•  17 Oct 2024
  •  ദീപം 57
  •  നാളം 32
ലേഖനം

പശ്ചിമേഷ്യ കത്തിയെരിയുന്നു

   ഒരു സ്വതന്ത്രപരമാധികാരരാഷ്ട്രവും ഒരു തീവ്രവാദസംഘടനയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ രണ്ടു പ്രബലരാജ്യങ്ങള്‍ തമ്മിലുള്ള തുറന്ന യുദ്ധമായി പരിണമിച്ചത് ലോകചരിത്രത്തിലെ ആദ്യസംഭവമാണ്.
   യഹൂദസമൂഹത്തിനു സ്വന്തമായിക്കിട്ടിയ ഏകരാജ്യമായ ഇസ്രയേല്‍ ഒരു വശത്തും, ആ രാജ്യത്തെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കുമെന്നു ശപഥം ചെയ്തിട്ടുള്ള ഏതാനും തീവ്രവാദസംഘടനകളും അവയെ പിന്തുണയ്ക്കുന്ന ഇറാനും മറുവശത്തുമായിട്ടാണ് യുദ്ധം.
മുന്‍കാലചരിത്രം
   യഹൂദസമൂഹം എന്നും സാമ്രാജ്യശക്തികളുടെ കണ്ണിലെ കരടായിരുന്നിട്ടുണ്ട്. അസീറിയന്‍, ബാബിലോണിയന്‍, റോമന്‍ അധിനിവേശങ്ങള്‍ക്കുശേഷമായിരുന്നു ഏഴാം നൂറ്റാണ്ടിലെ മുസ്ലീം കടന്നുകയറ്റം. പ്രവാചകനായ മുഹമ്മദ് നബി ഒരിക്കല്‍ ജറുസലെമിലെത്തിയിരുന്നുവെന്ന വിശ്വാസമായിരുന്നു മുസ്ലീം അധിനിവേശത്തിനു പിന്നിലെ ചേതോവികാരം.
    ഓരോ അധിനിവേശത്തിലും സ്വന്തം നാട്ടില്‍നിന്നു പലായനം ചെയ്യേണ്ടിവന്ന യഹൂദസമൂഹങ്ങള്‍ക്കു മടങ്ങിവരാനും പൂര്‍വപിതാക്കന്മാര്‍ സഹസ്രാബ്ദങ്ങളായി അനുഭവിച്ചുവന്ന നാട്ടില്‍ ഒരു രാജ്യം സ്ഥാപിക്കാനും അവസരമൊരുങ്ങുന്നത് ഒന്നാം ലോകമഹായുദ്ധത്തിനിടയിലാണ്. വാഗ്ദത്തനാടുകളടക്കമുള്ള  കാനാന്‍ദേശം ഓട്ടോമന്‍ തുര്‍ക്കികളില്‍നിന്നു പിടിച്ചെടുത്ത ബ്രിട്ടന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടു. അക്കാലത്തെ ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറിയായിരുന്ന ആര്‍തര്‍ ബാല്‍ഫോര്‍ തയ്യാറാക്കിയ ഉടമ്പടിപ്രകാരം (02-11-1917) ഇസ്രയേല്‍, ജോര്‍ദാന്‍, ട്രാന്‍സ്‌ജോര്‍ദാന്‍ (വെസ്റ്റുബാങ്ക്), ഗാസാമുനമ്പ് എന്നീ പ്രദേശങ്ങള്‍ വിശാല ഇസ്രയേലിന്റെ ഭാഗമാകും (1946 മെയ് 22-ാം തീയതി ജോര്‍ദാന്‍ സ്വതന്ത്രമായപ്പോള്‍ ബാക്കിയുള്ള പ്രദേശങ്ങളില്‍ ഇസ്രയേല്‍ അധീശത്വം ഉറപ്പിക്കുകയായിരുന്നു).
