•  18 Jul 2024
  •  ദീപം 57
  •  നാളം 19
ലേഖനം

ഇവിടെ തോക്കുകള്‍ സംസാരിക്കുന്നില്ല

സിങ്കപ്പൂര്‍, ഐസ്‌ലാന്‍ഡ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് ഏറ്റവും കുറവു കുറ്റകൃത്യങ്ങള്‍ നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ തലപ്പത്ത് ഇടംപിടിക്കുന്നവര്‍. കുറ്റകൃത്യങ്ങള്‍ കുറയുന്നത് കുറെയേറെ ഘടകങ്ങളുടെ സമ്മിശ്രപ്രഭാവത്താലാണ്. പരമ്പരാഗതമായ സദാചാരബോധം, സമൂഹത്തിന്റെ സ്വാധീനം, സ്നേഹപൂര്‍ണമായ അന്തരീക്ഷത്തില്‍ ചെറുപ്പത്തിലേ വളര്‍ന്നതുകൊണ്ടുണ്ടാകുന്ന മനോഭാവം, അന്നാട്ടിലെ പോലീസിന്റെ കാര്യക്ഷമത എന്നിങ്ങനെ അനേകം ഘടകങ്ങള്‍ ഇവിടങ്ങളിലെ ജീവിതത്തെ സ്വാധീനിക്കുന്നു. മതാത്മകത സഹായകമായേക്കാമെങ്കിലും അതുകൊണ്ടുമാത്രം ഒരു വ്യക്തി മെച്ചപ്പെടുമെന്ന തത്ത്വം എളുപ്പത്തില്‍ തെളിയിക്കാന്‍ സാധ്യമല്ല. അതേസമയം, നിയമപാലനത്തെയും നീതിബോധത്തെയുമൊക്കെ മതവിശ്വാസം ഒരു പരിധിവരെ സ്വാധീനിക്കുന്നുണ്ടുതാനും.
കുറ്റകൃത്യങ്ങളെക്കുറിച്ചും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ചും പഠിക്കുമ്പോള്‍ പെട്ടെന്നു മുമ്പിലെത്തുന്ന ഒരു രാജ്യമാണ് ജപ്പാന്‍. തുടക്കത്തില്‍ പറഞ്ഞ രാജ്യങ്ങളില്‍ ജനസംഖ്യ കുറവായതുകൊണ്ട് അവിടെ നിയന്ത്രണങ്ങള്‍ കുറേക്കൂടി സുഗമമാണ്. എന്നാല്‍, ജപ്പാനിലാകട്ടെ ജനസംഖ്യ സാമാന്യം വലുതാണ്. ബുദ്ധമതത്തിന്റെയും ഷിന്റോയിസത്തിന്റെയും നേരിയ സ്വാധീനം ചിലയിടങ്ങളില്‍ അവശേഷിക്കുന്നുണ്ടാകാം. 75 ശതമാനംപേര്‍ എവൊല്യൂഷന്‍ ചിന്താഗതിക്കാരാണ്. ശരിക്കുപറഞ്ഞാല്‍ മതവിശ്വാസികള്‍ ഒരു ചെറിയ ശതമാനംമാത്രം. ഇത്രയും വലിയ ജനസംഖ്യ ഉള്ളപ്പോഴും ഇവരാണ് ലോകത്തിലെ ഏറ്റവും കുറവു കുറ്റകൃത്യങ്ങളുള്ള രാജ്യമായി വെന്നിക്കൊടിയുയര്‍ത്തി ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്. ഇവിടെ തോക്കുകള്‍ അപൂര്‍വവസ്തുവായിരിക്കുന്നു. മയക്കുമരുന്നുകളുടെ ദുരുപയോഗം തീരെയില്ല. ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കാരണം  ഇവിടത്തെ കുപ്രസിദ്ധ 'എക്‌സ' മാഫിയത്തലവന്മാരുടെ കൈയില്‍പ്പോലുമില്ല സാമ്പിളിന് ഒരു തോക്ക്!
