•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

പാഠം പഠിക്കാത്ത പാക്കിസ്ഥാന്‍

    1999 ലെ കാര്‍ഗില്‍യുദ്ധത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന നേര്‍ക്കുനേര്‍ യുദ്ധത്തിന് ''ഓപ്പറേഷന്‍ സിന്ദൂര്‍'' എന്ന പേരു നല്കിയത് ശ്രദ്ധേയമായി. വിവാഹിതരായ ഇന്ത്യന്‍ സ്ത്രീകള്‍ നെറുകയില്‍ ചാര്‍ത്തുന്ന സിന്ദൂരം തുടച്ചുമാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേയുള്ള ശക്തമായ താക്കീതാണത്.
    ലഡാക്ക് ജില്ലയിലുള്ള കാര്‍ഗില്‍മലനിരകളില്‍ നുഴഞ്ഞുകയറിയ പാക്കിസ്ഥാന്‍പട്ടാളത്തെയും ഭീകരരെയും തുരത്തിയോടിച്ച സൈനികമുന്നേറ്റത്തിനു നല്കിയ പേര്‍ ''ഓപ്പറേഷന്‍ വിജയ്'' എന്നായിരുന്നു.  ഇന്ത്യന്‍ വ്യോമസേനയുടെ  ആക്രമണപദ്ധതിക്ക് 'ഓപ്പറേഷന്‍ സാഫെദ് സാഹര്‍' എന്നും, നാവികസേനയുടെ പടയോട്ടത്തിന് 'ഓപ്പറേഷന്‍ തല്‍വാര്‍' എന്നുമാണ് പേരു നല്കിയത്.
1999 മേയ് മാസം എട്ടാം തീയതി തുടങ്ങി 83 ദിവസം നീണ്ടുനിന്ന കാര്‍ഗില്‍യുദ്ധം (2 മാസവും 3 ആഴ്ചയും 2 ദിവസവും)  ജൂലൈ 25 നാണ് അവസാനിച്ചത്. നിയന്ത്രണരേഖയ്ക്കിപ്പുറത്തുള്ള മലനിരകള്‍ മുഴുവന്‍ തിരിച്ചുപിടിച്ച ഇന്ത്യന്‍സൈനികര്‍ 5,353 മീറ്റര്‍ (17,562 അടി) ഉയരമുള്ള മാര്‍പോ ലാ കൊടുമുടിയില്‍ ഇന്ത്യന്‍പതാക ഉയര്‍ത്തി. 1999 ജൂലൈ 26 പ്രഭാതത്തിലെ  ആ ചരിത്രസംഭവം  അനുസ്മരിക്കുന്നതിന് അക്കാലത്ത് ഇന്ത്യന്‍പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പെയ് ജൂലൈ 26 'കാര്‍ഗില്‍ വിജയ് ദിവസ്' എന്നു നാമകരണം ചെയ്തു. അന്നുമുതല്‍ എല്ലാ വര്‍ഷവും ആ ദിവസം കാര്‍ഗില്‍വിജയ്ദിനമായി ഭാരതസര്‍ക്കാര്‍ ആചരിച്ചുവരുന്നു.
