•  18 Jul 2024
  •  ദീപം 57
  •  നാളം 19
ലേഖനം

സുമനസ്സുകളുടെ സുകൃതവഴികള്‍

മേരിക്കയിലെ ഫിലാഡെല്‍ഫിയ എന്ന സിറ്റിയില്‍ അന്നു നല്ല കാറ്റും മഴയുമായിരുന്നു. രാത്രി ഏകദേശം പന്ത്രണ്ടു മണിയായിക്കാണും. മധ്യവയസ്‌കനായ ഒരു മനുഷ്യനും അയാളുടെ ഭാര്യയും ഒരു ചെറിയ ഹോട്ടലില്‍ കയറിവന്നു. മഴമൂലം ഇരുവരുടെയും ഡ്രസ്സുകള്‍ നനഞ്ഞിട്ടുണ്ട്.
ഹോട്ടലിലെ യുവാവായ മാനേജര്‍ അവരെ സ്വാഗതം ചെയ്തു. നല്ല പ്രസരിപ്പുള്ള ചെറുപ്പക്കാരന്‍. ഹെന്റി എന്നാണയാളുടെ പേര്. ദമ്പതികള്‍ക്ക് അന്നു താമസിക്കാന്‍ അവിടെ ഒരു മുറി വേണം.
''സോറി സാര്‍. ഇവിടെ ഒറ്റമുറിയും ഒഴിവില്ല.'' മാനേജര്‍ നിസ്സഹായത അറിയിച്ചു.
''ഞങ്ങള്‍ കുറേ നേരമായി വിവിധ ഹോട്ടലുകളില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട്. അവിടെങ്ങും മുറി കിട്ടിയില്ല. അപ്പോഴേക്കും വല്ലാത്ത കാറ്റും മഴയും.''
''ഈ സിറ്റിയില്‍ ഇന്നലെയും ഇന്നുമായി രണ്ടുമൂന്നു വലിയ കണ്‍വന്‍ഷനുകള്‍ നടക്കുകയാണ്. അവയില്‍ പങ്കെടുക്കുന്ന വി.ഐ.പികളും വിശിഷ്ടാതിഥികളും  മറ്റു പ്രമുഖവ്യക്തികളും ഉദ്യോഗസ്ഥരും അവരുടെ സ്റ്റാഫും വളരെ മുമ്പുതന്നെ റൂമുകളെല്ലാം ബുക്കുചെയ്തു. അതാണു പ്രശ്‌നമായത്. ഈ ഹോട്ടലിലെ സ്ഥിതിയും അതുതന്നെ. ഗസ്റ്റ്‌റൂമുകളും സ്യൂട്ടും എല്ലാംതന്നെ ബുക്ഡാണ്. നിങ്ങളെ സഹായിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു.''
ഇങ്ങനെ ഒരവസ്ഥയുണ്ടാകുമെന്നു തെല്ലും പ്രതീക്ഷിച്ചില്ല. സമയം പാതിരയായി. എന്തു ചെയ്യും? ഇനി എവിടെപ്പോയി അന്വേഷിക്കും? ക്ഷീണിതരായ ദമ്പതികള്‍ പരസ്പരം നോക്കി നൈരാശ്യം പൂണ്ടുനിന്നു.
അവരുടെ അവസ്ഥ കണ്ടു ഹെന്റിക്ക് സഹതാപം തോന്നി. അയാള്‍ പറഞ്ഞു: ''നിങ്ങളെപ്പോലെ നല്ലവരായ ദമ്പതികളെ ഈ നിലയില്‍ മടക്കിയയയ്ക്കാന്‍ വിഷമമുണ്ട്. ഞാനൊരു കാര്യം പറഞ്ഞാല്‍ സമ്മതമാകുമോ?''
''എന്താണ്?''
''വിരോധമില്ലെങ്കില്‍ എന്റെ മുറിയില്‍ താമസിച്ചോളൂ.''
''അപ്പോള്‍ നിങ്ങള്‍ക്ക് ഉറങ്ങാനോ?''
''ഓ അതു സാരമില്ല. ഞാനെങ്ങനെയെങ്കിലും മാനേജു ചെയ്‌തോളാം.''
ആ യുവാവിന്റെ സന്മനസ്സില്‍ ദമ്പതികള്‍ അന്ന് അവിടെ താമസിച്ചു.
ബ്രേക്ക്ഫാസ്റ്റു കഴിഞ്ഞ്  ദമ്പതികള്‍ റൂംറെന്റു കൊടുത്തു പിരിയാന്‍ നേരത്ത് ആ യുവാവിനോടു പറഞ്ഞു: ''താങ്കള്‍ ഞങ്ങളോടു കാട്ടിയ സ്‌നേഹത്തിനും നല്ല മനസ്സിനും എങ്ങനെ നന്ദി പറയണമെന്നറിയില്ല. സത്യംപറഞ്ഞാല്‍ നിങ്ങളെപ്പോലെ വലിയ മനസ്സുള്ള, സഹകരണമനോഭാവമുള്ള ഒരാളാണ് അമേരിക്കയിലെ മുന്തിയ ഹോട്ടലിന്റെ മാനേജരാകേണ്ടത്.'' എന്നിട്ട് ആ മധ്യവയസ്‌കന്‍ പുഞ്ചിരിയോടെ പറഞ്ഞു: ''എന്നെങ്കിലും ഞാനൊരു ഹോട്ടല്‍ നിര്‍മിച്ചാല്‍ അതിന്റെ മാനേജരായിട്ടു വരാന്‍ ക്ഷണിച്ചാല്‍ വരുമോ?''
