•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

ഊഷരഭൂമിയില്‍ വിരിയുന്ന പച്ചപ്പ്

    സഹനങ്ങളുടെ തീച്ചൂളയായി മാറിയ  മണിപ്പൂരില്‍ നിന്നൊരു പത്രപ്രവര്‍ത്തകന്‍  ഒരു കഥ പറയുന്നുണ്ട്. തന്റെ കുടുംബാംഗങ്ങളെ  എതിര്‍വര്‍ഗക്കാര്‍  വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍  ഒരു മനുഷ്യന്‍ പറയുകയാണ്: എന്റെ കോപം എന്നെ വല്ലാതെ ഉലയ്ക്കുന്നു. എന്റെ നിശ്വാസത്തിനുപോലും  വിഷപ്പുകയുടെ ഗന്ധമാണുള്ളത്. മനസ്സില്‍ എരിയുന്ന ദ്വേഷത്തിനു പറഞ്ഞറിയിക്കാനാവാത്ത രൂക്ഷത കൈവന്നിരിക്കുന്നു. എന്റെ  കരളെടുത്ത് ഒന്നു നാവില്‍ തൊടാമെങ്കില്‍ നിങ്ങള്‍ക്കു തീര്‍ച്ചയായും വിഷബാധയേല്ക്കും.
വലിയ ക്രൂരകൃത്യങ്ങളുടെ  ഇരയായിത്തീരുന്നവര്‍ക്ക് അതൊരിക്കലും ക്ഷമിക്കാന്‍ സാധിച്ചുവെന്നു വരില്ല. ഇതനുഭവിച്ച ഒരാള്‍ അയാളുടെ വലിയ രോഷം പറഞ്ഞറിയിക്കുന്നതാണു നാം കേട്ടത്. ഇത്തരം ആഘാതങ്ങളെക്കുറിച്ചെല്ലാം സൂക്ഷ്മമായി പഠിക്കുന്ന സാമൂഹികശാസ്ത്രജ്ഞന്മാര്‍ ഇതിനു പറഞ്ഞുതരുന്ന പ്രതിവിധി എല്ലാം ക്ഷമിക്കുക എന്നതാണ്. ക്ഷമിക്കാനായാല്‍ മനസ്സില്‍ സമാധാനമുണ്ടാകും. വൈകാരികവും ശാരീരികവുമായ ഒരു സുഖപ്പെടല്‍  സംഭവിക്കും. മനസ്സിനെ കാര്‍ന്നുതിന്നുന്ന വികടഭാവങ്ങള്‍ വലിച്ചെറിഞ്ഞ് ഒരു നോര്‍മലായ ജീവിതത്തിലേക്കു മടങ്ങാനുള്ള വഴി അതു തുറക്കും. പറയാന്‍ എളുപ്പമെങ്കിലും പലപ്പോഴും അസാധ്യമെന്നു തോന്നിപ്പോകുന്ന ഒരു സ്ഥിതിവിശേഷമല്ലേ ഇത്?
റോബര്‍ട്ട് എന്റിച്ചിനെപ്പോലുള്ള സാമൂഹികശാസ്ത്രജ്ഞന്മാര്‍  ഇവിടെയാണ് ക്ഷമ എന്ന ക്രിസ്ത്യന്‍മൂല്യത്തെക്കുറിച്ചു ചില കാര്യങ്ങള്‍  അടിവരയിട്ടു പറയുന്നത്.