    യുദ്ധമുഖത്തുള്ള അനേകം ഗ്രാമങ്ങള്‍ തകര്‍ന്നുതരിപ്പണമായതും പതിനായിരക്കണക്കിനു ഗ്രാമീണര്‍ പലായനം ചെയ്തതുമാണ് കാര്‍ഗിലില്‍ സംഭവിച്ച ദുരന്തം. നമ്മുടെ സൈന്യത്തിലെ 527 പേരാണ് വീരമൃത്യു വരിച്ചത്. ക്യാപ്റ്റന്‍ വിക്രം ബത്ര, ക്യാപ്റ്റന്‍ മനോജ് കുമാര്‍ പാണ്ഡെ, മേജര്‍ രാജേഷ് അധികാരി, ഗ്രനേഡിയര്‍ യോഗേന്ദ്ര സിങ് യാദവ്  എന്നിവരാണ് കാര്‍ഗില്‍യുദ്ധത്തിലെ ഹീറോകളായി എണ്ണപ്പെട്ടത്. ഇവരില്‍ ആദ്യത്തെ രണ്ടുപേരെ മരണാനന്തരബഹുമതിയായി പരമവീരചക്രം നല്കി രാഷ്ട്രം ആദരിക്കുകയുണ്ടായി. പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ട ഫ്‌ളൈറ്റ് ലഫ്റ്റനന്റ് കെ സചികേതനെ എട്ടു ദിവസങ്ങള്‍ക്കുശേഷം ഇന്റര്‍നാഷണല്‍ റെഡ്‌ക്രോസിന്റെ മധ്യസ്ഥതയില്‍ മോചിപ്പിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്രനേട്ടമാണ്. പാക്കിസ്ഥാന്‍ സൈന്യത്തിലും ഭീകരരിലുംപെട്ട ഏകദേശം 4,000 പേരോളം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഹമാസ് മോഡല്‍ ആക്രമണം
     ഇക്കഴിഞ്ഞ മാസം 22-ാം തീയതി കശ്മീരിലെ ഏറ്റവും പേരുകേട്ട വിനോദസഞ്ചാരകേന്ദ്രമായ പഹല്‍ഗാമില്‍ സന്ദര്‍ശനത്തിനെത്തിയ വിനോദസഞ്ചാരികളില്‍ 26 പേരെ നിഷ്ഠുരം വെടിവച്ചുകൊന്ന ഭീകരാക്രമണത്തിനുള്ള ചുട്ട മറുപടിയാണ് 'ഓപ്പറേഷന്‍ സിന്ദൂര്‍'. ഇസ്രയേലിനുള്ളില്‍ കയറി 1,200 നിരപരാധരെ വധിക്കുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിന്റെ ആക്രമണരീതിയാണ് പാക്ഭീകരര്‍ തിരഞ്ഞെടുത്തതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തിയത്. 
    പഹല്‍ഗാം ആക്രമണത്തിനുശേഷം 11-ാം ദിവസം കൃത്യമായ കണക്കുകൂട്ടലുകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും കൂടിയാലോചനകള്‍ക്കുംശേഷമായിരുന്നു ഇന്ത്യന്‍സൈന്യത്തിന്റെ പ്രത്യാക്രമണം. മുസാഫറാബാദ്, സര്‍ജാല്‍, കോട്‌ലി, ഗുര്‍പൂര്‍, സിയാല്‍കോട്ട്, ബര്‍ണാല്‍, മുരിദ്‌കെ, ബഹാവല്‍പൂര്‍, സവായ് തുടങ്ങിയ ഒമ്പതു പട്ടണങ്ങളിലുണ്ടായിരുന്ന ഭീകരപരിശീലനകേന്ദ്രങ്ങള്‍ പ്രത്യാക്രമണത്തിന്റെ ആദ്യമണിക്കൂറുകളില്‍ത്തന്നെ തകര്‍ക്കാന്‍ ഇന്ത്യന്‍സൈന്യത്തിനു കഴിഞ്ഞു. ഇതോടൊപ്പം, പാക് അധിനിവേശകശ്മീരിലെ അഞ്ചു തീവ്രവാദക്യാമ്പുകളും തകര്‍ത്തയായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. കൊടുംഭീകരരായി മുദ്രകുത്തപ്പെട്ടിട്ടുള്ള  ജയ്ഷ് ഇ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ ബഹാവല്‍പൂരിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലുണ്ടായിരുന്ന പത്തു പേരും കൊല്ലപ്പെട്ടുവെന്നും വാര്‍ത്തയുണ്ട്. അവരിലൊരാള്‍ മസൂദിന്റെ ഇളയസഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഹറാണെന്നു സ്ഥിരീകരിച്ചു. 