ലഹരിമരുന്നിന്റെ ഉപയോഗവും വിതരണവും സൂക്ഷിപ്പും കുറ്റകൃത്യമാണ്. പിടിക്കപ്പെട്ടാല്‍ ശിക്ഷയും ഉറപ്പാണ്.
ചെറിയ അളവില്‍ ലഹരി പിടികൂടിയാല്‍ പൊലീസ് സ്റ്റേഷനില്‍നിന്നു ജാമ്യം ലഭിക്കും. പക്ഷേ, പിന്നീട് കോടതിയില്‍ ഹാജരായി കുറ്റം സമ്മതിച്ച് പിഴ അടയ്‌ക്കേണ്ടതുണ്ട്. ഈ കുറ്റസമ്മതവും ഫൈനടച്ചതും ശിക്ഷയായിട്ടാണു കണക്കാക്കുക. പൊലീസിന്റെ ക്രൈംറിക്കോര്‍ഡ് ബ്യൂറോയില്‍നിന്ന് ശിക്ഷാവിവരങ്ങള്‍ ലഭിക്കും.
പൊലീസ്‌സ്റ്റേഷനില്‍നിന്നു ജാമ്യം കിട്ടിയാല്‍ കാര്യങ്ങള്‍ കഴിഞ്ഞു എന്നു ധരിക്കരുത്. പിന്നീട് കോടതിയില്‍ ഹാജരായി കുറ്റം സമ്മതിക്കുന്നതും പിഴയൊടുക്കുന്നതും ശിക്ഷപോലെതന്നെ ആയതിനാല്‍ ഭാവിജീവിതത്തില്‍ ഇതു കരിനിഴല്‍ വീഴ്ത്തും. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോഴും തുടര്‍പഠനത്തിനും ഒരു ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോഴും വിവാഹാലോചനാസമയത്തും ഒക്കെ ഇതു ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മുന്‍കുറ്റവാളി കുറ്റകൃത്യം ആവര്‍ത്തിക്കാനിടയുണ്ട് എന്ന രീതിയില്‍ കണ്ട് ഒഴിവാക്കപ്പെടും.
ലഹരിമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ പിടിച്ചെടുക്കുന്ന ലഹരി മരുന്നിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ സാധാരണമായി മൂന്നു തരത്തിലാണ് കേസെടുക്കുക. കുറഞ്ഞ അളവ്, (സ്മാള്‍ ക്വാണ്ടിറ്റി) ഇടത്തരം അളവ്, (മീഡിയം ക്വാണ്ടിറ്റി) വാണിജ്യ അളവ് (കൊമേഴ്‌സില്‍ ക്വാണ്ടിറ്റി) എന്നിങ്ങനെയാണ് തരം തിരിക്കുക.
സ്മാള്‍ ക്വാണ്ടിറ്റിയാണെങ്കില്‍ ആറുമാസംവരെ കഠിനതടവും പതിനായിരം രൂപ വരെ പിഴയും, മീഡിയം ക്വാണ്ടിറ്റി ആണെങ്കില്‍ 10 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും, ക്വമേഴ്‌സല്‍ ക്വാണ്ടിറ്റി ആണെങ്കില്‍ കുറഞ്ഞത് പത്തുവര്‍ഷവും പരമാവധി 20 വര്‍ഷം വരെയും കഠിനതടവും 2 ലക്ഷം രൂപയും ആണ് ശിക്ഷ.
എന്‍ഡിപിഎസ് ആക്ട് 37 വകുപ്പ് പ്രകാരം മയക്കുമരുന്നുകേസില്‍ പിടിയിലാവുന്നവര്‍ക്ക് ജാമ്യം കിട്ടുക സാധാരണസാഹചര്യങ്ങളില്‍ അസാധ്യമാണ്. എന്നാല്‍, പിടിച്ചെടുത്ത മയക്കുമരുന്ന് വാണിജ്യഅളവില്‍ താഴെയെങ്കില്‍ പ്രതികള്‍ക്ക് സെഷന്‍സ് കോടതികള്‍ക്ക് ജാമ്യം അനുവദിക്കാം. ഓരോ മയക്കുമരുന്നിന്റെയും കാര്യത്തിലും വാണിജ്യഅളവ് വ്യത്യസ്തമാണ്. കഞ്ചാവിന്റെ കാര്യത്തിലാണെങ്കില്‍ 20 കിലോയില്‍ അധികമാണെങ്കിലേ വാണിജ്യ അളവാകൂ.
എം.ഡി.എം.എയുടെ കാര്യത്തില്‍ പോയിന്റ് 0.2 ഗ്രാമാണ് ചെറിയ അളവ്. 0.2 മുതല്‍ 5 ഗ്രാം വരെ ഇടത്തരം. 5 ഗ്രാമിനു മുകളിലാണെങ്കില്‍ വാണിജ്യ അളവായി.
എല്‍.എസ്.ഡി. സ്റ്റാമ്പിന്റെ കാര്യത്തില്‍ പോയിന്റ് 002 ആണ് ചെറിയ അളവ്. ഒരു ഗ്രാം ആയാല്‍ വാണിജ്യ അളവാകും.
ഹഷീഷ് ഓയില്‍ ഒരു കിലോയില്‍ ഏറെ വന്നാല്‍ വാണിജ്യഅളവാണ്. 100 ഗ്രാം മുതല്‍ ഒരു കിലോ വരെ ഇടത്തരം. 100 ഗ്രാം വരെ ചെറിയ കേസ്.
കൊക്കെയ്ന്‍, മോര്‍ഫിന്‍, ഹെറോയിന്‍ എന്നിവ ഉപയോഗിച്ചാല്‍ ഒരു വര്‍ഷം വരെ തടവും 20,000 രൂപ വരെ പിഴയുമാണു ശിക്ഷ. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കുക, അവര്‍ക്ക് സാമ്പത്തികസഹായം ചെയ്യുക, കുറ്റകരമായ ക്രിമിനല്‍ ഗൂഢാലോചന നടത്തുക തുടങ്ങിയവയ്ക്ക് 10 മുതല്‍ 20 വരെ വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയുമുണ്ട്.
കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി ലഹരി മരുന്നുമായി ഒന്നിലധികം തവണ പിടിക്കപ്പെടുക, ശിക്ഷിക്കപ്പെടുകയുള്‍പ്പെടെ ആവര്‍ത്തിച്ചു ചെയ്യുന്ന കുറ്റകൃത്യത്തിനു വധശിക്ഷവരെ ലഭിക്കും.
മയക്കുമരുന്നിനത്തില്‍പ്പെട്ട ചെടികള്‍ കൃഷി ചെയ്യുന്നതും കുറ്റകരമാണ്. കഞ്ചാവു ചെടി നട്ടുപിടിപ്പിച്ചാല്‍ പത്തുവര്‍ഷംവരെ കഠിനതടവും ഒരു ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. 23 വയസ്സില്‍ താഴെയുള്ളവര്‍ മദ്യം വില്‍ക്കുന്നതും ശിക്ഷാര്‍ഹമാണ്.
സംസ്ഥാനത്ത് പോയ വര്‍ഷം 5.04 ലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 1.09 ലക്ഷം കേസുകളും ലഹരി - അബ്കാരി കേസുകളാണ്. രാസലഹരി വില്പന കുതിച്ചുയര്‍ന്നതായി എക്‌സൈസും പൊലീസും വ്യക്തമാക്കുന്നുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍, റൂറല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലുള്ള നര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ് എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്. പിടികൂടുന്ന ലഹരിയുടെ 80ശതമാനത്തോളം മെത്താംഫെറ്റമിനും എം.ഡി.എം.എ.യുമാണ്. 2024 ല്‍ സംസ്ഥാനത്ത് മയക്കു മരുന്നുകേസില്‍ 25,517 പേരെയാണ് അറസ്റ്റു ചെയ്തത്. മറ്റു നടപടികള്‍ നിറുത്തിവച്ച് നിയമസഭ ഇക്കാര്യം ചര്‍ച്ച ചെയ്തു. എറണാകുളംജില്ലയിലാണ് ഏറ്റവും കൂടുതല്‍ നര്‍ക്കോട്ടിക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പതിവ് ലഹരികടത്തുകാരെ കാപ്പയ്ക്കു സമാനമായ 'പിറ്റ്' (പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്) നിയമപ്രകാരം കരുതല്‍തടങ്കലിലാക്കുന്നുണ്ട്. നൂറിലധികം പേരാണ് ഇത്തരത്തില്‍ കരുതല്‍തടങ്കലിലുള്ളത്.
