ഇപ്പോഴാണ് ശ്വാസം നേരേയായത് എന്ന ഒരു പ്രയോഗമുണ്ട്. ആശ്വാസമായി, അപകടാവസ്ഥ മാറി, പ്രതീക്ഷയായി, രക്ഷപ്പെട്ടു എന്നൊക്കെയാണ് ഈ നാട്ടുപ്രയോഗത്തിന്റെ അര്‍ഥം. ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് ഈ പ്രയോഗം അര്‍ഥവത്താണ്. ജനാധിപത്യത്തിനു ക്ഷയം സംഭവിക്കുമോ, ഇന്ത്യയുടെ ഭരണഘടന മാറുമോ, ഇനി പൊതുതിരഞ്ഞെടുപ്പു നടക്കുമോ തുടങ്ങിയ ചില ആശങ്കകള്‍ക്കെല്ലാം അറുതിയുണ്ടായിരിക്കുന്നു. ഇന്ത്യയ്ക്കു ജനാധിപത്യരാജ്യമായിരിക്കാനേ സാധിക്കുകയുള്ളൂ. അയല്‍രാജ്യങ്ങളില്‍ സംഭവിക്കുന്നതുപോലെ പട്ടാളഭരണവും ഏകാധിപത്യഭരണവും ഈ രാജ്യത്ത് എളുപ്പമല്ല. ഭരണകര്‍ത്താക്കള്‍ വഴിമാറി നടന്നാല്‍ ജനങ്ങള്‍ വോട്ടുവഴി അവരെ ജനാധിപത്യത്തിന്റെ നേര്‍വഴിയിലേക്കു തിരിച്ചുകൊണ്ടുവരും. അടിയന്തരാവസ്ഥക്കാലത്തും 2024 ലെ തിരഞ്ഞെടുപ്പിലും സംഭവിച്ചത് അതാണ്.
2024 ലെ പൊതുതിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്പായി. 370-400 സീറ്റുകളോടെ മൂന്നാം ഭരണം ചോദിച്ചാണു മോദിസര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. മൂന്നാം തവണയും ഭരിക്കാന്‍ അനുവദിച്ചെങ്കിലും മൃഗീയഭൂരിപക്ഷം ജനം നല്‍കിയില്ല. വലിയ പ്രതീക്ഷയൊന്നുമില്ലാതെ വോട്ടു ചോദിച്ച ഇന്ത്യാമുന്നണിയെ പക്ഷേ, വോട്ടര്‍മാര്‍ വിസ്മയിപ്പിക്കുകയും അവര്‍ക്കു പ്രതീക്ഷ നല്‍കുകയും ചെയ്തു. അത് ജനാധിപത്യത്തിനും രാജ്യത്തിനും ഗുണകരമായി ഭവിച്ചു.
പതിനെട്ടാം ലോകസഭ ജനാധിപത്യത്തിന്റെ ഫലഭൂയിഷ്ഠമായ മണ്ണായി മാറിയിരിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷക്കാലം ഈ രാജ്യത്തു പ്രതിപക്ഷം പേരിനുപോലും ഉണ്ടായിരുന്നില്ല. പ്രാദേശികകക്ഷികളുടെ പിന്‍ബലത്തില്‍ നൂറു സീറ്റു നേടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പ്രതിപക്ഷനേതാവായി അധികാരമേറ്റു. അധികാരസ്ഥാനങ്ങളില്‍നിന്നു ബോധപൂര്‍വം വിട്ടുനിന്ന രാഹുല്‍ ഇനി തന്റെ സമയമാണെന്നു തിരിച്ചറിഞ്ഞിരിക്കുന്നുവെന്നു തോന്നുന്നു. 2004 മുതല്‍ 14 വരെ പത്തുവര്‍ഷക്കാലം കോണ്‍ഗ്രസ് ഭരണമായിരുന്നു. രാഹുലിനു വേണമെങ്കില്‍ മന്ത്രിസ്ഥാനമോ അതിലുപരിയായ സ്ഥാനമാനങ്ങളോ നേടാമായിരുന്നെങ്കിലും അദ്ദേഹം മാറിനിന്നു. എന്നാല്‍, വലിയ സമ്മര്‍ദങ്ങളൊന്നും കൂടാതെ ഇപ്പോള്‍ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുത്തിരിക്കുന്നു. പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയപ്രാധാന്യമുള്ള വ്യക്തി പ്രതിപക്ഷനേതാവാണ്.