ജൂലൈ 26-ാം തീയതി മൂവാറ്റുപുഴ നിര്‍മലകോളജില്‍ അരങ്ങേറിയ സമരം ആളിപ്പടരാതെയും വലിയ സാമൂഹികസംഘര്‍ഷമായി വളരാതെയും അവസാനിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയ കോളജുമാനേജുമെന്റും മുസ്ലീം സമുദായനേതാക്കന്മാരും അഭിനന്ദനം അര്‍ഹിക്കുന്നു. നാലോ അഞ്ചോ പെണ്‍കുട്ടികള്‍ തങ്ങള്‍ക്കു നിസ്‌കരിക്കാന്‍ കോളജില്‍ സ്ഥലസൗകര്യം ക്രമീകരിച്ചുതരണമെന്ന് കോളജ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടു. കോളജിന്റെ പാരമ്പര്യത്തിനു നിരക്കാത്തതും നിയമസാധുതയില്ലാത്തതുമായ ആ ആവശ്യം സ്വാഭാവികമായും തിരസ്‌കരിക്കപ്പെട്ടു. പൊടുന്നനേ, വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിനെ ബന്ദിയാക്കി സമരമാരംഭിച്ചു. പ്രകോപനമില്ലാത്ത ആ സമരം ആസൂത്രിതമായിരുന്നുവെന്നുവേണം കരുതാന്‍. രണ്ടു വിദ്യാര്‍ഥിസംഘടനകളുടെ പിന്തുണ പെണ്‍കുട്ടികള്‍ക്കു ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഭൂരിപക്ഷം വരുന്ന വിദ്യാര്‍ഥികളുടെയോ പൊതുസമൂഹത്തിന്റെയോ മുസ്ലീംസമുദായത്തിന്റെപോലുമോ പിന്തുണ ലഭിച്ചില്ലെന്നു കണ്ടപ്പോള്‍ സമരത്തിനു പിന്തുണ നല്‍കിയ വിദ്യാര്‍ഥിസംഘടനകള്‍ തങ്ങള്‍ക്കിതില്‍ പങ്കില്ലെന്നു പറഞ്ഞു തലയൂരി. സ്വാഭാവികമായും സമരം അവസാനിച്ചു.
നിര്‍മലകോളജുസംഭവത്തെ ഒറ്റപ്പെട്ട സമരമായിക്കണ്ട് നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. 71 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കോളജില്‍ നാളിതുവരെ ഉന്നയിക്കപ്പെടാതിരുന്ന ഒരാവശ്യവുമായി ഏതാനും പെണ്‍കുട്ടികള്‍ രംഗത്തുവരാന്‍ കാരണം എന്താണ്? ദൈവവിശ്വാസവും ഭക്തിയും തീക്ഷ്ണതയുമാണ് പ്രാര്‍ഥനാവശ്യത്തിനു പിന്നിലെങ്കില്‍ അതിനുള്ള എല്ലാ സൗകര്യങ്ങളും കോളജിനു തൊട്ടടുത്തുതന്നെയുണ്ട്. ആ സൗകര്യം എന്തുകൊണ്ട് പ്രയോജനപ്പെടുത്തിയില്ല? ഒരുപക്ഷേ ആ മസ്ജിദുകളില്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം അനുവദിക്കുന്നില്ലെങ്കില്‍ വിവേചനപരമായ അത്തരം സമീപനങ്ങള്‍ക്കെതിരേയാണ് സമരം നടത്തേണ്ടിയിരുന്നത്. എന്നാല്‍, അത്തരം വിലക്കുകളൊന്നും അവിടെയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
