•  18 Jul 2024
  •  ദീപം 57
  •  നാളം 19
ലേഖനം

ജീവിതം സേവനോത്സവമാക്കിയ ജനനായകന്‍

കേരളരാഷ്ട്രീയത്തിലെ അനന്യനും അവിസ്മരണീയനുമായ ജനപ്രിയനായകന്‍  ഉമ്മന്‍ചാണ്ടി അന്തരിച്ചിട്ട് ജൂലൈ 18 ന് ഒരു വര്‍ഷം

കേരളരാഷ്ട്രീയത്തിലെ അപൂര്‍വവി സ്മയമായിരുന്നു ഉമ്മന്‍ ചാണ്ടി. പ്രായഭേദമോ വര്‍ണചിന്തയോ രാഷ്ട്രീയമായ േചരിതിരിവുകളോ കൂടാതെ എല്ലാ മനുഷ്യരുടെയും മനസ്സില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകന്‍. ആ ജീവിതനാടകത്തിലെ ഓരോ രംഗവും ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
ഒരേ കാലഘട്ടത്തില്‍ ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളജില്‍ വിദ്യാര്‍ഥികളായിരുന്നു ഞങ്ങള്‍. ഉമ്മന്‍ചാണ്ടി ബിരുദത്തിനും ഞാന്‍ ബിരുദാനന്തരബിരുദത്തിനും. അന്നേ നല്ല സംഘാടകന്‍, വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ നേതാവ്, ഹൃദയംഗമമായ പെരുമാറ്റംകൊണ്ട് എല്ലാവരുടെയും സ്‌നേഹഭാജനം. പരിചയപ്പെടുന്നവരൊക്കെ കുഞ്ഞൂഞ്ഞേ എന്നേ വിളിക്കൂ. അത് ഒരു വിളിപ്പേരുമാത്രമല്ല, നിറഞ്ഞ വാത്സല്യത്തിന്റെ ഹൃദ്യതരമായ പ്രകാശനംകൂടിയാണ്.
വലിയ ഒരനുയായിവൃന്ദത്തോടൊപ്പമല്ലാതെ ഏകനായി ഉമ്മന്‍ചാണ്ടിയെ കാണാന്‍ ഇടവന്നിട്ടില്ല. ആകര്‍ഷകമായ ജനകീയപരിവേഷം എപ്പോഴും ഉണ്ടായിരുന്നു. അതു സൃഷ്ടിച്ച ചില പ്രശ്നങ്ങള്‍ക്കും ഞാന്‍ സാക്ഷിയായിട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കേരള സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാനായിരുന്ന കാലം. സര്‍വകലാശാലാ കലോത്സവനടത്തിപ്പു സംബന്ധിച്ച ഒരു ആലോചനായോഗം കോട്ടയം ലക്ഷ്മിനിവാസ് ഹോട്ടലില്‍ ചേരുന്നു. യോഗം തുടങ്ങുന്നതിന് ഞങ്ങള്‍ ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുകയാണ്. മീറ്റിംഗ് നടക്കുന്ന ഹാളില്‍ പത്തുപതിനഞ്ചു പേര്‍ക്ക് ഇരിക്കാം. ഉമ്മന്‍ചാണ്ടി പതിവുള്ള മട്ടില്‍ മുഖപ്രസാദത്തോടെ കയറിവരുന്നു. പിന്നില്‍ ഒരാള്‍ക്കൂട്ടം. പത്തുനാല്പതുപേരുണ്ട്. എല്ലാവരും മുറിയില്‍ കടന്നു.
തിരുവഞ്ചൂര്‍ പറഞ്ഞു: ''ഇത് ഒരു കമ്മിറ്റിമീറ്റിങ്ങാണ്. നിങ്ങളൊന്നു പുറത്തുനില്‍ക്ക്.'' അനുയായികളുണ്ടോ പിന്‍വാങ്ങുന്നു? അവരുടെ നേതാവ് പങ്കെടുക്കുന്ന യോഗത്തില്‍നിന്ന് തങ്ങളെന്തിനു മാറിനില്‍ക്കണം എന്ന മട്ട്. ഒടുവില്‍ ഉമ്മന്‍ചാണ്ടി അനുനയത്തിനു ശ്രമിച്ചു.