ലഹരിക്കെതിരേയുള്ള പൊലീസ് - എക്‌സൈസ് പോരാട്ടം ഇനി ഒരുമിച്ചായിരിക്കും നടക്കുന്നത്. ഇരുസേനകളുടെയും ഇന്റലിജന്‍സ്‌വിഭാഗങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പങ്കുവയ്ക്കാനും കോള്‍ ഡേറ്റ, റെക്കോര്‍ഡ്, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ എന്നിവ എക്‌സൈസ് ആവശ്യപ്പെടുമ്പോള്‍ താമസമില്ലാതെ കൈമാറാനും തീരുമാനിച്ചിട്ടുണ്ട് ആദ്യപടിയായി എക്‌സൈസ് തയ്യാറാക്കിയ സ്ഥിരം ലഹരിക്കടത്തുപ്രതികളായ 997 പേരുടെ പട്ടിക പോലീസിനു കൈമാറി. മുഖ്യമന്ത്രി ലഹരിക്കടത്തുകാരുടെ പട്ടിക കേരളനിയമസഭയില്‍ വച്ചു.
ലഹരിക്കടത്തുകേസുകളിലെ 497 പേരും അബ്കാരിക്കേസുകളിലെ 500 പേരും ഉള്‍പ്പെടുന്നതാണ് ഈ പട്ടിക. മൂന്നിലധികം കേസുള്ള 108 പേര്‍ പട്ടികയിലുണ്ട്. പട്ടികയില്‍ ഉള്ളവരെ സ്ഥിരംകുറ്റവാളികള്‍ എന്നു കണക്കാക്കി നീക്കങ്ങള്‍ നിരീക്ഷിക്കും. സമാനസ്വഭാവമുള്ള ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടതാണ് മാനദണ്ഡം. പട്ടികയില്‍ ഉള്ളവരുടെ വീടുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തും. വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോയെന്നു നിരീക്ഷിക്കുകയാണ് ഉദ്ദേശ്യം. ഭാവിയിലെ കേസുകള്‍ക്കനുസരിച്ച് പട്ടിക വിപുലീകരിക്കും. പൊലീസിന്റെ കെഡി (നോണ്‍ ഡിപ്രഡേറ്റര്‍ - അറിയപ്പെടുന്ന കുറ്റവാളി) പട്ടികയ്ക്കു സമാനമാണിത്. മരണത്തോടെ മാത്രമേ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുകയുള്ളൂ.
ഇനിമുതല്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊലീസും എക്‌സൈസും പിടികൂടുന്ന കേസുകളുടെ വിവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കും. ഇതോടെ രണ്ടു വകുപ്പുകളിലെയും കേസുകള്‍ സംയോജിപ്പിച്ച് കാപ്പനിയമവും പിറ്റ് എന്‍.ഡി.പി.എസ് നിയമവും ചുമത്താന്‍ ആകും.
ലഹരിക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ കാലാവധിതീരുംവരെ ജയിലില്‍ കഴിയണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. ഇത്തരം തടവുകാര്‍ക്ക് സാധാരണപരോളും അടിയന്തരപരോളും ലഭിക്കില്ല. ശിക്ഷാതടവുകാര്‍ക്ക് വര്‍ഷത്തില്‍ 30 ദിവസമാണ് അവധി. പ്രത്യേകസാഹചര്യത്തില്‍ പത്തുദിവസംകൂടി നീട്ടി നല്‍കാറുണ്ട്. അടിയന്തര അവധി സൂപ്രണ്ട് മുഖേന മൂന്നുദിവസവും സര്‍ക്കാര്‍വഴി 15 ദിവസവും ലഭിക്കും. ഇതൊന്നും ലഹരിക്കേസിലെ തടവുകാരനു ലഭിക്കില്ല.
