•  5 Sep 2024
  •  ദീപം 57
  •  നാളം 26
വചനനാളം

ഈശോ അവരോടു പറഞ്ഞു; ഞാനാണ് ഭയപ്പെടേണ്ട!

ഓഗസ്റ്റ്  11  കൈത്താക്കാലം  ആറാം ഞായര്‍
ഉത്പ 8:1-11   ഉത്തമ 6:1-4
വെളി 21:9-14   യോഹ 6:16-24

  കൈത്താക്കാലം സഭയുടെ വളര്‍ച്ചയെയും ആത്മീയവിളവെടുപ്പിനെയും അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ആരാധനക്രമകാലഘട്ടമാണ്. ഈ കാലത്തിലെ വായനകളില്‍ സഭ എന്താണെന്നുള്ള യാഥാര്‍ഥ്യം വിശുദ്ധഗ്രന്ഥപ്രതീകങ്ങളിലൂടെ അവതരിപ്പിക്കുകയും വായനക്കാരന്റെ മനസ്സില്‍ ''സഭാകാഴ്ചപ്പാട്'' വളര്‍ത്തുകയും ചെയ്യുന്നുണ്ട്. കൈത്താക്കാലം ആറാം ഞായറില്‍ സഭയുടെ പ്രതിരൂപമായ നോഹയുടെ പേടകത്തെക്കുറിച്ചും മണവാട്ടിയായ സഭയെപ്പറ്റിയും സ്വര്‍ഗീയജറുസലെമാകുന്ന സഭയെക്കുറിച്ചും സഭയാകുന്ന നൗകയെക്കുറിച്ചും പ്രതിപാദിക്കുന്നു.
ഒന്നാം വായനയില്‍ (ഉത്പ. 8:1-11) ജലപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നോഹയെയും പെട്ടകത്തെയും മറ്റുള്ളവരെയും ദൈവം ഓര്‍ക്കുന്നതിനെക്കുറിച്ചും; രണ്ടാം വായനയില്‍ (ഉത്തമ. 6:1-4), ദൈവവും മണവാട്ടിയായ ഇസ്രയേലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും; മൂന്നാം വായനയില്‍ (വെളി. 21:9-14) കുഞ്ഞാടിന്റെ മണവാട്ടിയായ മഹത്ത്വീകൃതസഭയുടെ ചിത്രം സ്വര്‍ഗീയജറുസലേമിന്റെ പ്രതീകത്തിലൂടെ അവതരിപ്പിക്കുന്നതിനെക്കുറിച്ചും, നാലാം വായനയില്‍ (യോഹ. 6:16-24) ശക്തിയേറിയ കാറ്റില്‍ ആടിയുലഞ്ഞ വള്ളത്തിലകപ്പെട്ട ശിഷ്യസമൂഹത്തെ സംരക്ഷിക്കുന്ന ഈശോയെക്കുറിച്ചും നാം ശ്രവിക്കുന്നു.
ഉത്പത്തി 8:1-11: മനുഷ്യന്‍ തിന്മയുടെയും ദുഷ്ടതയുടെയും വഴികളില്‍ ചരിച്ചപ്പോള്‍ അവനു നേരിടേണ്ടിവന്നത് നാശകരമായ ഒരു ജലപ്രളയമാണ് (ഉത്പ. 6:5-9:17). നീതിമാനായി ജീവിച്ച നോഹയും കുടുംബാംഗങ്ങളും ദൈവകല്പനയനുസരിച്ച് പെട്ടകത്തില്‍ നോഹ കയറ്റിയ ജീവജാലങ്ങളും പ്രളയത്തെ അതിജീവിച്ചു. കാരണം, 'ദൈവം അവരെ ഓര്‍ത്തു' (8:1). '‘God remebered Noah’  എന്ന പ്രസ്താവന ഏറെ ശ്രദ്ധേയമാണ്. 'മിംനെസ്‌കോ' എന്ന ക്രിയാപദത്തിന്റെ അര്‍ഥം ഓര്‍മിക്കുക, കരുതലുണ്ടാവുക എന്നൊക്കെയാണ്. നീതിയായി ജീവിക്കുന്നവനെക്കുറിച്ചുള്ള ദൈവത്തിന്റെ കരുതലാണ് ഈ ഓര്‍മ.
