•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

ഈശോയോടൊത്ത് തിടുക്കത്തില്‍ സഞ്ചരിക്കുക

പാലാ രൂപത പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനപ്പള്ളിയങ്കണത്തില്‍ സംഘടിപ്പിച്ച മിഷനറി മഹാസംഗമത്തില്‍ വിശുദ്ധകുര്‍ബാനമധ്യേ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്കിയ സന്ദേശത്തില്‍നിന്ന്:

   അഗ്‌നി അതിന്റെ  ജ്വാലയില്‍ നിലനില്‍ക്കുന്നു എന്നു പറയുന്നതുപോലെ ഒരു പ്രാദേശികസഭ നിലനില്‍ക്കുന്നതും വളരുന്നതും അതിന്റെ മിഷനറിസ്വഭാവത്താലാണ്. നമ്മുടെ വീടിന്റെ പ്രത്യേകത എന്താണെന്നു മനസ്സിലാക്കി നമ്മള്‍ ചെയ്യുന്ന കാര്യമാണ് നമ്മുടെ മിഷനറി സ്വഭാവം. വീട് നമുക്കു വേരുകള്‍ നല്കുന്ന സ്ഥലമാണ്. ലോകത്തില്‍ നമ്മെ അടയാളപ്പെടുത്തുന്നത് വീടാണ്. സ്‌നേഹംകൊണ്ട് നമ്മെ വലയം ചെയ്യുന്നതു വീടാണ്. വീടുപോലെ ലോകത്തില്‍ മറ്റൊരു സ്ഥലവുമില്ല. അതുകൊണ്ടാണ് ഇവിടെ മൂവായിരത്തിലധികം പ്രേഷിതര്‍ സംഗമിച്ചിരിക്കുന്നത്. പാലാപോലെ നമുക്കൊരു വീട് വേറേ ഒന്നുമില്ല. വടക്കേന്ത്യയില്‍നിന്നും ഇന്ത്യയ്ക്കു പുറത്തുള്ള രാജ്യങ്ങളില്‍നിന്നുമെല്ലാം നമ്മുടെ മക്കള്‍ ഇവിടെ വന്ന് ഈ ദിവസത്തിനുവേണ്ടി നോക്കിപ്പാര്‍ത്തു കഴിയുകയായിരുന്നു. അങ്ങനെ കര്‍ത്താവ് നമുക്കു നല്‍കിയ സുവിശേഷം ലോകത്തിന്റെ അതിര്‍ത്തികള്‍വരെ എത്തിച്ചതിലുള്ള സന്തോഷമാണ്  ഇന്ന് ഈ പരിശുദ്ധകുര്‍ബാനയില്‍ നമ്മള്‍ കണ്ടെത്തുന്നത്. മിഷന്‍ പ്രവര്‍ത്തനത്തെക്കുറിച്ച് വളരെയേറെ സംസാരിച്ച പരിശുദ്ധ പിതാവായിരുന്നു ഫ്രാന്‍സിസ് പാപ്പാ. മിഷനറി അല്ലെങ്കില്‍ ക്രൈസ്തവനെന്ന പേരിനുപോലും നാം അര്‍ഹനല്ല എന്നു പിതാവ് നമ്മെ പഠിപ്പിച്ചു. ഇപ്പോഴത്തെ പരിശുദ്ധപിതാവ് ലെയോ പതിന്നാലാമന്‍  മിഷന്‍ദൗത്യത്തെക്കുറിച്ച് ഈ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ത്തന്നെ പലതവണ നമ്മെ പഠിപ്പിച്ചു. 
     അത്യപൂര്‍വമായ പരിചയസമ്പത്തും ഭാഷാമികവുമുള്ള ഒരു പരിശുദ്ധപിതാവിനെയാണ് നമുക്കു ലഭിച്ചിരിക്കുന്നത്. അഗസ്റ്റീനിയന്‍ പാരമ്പര്യവും ലെയോ എന്ന പേരു തിരഞ്ഞെടുക്കലും പിതാവ് തന്റെ ശുശ്രൂഷയില്‍ എന്താണു ചെയ്യാനാഗ്രഹിക്കുന്നത്, ആരെയൊക്കെയാണ് കൂട്ടുപിടിക്കുന്നത് എന്നുള്ളതിന്റെയെല്ലാം തെളിവുകള്‍ കൂടിയാണ്. ഒരു മിഷനറിസഭയ്ക്കുമാത്രമാണ് ഭാവിയുള്ളത് എന്നു ഫ്രാന്‍സിസ് പിതാവ് ആവര്‍ത്തിച്ചുപറഞ്ഞു. നമ്മള്‍ ജീവനില്ലാത്ത ഇഷ്ടികപോലെയല്ല, ജീവനുള്ള കല്ലുകളാവണം. അങ്ങനെ സഭയുടെ കോണ്‍സ്റ്റിറ്റിയൂഷനായിട്ട് നമ്മള്‍ മാറണമെന്ന് ഫ്രാന്‍സിസ് പിതാവ് വൈദികരായ നമ്മെക്കുറിച്ചു പറഞ്ഞത് നമുക്കു മറക്കാതിരിക്കാം. 