സാങ്കേതികപുരോഗതി ഒരു 'പാത്തോളജിക്കല്‍' കുറ്റവാളിയുടെ കരങ്ങളില്‍ ഒരു കോടാലിയായി മാറും എന്ന് ഐന്‍സ്റ്റീന്‍ ഒരിക്കല്‍ പറയുകയുണ്ടായി. എന്നാല്‍, രണ്ടാം ലോകമഹായുദ്ധാനന്തരം  ജപ്പാന്‍ തുടര്‍ച്ചയായി സമാധാനകാംക്ഷികളുടെ മുന്‍പന്തിയിലാണ്. ഏറ്റവും സുരക്ഷിതമായ വാസകേന്ദ്രമായി, ഏറ്റവും കുറവു കുറ്റകൃത്യങ്ങളുടെ നാടായി അതു മാറി.
ജപ്പാനിലെ കുറഞ്ഞ ക്രൈംറേറ്റിനു കാരണമായി  പഠനങ്ങളില്‍ പറയുന്നതിങ്ങനെ: അവരുടെ ഉയര്‍ന്ന സാമ്പത്തികനിലവാരം, ധാരാളമായുള്ള തൊഴിലവസരങ്ങള്‍, മയക്കുമരുന്നുകളുടെ ആകര്‍ഷണത്തില്‍ നിന്നുള്ള അകല്‍ച്ച അങ്ങനെ കുറെ കാര്യങ്ങള്‍. ഇതിനെല്ലാം ഉപരിയായി ക്ഷമയോടും ശാന്തിയോടും സമാധാനത്തോടുമുള്ള ഒരു സാംസ്‌കാരികമായ ചായ്‌വ് - ഇത് ഒരുപക്ഷേ, ബുദ്ധമതസംസ്‌കാരം അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതുകൊണ്ടാകാം. രോഷം, ആക്രമണസ്വഭാവം, കൈയേറ്റം, സമാധാനലംഘനം, രക്തച്ചൊരിച്ചില്‍ ഇതൊക്കെ നിഷിദ്ധവും വെറുക്കപ്പെട്ടതുമായ കാര്യങ്ങളാണവിടെ. ജയില്‍വാസം അനുഭവിക്കേണ്ടിവരുന്നത് കുടുംബത്തിന്റെ മാനം തകര്‍ക്കുന്ന, വലിയ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. സമൂഹത്തില്‍നിന്ന് ഒരു വ്യക്തി പുറംതള്ളപ്പെടാന്‍ കാരണമാകുന്ന, പറഞ്ഞറിയിക്കാനാവാത്ത സാമൂഹികതൊട്ടുകൂടായ്മയ്ക്ക് ഇടംകൊടുക്കുന്ന കാര്യം!
പരസ്പരസ്‌നേഹവും നേരേചൊവ്വേയുള്ള ജീവിതവും വ്യക്തിത്വത്തിന്റെ ഭാഗമാകണമെന്നാണ് ഒരു സാധാരണ ജപ്പാന്‍കാരന്‍ ആഗ്രഹിക്കുന്നത്. ഹിരോഷിമ - നാഗസാക്കി ദുരന്തങ്ങള്‍ക്കുശേഷം അവരുടെ നീതിസങ്കല്പങ്ങള്‍ക്ക് അല്പംകൂടി ആക്കമേറി.
പൊലീസ് 
ശക്തവും കാര്യക്ഷമവുമായ ഒരു പൊലീസ് സംവിധാനമാണ് മറ്റൊരു ഘടകം. കോടതികളുടെ റെക്കോര്‍ഡുപ്രകാരം 98 ശതമാനം കുറ്റകൃത്യങ്ങളും കണ്ടുപിടിക്കപ്പെടുകയും ശിക്ഷാവിധിക്കുമുമ്പില്‍ എത്തപ്പെടുകയും ചെയ്യുന്നു. അവിടത്തെ കാരാഗൃഹങ്ങളിലെ കടുത്ത ശിക്ഷണരീതികളും ക്രൂരതകളും കുപ്രസിദ്ധങ്ങളാണ്. പൊലീസിനുമേല്‍ ഒരു അസാമാന്യമായ സമ്മര്‍ദം എപ്പോഴുമുണ്ട്, കുറ്റങ്ങള്‍ തെളിയിക്കാന്‍. ചിലപ്പോള്‍ ഒരു നിരപരാധിയെക്കൊണ്ടുപോലും കുറ്റം സമ്മതിപ്പിക്കുന്ന സ്ഥിതിവിശേഷമുണ്ടാകാം. പീഡനങ്ങള്‍ ഏറ്റുവാങ്ങണം, നീണ്ട ചോദ്യംചെയ്യലുകള്‍ക്കു വിധേയനാകേണ്ടിവരും എന്നൊക്കെ ഓര്‍ക്കുമ്പോള്‍ മറ്റെന്തു പോംവഴി?
