷ്ട്രീയസാമൂഹികസാഹചര്യവും അന്ന് കേരളത്തിലുണ്ടായിരുന്നു. കേരളത്തോടുള്ള നിരന്തരമായ കേന്ദ്രാവഗണന, ഭൂരിപക്ഷം വരുന്ന ഇടത്തരം കര്‍ഷകരെ അവഗണിക്കുന്ന രാഷ്ട്രീയനിലപാടുകള്‍, അഭിജാതവിഭാഗങ്ങള്‍ക്കു കോണ്‍ഗ്രസും അവര്‍ണസമൂഹങ്ങള്‍ക്കു കമ്യൂണിസ്റ്റുപാര്‍ട്ടിയും സംരക്ഷണം ഉറപ്പാക്കിയപ്പോള്‍ ക്രൈസ്തവ-നായര്‍-സമുദായങ്ങളിലെ അധ്വാനവര്‍ഗ്ഗത്തിനു രാഷ്ട്രീയസംരക്ഷണം ഇല്ലാതെവന്ന അവസ്ഥ. ഇതിനൊരു പരിഹാരമാകും പുതിയ പാര്‍ട്ടി എന്ന പ്രതീക്ഷ കേരളത്തിലെ മധ്യവര്‍ഗ്ഗത്തെ കേരളാകോണ്‍ഗ്രസില്‍ അഭയം കണ്ടെത്താന്‍ നിര്‍ബന്ധിതരാക്കി. അങ്ങനെയാണ് കേരളാകോണ്‍ഗ്രസ് പെട്ടെന്നു വളര്‍ച്ച നേടിയത്.
ഈ പ്രതീക്ഷ സഫലമാക്കിക്കൊണ്ട് കേരളാകോണ്‍ഗ്രസ് ഒട്ടൊക്കെ മുന്നേറിയെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തുടരെയുണ്ടായ അധികാരവടംവലികളും തന്മൂലമുള്ള പിളര്‍പ്പുകളും ലക്ഷക്കണക്കിനുവരുന്ന പാര്‍ട്ടി അണികളെ നിരാശരാക്കി. പിളര്‍ന്നുണ്ടാകുന്നതു പിന്നെയും  പിളര്‍ന്നുകൊണ്ടേയിരിക്കും എന്ന ജൈവസ്വഭാവം അഥവാ അമീബിക് പ്രക്രിയ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഈ അനുഭവം. പാര്‍ട്ടിയുടെ കാര്യത്തില്‍ അതൊരു ജൈവപ്രക്രിയയായിരുന്നില്ല മാനുഷികവിക്രിയ മാത്രമായിരുന്നു.
ഇതിനുപിന്നില്‍ കൗതുകകരമായ മറ്റൊരു രാഷ്ട്രീയവസ്തുതകൂടിയുണ്ട്. പാര്‍ട്ടിയിലെ ഓരോ പിളര്‍പ്പിന്റെയും പിന്നില്‍, പ്രമുഖ കക്ഷിയായ കോണ്‍ഗ്രസിന്റെ കറുത്ത കരങ്ങളുണ്ട് എന്ന് കേരളാകോണ്‍ഗ്രസുകാര്‍ വിശ്വസിച്ചുപോന്നു. 1965 ലെ തിരഞ്ഞെടുപ്പിനുശേഷം, വിളിച്ചുചേര്‍ക്കാതെതന്നെ നിയമസഭ പിരിച്ചുവിട്ടതുമുതല്‍ അതാരംഭിച്ചിരുന്നു എന്നും അവര്‍ക്കു പരാതിയുണ്ട്.
തങ്ങള്‍ക്കു വളരാന്‍ കോണ്‍ഗ്രസ് സഹായിക്കണം എന്ന് കേരളാകോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അതിനെക്കാള്‍ വലിയ രാഷ്ട്രീയ മടയത്തരം വേറെന്താണുള്ളത്? ഒരു രാഷ്ട്രീയകക്ഷി തകര്‍ന്നാലേ തങ്ങള്‍ക്കു വളരാന്‍ കഴിയൂ എന്നു മറ്റൊരു രാഷ്ട്രീയകക്ഷിക്കു തോന്നിയാല്‍, അവര്‍ അതിനുള്ള തന്ത്രങ്ങള്‍ മെനയും. അതു രാഷ്ട്രീയഅധാര്‍മ്മികതയല്ല, രാഷ്ട്രീയതന്ത്രം മാത്രമാണ്. അതിനെ അതിജീവിക്കാന്‍ മറുതന്ത്രങ്ങള്‍ മെനയുകയാണ് മറുകക്ഷി ചെയ്യേണ്ടത്. അല്ലാതെ നിലവിളിക്കുകയല്ല.
ഇക്കാര്യത്തില്‍ കേരളാകോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നതാണു ചരിത്രവസ്തുത. 1979 ല്‍ നെടുകെ പിളര്‍ന്നശേഷം, ഒരേ മുന്നണിയില്‍ത്തന്നെ കുറെക്കാലം തമ്മില്‍ത്തല്ലി കഴിഞ്ഞുവെങ്കിലും 1987 മുതല്‍ ഇരുവിഭാഗവും വ്യത്യസ്തമുന്നണികളുടെ ഭാഗമായി മാറി. മാണി വിഭാഗം യുഡിഎഫിലും ജോസഫ് വിഭാഗം എല്‍ഡിഎഫിലും.