നൂറ്റാണ്ടുകളായുള്ള തങ്ങളുടെ ചിരകാലസ്വപ്നം യാഥാര്‍ഥ്യമാകുമെന്ന സന്തോഷത്തില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവാസികളായി ജീവിക്കേണ്ടിവന്ന യഹൂദജനം 'വാഗ്ദത്തനാട്ടി'ലേക്ക് ഒഴുകിത്തുടങ്ങി. 1914 ല്‍ 60,000 മാത്രമായിരുന്ന യഹൂദജനസംഖ്യ 1926 ആയപ്പോഴേക്കും ഒന്നരലക്ഷമായി ഉയര്‍ന്നു. ഒരിക്കല്‍ സ്വന്തമായിരുന്ന ഭൂമി വിലകൊടുത്തു തിരികെവാങ്ങേണ്ട ഗതികേടും യഹൂദര്‍ക്കുണ്ടായി. മുസ്ലീംകളുടെയിടയില്‍ മതസ്പര്‍ധ വളര്‍ത്താനുള്ള പരിശ്രമങ്ങളും ഇതിനിടയിലുണ്ടായി. അക്കാലത്ത്, ജറുസലെമില്‍ മുസ്ലീംകളുടെ മുഖ്യപുരോഹിതനായിരുന്ന ഹാജി മുഹമ്മദ് അമിന്‍ അല്‍ ഹുസൈന്‍ മതവികാരം ഇളക്കിവിടുന്ന പ്രസംഗങ്ങളിലൂടെ കലാപങ്ങള്‍ക്കു തുടക്കമിട്ടു. യഹൂദരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ അതിവിശുദ്ധങ്ങളായി മുസ്ലീംകള്‍ കരുതിപ്പോരുന്ന അല്‍ അഖ്‌സ മോസ്‌കും ഡോം ഓഫ് ദി റോക്കും യഹൂദര്‍ നശിപ്പിക്കുമെന്നും ജറുസലെംദൈവാലയം പുനര്‍നിര്‍മിച്ചേക്കുമെന്നും ഹുസൈന്‍ പറഞ്ഞുവച്ചു (ജറുസലെം ദൈവാലയം ഇരുന്ന ടെമ്പിള്‍ മൗണ്ടില്‍ത്തന്നെയാണ് രണ്ട് ആരാധനാലയങ്ങളും പണിതുവച്ചത്).
   ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മനിക്കുണ്ടായ പരാജയത്തിന്റെ മുഖ്യകാരണക്കാര്‍ യഹൂദരാണെന്നു കുറ്റപ്പെടുത്തിയായിരുന്നു ഹിറ്റ്‌ലറുടെ പീഡനം. വര്‍ഗപരമായി യഹൂദരെക്കാള്‍ ഉയര്‍ന്നവര്‍ ജര്‍മന്‍കാരാണെന്ന് ഹിറ്റ്‌ലര്‍ വീമ്പിളക്കി. യഹൂദര്‍മാത്രമല്ല, എല്ലാ വര്‍ഗക്കാരും തന്റെ രാജ്യക്കാരെക്കാള്‍ താഴ്ന്നവരാണെന്നായിരുന്നു ഹിറ്റ്‌ലറുടെ വാദം. യഹൂദരരോടുള്ള അസൂയ മൂത്ത ഹിറ്റ്‌ലര്‍ യൂറോപ്പില്‍ നടത്തിയ വംശഹത്യയ്ക്കു സമാനതകളില്ല. കീഴടക്കിയ പ്രദേശങ്ങളില്‍ കാണാനിടയായ യഹൂദരെയെല്ലാം വെടിവച്ചോ തൂക്കിലേറ്റിയോ ഗ്യാസ് ചേമ്പറുകളിലടച്ച് ശ്വാസം മുട്ടിച്ചോ കൊന്നുകളഞ്ഞു. 1933 നും 1945 നും ഇടയില്‍ യൂറോപ്പില്‍ അരങ്ങേറിയ വംശഹത്യയില്‍ (ഒീഹീരമൗേെ) 60 ലക്ഷം യഹൂദരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാണ് കണക്കാക്കിയിട്ടുള്ളത്. യുക്രെയ്‌നില്‍മാത്രം ഒരുലക്ഷം യഹൂദര്‍ കൊല്ലപ്പെട്ടു.
