•  5 Sep 2024
  •  ദീപം 57
  •  നാളം 26
വചനനാളം

എന്നോടുകൂടെയല്ലാത്തവന്‍ എനിക്ക് എതിരാണ്

ഓഗസ്റ്റ്  4  കൈത്താക്കാലം  അഞ്ചാം ഞായര്‍
ലേവ്യ 16:20-28   ഏശ 14:1-15
യൂദാ 1:8-13     ലൂക്കാ 11:14-26

കൈത്താക്കാലം സത്ഫലങ്ങള്‍ പുറപ്പെടുവിക്കേണ്ട കാലഘട്ടമാണ്. അഞ്ചാം ഞായറിലെ എല്ലാ വായനകളും പങ്കുവയ്ക്കുന്നത്, ഫലം പുറപ്പെടുവിക്കാതെ തിന്മയുടെ സാഹചര്യത്തില്‍ ജീവിക്കുമ്പോഴുള്ള അനന്തരഫലങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളുമാണ്. നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു പ്രബോധനവും; ഒപ്പം, ഒരു മുന്നറിയിപ്പും, നന്മയിലേക്കുള്ള ഒരു ആഹ്വാനവും ഇവിടെ നാം കണ്ടുമുട്ടുന്നു.
ഒന്നാം വായനയില്‍ (ലേവ്യ. 16:20-28), തിന്മയുടെ ''ഫലരഹിതമായ'' വഴികളിലൂടെ സഞ്ചരിച്ച ഇസ്രയേല്‍ജനത്തിന്റെ പാപങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും; രണ്ടാം വായനയില്‍ (ഏശ. 14: 1-15), ദൈവത്തിന്റെ സ്ഥാനത്തു സ്വയം പ്രതിഷ്ഠിച്ച്, ദൈവത്തിനെതിരേ പ്രവര്‍ത്തിക്കുന്ന തിന്മയുടെ ഇടങ്ങളിലെ അപചയത്തെക്കുറിച്ചും പതനത്തെക്കുറിച്ചും; മൂന്നാം വായനയില്‍ (യൂദാ 1:8-13), പൈശാചികതയുടെ കുടിലതന്ത്രങ്ങളെ തിരിച്ചറിയണമെന്നും അവയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള  ആഹ്വാനത്തെക്കുറിച്ചും; നാലാം വായനയില്‍ (ലൂക്കാ.11:14-16), പൈശാചികത കുടികൊള്ളുന്ന, പരസ്പരം പോരടിക്കുന്ന ഭവനങ്ങള്‍ രക്ഷപ്പെടാനാവാത്തവിധം തകര്‍ന്നുപോകുമെന്നുള്ള ഈശോയുടെ മുന്നറിയിപ്പിനെക്കുറിച്ചും നാം ധ്യാനിക്കുന്നു. തിന്മയുടെമേല്‍ വിജയം വരിക്കണമെന്ന സന്ദേശമാണ് വായനകളുടെയെല്ലാം പൊതുപ്രമേയം.
ലേവ്യര്‍ 16:20-28: ലേവ്യരുടെ പുസ്തകത്തിന്റെ 16-ാം അധ്യായത്തിന്റെ ആദ്യഭാഗത്ത് പുരോഹിതന്മാര്‍ക്കുവേണ്ടിയുള്ള ബലിയര്‍പ്പണത്തെക്കുറിച്ചാണു പ്രതിപാദിക്കുന്നത് (16:1-6;11-14). തുടര്‍ന്ന്, രണ്ടാം ഭാഗത്ത് ജനത്തിനുവേണ്ടിയുള്ള പാപപരിഹാരബലിയെക്കുറിച്ചാണു പരാമര്‍ശിക്കുന്നത് (16:15-19). മൂന്നാം ഭാഗത്ത് ബലിയര്‍പ്പണശേഷം ആടിന്റെ തലയില്‍ പ്രധാനപുരോഹിതന്‍ തന്റെ കൈകള്‍വച്ച് ജനത്തിന്റെ സകലപാപങ്ങളും ഏറ്റുപറയുന്നതും, തുടര്‍ന്ന്, ദഹനബലി അര്‍പ്പിക്കുന്നതുമാണ് പ്രതിപാദ്യവിഷയം. ഈ മൂന്നാം ഭാഗത്തെക്കുറിച്ചാണ് വചനവായനയില്‍ നാം ശ്രവിച്ചത്.