ഒരുതരം നല്ല ജോക്ക് അടിച്ചതുപോലുള്ള വാചകം കേട്ട് ആ യുവാവ് പൊട്ടിച്ചിരിച്ചു.
''എന്താ ചിരിക്കുന്നത്?''
അതിനുള്ള മറുപടിയും അതേ പൊട്ടിച്ചിരിയായിരുന്നു.
വര്‍ഷങ്ങള്‍ രണ്ടു കടന്നുപോയി. ഒരു ദിവസം ഹെന്റിക്ക് ന്യൂയോര്‍ക്കില്‍നിന്ന് ഒരു കത്ത്. അന്നത്തെ രാത്രിയില്‍ മഴ നനഞ്ഞെത്തിയ മധ്യവയസ്‌കന്റെയാണു കത്ത്. അതിനോടൊപ്പം അങ്ങോട്ടുമിങ്ങോട്ടുമുള്ള എയര്‍ടിക്കറ്റും. ഹെന്റിയെ ന്യൂയോര്‍ക്കിലേക്കു ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു കത്ത്. ഹെന്റിക്ക് എന്തെന്നില്ലാത്ത ആശ്ചര്യവും അമ്പരപ്പും. ഏതായാലും എയര്‍ടിക്കറ്റ് അയച്ചുതന്നു ക്ഷണിച്ച നിലയ്ക്ക്, പോയിപ്പോരാന്‍ തീരുമാനിച്ചു.
ഹെന്റി ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ അയാളെ സ്വീകരിക്കാന്‍ അന്നത്തെ മധ്യവയസ്‌കന്‍ ആകര്‍ഷകമായ വേഷത്തില്‍ പ്രസരിപ്പോടെ കാത്തുനില്പുണ്ടായിരുന്നു.
ഇരുവരും സസന്തോഷം പരസ്പരം ആശ്ലേഷിച്ചു. ഹെന്റിയെയുംകൊണ്ട് അദ്ദേഹത്തിന്റെ കാറ് ന്യൂയോര്‍ക്ക് സിറ്റിയെ ലക്ഷ്യമാക്കി കുതിച്ചു. കുറെ ദൂരം സഞ്ചരിച്ചശേഷം, ആകാശത്തേക്കു തലയുയര്‍ത്തി ഗമയോടെ നില്‍ക്കുന്ന, കൊട്ടാരസദൃശമായ ഒരു കൂറ്റന്‍കെട്ടിടത്തിന്റെ മുമ്പില്‍ കാര്‍ നിര്‍ത്തി. ഇരുവരും പുറത്തിറങ്ങി. എന്നിട്ട് മധ്യവയസ്‌കന്‍ പല നിലകളിലുള്ള ആ മനോഹരകെട്ടിടം ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു: ''ഇതാണ് നിങ്ങള്‍ക്കുവേണ്ടി ഞാന്‍ പണിതീര്‍ത്ത ഹോട്ടല്‍. എത്രയുംവേഗം നിങ്ങള്‍ ഇതിന്റെ മാനേജരായി ചാര്‍ജെടുക്കണം.''
ഇതുകേട്ട് ആ യുവാവ് ഇടിവെട്ടേറ്റപോലെ സ്തംഭിച്ചുപോയി. ആ മുഖത്തു വല്ലാത്ത അന്ധാളിപ്പും പരിഭ്രാന്തിയും. ഇതു സ്വപ്നമോ യാഥാര്‍ഥ്യമോ?  നിന്ന നിലയില്‍ ഹെന്റിയുടെ നയനങ്ങള്‍ നീരണിഞ്ഞു.
പിന്നീടാണ് ഹെന്റി മനസ്സിലാക്കിയത്, രണ്ടുവര്‍ഷംമുമ്പ് റൂം ചോദിച്ചു മഴ നനഞ്ഞു കയറിവന്ന മനുഷ്യന്‍ വാള്‍ഡോര്‍ഫ് ആസ്റ്റര്‍ എന്ന കോടീശ്വരനാണെന്ന്. ഹോട്ടലിനു കൊടുത്തിരിക്കുന്ന പേര് 'വാള്‍ഡോര്‍ഫ് ആസ്റ്റോറിയ.''
അദ്ദേഹം യുവാവിനോടു പറഞ്ഞു: ''വരൂ! നമുക്കു പോയി അതെല്ലാം ആകെയൊന്നു നോക്കിക്കാണാം.''
തുടര്‍ന്ന് ഇരുവരും അങ്ങോട്ടു നീങ്ങി.
ഈ സംഭവത്തില്‍നിന്ന് ഒരു സത്യം മനസ്സിലാക്കാം. അന്യനായാലും അപരിചിതനായാലും സഹായം ആവശ്യപ്പെട്ടുവരുമ്പോള്‍ അതു സന്തോഷത്തോടും സന്മനസ്സോടുംകൂടി നല്‍കുക. അതിനു ലഭിക്കുന്ന പ്രതിഫലം വലുതായിരിക്കും. ചിലപ്പോള്‍ അപ്രതീക്ഷിതവും അദ്ഭുതാവഹവുമായിരിക്കും.

 

Login log record inserted successfully!