•  5 Dec 2024
  •  ദീപം 57
  •  നാളം 39
നേര്‍മൊഴി

അംഗീകരിക്കപ്പെടാത്ത രക്തസാക്ഷികള്‍

തിര്‍ത്തിപ്രദേശങ്ങളിലെ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍പട്ടാളക്കാര്‍ കൊല്ലപ്പെടുമ്പോള്‍ അതിനെ വീരമൃത്യുവായി വിശേഷിപ്പിക്കുന്നു. അത്തരം ആദരവിന് അവര്‍  അര്‍ഹരാണുതാനും. കാരണം, അവര്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ഹോമിച്ചവരാണ്. പലരും ചെയ്യാന്‍ മടിക്കുന്ന ചില ജോലികളിലേര്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെടുന്ന മനുഷ്യരുണ്ട്. അവരും സമൂഹത്തിന്റെ ആദരം അര്‍ഹിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തമ്പാനൂരില്‍ റെയില്‍വേസ്റ്റേഷനടുത്ത് മാലിന്യം നിറഞ്ഞ തോടു വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് ജോയി എന്ന തൊഴിലാളിയെ കാണാതായി. രണ്ടു ദിവസത്തെ തിരച്ചിലിനുശേഷം മൃതദേഹം കണ്ടെത്തി.
ജോയിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായത് ഗുണകരമായ ചര്‍ച്ചകളായിരുന്നില്ല. അനാഥമാക്കപ്പെട്ട കുടുംബത്തെ പുനരധിവസിപ്പിക്കാനോ ആശ്വസിപ്പിക്കാനോ മുതിരുന്നതിനുപകരം ഉത്തരവാദിത്വത്തില്‍നിന്നു കൈകഴുകി മാറാന്‍ പരസ്പരം പഴിചാരുകയും കുറ്റപ്പെടുത്തുകയുമാണു ചെയ്തത്. മേലില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള തീരുമാനങ്ങളുമുണ്ടായില്ല. പകരം, റെയില്‍വേ കോര്‍പ്പറേഷനെയും കോര്‍പറേഷന്‍ റെയില്‍വേയെയും മറ്റുള്ളവര്‍ സര്‍ക്കാരിന്റെ പിടിപ്പുകേടിനെയും കുറ്റപ്പെടുത്തി തലയൂരാനാണു ശ്രമിച്ചത്.
       ജോയിയുടെ മരണത്തിനു കാരണമായ തിരുവനന്തപുരം ആമയിഴഞ്ചാന്‍തോടിന് 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. അതില്‍ തമ്പാനൂര്‍ഭാഗത്ത് 119 മീറ്റര്‍ റെയില്‍വേലൈനിന്റെ അടിയിലെ തുരങ്കത്തിലൂടെയാണ് ഒഴുകുന്നത്. ഈ തോട്ടില്‍ അടിഞ്ഞുകൂടിയ മാലിന്യമാണു നീക്കേണ്ടിയിരുന്നത്. റെയില്‍വേ തുരങ്കമുള്ളതിനാലാണ്  മാലിന്യം നീക്കേണ്ടത് റെയില്‍വേയുടെ ഉത്തരവാദിത്വമാണെന്ന വാദമുയര്‍ന്നത്. റെയില്‍വേയുടെ മാലിന്യം തോട്ടില്‍ നിക്ഷേപിക്കില്ലെന്ന ഉറച്ച നിലപാടാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്.
     ഉത്തരവാദിത്വപ്പെട്ട വകുപ്പുകള്‍ തമ്മിലടിക്കുന്നതുവഴി ദുരിതത്തിലാകുന്നത് പൊതുജനമാണ്. അതിനു സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനച്ചുമതലയുള്ള ഉന്നതാധികാരസമിതിയുണ്ടാകണം. അവരുടെ തീരുമാനം അന്തിമമായിരിക്കുമെന്ന നിയമനിര്‍മാണമുണ്ടാകണം. അല്ലാത്തപക്ഷം, തര്‍ക്കങ്ങള്‍ കോടതിവ്യവഹാരങ്ങള്‍ക്കു വിധേയമാകും.
     ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും വികസനവഴികള്‍ അടയ്ക്കുകയും ചെയ്യുന്ന മൂന്നു വകുപ്പുകളെക്കുറിച്ചു പറയാതിരിക്കാനാവില്ല. പി.ഡബ്‌ളിയു.ഡി., വാട്ടര്‍ അതോറിട്ടി, ഇലക്ട്രിസിറ്റി ബോര്‍ഡ് - ഈ വകുപ്പുകള്‍ തമ്മില്‍ ഒരു ജില്ലയിലും ഏകോപനമുണ്ടായിട്ടില്ല. പി.ഡബ്‌ളിയു.ഡി. റോഡുപണി പൂര്‍ത്തിയാക്കിയാല്‍ ഉടന്‍തന്നെ വാട്ടര്‍ അതോറിട്ടി പൈപ്പ് സ്ഥാപിക്കാന്‍ റോഡു കുഴിക്കും. അവരുടെ പണി അവസാനിക്കുമ്പോഴേക്കും ഇലക്ട്രിസിറ്റി ബോര്‍ഡ് പണി ആരംഭിക്കും. ഏകോപനമുണ്ടെങ്കില്‍ ഒരേസമയത്ത് ഇത്തരം പണികള്‍ ഒരുമിച്ചു ചെയ്ത് പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാവുന്നതാണ്.