''ഇവരുംകൂടി നില്‍ക്കട്ടെ. എന്താ?''
''ആള്‍ക്കൂട്ടത്തിനു നടുവില്‍വച്ച് എങ്ങനെ കാര്യാലോചന നടത്തും?'' തിരുവഞ്ചൂര്‍ നിസ്സഹായത പ്രകടിപ്പിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു മാര്‍ഗമേ ഉണ്ടായിരുന്നുള്ളൂ: എന്തു തീരുമാനമെടുത്താലും തന്റെ പിന്തുണ ഉറപ്പ്. എല്ലാ സഹായത്തിനും സന്നദ്ധം. ഒപ്പമുള്ളവരെ ഉപേക്ഷിക്കാതെ ഉമ്മന്‍ ചാണ്ടി ഇറങ്ങിനടക്കുന്നു. ലക്ഷ്മിനിവാസില്‍നിന്ന് ആ ആള്‍ക്കൂട്ടം നിരത്തിലേക്ക് ഒഴുകുന്നതുനോക്കി ഞാന്‍ നിന്നു.
ഉമ്മന്‍ചാണ്ടിയില്‍നിന്നു തികച്ചും വ്യക്തിപരമായ ഒരാനുകൂല്യം ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. അന്ന് ആഭ്യന്തരവകുപ്പുമന്ത്രിയായിരുന്നു എന്നാണ് ഓര്‍മ. എന്റെ ഭാര്യാസഹോദരന് സൗദി അറേബ്യയില്‍ ജോലി കിട്ടുന്നു. ഗോവയിലെ ഉദ്യോഗമുപേക്ഷിച്ച് അദ്ദേഹം ഒരു പ്രഭാതത്തില്‍ തിരുവനന്തപുരത്ത് എത്തുന്നു. പിറ്റേന്നുനേരം പുലരുംമുമ്പ് ബോംബെയില്‍നിന്നു പറക്കണം. ഇതിനുള്ള ടിക്കറ്റ് റെഡി. പക്ഷേ, തിരുവനന്തപുരത്തുനിന്ന് ഉച്ചതിരിഞ്ഞുള്ള വിമാനത്തില്‍ ബോംബെ ടിക്കറ്റില്ല. അന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് മാത്രമേയുള്ളൂ. എത്ര മുട്ടിയിട്ടും രക്ഷാമാര്‍ഗം തുറക്കുന്നില്ല. ഒരു സീറ്റുപോലും ഒഴിവില്ല. എന്തു വഴിയെന്നു വിഷാദിച്ചിരിക്കുമ്പോഴാണ് ഉമ്മന്‍ ചാണ്ടിയെ ഇടപെടുത്തിയാല്‍ സംഗതി നടക്കും എന്ന കാര്യോപദേശം ലഭിച്ചത്. നേരേ സെക്രട്ടേറിയറ്റില്‍ എത്തി. ബി.ഡി.ഒ. ആയിരുന്ന ബാലകൃഷ്ണനാണ് അന്നു പേഴ്‌സണല്‍ അസിസ്റ്റന്റ്. പരിചയംവച്ച് ബാലകൃഷ്ണനോട് ആവശ്യമറിയിച്ചു. മന്ത്രി മുറിയില്‍ ഒരു കോണ്‍ഫറന്‍സിനു നടുവിലാണ്. എങ്ങനെ വിവരമറിയിച്ച് സഹായം അപേക്ഷിക്കും? ബാലകൃഷ്ണന്‍ ഒരു വഴി പറഞ്ഞുതന്നു. പ്രധാനവാതിലില്‍ മറച്ചുവച്ച ഒരു കണ്ണാടിജാലകമുണ്ട്. ഈ മറവ് നീക്കിത്തരും. ഞാന്‍തന്നെ മുഖം കാണിക്കുക. ഒന്നു കണ്ടുനോക്കട്ടെ.