റാവേണ്ടയിലെ പാസ്റ്റര്‍ 
ആഫ്രിക്കയിലെ റാവേണ്ടയില്‍ സ്റ്റീഫന്‍ എന്നുപേരുള്ള, മെലിഞ്ഞുനീണ്ട ശരീരപ്രകൃതക്കാരനായിരുന്ന  ഒരു  പാസ്റ്റര്‍ ഉണ്ടായിരുന്നു. ഏതാനും പശുക്കളെയുമൊക്കെ വളര്‍ത്തി ഈ പാസ്റ്റര്‍ തന്റെ ഭാര്യയും കുഞ്ഞുങ്ങളുമായി സുഖജീവിതം നയിക്കുകയായിരുന്നു. അവര്‍ക്കു തൊട്ടടുത്ത വീട്ടില്‍ മാറ്റിയസ് എന്നൊരു സുഹൃത്ത് താമസിച്ചിരുന്നു. എപ്പോഴും ചിരിച്ച് ഉല്ലസിച്ചു നടക്കുന്ന പ്രകൃതക്കാരനായിരുന്നു മാറ്റിയസ്. സ്റ്റീഫനും മാറ്റിയസും വലിയ സുഹൃത്തുക്കളായിരുന്നു. ഒരിക്കല്‍  സ്റ്റീഫന്‍  തന്റെ സുഹൃത്തിന്റെ വരുമാനത്തിന്റെ  പോരായ്മ മനസ്സിലാക്കി ഒരു പശുവിനെ സമ്മാനിച്ചു.
അതോടെ മാറ്റിയസ്സിന് ആവശ്യത്തിനു പാലും കൃഷിക്കാവശ്യമുള്ള വളവും ലഭ്യമായി. വരുമാനം വര്‍ധിച്ചതോടെ മാറ്റിയസ് കൂടുതല്‍ സന്തോഷവാനായി. പലപ്പോഴും അയാള്‍ സ്റ്റീഫനോടു നന്ദി പറയുമായിരുന്നു. അങ്ങനെ ആ അയല്‍ക്കാരുടെ സൗഹൃദം ഒന്നുകൂടി സന്തുഷ്ടവും  ഉറപ്പുള്ളതുമായി. 
പക്ഷേ, കാര്‍മേഘങ്ങള്‍ എവിടെയോ കുമിഞ്ഞുകൂടുന്നുണ്ടായിരുന്നു. ദൗര്‍ഭാഗ്യവശാല്‍  ഇവര്‍ ഇരുവരും വിഭിന്നവംശജരായിരുന്നു, ഒരാള്‍ ഹ്യൂട്സ്; മറ്റൊരാള്‍ ടുട്‌സി! താമസിയാതെ ആ ഗ്രാമപ്രദേശത്തെ എല്ലാവരുംതന്നെ കത്തികളും കോടാലികളും തേച്ചുമിനുക്കി ഒരു വലിയ  യുദ്ധത്തിനൊരുങ്ങുകയായിരുന്നു. 1994ലാണ് സംഭവം. കോടിക്കണക്കിനാളുകള്‍ റാവേണ്ടയിലെ മനുഷ്യക്കുരുതിയില്‍ ബലിയാടുകളായ ചരിത്രം അറിയാമല്ലോ. 
ഹ്യൂറ്റുകള്‍  ആയിരുന്നു  ഭരണാധികാരികള്‍. ഈ  സമുദായത്തിലെ ഭീകരപ്രവര്‍ത്തകര്‍ കോപവെറി  പൂണ്ടു  ടുട്‌സികള്‍ക്കെതിരായി വിഷം വമിക്കുന്ന വാക്കുകള്‍ ചൊരിഞ്ഞുകൊണ്ടിരുന്നു. കത്തിപ്പിടിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത് അങ്ങനെയാണ്. തമ്മില്‍ കണ്ടാല്‍ ഒറ്റവെട്ടിനു കൊല്ലാന്‍ തയ്യാറായി ജനം ചേരിതിരിഞ്ഞാക്രമിക്കാന്‍ തയ്യാറെടുത്തു. പാവം പാസ്റ്ററിനെയും കുടുംബത്തെയും വംശീയലഹളയില്‍ ഒടുവില്‍ കൊന്നൊടുക്കിയത് പക്ഷേ, അയാളുടെ സുഹൃത്ത് മാറ്റിയസ് ആയിരുന്നു എന്നുമാത്രം!