നോഹയെയും കുടുംബാംഗങ്ങളെയുംകുറിച്ചുള്ള ദൈവത്തിന്റെ ഓര്‍മ രക്ഷാകരമായ ഓര്‍മയാണ്. ഇതു ശിക്ഷിക്കാനും നശിപ്പിക്കാനുമുള്ള ഒരു ഓര്‍മയല്ല; മറിച്ച്, തിന്മയുടെ ലോകത്തെ ഇല്ലാതാക്കി നന്മയുടെ പുതിയ ഇടത്തിലേക്കു പ്രവേശിക്കാനുള്ള ഒന്നാണ്. ദൈവത്തിന്റെ ഓര്‍മ നന്മവരുത്താനുള്ള വഴിയാണ്. ഉത്പത്തി 19:29 ല്‍ ദൈവം അബ്രാമിനെ ഓര്‍ത്തു എന്ന പരാമര്‍ശമുണ്ട്. ആ ഓര്‍മയും നാശത്തില്‍നിന്നു രക്ഷയിലേക്കുള്ള മാര്‍ഗമായിത്തീര്‍ന്നു. ദൈവം റാഹേലിനെ ഓര്‍ത്തപ്പോള്‍ അവളുടെ ജീവിതത്തില്‍ നവജീവനുണ്ടായി (ഉത്പ. 30:22). അവളുടെ വന്ധ്യത അവസാനിക്കുകയും അവള്‍ കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു.
നോഹയെ ദൈവം ഓര്‍ത്തപ്പോള്‍ അവിടുന്ന് ഭൂമിയില്‍ കാറ്റു വീശി (8:2). ദൈവമയച്ച ഈ കാറ്റ് 'റൂഹാ' ആണ്. 'കാറ്റ്' എന്നര്‍ഥം വരുന്ന ഹീബ്രുഭാഷയിലെ 'റൂവാഹ്' എന്ന പദമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. സൃഷ്ടിയുടെ ആരംഭത്തില്‍ ജലത്തിനുമുകളില്‍ വീശിയ കാറ്റിനു സമാനമാണിത്. അത് 'പരിശുദ്ധ റൂഹാ' ആണ്. ലോകം മുഴുവന്‍ നശിപ്പിച്ച ജലപ്രളയത്തിന്മേല്‍ 'ദൈവത്തിന്റെ കാറ്റ്' വീശിയപ്പോള്‍ പുതിയ ലോകത്തിന്റെ സൃഷ്ടി സംജാതമാകുകയാണ്.
ഉത്പത്തി 8:10 ല്‍ പരാമര്‍ശിക്കുന്ന പ്രാവും, പ്രാവ് കൊത്തിയെടുത്തുകൊണ്ടുവന്ന അതിന്റെ ചുണ്ടിലെ ഒലിവിലയും പ്രതീകാത്മകമാണ്. കാക്ക അശുദ്ധവും കറുത്തതുമാണെങ്കില്‍ പ്രാവ് ശുദ്ധവും വെളുത്തതുമാണ്. കറുപ്പും വെളുപ്പും നന്മതിന്മകളുടെ പ്രതീകമാണ്. യഹൂദകാഴ്ചപ്പാടില്‍ ഒലിവിന്റെ ഇല സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. ജലപ്രളയം കഴിഞ്ഞെന്നും ജീവന്റെ പുതിയ നാമ്പുകള്‍ തളിര്‍ക്കാന്‍ തുടങ്ങിയെന്നും ഇതു സൂചിപ്പിക്കുന്നു. പുതിയ ലോകത്തിന്റെ ആരംഭമാണിത്.
സകല ജീവജാലങ്ങളും പ്രളയത്തില്‍ അകപ്പെട്ടു നശിച്ചുപോയപ്പോഴും നോഹയ്ക്കും കൂട്ടര്‍ക്കും അഭയമായതും രക്ഷയായതും പെട്ടകമാണ്. സഭാപിതാക്കന്മാര്‍ നോഹയുടെ പെട്ടകത്തെ ക്രിസ്തുവിന്റെ സഭയുടെ പ്രതീകമായി അവതരിപ്പിക്കാറുണ്ട്. ആ പെട്ടകത്തില്‍ പ്രവേശിച്ച നീതിനിഷ്ഠര്‍ക്കു രക്ഷ ലഭിച്ചു.