'പാപപരിഹാരദിന'ത്തിലാണ് പുരോഹിതന്മാര്‍ക്കും ജനങ്ങള്‍ക്കുംവേണ്ടിയുള്ള പരിഹാരക്രിയകള്‍ ചെയ്യുന്നത്. യഹൂദരുടെ ഏറ്റവും പ്രധാന തിരുനാളുകളിലൊന്നാണിത്. ഹീബ്രുഭാഷയില്‍ ഈ തിരുനാളിനെ വിളിക്കുന്നത് 'യോംകിപ്പുറിം' എന്നാണ് (ലേവ്യ. 23:27). 'യോം' എന്ന പദത്തിന്റെ അര്‍ഥം 'ദിവസം' എന്നാണ്. 'കിപ്പെര്‍' എന്ന ക്രിയാപദത്തിന്റെ അര്‍ഥം 'മായ്ക്കുക, മറയ്ക്കുക' എന്നൊക്കെയാണ്. പാപങ്ങളെല്ലാം മായ്ക്കപ്പെടുന്ന അനുരഞ്ജനത്തിന്റെ ദിവസമാണിത്. ഒന്നാകലിന്റെ, ഒരുമയുടെ, രമ്യതയുടെ ദിനം. ഈ ദിനത്തെ 'മഹാദിനം' എന്നാണ് യഹൂദറബിമാര്‍ വിളിച്ചിരുന്നത്.
ശുദ്ധീകരണത്തിനുവേണ്ടിയുള്ള വിവിധ കര്‍മങ്ങളിലൊന്നാണ് പരിഹാരബലി അര്‍പ്പിച്ചതിനുശേഷം തിന്മയുടെ മൂര്‍ത്തീഭാവമായ അസസേലിനായി മാറ്റിവച്ചിരിക്കുന്ന ആടിന്റെ തലയില്‍ പ്രധാനപുരോഹിതന്‍ അദ്ദേഹത്തിന്റെ കരങ്ങള്‍ വയ്ക്കുന്നതും ജനത്തിന്റെ പാപങ്ങളെല്ലാം ഏറ്റുപറയുന്നതും. ഇത് ഒരു പ്രതീകാത്മകകര്‍മമാണ്. ജനത്തിന്റെ ഏറ്റുപറയപ്പെട്ട പാപങ്ങളെല്ലാം ആടിന്റെമേല്‍ ചുമത്തുകയാണ്. അതുവഴി ജനത്തിന്റെ പാപങ്ങള്‍ നീക്കപ്പെടും, മായ്ക്കപ്പെടും, അവര്‍ ശുദ്ധീകരിക്കപ്പെടും എന്നതാണ് വിശ്വാസം.
ആടിനെ മരുഭൂമിയിലേക്കു വിട്ടശേഷം പ്രധാനപുരോഹിതന്‍ അനുതാപവസ്ത്രങ്ങള്‍ അഴിച്ചുമാറ്റി സ്വയം കഴുകി വെടിപ്പാക്കി വിശിഷ്ടവസ്ത്രങ്ങള്‍ ധരിച്ച് ദഹനബലി നടത്തുന്നു. ഈ കര്‍മങ്ങളുടെയെല്ലാം ലക്ഷ്യം നഷ്ടപ്പെട്ടുപോയ ദൈവമനുഷ്യബന്ധം പുനഃസ്ഥാപിക്കുകയാണ്, വ്യക്തികളുടെയും സമൂഹത്തിന്റെയുംമേല്‍ പതിച്ച അശുദ്ധി തുടച്ചുനീക്കുകയാണ്.