താരിഖിന്റെ  കൊലയാളി 
താരിഖ് ഒരു കോളജ് വിദ്യാര്‍ഥിയായിരുന്നു. അവന്റെ  വിശ്രമവേളകളില്‍ അവന്‍ ഒരു പിസ്സ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു. 1995 ല്‍ കൂട്ടംകൂടിയുള്ള ഒരു കൊള്ളശ്രമത്തിനിടെ താരിഖ് വധിക്കപ്പെട്ടു. താരിഖിനെതിരേ നിറ  ഒഴിച്ചത്  കേവലം പത്തു  വയസ്സുള്ള ടോണി എന്നൊരു പയ്യനായിരുന്നു.
ഈ ക്രൂരകൃത്യം നടന്ന് അഞ്ചു വര്‍ഷം കഴിഞ്ഞ്  താരിഖിന്റെ പിതാവ് ഒരുദിവസം ജയിലില്‍ കിടന്ന ടോണിയെ കാണാനെത്തി. 'നിന്നെ എങ്ങനെ നേരിടണം, എന്തു പറയണം  എന്ന് എനിക്ക് അറിയായ്കയാലാണ് ഞാന്‍ ഇതുവരെ നിന്നെ കാണാന്‍ വരാതിരുന്നത്. എനിക്കു നിന്നോടു  വിരോധമൊന്നുമില്ല' എന്നാണ് ആ പിതാവ് പറഞ്ഞത്. ടോണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ താരിഖിന്റെ പിതാവ് തന്റെ മകന്റെ ഘാതകനെ സന്ദര്‍ശിക്കാന്‍ എത്തുമായിരുന്നു. കൈനിറയെ മധുരപലഹാരങ്ങളുംകൊണ്ടായിരുന്നു  അയാള്‍ വന്നിരുന്നത്. ആ സൗഹൃദം അങ്ങനെ ദിനംപ്രതി വളര്‍ന്നുകൊണ്ടിരുന്നു. 
താരിഖിനെ ജീവനുതുല്യം സ്‌നേഹിച്ചിരുന്ന അവന്റെ കൊച്ചുപെങ്ങള്‍ പക്ഷേ, ഒരിക്കലും ടോണിയെ കാണാന്‍ കൂട്ടാക്കിയില്ല. വര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി. ഒരു സുപ്രഭാതത്തില്‍ അവള്‍ക്കു തോന്നി തന്റെ ചേട്ടനെ  വെടിവച്ചുകൊന്ന ആ മനുഷ്യനെ ഒന്നു കാണണമെന്ന്. 20 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരിക്കല്‍  പിതാവിനോടൊപ്പം അവള്‍ ജയിലിലേക്കു ചെന്നു. ടോണിക്ക് അപ്പോള്‍ പ്രായം 48  കഴിഞ്ഞിരുന്നു. വല്ലാതെ കരഞ്ഞുകൊണ്ട് ടോണി അവളോടുമാപ്പപേക്ഷിച്ചു. എത്രമാത്രം അവള്‍ സ്വന്തം ചേട്ടന്‍ താരിഖിനെ സ്‌നേഹിച്ചിരുന്നു എന്നു ടോണിക്കറിയാമായിരുന്നു. താരിഖിന്റെ അമ്മ ഉണ്ടാക്കിക്കൊടുത്തു വിട്ട വറുത്ത മീന്‍ ഭക്ഷിച്ചുകൊണ്ട് ടോണി തൊണ്ട ഇടറി പറഞ്ഞു: ''ഈ സ്‌നേഹമുള്ള കുടുംബത്തെയാണ് ഞാന്‍ ആക്രമിച്ചത്, വീടിന്റെ നെടുംതൂണായ താരിഖിനെയാണ് ഞാന്‍ ഇളംപ്രായത്തില്‍ ഇല്ലാതാക്കിയത്.''