ഇതൊക്കെയാണെങ്കിലും പൊതുസ്ഥലങ്ങളില്‍ സ്ത്രീകളോട് അപമര്യാദയായി, ലൈംഗികച്ചുവയോടെ പെരുമാറാനുള്ള ഒരു പ്രവണത അവിടെ കാണുന്നു. ഞരമ്പുരോഗികള്‍ അവിടെയുമുണ്ട് എന്നുസാരം. പ്രശ്‌നം പരിഹരിക്കാന്‍ സ്ത്രീകള്‍ക്കുമാത്രമായുള്ള ബസുകളും ട്രെയിനുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സാംസ്‌കാരികപൈതൃകം 
ഒരുകാലത്ത് ബുദ്ധമതവും ഷിന്റോയിസവും ഏറെ പ്രാബല്യത്തിലുണ്ടായിരുന്നു ജപ്പാനില്‍. ആ തത്ത്വചിന്തകര്‍ നല്ലൊരു സംസ്‌കാരത്തിന്റെ അടിത്തറയാണു സൃഷ്ടിച്ചത്. ബുദ്ധമതം പഠിപ്പിക്കുന്നത് ലോകത്തിലെ ദുരിതങ്ങള്‍ക്കെല്ലാം കാരണം മനുഷ്യന്റെ ലൗകികസുഖങ്ങളോടുള്ള തൃഷ്ണയാണെന്നാണ്. മോഹങ്ങള്‍, അഭിനിവേശം, അമിതോത്സാഹം, സമ്പത്തിനുള്ള ദാഹം, അഹന്ത, പെരുമ വര്‍ധിപ്പിക്കാനുള്ള ആഗ്രഹം ഇതൊക്കെയാണ് പലപ്പോഴും കുറ്റകൃത്യങ്ങളിലേക്കു മനുഷ്യരെ നയിക്കുന്നത്. ദിനംതോറുമുള്ള യോഗയും ധ്യാനവും ജപ്പാന്‍കാര്‍ക്കു പതിവാണ്. നല്ല സാത്വികഗുണങ്ങള്‍ വളര്‍ത്താനും സ്വയം കണ്ടെത്താനും മാനസികമായി വളരാനും പരസ്പരസ്‌നേഹത്തിലും സൗഹൃദത്തിലും ജീവിക്കാനും ഇതു പ്രചോദനമേകുന്നു. 'കര്‍മ'യിലുള്ള വിശ്വാസവും നല്ല  ഭാഷാസംസ്‌കാരവും ബുദ്ധമതം പഠിപ്പിക്കുന്നു.
ഈ നല്ല പൈതൃകങ്ങള്‍ എത്രകണ്ട് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്നുണ്ട് എന്നുള്ളത് ഒരു വിവാദവിഷയമാണ്. തിരിച്ചുവാദിക്കാന്‍ കാരണങ്ങള്‍ പലതും കാണാം. സമാധാനത്തിന്റെ കാര്യത്തില്‍ ഒന്നാമനെങ്കിലും, പല കാര്യങ്ങളില്‍ അവരെ ഒന്നാമന്മാരായി കാണാന്‍ നമുക്കു കഴിയാതെ വരാം. പക്ഷേ, കുറ്റകൃത്യങ്ങളെക്കുറിച്ചു  പഠിക്കുമ്പോള്‍ ചില ചൂണ്ടുപലകകള്‍ നമുക്കു ജപ്പാന്‍ കാണിച്ചുതരുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ തടയാനുള്ള അവരുടെ ശ്രമങ്ങളെ നമുക്കു വിലകുറച്ചു കാണാനാവില്ല. ഒരിക്കല്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് പറഞ്ഞു, കുറ്റകൃത്യങ്ങള്‍ക്കു പ്ലേഗുപോലൊരു പകര്‍ച്ചവ്യാധിസ്വഭാവമുണ്ടെന്ന്. അപ്പോള്‍ അതു കുറയ്ക്കാന്‍ ലോകം  നന്നേ ശ്രമിക്കേണ്ടിയിരിക്കുന്നു.

 

Login log record inserted successfully!