കഴിഞ്ഞ 71 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന, ഉയര്‍ന്ന അക്കാദമികപാരമ്പര്യവും മതേതരസ്വഭാവവും സേവനമഹിമയുമുള്ള സ്ഥാപനമാണ് നിര്‍മലകോളജ്. മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജിന് അടുത്തകാലത്താണ് സ്വയംഭരണാവകാശപദവി ലഭിച്ചത്. യു.ജി.സി. നിശ്ചയിച്ചിട്ടുള്ള എല്ലാ അടിസ്ഥാനസൗകര്യങ്ങളും അക്കാദമികമികവുമുള്ള ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ അസ്ഥിരപ്പെടുത്തുക എന്ന ഗൂഢലക്ഷ്യം സമരാനുകൂലികള്‍ക്കുണ്ടായിരുന്നോ എന്നു പരിശോധിക്കേണ്ടതാണ്. 2010 ലാണ് കോതമംഗലം രൂപതയുടെതന്നെ മാനേജുമെന്റിനു കീഴിലുള്ള തൊടുപുഴ ന്യൂമാന്‍ കോളജില്‍ ഒരുസംഘം രാഷ്ട്രീയക്രിമിനലുകള്‍ കടന്നുകൂടി അധ്യാപകന്റെ കൈവെട്ടിമാറ്റിയത്. അതേത്തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളും സാമുദായികസംഘര്‍ഷങ്ങളും 14 വര്‍ഷത്തിനുശേഷം നടന്ന സമരത്തില്‍ സംഭവിക്കാതിരുന്നതു ഭാഗ്യം. സമരാനുകൂലികള്‍ക്കെതിരേ പൊതുജനാഭിപ്രായം ഉയരുകയും അവര്‍ പ്രതീക്ഷിച്ച പിന്തുണ ലഭിക്കാതിരിക്കുകയും ചെയ്തതാണ് സമരം കെട്ടടങ്ങാനുള്ള കാരണം. മുസ്ലീംനേതാക്കന്മാരുടെ തക്കസമയത്തുള്ള പക്വമായ ഇടപെടലും സഹായകമായി. മഹല്ലുകളുടെ പ്രതിനിധിസംഘം കോളജിലെത്തി മാനേജുമെന്റുമായി ചര്‍ച്ച നടത്തുകയും വിവേകമില്ലാതെ പ്രവര്‍ത്തിച്ച കുട്ടികളുടെ പേരില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തത് കേരളത്തിനു മാതൃകയായി.
വിദ്യാര്‍ഥിനികളുടെ ആവശ്യത്തെ കോളജ്മാനേജുമെന്റ് നിരാകരിച്ചത് മാനേജുമെന്റിനു പ്രാര്‍ഥനയില്‍ വിശ്വാസമില്ലാത്തതുകൊണ്ടോ ഏതെങ്കിലും മതവിഭാഗത്തോടു വിവേചനം പുലര്‍ത്തുന്നതുകൊണ്ടോ അല്ല. തങ്ങളുടെ നിക്ഷിപ്തതാത്പര്യങ്ങള്‍ക്കുവേണ്ടി മതത്തെ ഏതെങ്കിലും തരത്തില്‍ ഉപകരണമാക്കുകയോ ദുരുപയോഗിക്കുകയോ ആയുധമാക്കുകയോ ചെയ്യുന്നതായി സംശയം തോന്നിയാല്‍ അത്തരം പ്രവൃത്തികളെ അംഗീകരിക്കാനാവുകയില്ല. ഒരു സ്ഥാപനത്തില്‍ പല മതക്കാരും ഒരു മതത്തിലും വിശ്വസിക്കാത്തവരും പഠിക്കുന്നുണ്ടാകും. ഓരോ കൂട്ടരും അവരവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചു ക്രമീകരണങ്ങള്‍ ആവശ്യപ്പെട്ടാല്‍ അതു ചെയ്തുകൊടുക്കുക ഒരു മാനേജുമെന്റിനും സാധ്യമല്ല. വിശ്വാസവും മതാനുഷ്ഠാനങ്ങളും ഒരു പരിധിവരെ സ്വകാര്യാനുഭവമാണ്. അതിന്റെ സാമൂഹികമാനത്തെ ഇവിടെ വിസ്മരിക്കുകയല്ല. എന്റെ സ്വകാര്യാനുഭവങ്ങള്‍ക്കുവേണ്ടി സമൂഹത്തിന്റെ പൊതുനന്മയെക്കരുതിയുള്ള നിയമസംവിധാനങ്ങളും ചിട്ടവട്ടങ്ങളും മാറ്റിമറിക്കാനാവുകയില്ല.