ഒടുവില്‍ എന്തു സംഭവിച്ചു?
ക്ഷമിക്കുന്ന സ്‌നേഹം സാധ്യമാകണമെങ്കില്‍ അതിനുള്ള കൃപാവരം നമുക്കു ലഭിക്കേണ്ടതുണ്ട്. രോഷകലുഷിതമായ  ഹൃദയത്തിന്റെ  ഊഷരഭൂമിയില്‍ പച്ചപ്പു പടരേണ്ടതുണ്ട്. ന്യൂനങ്ങളായ വികാരങ്ങളില്‍നിന്ന് വിടുതല്‍ നേടി ഒരു പുനരുത്ഥാനം തേടേണ്ടതുണ്ട്. ക്രൂശിലേറ്റി അതിക്രൂരമാംവിധം പീഡിപ്പിച്ച ശത്രുക്കളെ, ചങ്കു പിളര്‍ന്നിട്ടും യേശു ശപിക്കുകയായിരുന്നില്ല; മറിച്ച്, ആ വദനത്തില്‍നിന്നുയര്‍ന്നത് ക്ഷമയുടെ വചസ്സുകളായിരുന്നു. ഈ ക്രൂരത മുഴുവന്‍ കണ്ണുനീര്‍ വറ്റുംവരെ കണ്ടുനിന്ന് ഒടുവില്‍ മകന്റെ ശരീരം മടിയില്‍ കിടത്തി കരഞ്ഞപ്പോഴും അമ്മമേരിയും  വിദ്വേഷത്തിന്റെ വാക്കുകള്‍ പറഞ്ഞില്ല. ദൈവഹിതത്തിനു വഴങ്ങുകമാത്രമാണ് ചെയ്തത്. സഹനങ്ങളിലൂടെ നടക്കുമ്പോള്‍  നമുക്ക് യേശു തരുന്നത് ഇതേ സന്ദേശമാണ്. അതുള്‍ക്കൊള്ളാന്‍ നാം മാമ്മോദീസ സ്വീകരിച്ചവര്‍ ആകണമെന്നുമില്ല.
ഒന്നാമത്തെ സംഭവകഥയില്‍ ഗൃഹനാഥനൊഴിച്ച് ഒരു കുടുംബത്തെ മുഴുവന്‍ വകവരുത്തിയ മാറ്റിസ്  ഒടുവില്‍ കണ്ണുനീരോടെ രക്തക്കറ പുരണ്ട വാതായനങ്ങള്‍ തുറന്നു കയറിച്ചെന്നു പാസ്റ്ററുടെ കാല്‍ക്കല്‍ വീണു മാപ്പപേക്ഷിച്ചു. പാസ്റ്റര്‍ എല്ലാം മറന്നയാളെ ആശ്ലേഷിച്ചു.
മാറ്റിസ് ഒടുവില്‍ ഒരു വചന പ്രഘോഷകനായി മാറി. അയാള്‍ ഇന്ന് പാസ്റ്ററിന്റെ തോളോടു തോള്‍ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. നോക്കുക: ക്ഷമിക്കുന്ന സ്‌നേഹം. 
പശ്ചാത്താപവിവശനായി ജയിലില്‍നിന്നു മടങ്ങിയ ടോണി  തന്റെ നാല്പത്തെട്ടാം  വയസ്സില്‍ താന്‍ നശിപ്പിച്ച കുടുംബത്തിനു താങ്ങാകാന്‍ തീരുമാനിച്ചു. താരിഖിന്റെ കൊച്ചുപെങ്ങള്‍  അവനെ സ്വീകരിച്ചു. ഇന്നവന്റെ സഹധര്‍മണിയാണ് അവള്‍. അവര്‍ സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുന്നു  
ഹൃദയത്തിന്റെ ഊഷരഭൂമിയില്‍ അവരങ്ങനെ പച്ചപ്പു വിരിച്ചുകൊണ്ടിരിക്കുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)