പശ്ചിമേഷ്യയില്‍ അശാന്തി
    1948 മേയ് 14 നായിരുന്നു ഇസ്രയേല്‍ എന്ന സ്വതന്ത്രപരമാധികാരരാഷ്ട്രത്തിന്റെ ജനനം. യഹൂദരുടെ പൊതുസമ്മതനായ നേതാവായിരുന്ന ഡേവിഡ് ബെന്‍ഗൂരിയന്‍ ചരിത്രപ്രസിദ്ധമായ ആ പ്രഖ്യാപനം നടത്തി. 1947 നവംബര്‍ 29-ാം തീയതി വിളിച്ചുചേര്‍ത്ത ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയിലെ 181-ാം തീരുമാനപ്രകാരമായിരുന്നു രാജ്യരൂപീകരണം. ബ്രിട്ടീഷ്ഭരണത്തിലിരുന്ന പലസ്തീന്‍പ്രദേശങ്ങള്‍ രണ്ടായി വിഭജിച്ച് അവിടെ താമസിച്ചുവന്ന അറബ്‌വംശജര്‍ക്കുവേണ്ടിയുള്ള ഒരു രാജ്യത്തിന്റെ രൂപീകരണവും ഐക്യരാഷ്ട്ര പൊതുസഭ തീരുമാനിച്ചിരുന്നു. യഹൂദരും, ക്രിസ്ത്യാനികളും, മുസ്ലീംകളും തുല്യപ്രാധാന്യത്തോടെ വീക്ഷിച്ചിരുന്ന വിശുദ്ധനഗരമായ ജറുസലെം ഐക്യരാഷ്ട്രസഭയുടെ നേരിട്ടുള്ള ഭരണത്തിലായിരിക്കുമെന്നും തീരുമാനമുണ്ടായിരുന്നു. എന്നാല്‍, ഇസ്രയേലിന്റെ രൂപീകരണത്തില്‍ പ്രകോപിതരായ ഏഴ് അയല്‍രാജ്യങ്ങള്‍ പിറ്റേന്നുതന്നെ ഇസ്രയേലിനെതിരേ യുദ്ധത്തിനിറങ്ങി. ലബനന്‍, സിറിയ, ഇറാക്ക്, ജോര്‍ദാന്‍, ഈജിപ്ത്, സൗദി അറേബ്യ, യെമന്‍ തുടങ്ങിയ അറബ് രാജ്യങ്ങളുടെ യുദ്ധപ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നെങ്കിലും യഹൂദജനം പതറിയില്ല. ഒരുവര്‍ഷം നീണ്ടുനിന്ന യുദ്ധങ്ങള്‍ക്കൊടുവില്‍ പരാജയം ഏറ്റുവാങ്ങിയ ഓരോ അറബ് രാജ്യവും ഇസ്രയേലുമായി വെവ്വേറെ ഉടമ്പടികളിലേര്‍പ്പെട്ട് യുദ്ധത്തില്‍നിന്നു പിന്മാറുകയായിരുന്നു. പലസ്തീനില്‍നിന്ന്  പലായനം ചെയ്ത് അയല്‍രാജ്യങ്ങളില്‍ അഭയം തേടിയത് ഏഴുലക്ഷം അറബ് വംശജരാണ്. ഐക്യരാഷ്ട്രസഭ അംഗീകരിച്ചുനല്‍കിയതിലും അധികംഭൂമി കൈവശപ്പെടുത്തി ഇസ്രയേല്‍ അതിന്റെ വിജയമുറപ്പിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച 'ഇരുരാജ്യഫോര്‍മുല' അംഗീകരിക്കാന്‍ അറബ് രാജ്യങ്ങള്‍ തയ്യാറായിരുന്നെങ്കില്‍ പിന്നീടുള്ള ഒരു യുദ്ധവും നടക്കുമായിരുന്നില്ലെന്നാണ് രാഷ്ട്രീയനിരീക്ഷണം.
