•  18 Jul 2024
  •  ദീപം 57
  •  നാളം 19
ലേഖനം

നിര്‍മ്മിതബുദ്ധി ലോകത്തെ കീഴടക്കുമ്പോള്‍

നുഷ്യന്റെ ആവിഷ്‌കാരങ്ങളില്‍ വിസ്മയാവഹവും ആശ്ചര്യജനകവും അപ്രതീക്ഷിതവുമായ പ്രതിഭാസമായിരിക്കുന്നു നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്). മനുഷ്യകുലത്തിന്റെ നിത്യവ്യവഹാരങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ് അതിശീഘ്രം പുരോഗമിക്കുന്ന ഈ അമാനുഷികന്റെ സഹായം. വ്യവസായഭീമന്മാരും കമ്പനികളും ഈ ആശ്ചര്യചൂഡാമണിയെ സ്വയം പ്രവര്‍ത്തിക്കാനും, താനേ തീരുമാനങ്ങളെടുക്കാനും ഒരു ലക്ഷ്യം ലാക്കാക്കി പ്രവര്‍ത്തിക്കാനും കഴിവുള്ളതാക്കാനുള്ള കഠിനശ്രമങ്ങളിലാണ്. ഇതു സാധ്യമാകുന്നുമുണ്ട് ഇപ്പോള്‍. പക്ഷേ, മറ്റൊരു മഹാശക്തിയുടെ പക്കല്‍ നമ്മുടെ നിയന്ത്രണം ഏല്പിക്കുന്നതില്‍ ആശങ്കകള്‍ ഏറെ വേണ്ടിയിരിക്കുന്നു.

1967 ലാണ് നിര്‍മിതബുദ്ധി (Artificial Intelligence)എന്ന ആശയം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മാര്‍വിന്‍ മിന്‍സ്‌കി ആവിഷ്‌കരിച്ചത്. കമ്പ്യൂട്ടറുകളെ മനുഷ്യന്റെ തലച്ചോറിന്റെ പ്രവര്‍ത്തനംപോലെ ചിന്തിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ യജ്ഞത്തിന്റെ ഭാഗമായിരുന്നു ഇത്. ഒരു തലമുറയ്ക്കപ്പുറം നിര്‍മിതബുദ്ധി മനുഷ്യബുദ്ധിക്കൊപ്പമെത്തുമെന്ന് മിന്‍സ്‌കി പ്രവചിച്ചു. എങ്കിലും, ഇപ്പോള്‍ രണ്ടു തലമുറ കഴിഞ്ഞാണ് ഏകദേശം ആ സ്ഥിതിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. പല മാനുഷികസംവേദനങ്ങളും ഇന്നു നിര്‍മിതബുദ്ധി സ്വായത്തമാക്കിയിട്ടുണ്ട്. മണം, സ്വാദ് എന്നിവ അറിയാനുള്ള കഴിവ് ഇപ്പോഴില്ലെങ്കിലും നിരവധി രാസപദാര്‍ഥങ്ങളെ തിരിച്ചറിയാനും അവയുടെ ഗുണങ്ങള്‍ നിശ്ചിതപ്പെടുത്താനുമാകുന്നുണ്ട് എ ഐയ്ക്ക്. താമസിയാതെ ഈ രാസഘടനയ്ക്ക് മനുഷ്യര്‍ നല്‍കുന്ന 'തോന്നല്‍' ഈ കമ്പ്യൂട്ടര്‍ കോഡുകള്‍ നിജപ്പെടുത്തിയേക്കാം. അധികം താമസിയാതെ പ്രേമം, ഭക്തി, സഹാനുഭൂതി ഒക്കെ നിര്‍മിതബുദ്ധിക്കു തോന്നിത്തുടങ്ങുമോ? അവയെ പരിശീലിപ്പിച്ചാല്‍ അവ നിഷ്പ്രയാസം ഇതു സ്വായത്തമാക്കിയേക്കും. ഓരോ മണത്തിനുമനുസരിച്ചു മനുഷ്യസഹജമായ പ്രതിപ്രവര്‍ത്തനം എ ഐ പ്രകടിപ്പിച്ചേക്കും. അതുപോലെ, നിങ്ങളുടെ പെരുമാറ്റമനുസരിച്ചു സ്‌നേഹവാക്കുകള്‍ പറയാനും കെട്ടിപ്പിടിക്കാനും റോബോട്ടിനു കഴിവുകിട്ടിയേക്കും. ഇതൊക്കെ എങ്ങനെ പരിശീലിപ്പിക്കുന്നു എന്നതനുസരിച്ചാണ് ഈ കൃത്രിമ യന്ത്രങ്ങളുടെ പ്രതികരണം. ബില്യണ്‍ കണക്കിനു പാഠങ്ങള്‍ പഠിച്ചെടുക്കാന്‍ കഴിവുള്ളതുകൊണ്ട് ഇതൊക്കെ സ്വാഭാവികമാണെന്നു തോന്നിപ്പിക്കാന്‍ ഈ എഐ യന്ത്രങ്ങള്‍ക്കു കഴിയും. നിര്‍മിതബുദ്ധിയുടെ ബോധജ്ഞാനം (consciousness)  മനുഷ്യതലച്ചോറിന്റേതിനൊപ്പം എത്തുന്ന കാലം അതിവിദൂരമല്ലെന്നാണു കണക്കുകൂട്ടല്‍. കവിതയെഴുതുകയും സിനിമാസ്‌ക്രിപ്റ്റ് രചിക്കുകയും ചിത്രം വരയ്ക്കുകയും ചെയ്യുന്ന ചാറ്റ് ജിപിറ്റി (ChatGPT)) ഇന്നു വളരെ പുതുക്കപ്പെട്ട കഴിവുകളും ശക്തിയുമായി രംഗത്തെത്തിയിട്ടുണ്ട്.
ആരോഗ്യപരിപാലനരംഗത്ത് വന്‍വിപ്ലവങ്ങളാണ് എ ഐ സാധിച്ചെടുത്തിരിക്കുന്നത്. ഇനി ഒരു എ ഐ ഡോക്ടറായിരിക്കും നിങ്ങളെ ആദ്യം പരിശോധിക്കുക എന്ന നില കൈവരാന്‍ അധികം താമസമില്ല. ആ ഡോക്ടറുടെ രോഗനിര്‍ണയം വളരെ കൃത്യവും കുറ്റമറ്റതും ആയിരിക്കാനാണു സാധ്യത. ഇപ്പോള്‍ത്തന്നെ നിങ്ങളുടെ ശരീരസ്ഥിതി അപ്പോളപ്പോള്‍ നിരീക്ഷിച്ചു വിവരങ്ങള്‍ തരുന്ന ചെറിയ യന്ത്രങ്ങള്‍ ദേഹത്തു ഘടിപ്പിക്കാവുന്നവയുണ്ട്. ഈ ചെറുയന്ത്രങ്ങള്‍ എപ്പോഴും ശരീരത്തിന്റെ അവസ്ഥകള്‍ (ഫിസിയോളജി) ഒരു കേന്ദ്രകമ്പ്യൂട്ടറിനെ അറിയിച്ചുകൊണ്ടിരുന്നാല്‍ അതതു സമയത്ത് നിങ്ങള്‍ക്ക് ഏതൊക്കെ മരുന്നുകളാണ് ആവശ്യമെന്നു വിധിക്കാന്‍ സാധിക്കും, ആശുപത്രിയില്‍ എന്നും കയറിയിറങ്ങേണ്ട കാര്യമില്ല. നിങ്ങളുടെ അതേ അസുഖമുള്ള മില്യണ്‍ കണക്കിനു മറ്റു രോഗികളുടെ അവസ്ഥയുമായി താരതമ്യം ചെയ്തിട്ടാണ് ഈ തീരുമാനം എടുക്കുന്നത്. ഇന്ന് സൈക്കോളജിയും സൈക്യാട്രിയും ന്യൂറോളജിയും ഒക്കെ നിര്‍മിത ബുദ്ധിയുടെ പ്രയോഗസാമര്‍ഥ്യങ്ങളോടെ മുന്നേറുകയാണ്.