മന്ത്രിയുടെ കണ്ണുകള്‍ എന്റെ കരുണാര്‍ദ്രമായ മുഖത്തു വീണു. ഒട്ടും വൈകിയില്ല. നേരേ പുറത്തുവന്നു. ഞാന്‍ ക്ഷമാപണപൂര്‍വം കാര്യം പറഞ്ഞു. മന്ത്രിതന്നെ ഫോണ്‍ ഡയല്‍ ചെയ്തു. എല്ലാം ശുഭം.
ഞാനോര്‍ക്കുകയായിരുന്നു, ഇത് ഉമ്മന്‍ചാണ്ടിമാത്രം ചെയ്യുന്ന കാര്യമാണ്. അതിനു മന്ത്രിപദമോ മറ്റു പദവിയോ ഒന്നും തടസ്സമല്ല. ഏതു സ്ഥാനവും ആ സ്വഭാവസവിശേഷതയെ യാന്ത്രികമാക്കുകയില്ല. സുതാര്യമായ വ്യക്തിത്വം. ആര്‍ക്കും തന്നാലാവതു ചെയ്തുകൊടുക്കാന്‍ സദാ സന്നദ്ധന്‍. ജനങ്ങള്‍ക്കിടയില്‍നിന്നകന്ന് ദന്തഗോപുരവാസിയായി കഴിയുന്നതല്ല ഉമ്മന്‍ചാണ്ടിയുടെ പ്രകൃതം.
തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ പുസ്തകോത്സവം നടക്കുന്നു. 'പര്‍വതങ്ങളിലെ കാറ്റ്' എന്ന എന്റെ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ 'ഠവല ണശിറ ശി വേല ങീൗിമേശി'െ അവിടെവച്ചു പ്രകാശനം ചെയ്യുന്നു. ഉമ്മന്‍ ചാണ്ടിയാണു പ്രകാശനകര്‍മം നിര്‍വഹിക്കേണ്ടത്. അദ്ദേഹം തിരക്കുപിടിച്ച് എത്തുമ്പോള്‍ ആരോ ചെവിയില്‍ പറഞ്ഞു: 'ഇന്ന് ഓസിയുടെ ജന്മദിനമാണ്.' പെട്ടെന്ന് ഒരു കേക്ക് ഏര്‍പ്പാട് ചെയ്തു. പക്ഷേ, അതു കട്ടു ചെയ്ത് ജന്മദിനം ആഘോഷിക്കാന്‍ ആ ജനനേതാവിനു സമയമില്ല. അദ്ദേഹം തിരക്കിട്ടു പായാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ പിടിച്ചുനിര്‍ത്തി. ''ഈ കേക്ക് കട്ടു ചെയ്തിട്ടു പോയാല്‍ മതി.'' 
''ഞാനുടനെ മടങ്ങിവരാം. ഒരത്യാവശ്യപരിപാടിയുണ്ട്. വൈകില്ല. ഉറപ്പ്.''
ഞങ്ങള്‍ കേക്കുമായി കാത്തിരുന്നു. കഥാപുരുഷന്റെ ഹൃദയമറിയുന്ന ആരോ പറഞ്ഞു, 'നിഷ്ഫലമായ കാത്തിരിപ്പ്.' പക്ഷേ,ഞാന്‍ ആ പഴയ സ്‌നേഹിതന്റെ വാക്കു വിശ്വസിച്ചു. കൃത്യം നാല്പതു മിനിട്ട് കഴിഞ്ഞപ്പോള്‍ ഇതാ ഉമ്മചാണ്ടി പ്രത്യക്ഷപ്പെടുന്നു. കേക്കു മുറിച്ചു. ജന്മദിനം കൊണ്ടാടി. ഒരുപക്ഷേ, അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു ജന്മദിനാഘോഷം ആദ്യമായി സംഭവിക്കുകയായിരുന്നിരിക്കണം.