ഇസ്രയേല്‍രൂപീകരണത്തിനുശേഷം  1997 വരെയുള്ള 50 വര്‍ഷങ്ങളില്‍ 41 ലക്ഷത്തോളം യഹൂദര്‍ ഇസ്രയേലില്‍ തിരിച്ചെത്തിയതായി രേഖകളിലുണ്ട്. ഇവരില്‍ 3,20,000 പേര്‍ റഷ്യയില്‍നിന്നും 80,000 പേര്‍ ഇന്ത്യയില്‍നിന്നുമാണ്. ഇസ്രയേലിനെ ആദ്യം അംഗീകരിച്ച രാജ്യവും റഷ്യയാണ്. (ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളില്‍ നൂറ്റി അറുപത്തിനാലും ഇസ്രയേലിനെ അംഗീകരിച്ചെങ്കിലും  ഇരുപത്തഞ്ചോളം  ഇസ്ലാമികരാജ്യങ്ങള്‍ ഇപ്പോഴും ഇസ്രയേലിനെ അംഗീകരിക്കാന്‍ തയ്യാറാകാതെ മാറിനില്‍ക്കുന്നുണ്ട്).
യുദ്ധങ്ങളുടെ പരമ്പര
    1956 ലെ സൂയസ്‌കനാല്‍ സംഘര്‍ഷംമുതല്‍ ഇപ്പോള്‍ നടക്കുന്ന ഇസ്രയേല്‍-ഇറാന്‍ ഏറ്റുമുട്ടല്‍വരെ യുദ്ധങ്ങളുടെ ഒരു പരമ്പര ഇസ്രയേല്‍ചരിത്രത്തിലുണ്ട്. ഈജിപ്തിന്റെ പ്രസിഡന്റായിരുന്ന ഗമാല്‍ അബ്ദുല്‍ നാസര്‍ 1956 ജൂലൈ 26-ാം തീയതി സൂയസ് കനാല്‍ ദേശസാത്കരിച്ചതിനെ എതിര്‍ത്ത് ബ്രിട്ടനെയും ഫ്രാന്‍സിനെയും പിന്തുണച്ചുകൊണ്ട് ഇസ്രയേല്‍ ഈജിപ്തിനെതിരേ യുദ്ധത്തിനിറങ്ങി. 1956 ഒക്‌ടോബര്‍ 29-ാം തീയതി ഈജിപ്തിന്റെ കൈവശമുള്ള സിനായ് പ്രവിശ്യയും ഗാസയും കീഴടക്കിയ ഇസ്രയേല്‍സൈന്യം ഐക്യരാഷ്ട്രസംഘടനയുടെയും അമേരിക്കയുടെയും നിര്‍ബന്ധത്തിനുവഴങ്ങി രണ്ടു പ്രദേശങ്ങളില്‍നിന്നും പിന്‍വാങ്ങുകയായിരുന്നു.
    സിറിയയിലെ രഹസ്യതാവളങ്ങളില്‍നിന്നുള്ള ഭീകരാക്രമണങ്ങള്‍മൂലം പൊറുതിമുട്ടിയ ഇസ്രയേല്‍, സിറിയന്‍ അതിര്‍ത്തിയില്‍ നടത്തിയ പടയൊരുക്കമാണ് 1967 ജൂണ്‍ 5 മുതല്‍ 10 വരെ നീണ്ടുനിന്ന ആറു ദിനയുദ്ധത്തിന്റെ ആദ്യപ്രകോപനം. ഇസ്രയേലിനെ പ്രതിരോധിക്കാന്‍ ഈജിപ്തിന്റെയും ജോര്‍ദാന്റെയും സഹായം തേടിയ സിറിയയും യുദ്ധസജ്ജരായി. ഇതിനിടെ, ചെങ്കടലിലൂടെയുള്ള ഇസ്രയേലിന്റെ കപ്പല്‍പാത ഈജിപ്ത് അടയ്ക്കുകയും ചെയ്തു. സൂയസ്‌കനാല്‍ സംഘര്‍ഷത്തിനുശേഷം വിന്യസിച്ചിരുന്ന ഐക്യരാഷ്ട്രസംഘടനയുടെ സായുധസൈന്യത്തെ പിന്‍വലിക്കാന്‍ ഉത്തരവിട്ട ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഗമാല്‍ അബ്ദുല്‍ നാസര്‍, സിനായ് അതിര്‍ത്തിയിലുടനീളം നൂറുകണക്കിനു ടാങ്കുകള്‍ നിരത്തി. 