ഏശയ്യാ 14:1-15: ഈ വചനഭാഗത്തിന്റെ ആദ്യവാക്യങ്ങള്‍ ഇസ്രയേലിനെ അഭിസംബോധന ചെയ്യുന്നതാണ് (14:1-3). തുടര്‍ന്നുവരുന്നത് ബാബിലോണ്‍രാജാവിനെതിരേയുള്ള ഒരു പരിഹാസകാവ്യമാണ് (14:3-33). ദൈവത്തിന്റെ സ്ഥാനത്ത് തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുകയും ഔദ്ധത്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കു ജീവിതത്തില്‍ പരാജയമായിരിക്കുമെന്ന് ഈ വചനഭാഗങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
ഇസ്രയേല്‍ജനത്തിന്റെമേല്‍ കരുണയുള്ളവനാണ് ദൈവമെന്നും, അവിടുന്ന് വീണ്ടും അവരെ തിരഞ്ഞെടുത്ത് സ്വന്തം ദേശത്തു സ്ഥാപിക്കുമെന്നും, തങ്ങളെ അടിമപ്പെടുത്തിയവരുടെമേല്‍ അവര്‍ ആധിപത്യം സ്ഥാപിക്കുമെന്നും ഏശയ്യാപ്രവാചകന്‍ പറഞ്ഞുവയ്ക്കുകയാണിവിടെ (14:1-3). ദൈവഹിതത്തിനനുസരിച്ചു ജീവിക്കുന്ന മക്കളോട് ദൈവത്തിനുള്ള ഭാവം കരുണയുടേതാണ്. ഹീബ്രുവിലെ 'റെഹം' (racham)  എന്ന പദത്തിന്റെ അര്‍ഥം compassion  എന്നാണ്. ജനത്തോടുള്ള ദൈവത്തിന്റെ അനുകമ്പ, 'നന്മ ചെയ്യുന്നവര്‍ക്കു തുണയായി ദൈവമുണ്ടാകുമെന്ന' സൂചനയാണ്. നന്മ ചെയ്തവരെ ദൈവം തന്റെ കരുണയിലും സ്‌നേഹത്തിലും രക്ഷിക്കും. ശത്രുക്കളില്‍നിന്നും ദൈവം അവരെ രക്ഷിക്കും.
പരിഹാസകാവ്യത്തില്‍ ബാബിലോണിന്റെ പതനത്തെക്കുറിച്ചാണു പരാമര്‍ശിക്കുന്നത്. ബി സി 539 ല്‍ ബാബിലോണ്‍ പരാജയപ്പെട്ടതിനുശേഷമുള്ള അവരുടെ പതനത്തിന്റെ അവസ്ഥയാണ് ഈ കാവ്യത്തില്‍ നാം കാണുന്നത്. ബാബിലോണിന്റെ ഈ തകര്‍ച്ചയില്‍ പ്രകൃതിപോലും സന്തോഷിക്കുന്നുവെന്ന് ഈ ഗീതം  വ്യക്തമാക്കുന്നുണ്ട്. ലബനോനിലെ മരങ്ങള്‍പോലും വെട്ടിയിറക്കിക്കൊണ്ടുപോയ ബാബിലോണ്‍, ഇപ്പോള്‍ അധഃപതിച്ചിരിക്കുന്നതിനാല്‍ ഇനി അവര്‍ തങ്ങളെ വെട്ടിനശിപ്പിക്കാന്‍ വരില്ലല്ലോ എന്നോര്‍ത്താണ് പ്രകൃതി ആഹ്ലാദിക്കുന്നത്. തിന്മ ചെയ്യുന്നവന്റെ തകര്‍ച്ച പ്രകൃതിപോലും ആഗ്രഹിക്കുന്ന ഒന്നാണ് എന്നു വ്യക്തം.
ദുഷ്ടതയുടെ വഴിയിലൂടെ ചരിക്കുന്ന ബാബിലോണിനു ലഭിക്കുന്നത് 'ഷെയോള്‍' (sheol) ആണ്. മൃതരായവര്‍ വസിക്കുന്ന ഇടമാണ് 'ഷെയോള്‍.' അവര്‍ക്കു ജീവനില്ല. ഭൂമിയില്‍ പ്രതാപത്തോടെ കഴിഞ്ഞിരുന്ന അവര്‍ക്കു തങ്ങളുടെ തിന്മയുടെ ഫലമായി ലഭിക്കുന്നതു പാതാളമാണ്. കീടങ്ങളാണ് അവന്റെ കിടക്ക. പുഴുക്കളാണ് അവന്റെ പുതപ്പ് (14:11). ദുഷ്ടത പ്രവര്‍ത്തിക്കുന്നവന്റെ ജീവിതത്തിന്റെ ജീര്‍ണതയാണ് ഈ വാക്കുകളില്‍ സ്ഫുരിക്കുന്നത്. തിന്മ പ്രവര്‍ത്തിക്കുന്നവന്‍ അഴുകിനശിക്കുമെന്നു സാരം.