    വളരെയേറെ സാധ്യതകളുള്ള ഒരു അപ്പസ്‌തോലികസഭയാണ് നമ്മള്‍; ചരിത്രപരമായും ദൈവശാസ്ത്രപരമായും ഈശോയുടെ പ്രവര്‍ത്തനമേഖലകളിലേക്ക് ഇനിയും ധാരാളം മിഷനറിമാരെ ആവശ്യമുണ്ട്. അതേക്കുറിച്ച് വി. ജെറോം പറഞ്ഞു: The potential believers are many. But the well prepared apostolic leaders are very few. വിളവ് വളരെയാണ്. നല്ലപോലെ ഒരുക്കപ്പെട്ട, അപ്പസ്‌തോലികമായ ചൈതന്യമുള്ള നേതാക്കന്മാര്‍ വളരെ ചുരുക്കമാണ്. അദ്ദേഹം അതോടു കൂട്ടിച്ചേര്‍ത്തു പറഞ്ഞു: ഹൃദയത്തില്‍ വാര്‍ധക്യം പ്രാപിച്ച വൈദികരെക്കൊണ്ട് മിഷനറിശുശ്രൂഷകള്‍ അസാധ്യമാണ്. ഞായറാഴ്ചകളുടെ പ്രാധാന്യം സംരക്ഷിച്ചാലേ മിഷനെ സംരക്ഷിക്കാന്‍ പറ്റുകയുള്ളൂ എന്ന് പാപ്പാ ലൂചിയാനി ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്. ചിലപ്പോഴെങ്കിലും നമ്മള്‍ മറന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഒരു കാര്യംകൂടിയാണിത്. കര്‍ത്താവിന്റെ വചനം ലോകം മുഴുവനും എത്തിക്കാനായി നാം കൂടുതല്‍ ജാഗ്രത്തായിരിക്കണം. തോമസ് മേനാംപറമ്പില്‍ പിതാവ് പലപ്പോഴും എഴുതുകയും പറയുകയും ചെയ്തിട്ടുള്ള ഒരു കാര്യമുണ്ട്: മര്‍മറിങ് അല്ല നമുക്കു വേണ്ടത്; പ്രത്യുത, വിസ്പറിങ്ങാണ്. നമ്മള്‍ കൊതിക്കെറുവു പറയുകയോ മുഖം വീര്‍പ്പിക്കുകയോ ചെയ്യാതെ  ഈശോയെക്കുറിച്ചു സൗമ്യമായി സംസാരിക്കാന്‍ പഠിക്കുക. അഗസ്റ്റിന്‍ ചരണകുന്നേല്‍പിതാവും അനേകം തവണ പറഞ്ഞിട്ടുണ്ട്, പരിശുദ്ധനായ മിഷനറിയാകണം ഓരോ വൈദികനും എന്ന്. ഒരു പാട് വഴിത്തിരിവുകള്‍ നമ്മുടെ ജീവിതത്തിലുണ്ടാവാം. പക്ഷേ, ഈശോയുടെ പരിശുദ്ധി അറിഞ്ഞാല്‍ ഇത് നമുക്കൊരു പ്രയാസവുമുണ്ടാക്കില്ല. 