1967 മേയ് 26 ന് ഈജിപ്ഷ്യന്‍ ജനതയോടു നടത്തിയ പ്രസംഗത്തില്‍ ഇസ്രയേലിനെ പൂര്‍ണമായി നശിപ്പിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
    മൂന്നു വശവും ശത്രുക്കളാല്‍ വലയപ്പെട്ട ഇസ്രയേലാകട്ടെ മൂന്നു രാജ്യങ്ങളുടെയുംമേല്‍ ഒരേസമയം അപ്രതീക്ഷിതമായ ആക്രമണം അഴിച്ചുവിട്ടു. വ്യോമതാവളങ്ങളില്‍നിന്നു പറന്നുയരാന്‍പോലും സമയം നല്കാതെ ജൂണ്‍ 5-ാം തീയതി നേരം പുലരുംമുമ്പുതന്നെ മൂന്നു രാജ്യങ്ങളുടെയും 452 യാത്രാവിമാനങ്ങളും 250 പോര്‍വിമാനങ്ങളും തകര്‍ക്കപ്പെട്ടു. സിനായ് അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന ഈജിപ്തിന്റെ യുദ്ധടാങ്കുകളും കവചിതവാഹനങ്ങളുമെല്ലാം ചിഹ്നഭിന്നമാക്കി. ഇസ്രയേലിനെ ഭൂമുഖത്തുനിന്ന് ഉന്മൂലനം ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയ മൂന്നു രാജ്യങ്ങള്‍ക്കും പിന്തുണ അറിയിച്ചിരുന്ന ലബനന്‍, ഇറാക്ക്, കുവൈറ്റ്, അള്‍ജീറിയ, സുഡാന്‍ എന്നീ രാജ്യങ്ങള്‍ക്ക് പഞ്ചപുച്ഛമടക്കിനില്ക്കാനേ കഴിഞ്ഞുള്ളൂ. ഐക്യരാഷ്ട്രസംഘടനയുടെ മധ്യസ്ഥതയില്‍ ജൂണ്‍ 10-ാം തീയതി വെടിനിറുത്തല്‍ പ്രഖ്യാപിക്കുമ്പോഴേക്കും സിറിയയില്‍നിന്ന് ഗൊലാന്‍കുന്നുകളും, ജോര്‍ദാനില്‍നിന്ന് വെസ്റ്റുബാങ്കും പുരാതനജറുസലെമും, ഈജിപ്തില്‍നിന്ന് സിനായിയും ഗാസാമുനമ്പും ഇസ്രയേല്‍ കൈവശമാക്കിയിരുന്നു. ഇവയില്‍ ഏറ്റവും നിര്‍ണായകമായത് ജറുസലെം ദൈവാലയം നിന്നിരുന്ന ടെമ്പിള്‍ മൗണ്ട് വീണ്ടെടുക്കാനായതാണ്. വിജയവാര്‍ത്തയറിഞ്ഞ യഹൂദജനം ഒഴുകിയെത്തി വിലാപത്തിന്റെ മതിലില്‍ മുഖം ചേര്‍ത്ത് കണ്ണീരൊഴുക്കി പ്രാര്‍ഥിച്ചു. യുദ്ധത്തില്‍ 15,000 അറബ് സൈനികരും 1,000 ഇസ്രയേലിഭടന്മാരും കൊല്ലപ്പെട്ടു.