യൂദാ: 1:8-13: ക്രിസ്തീയവിശ്വാസികളെ വഴിതെറ്റിക്കുകയും ക്രിസ്തീയവിശ്വാസത്തെ ദുഷിപ്പിക്കുകയും ചെയ്തിരുന്ന അബദ്ധപ്രബോധകര്‍ തങ്ങളുടെ പുതിയ ചില പഠിപ്പിക്കലിലൂടെ  'ദുഷ്ടത' പ്രവര്‍ത്തിച്ചിരുന്നു. സകലവിധ അധാര്‍മികതയിലും മുഴുകിയിരുന്ന, ദൈവത്തെയും ഈശോമിശിഹായെയും നിന്ദിക്കുകയും നിഷേധിക്കുകയും ചെയ്തിരുന്ന ദുഷ്ടമനുഷ്യരുടെ വിനാശകരമായ പ്രവണതകള്‍ക്കെതിരേ പ്രതികരിക്കുകയും വിശ്വാസികളെ ക്രിസ്തീയധാര്‍മികതയിലും സത്യവിശ്വാസത്തിലും ബലപ്പെടുത്തുകയുമാണ് യൂദാസ് എന്ന വിശുദ്ധഗ്രന്ഥകാരന്‍. ദുഷ്ടത പ്രവര്‍ത്തിക്കുന്നവര്‍ക്ക് 'ദുരിതം' എന്നാണു ലേഖകന്‍ പഠിപ്പിക്കുന്നത്.
വ്യാജപ്രബോധകരുടെ മൂന്നു തെറ്റുകളെ ഇവിടെ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. 1) ലൈംഗിക അധാര്‍മികത-സോദോമിന്റെ പാപംപോലെ ശരീരത്തെ അശുദ്ധമാക്കുന്നവരാണിവര്‍; 2) മിശിഹായെ തള്ളിപ്പറയുന്നു-അധികാരത്തെ തള്ളിപ്പറയുകയും മഹിമയണിഞ്ഞവരെ നിന്ദിക്കുകയും ചെയ്യുന്നവരാണിവര്‍; 3) മിഥ്യാസ്വപ്നങ്ങളില്‍ മുഴുകിയിരിക്കുന്ന ഇക്കൂട്ടര്‍ തങ്ങള്‍ ശ്രേഷ്ഠരാണെന്നു കരുതി ഇടപെടുന്നു (1:8). അഹന്തയുടെ മനുഷ്യരാണിവര്‍.
ഇത്തരം ജീവിതശൈലി പുലര്‍ത്തുന്നവരെ ഗ്രന്ഥകാരനായ യൂദാസ് വിളിക്കുന്നത് 'ഹൂത്തോയി' (hutoi) എന്നാണ്. 'ഈ മനുഷ്യര്‍' എന്ന അഭിസംബോധനയില്‍ അവജ്ഞയുടെയും ശാസനയുടെയും ധ്വനിയുണ്ട്. തിന്മയുടെയും ദുഷ്ടതയുടെയും വഴിയേ ചരിക്കുന്ന ഇക്കൂട്ടര്‍ ബഹുമാനം അര്‍ഹിക്കുന്നില്ല എന്നു സാരം. സ്വന്തം തോന്നലുകള്‍ക്കനുസരിച്ചു ജീവിക്കുന്ന ഇവര്‍ മൃഗതുല്യരാണ്.  ഇവരെ വിളിക്കുന്നത് ‘unreasoning animals’ എന്നാണ്. അവര്‍ക്കുണ്ടാകുന്ന ജീവിതാവസ്ഥ 'ദുരിതം' നിറഞ്ഞതാണ്. ശിക്ഷാവിധിയുടെ പ്രവാചകസ്വരമാണിത്.
പഴയനിയമത്തിലെ തിന്മയുടെ രൂപങ്ങളായ കായേന്‍ (ഉത്പ. 4:8), ബാലാം (സംഖ്യ. 25:1-5; 31:16,19), കോരാഹ് (സംഖ്യ. 16:1-35) എന്നീ വ്യക്തികളെ അവതരിപ്പിച്ചശേഷം ഗ്രന്ഥകാരനായ യൂദാസ് വ്യാജപ്രബോധകരെ ആറു സാദൃശ്യങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. 1) സ്വന്തം കാര്യംമാത്രം നോക്കുന്ന ഇടയന്മാര്‍; 2) സ്‌നേഹവിരുന്നിലെ കളങ്കമായ കുടിച്ചുമദിക്കുന്ന വ്യാജന്മാര്‍; 3) ജലമില്ലാത്ത മേഘം; 4) ഫലശൂന്യമായ വൃക്ഷങ്ങള്‍; 5) ചളിനിറഞ്ഞ് ഇളകിമറിയുന്ന തിരമാല; 6) വഴിതെറ്റിയ നക്ഷത്രങ്ങള്‍.