ഉത്തമഗീതം 6:1-4: ദൈവവും ഇസ്രയേലും തമ്മിലുള്ള സ്‌നേഹബന്ധത്തെ പ്രേമബദ്ധരായ സ്ത്രീയും പുരുഷനും തമ്മിലുള്ള സ്‌നേഹസംഭാഷണശൈലിയില്‍ കാവ്യാത്മകമായും പ്രതീകാത്മകമായും അവതരിപ്പിച്ചിരിക്കുകയാണ് ഉത്തമഗീതത്തില്‍. സ്ത്രീ-പുരുഷവിവാഹ ഉടമ്പടിബന്ധത്തിന്റെ ശൈലിയിലാണ് ഉത്തമഗീതത്തിന്റെ പ്രമേയങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. 'ഷിര്‍ ഹഷറീം'(Sir hassirim)  ഗീതങ്ങളുടെ ഗീതങ്ങള്‍ എന്നാ ണ് ഈ ഗ്രന്ഥം വിശേഷിപ്പിക്കപ്പെടുന്നത്. പ്രേമഗീതങ്ങളുടെ സമാഹാരമാണിത്. ഇസ്രയേലും ദൈവവും തമ്മിലുള്ള സ്‌നേഹവും ഗാഢബന്ധവും മിശിഹായും സഭയും തമ്മിലുള്ള ബന്ധവും ഇവിടെ പ്രതീകാത്മകമായി വെളിപ്പെടുത്തുന്നു.
ഇന്നത്തെ വചനഭാഗം ആരംഭിക്കുന്നത് തോഴിമാരുടെ ചോദ്യത്തോടെയാണ്. ''അംഗനമാരില്‍ അഴകാര്‍ന്നവളേ, നിന്റെ പ്രിയന്‍ എങ്ങുപോയി? എങ്ങോട്ടാണ് നിന്റെ പ്രിയന്‍ പിരിഞ്ഞുപോയത്?'' (6:1). തോഴിമാര്‍ ജറുസലെംപുത്രിമാരാണ് പുതിയ നിയമകാഴ്ചപ്പാടില്‍. പ്രിയന്‍ മിശിഹായാണ്. അഴകാര്‍ന്ന പ്രിയ സഭയാണ്. മിശിഹായെ തേടിയുള്ള യാത്രയില്‍ പങ്കാളികളാകാന്‍ തോഴിമാര്‍ ആഗ്രഹിക്കുന്നുണ്ട്. പ്രിയന്‍ പോയ ദിശയിലേക്കു കൂടെപ്പോകാന്‍ താത്പര്യം കാണിക്കുന്നവരാണിവര്‍.
തോഴിമാരുടെ ചോദ്യത്തിനു മണവാട്ടി നല്‍കുന്ന ഉത്തരം 'എന്റെ പ്രാണപ്രിയന്‍ തന്റെ ഉദ്യാനത്തിലേക്കു പോയി' എന്നാണ് (6:2). ഈ ഉദ്യാനം സുഗന്ധദ്രവ്യങ്ങളുടെ ഇടമാണ്, ലില്ലിപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന  സൗന്ദര്യത്തിന്റെ പ്രദേശമാണ്, ആടുകള്‍ മേയുന്ന ശാന്തതയുടെയും സമൃദ്ധിയുടെയും സ്ഥലമാണ്. ഹീബ്രുഭാഷയിലെ 'ഗാന്‍'(gan)  എന്ന പദത്തിന്റെ അര്‍ഥം 'garden  എന്നാണ്. 'കെപോസ്' kepos എന്ന ഗ്രീക്കുഭാഷയിലുള്ള ഈ പദം സഭയെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഉദ്യാനം സഭയാണ്. അവിടെ സന്തോഷവും സമാധാനവും സമൃദ്ധിയും ശാന്തതയുമുണ്ട്.
മണവാട്ടി വീണ്ടും പറയുന്നു: ''ഞാന്‍ എന്റെ പ്രിയന്റേതാണ്.'' സഭ ഈശോയുടേതാണ്. 'അദെല്‍ഫിദോസ്' (adelphidos) എന്ന വാക്കിന്റെ അര്‍ഥം '‘the beloved one’  എന്നാണ്. സ്‌നേഹബന്ധത്തിന്റെ വാക്കാണിത്. സഭയുടെ നിലനില്പ് ഈശോയിലാണ്. മിശിഹായില്ലാതെ സഭയില്ല.
വെളിപാട് 21:9-14: വെളിപാടുപുസ്തകത്തിന്റെ പ്രമേയങ്ങളിലൊന്ന് പുതിയ ആകാശവും പുതിയ ഭൂമിയുമാണ്. തിന്മയുടെ സാമ്രാജ്യത്തിന് അവസാനം കുറിച്ചുകൊണ്ട് സമാധാനത്തിന്റെ പുതിയ ലോകം രൂപപ്പെടുമെന്നത് വെളിപാടുപ്രതീക്ഷയാണ്. ദൈവവും മനുഷ്യനും തമ്മില്‍ പുതിയ ബന്ധം സ്ഥാപിക്കുന്ന നന്മയുടെ ലോകമാണിത്. മഹത്ത്വീകൃതയായ സഭയെ നാം ഇവിടെ കണ്ടുമുട്ടും. ഇന്നത്തെ വായന കുഞ്ഞാടിന്റെ മണവാട്ടിയായ സഭയെക്കുറിച്ചാണ് പങ്കുവയ്ക്കുന്നത്. വിവരണത്തിലെ വര്‍ണനകളുടെ വിശദാംശങ്ങള്‍ക്കപ്പുറം സ്വര്‍ഗീയജറുസലെമിനെക്കുറിച്ചുള്ള അനുഭവമാണിത്. ആത്മീയാനുഭൂതിയില്‍ ഉണ്ടാകുന്ന ഒരു ദര്‍ശനമാണ് ഇവിടെ വിവരിക്കുന്നത്.
''അവന്‍... വിശുദ്ധനഗരിയായ ജറുസലെമിനെ എനിക്കു കാണിച്ചുതന്നു. അതിന് ദൈവത്തിന്റെ തേജസ്സുണ്ടായിരുന്നു... അത് സ്ഫടികംപോലെ നിര്‍മലം'' (21:10-11). ദൈവത്തിന്റെ സാന്നിധ്യം എങ്ങനെ സഭയെ രൂപാന്തരപ്പെടുത്തുകയും മഹത്ത്വമണിയിക്കുകയും ചെയ്യുന്നുവെന്ന് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു. മഹത്ത്വീകൃതയാകുന്ന സഭ വിശുദ്ധമാണ്, തേജസ്സുള്ളതാണ്, അമൂല്യമാണ്, നിര്‍മലമാണ്.
വിശുദ്ധനഗരത്തിന്റെ മതിലിനു പന്ത്രണ്ട് അടിസ്ഥാനങ്ങളുണ്ടായിരുന്നു. അവയിന്മേല്‍ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ പേരുകളും  (21:14). ഗ്രീക്കുഭാഷയിലെ 'തെമെലിയോസ്' (themelios)  എന്ന പദത്തിന്റെ അര്‍ഥം '"foundation'  എന്നാണ്. സഭയുടെ അടിത്തറ പാകാന്‍ സഹായിച്ചത് അപ്പസ്‌തോലന്മാരാണ്. അവരുടെ സാക്ഷ്യവും പ്രഘോഷണവുംവഴിയാണ് സഭ സ്ഥാപിക്കപ്പെട്ടത്. അവരിലൂടെയാണ് ജനം സഭയിലേക്കു പ്രവേശിച്ചത്. കവാടത്തിലെ വാതിലുകള്‍ ഇതാണു സൂചിപ്പിക്കുന്നത്. നാലു വശങ്ങളിലുമുള്ള മൂന്നു വീതമുള്ള വാതിലുകള്‍ സഭയുടെ കാതോലികത്വത്തിന്റെ (catholic)  സൂചനയാണ്. സഭ  കാതോലികമാണ്.