    1967 ലെ ആറുദിനയുദ്ധത്തില്‍ നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഈജിപ്തും സിറിയയും തുടങ്ങിവച്ച യുദ്ധമാണ് 1973 ഒക്‌ടോബര്‍ 6 ലെ യോം കിപ്പുര്‍ യുദ്ധം. പ്രാര്‍ഥനയിലും ഉപവാസത്തിലും യഹൂദജനം ചെലവഴിക്കുന്ന ഈ ദിവസം 'സാബത്തുകളുടെ സാബത്ത്' എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്. (കൃത്യം 50 വര്‍ഷം പിന്നിട്ടപ്പോള്‍ കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ 7-ാം തീയതി അതേ വിശേഷദിവസംതന്നെ ഭീകരസംഘടനയായ ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്താന്‍ തിരഞ്ഞെടുത്തു.) സൂയസ്‌കനാല്‍ കടന്ന് ഈജിപ്തും, ഗൊലാന്‍കുന്നുകളിലൂടെ സിറിയയും ഇസ്രയേലിലേക്ക് ഇരച്ചുകയറിയ അപ്രതീക്ഷിത ആക്രമണം  പരാജയപ്പെടുത്താന്‍ അമേരിക്കയുടെ പിന്തുണ വേണ്ടിവന്നു. ശത്രുരാജ്യങ്ങള്‍ക്കു പിന്തുണയുമായി റഷ്യ നേരിട്ട് ഇടപെട്ടതിനാല്‍ ഒരു ആണവയുദ്ധമായി മാറുമോയെന്ന് ലോകരാഷ്ട്രങ്ങള്‍ ഭയന്നിരുന്നു. ഐക്യരാഷ്ട്രസംഘടനയുടെ മധ്യസ്ഥതയില്‍ യുദ്ധം അവസാനിക്കുമ്പോഴേക്കും 2,691 സൈനികരെയാണ് ഇസ്രയേലിനു ബലികൊടുക്കേണ്ടിവന്നത്.
    1982 ല്‍ ലബനനില്‍ കടന്നുകയറിയ ഇസ്രയേലിനോടു പകരംവീട്ടാന്‍ പ്രതികാരദാഹികളായ അറബികള്‍ രൂപംകൊടുത്ത ഷിയ മുസ്ലീം രാഷ്ട്രീയഭീകരസംഘടനയായ ഹിസ്ബുല്ലയ്‌ക്കെതിരേയായിരുന്നു 2006 ലെ രണ്ടാം ലബനീസ് യുദ്ധം. 2006  ജൂലൈ 12-ാം തീയതി ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തി പട്ടണങ്ങളിലേക്ക്  ഹിസ്ബുള്ള ഭീകരര്‍ റോക്കറ്റാക്രമണങ്ങള്‍ നടത്തിയതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. അതിര്‍ത്തിയില്‍ കാവല്‍നിന്നിരുന്ന സൈനികരില്‍ മൂന്നു പേരെ വധിക്കുകയും രണ്ടുപേരെ ബന്ദികളായി ലബനനിലേക്കു കൊണ്ടുപോവുകയും ചെയ്തു. ബന്ദികളെ മോചിപ്പിക്കാന്‍ ലബനനില്‍ കയറിയ അഞ്ചു സൈനികര്‍ കൂടി വധിക്കപ്പെട്ടതോടെ ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുകയായിരുന്നു. 34 ദിവസം നീണ്ടുനിന്ന യുദ്ധം ഐക്യരാഷ്ട്രസംഘടനയുടെ ഇടപെടലോടെയാണ് അവസാനിച്ചത്. 1,300 ഹിസ്ബുല്ല ഭീകരരും 165 ഇസ്രയേലി സൈനികരും വധിക്കപ്പെട്ടു. പത്തുലക്ഷത്തോളം ലബനീസ് പൗരന്മാരും അഞ്ചു ലക്ഷം ഇസ്രയേലികളും അഭയാര്‍ഥികളായി. 