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനു മറുപടി പറഞ്ഞ പ്രതിപക്ഷനേതാവ് നിറഞ്ഞുകവിഞ്ഞ പാര്‍ലമെന്റില്‍ കത്തിക്കയറി. ദീര്‍ഘമായ പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയെയും ബിജെപിയെയും കടന്നാക്രമിച്ചു. കഴിഞ്ഞ പത്തുവര്‍ഷം രാജ്യം സഞ്ചരിച്ചതു പിന്നോട്ടാണ്. മോദിസര്‍ക്കാര്‍ ജനങ്ങളെത്തമ്മില്‍ ഭിന്നിപ്പിച്ചു. വര്‍ഗീയവിഷം കുത്തിവച്ചു. വിദ്വേഷത്തിന്റെ കടകള്‍ തുറന്നു. അങ്ങനെ, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ത്തു. തന്റെ വാദഗതി ഉറപ്പിക്കുന്നതിനു വിശ്വസനീയമായ തെളിവുകള്‍ അക്കമിട്ട് അവതരിപ്പിച്ചു. മണിപ്പുര്‍കലാപം, അഗ്നിവീര്‍പദ്ധതി, നോട്ടുനിരോധനം, കര്‍ഷകസമരങ്ങള്‍, നീറ്റ് തട്ടിപ്പ്, തൊഴിലില്ലായ്മ, കോര്‍പ്പറേറ്റുപ്രീണനം, വിദ്വേഷപ്രസംഗം, മതരാഷ്ട്രീയം, വെറുപ്പിന്റെ രാഷ്ട്രീയം എന്നിങ്ങനെ പരിഹരിക്കപ്പെടേണ്ടതായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ നടത്തിയ പ്രസംഗം പാര്‍ലമെന്റിനെ ഇളക്കിമറിച്ചു. രാഹുലിന്റെ പ്രസംഗത്തില്‍ ആത്മവിശ്വാസത്തിന്റെ മുഴക്കം കേട്ടു.
പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങളെ പ്രതിരോധിച്ച് പ്രധാനമന്ത്രി മോദി രണ്ടുമണിക്കൂറിലധികം നീണ്ട പ്രസംഗം നടത്തി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടായ അടിസ്ഥാനവികസനത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം അദ്ദേഹം നല്‍കി. ഈ രണ്ടു പ്രഭാഷണങ്ങളും നടന്നത് ശബ്ദകോലാഹലങ്ങള്‍ക്കിടയിലാണ്. രണ്ടു പ്രസംഗങ്ങളിലും അതിരുകടന്ന ആക്രമണോത്സുകത പ്രകടമായിരുന്നു. ഉന്നതസ്ഥാനീയരായ വ്യക്തികളുടെ പ്രഭാഷണങ്ങളില്‍ പരിഹാസങ്ങളും വ്യക്തിഹത്യയും ഒഴിവാക്കേണ്ടതാണ്. വസ്തുതാപരമായ കാര്യങ്ങള്‍ യഥാതഥമായി അവതരിപ്പിക്കുകയാണു വേണ്ടത്. അവതരണത്തില്‍ വികാരം കൂടുമ്പോള്‍ വിചാരം കുറയാനുള്ള സാധ്യത കൂടുതലാണെന്ന കാര്യം പല പ്രഭാഷകരും മറക്കുന്നു.
പാര്‍ലമെന്റിലെ പ്രതികരണങ്ങളില്‍ ആവേശമാകാമെങ്കിലും പക്വത നഷ്ടപ്പെടാന്‍ പാടില്ല. കാരണം, അത് സ്വകാര്യസംഭാഷണമോ അടച്ചിട്ട മുറിക്കുള്ളില്‍ പറയുന്ന കാര്യങ്ങളോ അല്ല. നിയമസഭകള്‍ക്കും ഇതു ബാധകമാണ്. ഭാവാത്മകവും ക്രിയാത്മകവുമായ ചര്‍ച്ചകളാണ് നിയമനിര്‍മാണസഭകളിലുണ്ടാ
കേണ്ടത്. സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ അന്തിമരൂപം പാര്‍ലമെന്റ് ചര്‍ച്ചകളില്‍നിന്നാണ് ഉണ്ടാകേണ്ടത്. ഏകപക്ഷീയമായ തീരുമാനങ്ങള്‍ ജനഹിതത്തിന് എതിരാകും; രാജ്യതാത്പര്യങ്ങള്‍ക്കു വിരുദ്ധമാവുകയും ചെയ്യും. അതുകൊണ്ട്, ജനക്ഷേമത്തിനുതകുന്ന ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ ഉണ്ടാകട്ടെ.