1999 ഡിസംബര്‍ 24-ാം തീയതി 179 യാത്രക്കാരും 11 ജീവനക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡുവില്‍നിന്നു ഡല്‍ഹിയിലേക്കു പറന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ സി 814 യാത്രാവിമാനം റാഞ്ചിയെടുത്ത് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിലിറക്കിയ അഞ്ചു പാക് ഭീകരരില്‍ പ്രധാനി അബ്ദുള്‍ റൗഫായിരുന്നു. ജമ്മുവിലെ ജയിലില്‍ കഴിയുകയായിരുന്ന മസൂദിനെയും രണ്ടു സുഹൃത്തുക്കളെയും മോചിപ്പിക്കുകയായിരുന്നു റാഞ്ചികളുടെ ലക്ഷ്യം. ഒരാഴ്ച നീണ്ടുനിന്ന വിലപേശലുകള്‍ക്കൊടുവില്‍  മൂന്നു ഭീകരരെ വിട്ടയച്ചുകൊണ്ടാണ് വിമാനയാത്രക്കാരെയും ജീവനക്കാരെയും മോചിപ്പിക്കാനായത്. അല്‍ ഉമര്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയുടെ സ്ഥാപകനും കമാന്‍ഡറുമായിരുന്ന മുസ്താഖ് അഹമ്മദ് സര്‍ഗാര്‍, അബ്ദുള്‍ റൗഫിന്റെ കൂട്ടാളിയായിരുന്നു. അക്കാലത്തെ  വാജ്‌പെയ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ഏറ്റവും വലിയ പ്രശ്‌നമായിരുന്നു കാണ്ഡഹാര്‍ വിമാനറാഞ്ചല്‍. അബ്ദുള്‍ റൗഫിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ 2022 ല്‍ ഐക്യരാഷ്ട്രസംഘടനാരക്ഷാസമിതിയില്‍ ഇന്ത്യ സമര്‍പ്പിച്ച അപേക്ഷ ചൈന വീറ്റോ ചെയ്യുകയായിരുന്നു.
    2016 സെപ്റ്റംബര്‍ 18-ാം തീയതി ജയ്ഷ് ഇ മുഹമ്മദിന്റെ നാലു ഭീകരര്‍ കശ്മീരിലെ ഉറി സൈനികക്യാമ്പില്‍ നടത്തിയ മിന്നലാക്രമണം ഇന്ത്യന്‍സൈന്യത്തിന്റെ മനോവീര്യം തകര്‍ത്ത സംഭവമായിരുന്നു. രണ്ടു പതിറ്റാണ്ടിനിടയില്‍ ഒരു സൈനികതാവളത്തിനു നേരേ നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ 19 സൈനികരാണ് വീരമൃത്യുവരിച്ചത്. പത്തുദിവസത്തിനകം ഇന്ത്യന്‍ സൈന്യം അളന്നുകുറിച്ചു നടത്തിയ 'സര്‍ജിക്കില്‍സ്‌ൈട്രക്കില്‍' പാക്കിസ്ഥാനിലുള്ള ഭീകരതാവളങ്ങള്‍ തകര്‍ത്ത്  നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തു. 2019 ഫെബ്രുവരി 14 ന് കശ്മീര്‍താഴ്‌വരയിലേക്കു പോവുകയായിരുന്ന മൂന്ന് സിആര്‍പിഎഫ് ബറ്റാലിയനുകളിലെ 2,500 സൈനികരുടെ കൊണ്‍വോയിയിലേക്കു വാഹനം ഇടിച്ചുകയറ്റിയ ചാവേറാക്രമണം 40 സൈനികരുടെ ജീവനാണ് കവര്‍ന്നെടുത്തത്. ജയ്ഷ് ഇ മുഹമ്മദ് ഭീകരനായ അബ്ദുള്‍ അഹമ്മദ് ദുര്‍ ആയിരുന്നു ചാവേറെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ തെളിഞ്ഞു. പ്രത്യാക്രമണം നടത്തിയ വ്യോമസേനാപൈലറ്റുകള്‍ നിയന്ത്രണരേഖയും കടന്ന് ബാലാക്കോട്ടുള്ള ഭീകരത്താവളങ്ങളും ഒളിസങ്കേതങ്ങളും തകര്‍ത്തെങ്കിലും പാക് അതിര്‍ത്തിക്കുള്ളില്‍ ഒരു മിഗ് 21 വിമാനം തകര്‍ന്നുവീണത് തിരിച്ചടിയായി.
