•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

സമാധാനത്തിന്റെ സന്ദേശവുമായി പുതിയ ഇടയന്‍

     വിശുദ്ധ കുരിശിന്റെ പിന്നാലെ പ്രദക്ഷിണമായി വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മട്ടുപ്പാവില്‍ പ്രത്യക്ഷനായി റോമാനഗരത്തിനും     ലോകം മുഴുവനും നല്കിയ ആദ്യ ആശീര്‍വാദത്തിനു മുന്നോടിയായി ജനാവലിയെ അഭിവാദനം ചെയ്തുകൊണ്ട് ലെയോ പതിന്നാലാമന്‍ മാര്‍പാപ്പാ നല്കിയ സന്ദേശം.

   മാധാനം നിങ്ങള്‍ എല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.
ഏറ്റവും പ്രിയപ്പെട്ട സഹോദരന്മാരേ, സഹോദരിമാരേ,
''നിങ്ങള്‍ എല്ലാവര്‍ക്കും സമാധാനം'' എന്ന ആശംസ ഉത്ഥിതനായ മിശിഹായുടെ ആദ്യ അഭിവാദനമാണ്.
ദൈവത്തിന്റെ അജഗണത്തിനായി സ്വന്തം ജീവന്‍ നല്കിയ നല്ലിടയന്റെ അഭിവാദനം നിങ്ങളുടെ ഹൃദയത്തില്‍ പ്രവേശിപ്പിക്കാനും നിങ്ങളുടെ കുടുംബങ്ങളില്‍ എത്തിച്ചേരാനും ഇടയാകട്ടെ. എവിടെയായിരുന്നാലും എല്ലാ ആളുകള്‍ക്കും എല്ലാ ജനതതിക്കും ഭൂമുഖം മുഴുവനും 'സമാധാനം നിങ്ങളോടുകൂടെ' എന്നു ഞാന്‍ ആശംസിക്കുന്നു.
    ഇത് ഉത്ഥിതനായ മിശിഹായുടെ സമാധാനമാണ്. നിരായുധവും നിരായുധമാക്കുന്നതുമായ സമാധാനം. വിനീതവും നിലനില്ക്കുന്നതുമായ സമാധാനം. നമ്മള്‍ എല്ലാവരെയും നിരുപാധികം സ്‌നേഹിക്കുന്ന ദൈവത്തില്‍നിന്നുള്ള സമാധാനം.
കഴിഞ്ഞ ഉയിര്‍പ്പുതിരുനാളില്‍ റോമാനഗരത്തെയും ലോകംമുഴുവനെയും ഫ്രാന്‍സിസ് പാപ്പാ  ആശീര്‍വദിച്ചപ്പോള്‍ ശ്രവിച്ച, ദുര്‍ബലമെങ്കിലും ആത്മധൈര്യം സ്ഫുരിക്കുന്ന സ്വരം നമ്മുടെ കര്‍ണപുടങ്ങളില്‍ മുഴങ്ങുന്നുണ്ട്. അതേ ആശീര്‍വാദത്തിനു തുടര്‍ച്ചയേകുവാന്‍ എന്നെ അനുവദിച്ചാലും. ദൈവം നമ്മുടെ നന്മ ആഗ്രഹിക്കുന്നു. ദൈവം നിങ്ങള്‍ എല്ലാവരെയും സ്‌നേഹിക്കുന്നു. തിന്മ പ്രബലപ്പെടുകയില്ല.
നമ്മളെല്ലാവരും ദൈവതൃക്കരങ്ങളിലാണ്. ആയതിനാല്‍, നിര്‍ഭയം ദൈവത്തോടും നമ്മള്‍ തമ്മില്‍ത്തമ്മിലും  കരങ്ങള്‍ കോര്‍ത്തു മുന്നേറാം. നമ്മള്‍ മിശിഹായുടെ അനുയായികളാണ്. അവിടുന്നു നമുക്കു  മുമ്പേ നടക്കുന്നു. ലോകത്തിന് മിശിഹായുടെ പ്രകാശം ആവശ്യമുണ്ട്. ദൈവത്തോടും അവിടുത്തെ സ്‌നേഹത്തോടും നമ്മെ ബന്ധിപ്പിക്കുന്ന ഒരു പാലമായി മനുഷ്യവംശത്തിന് മിശിഹായെ ആവശ്യമാണ്. നിങ്ങളും പരസ്പരം പാലം പണിയുവാന്‍ സഹായിക്കണമേ. കൂടിവരവും ചര്‍ച്ചകളും വഴി എല്ലാവരും ഒരൊറ്റജനമായി എപ്പോഴും ശാന്തിയിലും സമാധാനത്തിലും കഴിയാന്‍ സാധിക്കട്ടെ. ഫ്രാന്‍സിസ് പാപ്പായ്ക്കു നന്ദി.