   സുഫി-അല്‍-സുഫൈലി, അബ്ബാസ് അല്‍-മുസ്സാവി, ഹസന്‍ നസ്‌റല്ല എന്നീ യുവാക്കളുടെ നേതൃത്വത്തില്‍ രൂപംകൊടുത്ത ഹിസ്ബുല്ല എന്ന ഭീകരസംഘടനയെ ആയുധവും പണവും യഥേഷ്ടം നല്കി ഇറാന്‍ വളര്‍ത്തിയെടുത്തു. 1992 ല്‍ ഇസ്രയേലിന്റെ റോക്കറ്റാക്രമണത്തില്‍ മുസ്സാവി വധിക്കപ്പെട്ടശേഷം 32 കാരനായ നസറല്ല സംഘടനയുടെ സെക്രട്ടറി ജനറലായി. ഇസ്രയേലിനെയും അമേരിക്കയെയും ഇസ്ലാമിന്റെ മുഖ്യശത്രുക്കളായി പ്രഖ്യാപിച്ച നസ്‌റല്ല, മുസ്സാവിയുടെ കൊലപാതകത്തിനു പ്രതികാരം ചെയ്യുമെന്നും പ്രഖ്യാപിച്ചു. തുര്‍ക്കിയിലെ ഇസ്രയേല്‍ എംബസിയിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വധിച്ചതിനും, ബ്യൂണസ് ഐറെസിലെ ഇസ്രയേല്‍ എംബസിയില്‍ ചാവേറാക്രമണം നടത്തി 29 പേരെ കൊന്നതിനും പിന്നില്‍ നസ്‌റല്ലയുടെ ആസൂത്രണമുണ്ടായിരുന്നു. ലബനീസ്‌സൈന്യത്തെക്കാള്‍ ശക്തമായ സായുധസംഘടനയായി ഹിസ്ബുല്ലയെ വളര്‍ത്തിയെടുത്തത് നസ്‌റല്ലയുടെ കാലഘട്ടത്തിലാണ്. ഒരു ലക്ഷം പോരാളികളും രണ്ടു ലക്ഷത്തോളം റോക്കറ്റുകളും മിസൈലുകളും ഹിസ്ബുല്ലയ്ക്കു സ്വന്തമായുണ്ട്. 'ഒരു രാജ്യത്തിനുള്ളിലെ രാജ്യം' എന്നു വിശേഷിപ്പിക്കാവുന്നത്ര രീതിയില്‍ ആ ഭീകരസംഘടന വളരുകയും, നസ്‌റല്ല അറബ്‌വംശജര്‍ക്കിടയില്‍ 'ഹീറോ' പരിവേഷം കൈവരിക്കുകയും ചെയ്തു.
    കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ 7-ാം തീയതി ഇസ്രയേലില്‍ നുഴഞ്ഞുകയറി 1,200 പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസ് ഭീകരര്‍ക്കെതിരേ ഇസ്രയേല്‍ സ്വീകരിച്ച നടപടികളില്‍ നസ്‌റല്ലയും അസ്വസ്ഥനായിരുന്നു. ഹമാസിനെ നിശേഷം തകര്‍ക്കുമെന്നു ദൃഢനിശ്ചയം ചെയ്ത് അവരുടെ പോരാളികളെയും ആയുധശേഖരവും ഒളിത്താവളങ്ങളും നശിപ്പിച്ച ഇസ്രയേല്‍ സൈന്യത്തിനുനേരേ നിരന്തരമായി റോക്കറ്റാക്രമണം നടത്തിയ ഹിസ്ബുല്ല നേതൃത്വം കനത്ത വിലയാണ് നല്‍കേണ്ടിവന്നത്. ഇക്കഴിഞ്ഞമാസം 27-ാം തീയതി  ബെയ്‌റൂട്ടിലെ ഹിസ്ബുല്ലയുടെ ആസ്ഥാനമന്ദിരം ബോംബാക്രമണത്തില്‍ തകര്‍ത്ത് നസ്‌റല്ലയെയും ഇരുപതോളം ഉന്നതനേതാക്കളെയും ഇസ്രയേല്‍ ഇല്ലായ്മ ചെയ്യുകയായിരുന്നു. ഈ വര്‍ഷം ജൂലൈ 31-ാം തീയതി ഹമാസിന്റെ രാഷ്ട്രീയകാര്യമേധാവിയായിരുന്ന ഇസ്മയില്‍ ഹനിയ ടെഹ്‌റാനില്‍ വധിക്കപ്പെട്ടതും പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഒരു വഴിത്തിരിവില്‍ എത്തിയതിന്റെ സൂചനയാണ്. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ നീണ്ടുപോകുന്നത് ലോകസമാധാനത്തിനു വലിയ ഭീഷണിയായി തുടരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)