ലഹരി ഉപയോഗിക്കുന്നവരില്‍ 90 ശതമാനം പേരും 23 വയസ്സില്‍ താഴെയുള്ളവരാണെന്നാണ് 2023 ല്‍ എക്‌സൈസ് കണ്ടെത്തിയത്. ആറുമാസത്തിനിടെ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ സഹായിക്കുന്ന കിറ്റുകള്‍ ലഭ്യമാണ്. വാര്‍ഷികപ്പരീക്ഷ എഴുതണമെങ്കില്‍, ജോലി ലഭിക്കണമെങ്കില്‍ ഒക്കെ ലഹരി ഉപയോഗിച്ചിട്ടില്ല എന്ന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിയമം വരാനിടയുണ്ട്. സര്‍വകലാശാലകളും വിദ്യാഭ്യാസവകുപ്പും ഇതിനുവേണ്ട നടപടികള്‍ ആരംഭിച്ചുതുടങ്ങിയിട്ടുണ്ട്. വിദേശത്തേക്കു പോകാന്‍ അനുമതി ലഭിക്കുമ്പോഴും ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കും.
നിലവില്‍ കേരളസര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസ്, അഫിലിയേറ്റഡ് കോളജുകള്‍, സര്‍വകലാശാല സെന്ററുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്നു സത്യവാങ്മൂലം നല്‍കണം. വരുന്ന അക്കാദമികവര്‍ഷംമുതല്‍ ഇതു നിര്‍ബന്ധമാക്കും. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ നല്‍കുന്ന സത്യവാങ്മൂലം സ്ഥാപനമേലാധികാരി സൂക്ഷിക്കും. സത്യവാങ്മൂലം ലംഘിച്ചാല്‍ നടപടി സ്വീകരിക്കാനും സര്‍വകലാശാല അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
പുതുതായി പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധപ്രതിജ്ഞ കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊച്ചി കാമ്പസില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ 'നോ ടു ഡ്രഗ് ' പ്രതിജ്ഞ എഴുതി ഒപ്പിട്ടുനല്‍കണം.
സംസ്ഥാനത്തെ ഐടി പാര്‍ക്കുകളിലെ കമ്പനികളില്‍ ജീവനക്കാരെ നിയമിക്കുന്നതിനുമുമ്പ് ലഹരിവിരുദ്ധസത്യവാങ്മൂലം വാങ്ങാന്‍ ആലോചിക്കുന്നുണ്ട്. 'ഞാന്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ല; ഇനി ഉപയോഗിക്കുകയുമില്ല' എന്ന സത്യവാങ്മൂലമാണ് ആലോചനയിലുള്ളത്. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലായുള്ള ഏകദേശം 280 കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് (ജിടെക്) ഈ ആശയം സര്‍ക്കാരിനെ അറിയിച്ചു. ഇന്‍ഫോസിസ്, യുഎസ്ടി, ടിസിഎസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ജി ടെക്കില്‍ അംഗങ്ങളാണ്.
പോളിസി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ് അബ്യൂസ് (പോഡ)എന്ന നിയമത്തില്‍ ജോലി പ്രവേശിക്കുമ്പോള്‍ത്തന്നെ ലഹരി ഉപയോഗിക്കില്ലെന്ന് കരാര്‍ ഒപ്പിടാന്‍ വ്യവസ്ഥയുണ്ട്.
ലഹരിയുപയോഗിക്കുന്നവര്‍ക്കെതിരേ മതപരമായ വിലക്കുകള്‍വരെ വന്നു തുടങ്ങി. പുതുപ്പാടി പഞ്ചായത്തിലെ മഹല്ല് കമ്മിറ്റികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിവാഹാവശ്യത്തിന് മറ്റു മഹല്ലുകളിലേക്കു സ്വഭാവശുദ്ധി സാക്ഷ്യപത്രം നല്കില്ലെന്നു തീരുമാനിച്ചു.
ഓര്‍ക്കുക; ലഹരിയുപയോഗിച്ചാല്‍ പിടിക്കപ്പെടില്ലെന്നും ചെറിയ ആളവിലാണെങ്കില്‍ കുഴപ്പമില്ലെന്നും കരുതുന്നത് വിഡ്ഢിത്തമാണ്. ഈ ജന്മം പാഴ്ജന്മമാകും. എല്ലാത്തരം ലഹരികളില്‍നിന്നും ബോധപൂര്‍വ്വം അകലം പാലിക്കുക. ജീവിതം സുരക്ഷിതവും ശോഭനവുമാക്കുക.