    വേദശാസ്ത്രികള്‍ മധ്യകാലഘട്ടത്തില്‍ പറഞ്ഞു, Repair my church  എന്ന സ്വരം പരിശുദ്ധനായ ഫ്രാന്‍സിസ് അസ്സീസി കേട്ടതിന്റെ അര്‍ഥം repare for a missionary church  എന്നാണ് എന്ന്. അതിന്റെ കാരണം റാറ്റ്‌സിംഗര്‍ പിതാവിന്റെ ഗ്രന്ഥത്തില്‍നിന്ന് നമുക്കു മനസ്സിലാക്കാം. The church is always weak. But Lord is always strong..  കര്‍ത്താവ് എന്നും ശക്തിയുള്ളവനാണ്. അതുകൊണ്ട് സഭയുടെ റിപ്പയറിങ് എപ്പോഴും നമുക്ക് ുൃലുമൃശിഴ ആയിരിക്കണം; ഒരു നല്ല മിഷന്‍ വൈദികനാകാന്‍. നമ്മുടെ രൂപതയില്‍നിന്നുള്ള നൂറുകണക്കിന് വൈദികരാണ് ഇന്നിവിടെ എത്തിയിരിക്കുന്നത്. ദൈവവചനം കൂടുതലായി നമ്മള്‍ പഠിക്കുകയും ഉള്‍ക്കൊള്ളുകകയും ചെയ്യേണ്ടതുണ്ട്. ആംഗ്ലിക്കന്‍ ആര്‍ച്ചുബിഷപ് ആയിരുന്ന വില്യം ഒരിക്കല്‍ പറഞ്ഞു: It is Bible, It is the only club founded for the people. Who do not belong to it. ജനങ്ങള്‍ക്കുവേണ്ടിയുള്ള ഏക കൂടിവരവ് - ക്ലബ് - സുവിശേഷങ്ങളാണ്. പക്ഷേ, ആ ക്ലബില്‍ ചേരാന്‍ ആളുകള്‍ നന്നേ കുറവാണ്. നമ്മുടെ ജീവിതം മുഴുവനും മിഷനറിമാരായി സഭയില്‍ ശുശ്രൂഷ ചെയ്യേണ്ട ഒരു ആവേശത്തിലാണ് നാം ഇവിടെ ആയിരിക്കുന്നത്. ഓരോ നിമിഷവും നമ്മള്‍ മിഷനറിമാരാണ്. സെന്റ് ആന്‍സില്‍ ഒരിക്കല്‍ എഴുതി: God had to get dirty.  .  മനുഷ്യാവതാരംവഴി ദൈവംതന്നെയും മോശമായിട്ടുണ്ട്. മനുഷ്യത്വം ധരിച്ച്, പുല്‍ക്കൂട്ടില്‍ പിറന്ന്, ആടുമാടുകളുടെ കൂട്ടത്തില്‍ ജീവിച്ച്, ദരിദ്രനായി ജീവിച്ച്, പാവപ്പെട്ടവരുടെകൂടെ ഇരുന്ന് എല്ലാം ദൈവംതന്നെ മോശമായിട്ടുണ്ട്. ആ കൂട്ടത്തിലേക്കാണ് നമ്മളും ശുശ്രൂഷകരായി ഇറങ്ങേണ്ടത്. അതുകൊണ്ടായിരിക്കണം, പാപ്പാ ലെയോ പതിന്നാലാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്, ഞാന്‍ അഗസ്റ്റിന്റെ മകനാണ് എന്ന്. ഞാന്‍ അഗസ്റ്റിന്റെ വാക്കുകള്‍ ഓര്‍ക്കുകയാണ്: ''നിങ്ങള്‍ക്കൊപ്പം ഞാനൊരു ക്രൈസ്തവനാണ്. നിങ്ങള്‍ക്കുവേണ്ടി ഞാനൊരു മെത്രാനാണ്.'' ആ ഏറ്റുപറച്ചിലില്‍   ആത്മീയമായിട്ടുള്ള എല്ലാ കാര്യങ്ങളും നമ്മുടെ ശുശ്രൂഷകളില്‍ നമുക്കു പറ്റാവുന്ന വീഴ്ചകളുമെല്ലാം പുതിയ പരിശുദ്ധ പിതാവ് നമുക്കുവേണ്ടി പറഞ്ഞുതന്നിട്ടുണ്ട്. ഇന്നു നാം കേട്ട ലൂക്കായുടെ പരിശുദ്ധസുവിശേഷം ഒന്നാമധ്യായത്തില്‍നിന്നാണ്. പരിശുദ്ധ അമ്മ ഇളയമ്മയെ സന്ദര്‍ശിക്കുന്ന കാര്യം. ഫ്രാന്‍സിസ് പരിശുദ്ധ പിതാവ് പലപ്പോഴും പറഞ്ഞുവച്ചു: ''ഇതാണ് ആദ്യത്തെ മിഷനറിയാത്ര.'' ഈശോയെ ഉദരത്തില്‍ ഇട്ടുകൊണ്ട്, ഉദരത്തില്‍ യോഹന്നാനെ സൂക്ഷിക്കുന്ന ഇളയമ്മയുടെ പക്കലേക്കുള്ള ആ യാത്ര. അതാണ് ആദ്യത്തെ മിഷനറിയാത്ര. ഫ്രാന്‍സിസ് പിതാവ് പറഞ്ഞിട്ടുണ്ട്: ''അവസാനത്തെ  മിഷനറിയാത്രയും ഇതായിരിക്കണം. ഈശോയെക്കൊണ്ട് നമ്മള്‍ യാത്ര ചെയ്യണം. ആദ്യത്തെയും അവസാനത്തെയും ആയ മിഷന്‍ കാതല്‍ അതാണ്, വീണ്ടും നമ്മള്‍ കാണുന്നു: മറിയം തിടുക്കത്തില്‍ പോയി. വളരെ വേഗത്തില്‍ കൊച്ചായിരുന്നപ്പോള്‍ത്തന്നെ മിഷന്‍മേഖലയിലേക്കു പോയവരാണ് നമ്മളെല്ലാവരുംതന്നെ. തിടുക്കത്തിലുള്ള യാത്ര ആത്മാവിന്റെ പ്രവര്‍ത്തനമാണ്. 
   സെന്റ് അംബ്രോസ് പറയുന്നു: Holy spirit knows nothing slow. പിന്നെയാട്ടെ, നാളെയാട്ടെ, സാവകാശമാട്ടെ എന്ന് ആത്മാവ് ഒരിക്കലും പറയുന്നില്ല. മറിയത്തിന്റെ യാത്ര സ്വാഭാവികമായിട്ടുള്ള ഒരു യാത്രയായിരുന്നു. മറിയത്തെ ആരും നിര്‍ബന്ധിച്ചതല്ല. 'നീ ഒന്നു പോയിക്കാണ് ഇളയമ്മ വളരെ പ്രയാസപ്പെട്ടിരിക്കുകയാണല്ലോ.' ആരും അങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല. നമ്മളും ഏതാണ്ട് അതുപോലെയാണല്ലോ യാത്രയായത്. സ്വാഭാവികമായി എനിക്കും ഒരു മിഷനറിവൈദികനാകണമെന്ന ചൈതന്യം സ്വീകരിച്ചുകൊണ്ടാണിറങ്ങിപ്പുറപ്പെട്ടത്. ഒരു മിനി പെന്തക്കോസ്തായിരുന്നു അവരുടെ കണ്ടുമുട്ടല്‍ എന്നു നമുക്കു കാണാം. അവര്‍ ആത്മാവുകൊണ്ട് നിറയുകയാണ്. അവരുടെ ഉദരസ്ഥശിശുക്കള്‍ കുതിച്ചുചാടുകയാണ്. മിഷന്‍ രംഗത്തു ചെല്ലുമ്പോള്‍ എന്തു വലിയ സന്തോഷമാണ്! പാലാ രൂപതയിലും അദിലാബാദിലും ഗുജറാത്തിലും തമിഴ്‌നാട്ടിലുമൊക്കെ ചെറിയ തോതിലെങ്കിലും നാം മിഷന്‍പ്രവര്‍ത്തനം നടത്തുന്നുണ്ട്. അവര്‍ക്കെല്ലാം വലിയ സന്തോഷമാണ്; നമ്മളെക്കാണുമ്പോള്‍, നമ്മളെ കേള്‍ക്കുമ്പോള്‍. ആ ഒരു കുതിപ്പാണ് ഇവിടെയും കാണുന്നത്. ഉള്ളില്‍ സന്തോഷം നിറഞ്ഞപ്പോള്‍ അതു പങ്കുവയ്ക്കണമെന്നു മറിയത്തിനു തോന്നി. ഓരോ മിഷനറിയും ഉള്ളിലുള്ള ഈശോയെ കൊടുക്കുമ്പോഴാണ് സന്തോഷംകൊണ്ടു നിറയുന്നത്. ഉള്ളില്‍ സന്തോഷം