    ഏതാനും മാസങ്ങള്‍ക്കുമുമ്പ് ജയ്ഷ് ഇ മുഹമ്മദിന്റെ ഭരണസിരാകേന്ദ്രമായ ബഹാവല്‍പൂരില്‍ ഹമാസ്‌നേതാക്കള്‍ സന്ദര്‍ശനം നടത്തിയത് രണ്ടു ഭീകരസംഘടനകളും തമ്മിലുള്ള ഇഴയടുപ്പം വ്യക്തമാക്കുന്നതാണ്. ഇസ്രയേലുമായുള്ള ഏറ്റുമുട്ടലില്‍ പാക്കിസ്ഥാന്റെ സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയയുടെ അപേക്ഷയെത്തുടര്‍ന്നായിരുന്നു  നേതാക്കളുടെ സന്ദര്‍ശനം. കറാച്ചിയില്‍ സംഘടിപ്പിച്ച 'അല്‍ അഖ്‌സ റാലി'യില്‍ പങ്കെടുത്തശേഷമാണ് അവര്‍ മടങ്ങിയത്. എന്നാല്‍, പാക്കിസ്ഥാന്റെ സഹായം എത്തുംമുമ്പ് കഴിഞ്ഞവര്‍ഷം ജൂലൈ 31-ാം തീയതി ഇസ്മയില്‍ ഹനിയ ടെഹ്‌റാനില്‍ വധിക്കപ്പെട്ടിരുന്നു. ഹനിയയുടെ നിര്യാണത്തില്‍ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് ഒരു ദിവസത്തെ ദുഃഖാചരണം പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചതും ശ്രദ്ധിക്കപ്പെട്ട സംഭവമാണ്.
ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്നടിഞ്ഞ പ്രധാന മന്ദിരങ്ങളിലൊന്ന് പാക് പഞ്ചാബിലെ ഷെയ്ക്പുരയിലുള്ള മര്‍കസ് തയ്ബ മോസ്‌കാണ്. രണ്ടായിരാമാണ്ടില്‍ ലഷ്‌കര്‍ തലവന്‍ ഹാഫിസ് സെയ്ദ് ഈ ആരാധനാലയം പടുത്തുയര്‍ത്തിയത് അല്‍ക്വയ്ദ സ്ഥാപകനായ ഒസാമ ബിന്‍ ലാദന്‍ നല്കിയ ഒരു കോടി രൂപ ചെലവഴിച്ചാണ്. ഓരോ വര്‍ഷവും നൂറു കണക്കിന് ബാലികാബാലന്മാര്‍ക്ക് മതപഠനവും  ആയുധപരിശീലനവും നല്കിവന്ന മാര്‍കസ് തയ്ബ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. വാഗാ അതിര്‍ത്തിയില്‍നിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള തയ്ബയിലെ സുഫ അക്കാദമിയിലായിരുന്നു കുട്ടികള്‍ക്ക് ആയുധപരിശീലനം നല്കിയിരുന്നത്.