ഇതോടെ പാര്‍ട്ടിക്കു നഷ്ടപ്പെട്ടതു ചലനാത്മകതയാണ്. മുന്നണികള്‍ നല്കുന്ന സുരക്ഷിതത്വത്തിന്റെ തണലില്‍ കേരളാകോണ്‍ഗ്രസ് വിഭാഗങ്ങള്‍ അസ്തിത്വപ്രതിസന്ധി നേരിട്ടത് അവര്‍ തിരിച്ചറിയാതെ പോയി. ഭരണപക്ഷത്തും പ്രതിപക്ഷത്തും അവര്‍ മാറിമാറി ഇരിപ്പുറപ്പിച്ചു. ഈ ആലസ്യത്തിനിടയില്‍ തങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച കര്‍ഷകരുടെയും അധ്വാനവര്‍ഗ്ഗത്തിന്റെയും സമുദായങ്ങളുടെയും താത്പര്യങ്ങള്‍ അവര്‍ മറന്നുപോയി.
ഇതിനു ലഭിച്ച ശിക്ഷയാണ് കേരളാകോണ്‍ഗ്രസുകള്‍ നേരിട്ട രാഷ്ട്രീയാപചയം. ചലനം ജീവന്റെ ലക്ഷണമാണ്. ചലനാത്മകത്വം നഷ്ടപ്പെട്ട ഒരു ജൈവഘടകത്തിനും വളരാന്‍ കഴിയില്ല.
വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പ്രസ്ഥാനമെന്ന്  കെ.എം. മാണി കേരളാകോണ്‍ഗ്രസിനു നര്‍മ്മമധുരമായ ഒരു നിര്‍വചനം നല്കിയിട്ടുണ്ടെങ്കിലും  1979 നു ശേഷം പാര്‍ട്ടി പിളര്‍ന്നിട്ടേയുള്ളൂ, വളര്‍ന്നിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം.
രാഷ്ട്രീയത്തില്‍ സ്ഥിരമിത്രങ്ങളും സ്ഥിരശത്രുക്കളുമില്ല എന്ന താത്ത്വികനിരീക്ഷണത്തിലും കഴമ്പുണ്ട്. എന്നും ഒരേ കൂട്ടുകെട്ടില്‍ കഴിയുന്ന ഒരു കക്ഷിക്കും വളര്‍ച്ചയുണ്ടാവില്ല. കാലഘട്ടത്തിന്റെ ആവശ്യങ്ങളനുസരിച്ചു കാലോചിതമായ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചു മുന്നേറാന്‍ അവര്‍ക്കു കഴിയണം.
ഇക്കാര്യത്തിലും കേരളാകോണ്‍ഗ്രസിനു ചുവടുപിഴച്ചു. കര്‍ഷകത്തൊഴിലാളിപെന്‍ഷന്‍മുതല്‍ കാരുണ്യപദ്ധതിവരെയുള്ള ഒട്ടേറെ ക്ഷേമപരിപാടികളിലൂടെ  കേരളജനതയുടെ ഹൃദയത്തില്‍ ഇടംനേടാന്‍ കെ.എം. മാണിക്കു കഴിഞ്ഞെങ്കിലും അവയുടെ റോയല്‍റ്റികൊണ്ടു പാര്‍ട്ടിയെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിനു കഴിയാതെപോയി.
ഇതിനു കാരണം കേരളാകോണ്‍ഗ്രസിനെ ബാധിച്ച നേതൃനിശ്ചലതയാണ്. ഒരേ വ്യക്തികള്‍തന്നെ പതിറ്റാണ്ടുകളോളം സ്ഥാനങ്ങള്‍ കൈവശം വച്ചാല്‍ പിന്നാലെ വരുന്നവര്‍ക്കെങ്ങനെയാണു പ്രവര്‍ത്തിക്കാനും നേതൃശക്തികള്‍ പ്രയോജനപ്പെടുത്താനും അവസരം ലഭിക്കുക? യഥാവസരം തിരഞ്ഞെടുപ്പുകള്‍ നടത്തുകയും ഭാരവാഹികള്‍ മാറിമാറി വരികയും ചെയ്‌തെങ്കിലേ ഏതു രാഷ്ട്രീയപ്രസ്ഥാനത്തിനും വളരാന്‍ കഴിയൂ.
ഇപ്പോള്‍ ബാര്‍കോഴ ആരോപണം സംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ട് അനൗദ്യോഗികമായിട്ടാണെങ്കിലും വെളിയില്‍ വന്നിരിക്കുന്നു. ഇത്രയ്ക്കു രൂക്ഷവും അധാര്‍മ്മികവുമായ ദുരനുഭവങ്ങള്‍ നേരിട്ടിട്ടും അതെല്ലാം ഒതുക്കിവച്ച്  സന്ധിചെയ്യാന്‍ തയ്യാറാകുന്ന ഒരു രാഷ്ട്രീയപാര്‍ട്ടി തകര്‍ന്നില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ? 
ഈ വസ്തുതകള്‍ തിരിച്ചറിഞ്ഞതിന്റെ ഫലംകൂടിയാവാം കേരളാകോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന്റെ മുന്നണിമാറ്റം. അതവരുടെ നിലനില്പിന്റെ പ്രശ്‌നംകൂടിയാണ്. അതുകൊണ്ടുതന്നെ നീതീകരണം അര്‍ഹിക്കുന്നു. ഈ മാറ്റത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കു പ്രസക്തിയില്ല. അതു ജനങ്ങളാണു നിശ്ചയിക്കുന്നത്; ഒപ്പം കാലവും.

 

Login log record inserted successfully!