നിറയുമ്പോള്‍മാത്രമേ തിടുക്കത്തില്‍ പോകാന്‍ നമുക്കു താത്പര്യമുണ്ടാവൂ; മലകള്‍ കയറിയിറങ്ങാന്‍ താത്പര്യമുണ്ടാവൂ. മൂന്നുമാസത്തോളം മറിയം അവിടെ താമസിച്ചു. വെറും വൈകാരികമായ ഒരു സന്ദര്‍ശനമല്ലായിരുന്നു അത്. ഒന്നുരണ്ടുദിവസം കഴിഞ്ഞ് വിശ്രമിച്ചിട്ടു പോരാം എന്നല്ല, അമ്മ കരുതിയത്; മറിച്ച്, വലിയൊരു ശുശ്രൂഷയാണ്. നിങ്ങളും അതുതന്നെയാണ്. ആയുഷ്‌കാലം മുഴുവന്‍ മിഷനില്‍ താമസിച്ചു മരിക്കണം എന്നു കരുതുന്ന അച്ചന്മാരും സിസ്റ്റേഴ്‌സുമാണ് നിങ്ങള്‍ എല്ലാവരും. അവിടെ ഇളയമ്മ പറഞ്ഞ കാര്യം ഓര്‍ക്കുക: ''എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ പക്കല്‍ വരാന്‍ എനിക്കെന്തു യോഗ്യത?'' സഭയിലെ ഏറ്റവും വലിയ ഡോഗ്മായാണത്: കര്‍ത്താവിന്റെ അമ്മ. നാലു നൂറ്റാണ്ടുകള്‍ കഴിഞ്ഞ് കൗണ്‍സില്‍ ഓഫ് എഫേസൂസ് പഠിപ്പിച്ച ഒരു കാര്യമാണ്. ആരും പഠിപ്പിക്കാതെ ഇളയമ്മയ്ക്കുതോന്നി, ഇതു കര്‍ത്താവിന്റെ അമ്മയാണ്. എത്രയോ വലിയ ഒരു ഉള്‍ക്കാഴ്ചയാണത്! സഭ എക്കാലവും കാത്തുസൂക്ഷിക്കുന്ന, അതിമനോഹരമായ ഒരു പ്രബോധനം. അതുപോലെതന്നെ, വിശ്വസിച്ചവള്‍ ഭാഗ്യവതി. ദൈവത്തിന്റെ മാലാഖ പറഞ്ഞത് വിശ്വസിച്ചതുകൊണ്ടാണ് നിനക്ക് ഈ കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും സാധിച്ചത് എന്നാണ്. ദൈവം നിരന്തരം യാത്രയിലാണ് - നമ്മളിലൂടെ, നിങ്ങളിലൂടെ. ഫ്രാന്‍സിസ് പിതാവു പറയുമായിരുന്നു: God is always on tour.  എപ്പോഴും ആളുകളുടെ കൂട്ടത്തില്‍ നമ്മള്‍ നടക്കുമ്പോഴാണ് മിഷനറിമാരാകുന്നത്; കര്‍ത്താവിനെ കൊടുക്കാന്‍ നമുക്കു സാധിക്കുന്നത്. തീക്ഷ്ണതയുള്ള മനസ്സോടുകൂടി മിഷനറിമാരാകണമെന്ന് കഴിഞ്ഞദിവസം ലെയോ മാര്‍പാപ്പാ പറയുകയുണ്ടായി. നമ്മള്‍ പ്രാര്‍ഥിക്കുന്ന മാതാപിതാക്കളുള്ള ഒരു രൂപതയാണ് നമ്മുടേത്. പാലാ രൂപത ചര്‍ച്ച് ഓണ്‍ ഫയര്‍ എന്ന് എല്ലാ അര്‍ഥത്തിലും വിശേഷിപ്പിക്കാവുന്ന ഒരു രൂപതയാണ്. ഏറെ പ്രാര്‍ഥിക്കുന്ന അപ്പച്ചന്മാരും അമ്മച്ചിമാരും വീട്ടിലുള്ളതുകൊണ്ടാണ് നമുക്കിത്രയും മിഷനറിമാരെ കിട്ടിയത്. നമ്മുടെ മിഷനറിയാത്ര വലിയൊരു കയറ്റമാണ്. ഈശോയെ കൂട്ടത്തില്‍ കൊണ്ടു നടക്കുന്നതുകൊണ്ടാണത് സഫലമാകുന്നത്. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)