നിര്‍മല കോളജ് ഒരു ന്യൂനപക്ഷസ്ഥാപനമാണ്. ഭരണഘടന അവര്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശമനുസരിച്ചാണ് അവര്‍ വിദ്യാഭ്യാസസ്ഥാപനം നടത്തുന്നത്. രാജ്യത്തിന്റെ പൗരനായിരിക്കേ, എന്തിനാണ് ചില വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന എന്നു ചിന്തിക്കുന്നവരുണ്ട്. എണ്ണംകൊണ്ടും വിഭവശേഷികൊണ്ടും സ്വാധീനംകൊണ്ടും ശക്തരായ ഭൂരിപക്ഷത്തിന് ആരുടെയും സഹായംകൂടാതെ നിലനില്ക്കാനും പുരോഗതിപ്രാപിക്കാനും സാധിക്കും. എന്നാല്‍, ചെറിയ സമൂഹങ്ങള്‍ക്ക് അതു സാധിക്കുകയില്ല. ഈ സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് ഭരണഘടനാശില്പികള്‍ ന്യൂനപക്ഷാവകാശങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഭാഷയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാണ് ന്യൂനപക്ഷാവകാശം നിശ്ചയിച്ചിട്ടുള്ളത്. ചെറിയ സമൂഹങ്ങള്‍ ആക്രമിക്കപ്പെടാനും അതിന്റെ അസ്തിത്വംതന്നെ ഇല്ലാതാകാനും സാധ്യതയുള്ളതിനാലാണ് ഭരണഘടന അവര്‍ക്കു പ്രത്യേകമായ പരിരക്ഷ നല്കുന്നത്. ന്യൂനപക്ഷാവകാശം ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യമോ പ്രത്യേക അവകാശമോ അല്ല. ഓരോ സമൂഹത്തിന്റെയും ഭാഷയും സംസ്‌കാരവും വിശ്വാസവും പൈതൃകവും സംരക്ഷിക്കാനും വരുംതലമുറകള്‍ക്കു കൈമാറാനും ഭരണഘടന നേരിട്ട് അനുവദിക്കുന്ന സംരക്ഷണമാണ് ന്യൂനപക്ഷാവകാശം.
ഭരണഘടനയുടെ 30-ാം ഖണ്ഡികയിലാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിക്കാനും നടത്തിക്കൊണ്ടുപോകാനുമുള്ള അവകാശം ന്യൂനപക്ഷങ്ങള്‍ക്കു ലഭിക്കുന്നത്. ന്യൂനപക്ഷ സ്ഥാപനമായതുകൊണ്ട് അവരുടെ വിശ്വാസവും പൈതൃകവും സംസ്‌കാരവും വളര്‍ത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ അവിടെ ഏര്‍പ്പെടുത്തുന്നതിനെ ആര്‍ക്കും എതിര്‍ക്കാനാവുകയില്ല. എന്നാല്‍, അതേ സൗകര്യം തങ്ങള്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം മറ്റുള്ളവര്‍ക്കില്ല. എത്ര മുസ്ലീം സ്ഥാപനങ്ങളില്‍ ഇതരമതസ്ഥര്‍ക്ക് ആരാധിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. അതുകൊണ്ടു പരസ്പരബഹുമാനത്തിലും വിശ്വാസത്തിലും ജീവിക്കാനുള്ള മനസ്സിന്റെ വിശാലതയാണ് ഓരോരുത്തരും ആര്‍ജിക്കേണ്ടത്.