      സര്‍ക്കാര്‍സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചു പൊതുവെ തൃപ്തിക്കുറവുണ്ട്. ഒരു വകുപ്പും കൃത്യസമയത്ത് സേവനം പൂര്‍ത്തിയാക്കുന്നില്ല. ജീവനക്കാരുടെ കുറവാണു കാരണമെന്നു യൂണിയന്‍കാര്‍ പറയുന്നു. ഉള്ള ജീവനക്കാര്‍ എപ്പോള്‍ വരുന്നു? എപ്പോള്‍ പോകുന്നു? മിക്ക ഓഫീസുകളിലും പഞ്ചിങ് സൗകര്യമുണ്ട്. ആരെങ്കിലും അതിനെ നോക്കുന്നുണ്ടോ? ആത്മാര്‍ഥതയുള്ള കുറച്ചു ജീവനക്കാര്‍ ഉള്ളതുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പലതും നിലനിന്നുപോകുന്നു. സര്‍ക്കാര്‍സ്ഥാപനങ്ങള്‍ അടിയന്തരസര്‍വീസുകളായി മാറണം. അവ ഫയര്‍ഫോഴ്‌സ് സര്‍വീസുകളെപ്പോലെ ആയാല്‍പോരാ. അത്യാഹിതത്തിനുശേഷമാണ് ഫയര്‍ഫോഴ്‌സ് ഒരു സ്ഥലത്തെത്തുന്നത്.
       മികവുള്ള എഞ്ചിനീയര്‍മാരും സാങ്കേതിവിദഗ്ധരുമുണ്ടായിട്ടും  കേരളത്തിലെ മിക്ക പട്ടണങ്ങളും ഒറ്റമഴകൊണ്ടു വെള്ളക്കെട്ടില്‍ കുരുങ്ങുകയാണ്. ആവശ്യത്തിന് ഓടകള്‍ നിര്‍മിക്കാത്തതും ഓടകളില്‍ അടിയുന്ന മാലിന്യങ്ങള്‍ കൃത്യസമയത്തു നീക്കാത്തതുമാണ് വെള്ളക്കെട്ടിനു കാരണമെന്നു കണ്ടുപിടിക്കാന്‍ എഞ്ചിനീയര്‍മാരുടെ സഹായംപോലും ആവശ്യമില്ല. സ്വകാര്യവ്യക്തികള്‍ നടത്തുന്ന അനധികൃതനിര്‍മാണങ്ങളും വെള്ളക്കെട്ടിനു കാരണമാകുന്നുണ്ട്. അതു തടയാനുള്ള ഉദ്യോഗസ്ഥര്‍ ആര്‍ക്കുവേണ്ടിയാണ് ജോലി ചെയ്യുന്നത്? ചപ്പുചവറുകളും മാലിന്യക്കെട്ടുകളും വലിച്ചെറിയാതിരിക്കാന്‍ വേലിക്കെട്ടുകളും നിയമം ലംഘിച്ചാല്‍ അവരെ കണ്ടെത്താന്‍ സി.സി.ടി.വി. ക്യാമറകളുമുണ്ട്. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ വേണ്ടപ്പെട്ടവര്‍ ശ്രമിക്കുന്നുണ്ടോ? ഒരു കോര്‍പ്പറേഷന്റെയോ മുനിസിപ്പാലിറ്റിയുടെയോ ശുചിത്വം അവിടുത്തെ ഏതാനും തൊഴിലാളികള്‍ക്കുമാത്രം ഉറപ്പുവരുത്താനാവുകയില്ല. നിര്‍ണായകഘട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഓഫീസുവിട്ട് ഇറങ്ങണം. ജനപ്രതിനിധികളുടെ സഹായത്തോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കണം. അപ്പോള്‍ പൊതുജനസഹകരണമുണ്ടാകും.
       മാലിന്യനിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതും അപകടസാധ്യതയുള്ളതുമാണ്. ഓട, സെപ്റ്റിക് ടാങ്ക്, ടണല്‍, മാന്‍ഹോള്‍ മുതലായവ വൃത്തിയാക്കുമ്പോള്‍ ആവശ്യമായ സുരക്ഷാസന്നാഹങ്ങളും കുത്തിവയ്പുകളുമെല്ലാം ഉറപ്പാക്കണമെന്ന സര്‍ക്കാര്‍ നിബന്ധനകളുണ്ട്. 2013 ല്‍ ഇതുസംബന്ധിച്ച നിയമഭേദഗതി നിര്‍ദേശിച്ചിട്ടുമുണ്ട്. എന്നാല്‍, അതൊന്നും പാലിക്കാതെയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ശുചീകരണത്തൊഴിലാളികള്‍ക്ക് ആവശ്യമായിവരുന്ന 43 തരം സുരക്ഷാ ഉപകരണങ്ങളുടെ പട്ടികയുണ്ട്.
തിരുവനന്തപുരത്തെ അപകടത്തിനുത്തരവാദികള്‍ റെയില്‍വേയോ സര്‍ക്കാരോ കോര്‍പ്പറേഷനോ മാത്രമല്ല, ഉത്തരവാദിത്വമില്ലാത്ത പൗരന്മാരുമാണ്. മാലിന്യം വലിച്ചെറിയുന്നതു മലയാളിയുടെ ശീലമാണ്. വ്യക്തിശുചിത്വത്തില്‍ ശ്രദ്ധിക്കുകയും പരിസരശുചിത്വത്തെക്കുറിച്ചു ചിന്തിക്കാതിരിക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍. ശുചിത്വബോധം സൃഷ്ടിക്കാന്‍ അത് വിദ്യാഭ്യാസകരിക്കുലത്തിന്റെ ഭാഗമാക്കണം. സര്‍വോപരി, അതു ജീവിതത്തിന്റെ ഭാഗമാകണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)