പാക് അധിനിവേശകശ്മീര്‍ തിരിച്ചുപിടിക്കണം
ഭരണത്തിലേറിയ നാള്‍മുതല്‍ ബിജെപിനേതാക്കള്‍ വീമ്പിളക്കിക്കൊണ്ടിരുന്ന ഒരു കാര്യം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആവര്‍ത്തിച്ചത് ലാഘവബുദ്ധിയോടെ തള്ളിക്കളയാനാവില്ല. സ്വാതന്ത്ര്യാനന്തരകാലംമുതല്‍ പാക്കിസ്ഥാന്‍ കൈയടക്കിവച്ചു ഭരിക്കുന്ന പാക് അധിനിവേശകശ്മീര്‍ തിരിച്ചുപിടിക്കണമെന്നാണ് റെഡ്ഡി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. 1971 ല്‍ പാക്കിസ്ഥാനില്‍നിന്നു കിഴക്കന്‍ പാക്കിസ്ഥാനെ വേര്‍പെടുത്തി ബംഗ്ലാദേശ് എന്ന പുതിയ രാജ്യം സൃഷ്ടിക്കാന്‍ ഇന്ദിരാഗാന്ധി പ്രകടിപ്പിച്ച ധൈര്യമാണ് റെഡ്ഡി ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. 10 പാര്‍ലമെന്റു മണ്ഡലങ്ങളും 25 നിയമസഭാമണ്ഡലങ്ങളുമുള്ള പാക് അധിനിവേശ കശ്മീരില്‍ ഏഴു പതിറ്റാണ്ടിലധികമായി പാക്കിസ്ഥാന്‍ ഭരണം നടത്തുന്നു. 1947-48 കാലത്ത് കശ്മീരില്‍നിന്നു പിടിച്ചെടുത്ത ഗില്‍ജിത്, ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യകളും പില്‍ക്കാലങ്ങളിലെ യുദ്ധങ്ങളില്‍ നമുക്കു നഷ്ടപ്പെട്ട ആസാദ് കശ്മീരും ഉള്‍പ്പെടെ 85,793 ചതുരശ്രകിലോമീറ്റര്‍ (കേരളത്തിന്റെ രണ്ടേകാല്‍ ഇരട്ടി) ഭൂപ്രദേശമാണ് പാക്അധിനിവേശകശ്മീര്‍. അക്‌സായി ചിന്നും ഡെംചോക്കും ഉള്‍പ്പെടെയുള്ള 38,000 ച. കി. പ്രദേശം ചൈനയുടെ അധീനതയിലാണ്.
വെടിനിര്‍ത്തല്‍പ്രഖ്യാപനം പ്രഹസനമായി
    മൂന്നു രാത്രിയും മൂന്നുപകലും നീണ്ടുനിന്ന വ്യോമാക്രമണങ്ങള്‍ക്കും ഷെല്ലാക്രമണങ്ങള്‍ക്കും അറുതി വരുത്തി ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി  ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി വിക്രം മിശ്രി ഇപ്രകാരം അറിയിച്ചു: ''പാക്കിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ്  മിലിറ്ററി  ഓപ്പറേഷന്‍സ് (ഡിജിഎംഒ) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.35 ന് ഇന്ത്യന്‍ ഡിജിഎംഒ യെ ഫോണില്‍ വിളിച്ച്  ഇന്ത്യന്‍ സമയം വൈകുന്നേരം 5 മണിക്ക് ഇരുപക്ഷവും കരയിലും ആകാശത്തും കടലിലുമുള്ള എല്ലാ സൈനികനീക്കവും വെടിവയ്പും നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു.'' അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും  വൈസ്പ്രസിഡന്റ്  ജെ ഡി വാന്‍സും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെറീഫുമായും നടത്തിയ ചര്‍ച്ചകളാണ്  ഫലം കണ്ടത്. എന്നാല്‍, പ്രഖ്യാപനം കഴിഞ്ഞ് മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ജമ്മുവിലും ശ്രീനഗറിലും കശ്മീര്‍താഴ്‌വരയിലും പാക് സൈന്യത്തിന്റെ ഡ്രോണ്‍ ആക്രമണമുണ്ടായി. കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബ്‌ളാക്ക് ഔട്ട് പ്രഖ്യാപിക്കേണ്ടിയും വന്നു. ഗുജറാത്തിലെ കച്ച് ജില്ലയ്ക്കു മുകളില്‍ നിരവധി ഡ്രോണുകള്‍ വട്ടമിട്ടു പറക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)