യോഹന്നാന്‍ 6:16-24: ഈശോയുടെ ദൈവത്വം വെളിപ്പെടുത്തുന്ന ഒരു സംഭവമായിട്ടാണ് അവിടുന്ന്, ജലത്തിനു മീതെ നടക്കുന്ന അദ്ഭുതത്തെ യോഹന്നാന്‍ ശ്ലീഹാ അവതരിപ്പിക്കുന്നത്. ഈശോ ആരാണെന്നു യഥാര്‍ഥത്തില്‍ ഗ്രഹിക്കാത്ത ശിഷ്യസമൂഹത്തിനു താന്‍ ആരെന്ന് അവിടുന്നു വ്യക്തമാക്കുകയാണിവിടെ.
വള്ളത്തില്‍ കയറിപ്പോയ ശിഷ്യന്മാരുടെ അടുക്കല്‍ ഈശോ എത്തിയിരുന്നില്ല. ഈശോയെ കൂടാതെയുള്ള ഒരു യാത്രയാണിത്. ഈ യാത്രയില്‍ അവര്‍ക്കു നേരിടേണ്ടിവന്നത് കടല്‍ക്ഷോഭമാണ്. അത് അവരുടെ യാത്രയ്ക്ക് വിഘ്‌നമായി മാറിയെങ്കിലും കടല്‍യാത്ര ചിരപരിചിതമായിരുന്ന അവര്‍ തോണി തുഴഞ്ഞ് യാത്ര തുടര്‍ന്നു. അവരെ തേടിയെത്തുന്ന ഈശോയെയാണു തുടര്‍ന്നു നാം കാണുന്നത്. നഷ്ടപ്പെട്ടുപോകുന്നവരെ, അകലേക്കു മാറിപ്പോകുന്നവരെ തേടിയെത്തുന്നവനാണ് ഈശോ.
ഈശോയുടെ അടുത്തുവരവ് ശിഷ്യന്മാര്‍ക്കു സമ്മാനിച്ചത് ഭയമാണ്. ഈശോയെക്കൂടാതെയുള്ള യാത്ര 'ഭയം' നല്‍കുന്ന ഒന്നാണ്. ഭയപ്പെട്ടുനില്‍ക്കുന്ന ശിഷ്യന്മാരോട് ഈശോ പറയുന്നത് 'മെ ഫോബെയ്‌സ്‌തെ' (me phobeisthe) എന്നാണ്. 'ഭയപ്പെടേണ്ട' എന്നര്‍ഥം. ഈശോയുടെ സാന്നിധ്യം സമാധാനത്തിന്റെ സാമീപ്യമാണ്. അവിടെ അനാവശ്യഭയത്തിനിടമില്ല.
'ഭയപ്പെടേണ്ട' എന്ന ആഹ്വാനത്തോടൊപ്പം ഈശോ തന്നെത്തന്നെ ഇവിടെ വെളിപ്പെടുത്തുന്നുണ്ട്: ''എഗോ എയ്മി''-  ഞാനാണ് (6:20). ഈശോ ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരമാണിത്. ഈശോയുടെ ദൈവികതയിലേക്കുള്ള വിരല്‍ചൂണ്ടലാണ് ഈ പ്രയോഗം.
ശിഷ്യന്മാര്‍ യാത്ര ചെയ്ത വള്ളം സഭയുടെ പ്രതീകമാണ്. സഭ യാത്ര ചെയ്യേണ്ടത് ഈശോയോടുകൂടെയാണ്. ഈശോയെ കൂടാതെയുള്ള യാത്ര 'ഭയം' ജനിപ്പിക്കും. ഈശോ ഉള്ളയിടങ്ങളില്‍ 'സമാധാനം' സംജാതമാകും. ഈശോയെ മാറ്റിവച്ചുള്ള യാത്രയില്‍ സഭയാകുന്ന നൗക ആടിയുലയാനുള്ള സാധ്യത ഏറെയാണ്.

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)