     അപ്രകാരംതന്നെ പത്രോസിന്റെ പിന്‍ഗാമിയായിരിക്കാന്‍ എന്നെ നിയോഗിച്ച എന്റെ സഹോദരകര്‍ദിനാള്‍മാര്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു. പത്രോസിന്റെ പിന്‍ഗാമി എന്ന നിലയില്‍ ഐക്യമുള്ള സഭയായി എപ്പോഴും സമാധാനവും നീതിയും അന്വേഷിച്ചുകൊണ്ട് നിങ്ങളോടൊപ്പം നടക്കാനും ഈശോമിശിഹായോടു വിശ്വസ്തരായ സ്ത്രീപുരുഷന്മാരായി എപ്പോഴും ഭയരഹിതരായി സുവിശേഷം പ്രഘോഷിച്ചുകൊണ്ട് പ്രേഷിതരായി പ്രവര്‍ത്തിക്കുന്ന സഭാതനയരെ നയിക്കാനും എന്നെ തിരഞ്ഞെടുത്തിരിക്കുകയാണ്.
'നിങ്ങളോടൊപ്പം ക്രിസ്ത്യാനിയും നിങ്ങള്‍ക്കുവേണ്ടി മെത്രാനുമാകുന്നു' എന്നു പറഞ്ഞ വിശുദ്ധ ആഗസ്തീനോസിന്റെ മകനാണ്, അഗസ്തീനിയനാണ്, ഞാന്‍. ആ അര്‍ഥത്തില്‍ നമ്മള്‍ എല്ലാവര്‍ക്കും ഒന്നിച്ച് ദൈവം നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്ന സ്വര്‍ഗരാജ്യത്തേക്കു ചരിക്കാം.
    റോമിലെ സഭയ്ക്ക് ഒരു സവിശേഷ അഭിവാദനം നേരുന്നു. ഒത്തൊരുമയോടെ, സംവേദനത്തിലൂടെ, ഒരു പ്രേഷിതസഭയാകാനും എല്ലാവരെയും സ്വീകരിക്കാന്‍ കരങ്ങള്‍ വിടര്‍ത്തി നില്ക്കുന്നതുപോലുള്ള ഈ ബസിലിക്കഅങ്കണത്തിനു സമാനമായിരിക്കണം സഭ. നമ്മുടെ സ്‌നേഹവും സഹായവും സാന്നിധ്യവും സ്‌നേഹസംഭാഷണവും ആവശ്യമായവരെ വിടര്‍ന്ന കരങ്ങള്‍ നീട്ടി സ്വാഗതം. നിങ്ങളുടെ അനുവാദത്തോടെ (സ്പാനിഷില്‍) ഒരു വാക്കുകൂടി: എല്ലാവര്‍ക്കും പ്രത്യേകമായി പെറുവിലെ എന്റെ പ്രിയ ചിക്ലായോ രൂപതയ്ക്ക് അഭിവാദനം. അവിടെ ജനം വിശ്വസ്തതയോടെ മെത്രാനൊപ്പം നടന്നു. ഈശോമിശിഹായോടു വിശ്വസ്തയായ ഒരു സഭയായി തുടരാന്‍ ഈ ജനം വിശ്വാസം പങ്കുവയ്ക്കുകയും വളരെ വളരെ ദാനം ചെയ്യുകയും ചെയ്തു.
     റോമിലെയും ഇറ്റലിയിലെയും ലോകം മുഴുവനിലെയും സഹോദരന്മാരേ, സഹോദരിമാരേ, എല്ലാവര്‍ക്കുമൊപ്പം നടക്കുന്ന ഒരു സഭയായിരിക്കാന്‍, എപ്പോഴും സമാധാനം അന്വേഷിക്കുന്ന സഭയായിരിക്കാന്‍, എപ്പോഴും ഉപവി അന്വേഷിക്കുന്ന സഭയായിരിക്കാന്‍, വളരെ പ്രത്യേകമായി വേദനിക്കുന്നവരുടെ ചാരത്തുണ്ടായിരിക്കുന്ന സഭയായിരിക്കാന്‍ നമ്മളാഗ്രഹിക്കുന്നു.
   ഇന്നു പൊമ്പേയിലെ പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യം അപേക്ഷിക്കുന്ന ദിവസമാണ്. നമ്മുടെ അമ്മ എപ്പോഴും നമ്മോടൊപ്പം നടക്കാനാഗ്രഹിക്കുന്നു. നമ്മുടെ സമീപത്തുണ്ടാകാനും തന്റെ സ്‌നേഹവും മാധ്യസ്ഥ്യവും വഴി നമ്മെ സഹായിക്കാനും എപ്പോഴും പരിശുദ്ധ അമ്മ ആഗ്രഹിക്കുന്നു.
അതിനാല്‍, നിങ്ങളോടൊപ്പം പരിശുദ്ധ അമ്മയോടു പ്രാര്‍ഥിക്കാന്‍ ഞാനാഗ്രഹിക്കുന്നു. എല്ലാവരും ഒന്നുചേര്‍ന്ന് എന്റെ ഈ പുതിയ ദൗത്യത്തിനും, സഭ മുഴുവനുംവേണ്ടിയും ലോകത്തില്‍ സമാധാനം  പുലരാന്‍വേണ്ടിയും മാതാവിന്റെ പ്രത്യേക വരദാനം യാചിക്കാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)