അതിശീഘ്രപുരോഗതി 
ഇന്ന് കമ്പനികളും വ്യവസായസംരംഭങ്ങളും ഒരു ഓട്ടപ്പന്തയത്തിലാണ്, സ്വയം നിയന്ത്രിക്കുന്ന നിര്‍മിതബുദ്ധി ആവിഷ്‌കരിക്കപ്പെടാന്‍. മാനുഷികപ്രതിഭയ്ക്കും നിപുണതയ്ക്കും ബോധജ്ഞാനത്തിനും ഒപ്പം നില്‍ക്കുന്നതോ അവയെ കവച്ചുവയ്ക്കുന്നതോ ആയ നിര്‍മിതബുദ്ധിചാതുര്യമാണ് അവര്‍ ഉന്നം വയ്ക്കുന്നത്. നിലവിലുള്ളതോ ആവിഷ്‌കരിക്കപ്പെട്ടതോ ആയ മാതൃകകള്‍ കമ്പ്യൂട്ടറുകളെ പരിശീലിപ്പിച്ചെടുക്കുന്നതില്‍ നിഷ്ണാതരാണവര്‍. ഒരു വര്‍ഷം മൂന്നിരട്ടിയോളം വര്‍ധിക്കുകയാണ് ഇത്തരം പരിശീലന അടവുകള്‍. ടെക്കമ്പനികള്‍ക്ക് ഇതിനുള്ള സാമ്പത്തികപശ്ചാത്തലം വേണ്ടുവോളമുള്ളതുകൊണ്ട് ഇതില്‍ ഉപയോഗിക്കേണ്ട 'ഹാര്‍ഡ് വെയര്‍' ഉദാരമായി ലഭ്യമാണ്. നിര്‍മിതബുദ്ധിയുടെ മാന്ത്രികജാലങ്ങള്‍ കമ്പ്യൂട്ടിങ്ങിനുപയോഗിക്കുന്ന ചിപ്പുകള്‍ കൂടുതല്‍ ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളവയായി മാറ്റിയെടുത്തിട്ടുണ്ട്, കലനവിധി (algorithm)  കൂടുതല്‍ കാര്യപ്രാപ്തിയുള്ളതുമാക്കിയിട്ടുണ്ട്. പ്രോഗ്രാമിങ്, വിവരശേഖരണം (Data collection), ചിപ്പുകളുടെ രൂപരേഖാവിഷ്‌കാരം(design) ഒക്കെ ഇന്ന് യന്ത്രവത്കരിക്കപ്പെട്ടിരിക്കയാണ്, വേഗം പതിന്മടങ്ങു കൂടുകയാണ്.