ലൂക്കാ 11:14-26: ദൈവരാജ്യപ്രഘോഷത്തോടൊപ്പം ഈശോ അനേകര്‍ക്കു സൗഖ്യം നല്‍കുകയും പലരിലെയും പിശാചുക്കളെ പുറത്താക്കുകയും ചെയ്തു. ഒരിക്കല്‍ ഊമനായ ഒരു പിശാചിനെ ഈശോ ബഹിഷ്‌കരിച്ചതിനെത്തുടര്‍ന്ന് ജനത്തിനിടയില്‍ 'ബേല്‍സെബൂല്‍ സംവാദം' ഉടലെടുത്തു. ഇന്നത്തെ സുവിശേഷവായനയുടെ പശ്ചാത്തലമിതാണ്: എപ്രകാരമാണ് ഈശോ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത്? അതിന് അവിടുത്തേക്ക് അധികാരമുണ്ടോ? തുടങ്ങിയവയാണ് സംവാദത്തിലെ ചോദ്യങ്ങള്‍. അവരുടെ ഹൃദയവിചാരങ്ങള്‍ മനസ്സിലാക്കിയ ഈശോ ശക്തമായ ഒരു പ്രബോധനംകൂടി ഈ വചനഭാഗത്തു നല്‍കുന്നുണ്ട്.
ഈശോയുടെ അദ്ഭുതപ്രവൃത്തി കണ്ട ഒരു കൂട്ടര്‍ പറഞ്ഞു, ഈശോ പിശാചുക്കളെ പുറത്താക്കുന്നത് ബേല്‍സെബൂലിനെക്കൊണ്ടാണെന്ന്. ഈശോയെ നയിക്കുന്നത് പൈശാചികശക്തിയുടെ തലവനായ ബേല്‍സെബൂല്‍ ആണെന്നാണ് അവരുടെ വാദം. രണ്ടാമത്തെ കൂട്ടര്‍ പറഞ്ഞു, ഈശോയുടെ പ്രവൃത്തി ദൈവികമല്ല; ആധികാരികത തെളിയിക്കാന്‍ യഹൂദര്‍ക്കു ബോധ്യപ്പെടുന്ന ഒരു മഹാദ്ഭുതം (സ്വര്‍ഗത്തില്‍നിന്നുള്ള അടയാളം) അവിടുന്നു ചെയ്യണം.
രണ്ടു പ്രതിബിംബങ്ങളിലൂടെയും ഒരു മറുചോദ്യത്തിലൂടെയും ഈശോ തന്റെ എതിരാളികളുടെ ആരോപണങ്ങളെ നേരിടുന്നു 1) അന്തശ്ഛിദ്രമുള്ള രാജ്യവും ഭവനവും ആന്തരികകലഹംമൂലമുള്ള ഭിന്നതയാല്‍ നശിച്ചുപോകും. അതുപോലെതന്നെ, സാത്താന്‍ തനിക്കെതിരേ ഭിന്നിച്ചാല്‍ അതിനു നിലനില്പില്ല. 2) ശക്തനായ ഒരു മനുഷ്യനെ കീഴടക്കാന്‍ അതിലും ശക്തനായ ഒരു മനുഷ്യനേ സാധിക്കുകയുള്ളൂ. പൈശാചികശക്തിയുള്ള സാത്താനെ പിടിച്ചുകെട്ടാന്‍  ദൈവികശക്തിയുള്ള ഈശോയ്ക്കു മാത്രമേ കഴിയുകയുള്ളൂ. ''ഈശോ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത്  ബേല്‍സെബൂലിന്റെ ശക്തിയോടെയാണെങ്കില്‍ യഹൂദരുടെ ഇടയില്‍ത്തന്നെ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നവര്‍ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത്?'' ഇതാണ് ഈശോയുടെ മറുചോദ്യം.
ഈശോ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത് ദൈവികശക്തിയാലാണ്. ഈശോയിലുള്ളത് ദൈവികശക്തിയാണ്. ഈശോ ഒരിക്കലും പൈശാചികശക്തി ഉപയോഗിക്കുന്നില്ല. പൈശാചികശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളും ദുഷ്ടത പ്രവര്‍ത്തിക്കുന്ന മനുഷ്യരും തകര്‍ന്നുപോവുകയും നശിക്കുകയും ചെയ്യും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)