മാനുഷികതലത്തില്‍ ഒതുക്കപ്പെടുന്നതല്ല നിര്‍മിതബുദ്ധിയുടെ ചാതുര്യങ്ങള്‍. വേഗവും മനുഷ്യരീതിയിലല്ല. ചതുരംഗംകളിയിലും അതുപോലെയുള്ള മറ്റു പല വിദ്യകളിലും മനുഷ്യനെ വെന്നിട്ടുണ്ട് നിര്‍മിതബുദ്ധി. നമ്മുടെ കോശങ്ങളിലെ പ്രോട്ടീനുകളാണ് ഘടനയ്ക്കും പ്രവൃത്തിക്കും ആധാരം. അവയുടെ പ്രത്യേകരീതിയിലുള്ള മടക്കിയെടുക്കലാണ് പ്രവര്‍ത്തനപരതയുടെ പ്രയോഗവിധി. ഇതു പഠിച്ചെടുക്കുന്നത് ക്ലിഷ്ടതരമാണ്. പക്ഷേ, ഇന്ന് നിര്‍മിതബുദ്ധി എളുപ്പം ഇതു സാധിച്ചെടുക്കുകയാണ്. മനുഷ്യനെ അപേക്ഷിച്ച് എ ഐ ദ്രുതബുദ്ധിയാണ്, ശീഘ്രകാര്യസിദ്ധിപ്രദായിനിയാണ്, സംവേദനങ്ങള്‍ വിപുലവും വിസ്തൃതവുമാണ്. മാത്രമല്ല, പ്രോഗ്രാമുകള്‍  ഇരട്ടിച്ചെടുക്കുന്നത് മില്യന്‍ കണക്കിനാണ്. എന്താണു ഭാവിയില്‍ ഉരുത്തിരിയുന്നതെന്നോ എത്രമാത്രം ഇതളുകളാണ് ഈ മാന്ത്രികത്താമര വിടര്‍ത്തിയെടുക്കുന്നതെന്നോ ഊഹിക്കാന്‍പോലും നിര്‍വാഹമില്ലാതായിരിക്കയാണ്. അതിശക്തിയാര്‍ജിച്ച, സ്വനിയന്ത്രണം പേറുന്ന നിര്‍മിതബുദ്ധി  പല മേഖലയിലും മനുഷ്യനെക്കാള്‍ വളരെ ക്രിയാന്വിതമാണ്; അടുത്ത ദശാബ്ദത്തില്‍ത്തന്നെ ഇത് അപ്രതിഹതമായ സാന്നിധ്യമായി നിലകൊള്ളാന്‍ പോവുകയാണ്. 
കൂടുതല്‍ ശേഷിയും ത്രാണിയുമുള്ള എ ഐ സിസ്റ്റങ്ങള്‍ക്ക് അതുപോലെ ഭീമമായ സ്വാധീനവും ഇടപെടലുമുണ്ട്. അവസരങ്ങള്‍ കൂടുന്നതോടൊപ്പം അപകടസാധ്യതകളും വര്‍ധിച്ചേക്കാം. സസൂക്ഷ്മം കൈകാര്യം ചെയ്താല്‍, ന്യായമായി വിതരിതമാക്കിയാല്‍ മനുഷ്യകുലത്തിനു ഭാഗ്യദായകമായേക്കാം, രോഗങ്ങളെ എളുപ്പം ചികിത്സിച്ചു ഭേദമാക്കാം, ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താം, പരിസ്ഥിതിയെ കേടുപാടുകളില്ലാതെ നിലനിര്‍ത്താം. അവസരങ്ങള്‍ ശതഗുണീഭവിക്കുകയാണ്. പക്ഷേ, ഭീതിദമായ അപകടസാധ്യതകള്‍ ഇതോടെ സംജാതമാകുന്നത് സത്യമെന്ന് ഓര്‍മിക്കേണ്ടിയിരിക്കുന്നു. നിര്‍മിതബുദ്ധി സിസ്റ്റങ്ങള്‍ സാമൂഹികാനീതികളെ വിപുലമാക്കുമെന്നു പേടിപ്പിച്ചേക്കാം, സമൂഹത്തിന്റെ സ്ഥിരത ഒലിച്ചുപോകാന്‍ വഴിതെളിച്ചേക്കാം, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയേക്കാം, സ്വയം തീരുമാനങ്ങളെടുക്കുന്ന യുദ്ധങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാം, ജനതതിയെ വന്‍രീതിയില്‍ വരുതിയിലാക്കി തന്‍കാര്യസാധ്യതകള്‍ക്ക് ഉപയോഗപ്പെടുത്തിയേക്കാം, അനാവശ്യമായ പൊതുജനനിരീക്ഷണം വ്യാപകമാക്കിയേക്കാം. ഇങ്ങനെ കെടുതികള്‍ക്കുള്ള സാധ്യത ഏറെയാണ്. 

Login log record inserted successfully!