തിരുവല്ലയില്‍ ഒരു സാംസ്‌കാരികസമ്മേളനം നടക്കുന്നു. ഉമ്മന്‍ചാണ്ടിയാണ് മുഖ്യാതിഥി. നട്ടുച്ചനേരം. ഉദ്ഘാടനം കഴിഞ്ഞ് പതിവുപോലെ തിരക്കിട്ടു പായുമ്പോള്‍ ഞാന്‍ പറഞ്ഞു, ''ഉച്ചഭക്ഷണമുണ്ട്, അതു കഴിച്ചിട്ടുപോയാല്‍ മതി.'' പക്ഷേ, ആ ജനനേതാവിനു നിസ്സഹായത. ''വേഗത്തില്‍ പുറപ്പെടണം.'' ഞാനൊരു പാഥേയമൊരുക്കി കൈയില്‍ വച്ചുകൊടുത്തു. കാറിലിരുന്ന് അദ്ദേഹം അതു ഭക്ഷിച്ചതായി പി.എ. പിന്നീടു പറഞ്ഞു. 
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു അപകടത്തില്‍പ്പെട്ട് ഉമ്മന്‍ ചാണ്ടി ചികിത്സയില്‍. സന്ദര്‍ശകര്‍ക്കു കര്‍ശനവിലക്ക്. വിവരമാരായാന്‍ എത്താതിരിക്കാനായില്ല. ഭാര്യ ബാവയോടു വിവരം തിരക്കി മടങ്ങാനൊരുങ്ങുമ്പോള്‍ അവരുടെ പ്രതികരണം: ''ഞാന്‍ കയറിക്കാണുന്നുണ്ടല്ലോ. പിന്നെന്താ സാറിന്?'' കഥാനായകനുമാത്രമല്ല, സഹധര്‍മിണിക്കുമുണ്ട് സ്‌നേഹത്തിന്റെ ഹൃദയത്തിളക്കം.
'ഊണും ഉറക്കവുമില്ലാതെ' എന്നത് സേവനത്തിന്റെ പൂര്‍ണത വെളിവാക്കാന്‍ ഉപയോഗിക്കുന്ന ഒരു സ്ഥിരംശൈലിയാണ്. പക്ഷേ, സ്വന്തം ജീവിതത്തില്‍ ഇതു യാഥാര്‍ഥ്യമാക്കിയ മറ്റൊരു നേതാവുണ്ടാകാന്‍ ഇടയില്ല. അതിരാവിലെ വിളിച്ചാല്‍ ഫോണിന്റെ മറുതലയ്ക്കല്‍ ഉമ്മന്‍ ചാണ്ടി. കുളിക്കാന്‍ കയറിയാല്‍ ഇറങ്ങിവരുന്നതും കാത്ത് കുളിമുറിയുടെ വാതില്‍ക്കല്‍ സാധാരണ പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുമെന്ന് ആവര്‍ത്തിച്ചുകേള്‍ക്കാറുള്ള സത്യകഥാകഥനം. ഉച്ചയൂണിനു മൂന്നുമണിയെങ്കിലുമാകും. പഴയ എം.എല്‍.എ. ഹോസ്റ്റലില്‍ ഉമ്മന്‍ചാണ്ടിയുടെ 38-ാം നമ്പര്‍ മുറിയില്‍ ഉറങ്ങാന്‍ കഥാനായകന്‍ രാത്രി വളരെ വൈകി എത്തുമ്പോള്‍ സഹപ്രവര്‍ത്തകര്‍ കട്ടില്‍ കൈയടക്കിയിട്ടുണ്ടാവും. സാക്ഷാല്‍ എം.എല്‍.എയ്ക്ക് ശയനവിധി തറയിലാണ്. ഒരു മുണ്ടു വിരിച്ച് ആരെയും ശല്യപ്പെടുത്താതെ പുതുപ്പള്ളി എം.എല്‍.എ. കിടന്നുകൊള്ളുമത്രേ.
പലപ്പോഴും സാധാരണജനങ്ങള്‍ക്ക് അപ്രാപ്യമായിരുന്നു കേരളത്തിന്റെ ഭരണസിരാകേന്ദ്രം. ജനാധിപത്യത്തിന്റെ ആന്തരാര്‍ഥം സഫലീകരിക്കാതെപോയ ധാരാളം സന്ദര്‍ഭങ്ങള്‍ നമ്മുടെ നാടിന്റെ ഭരണചരിത്രത്തിലുണ്ട്. ജനപ്രതിനിധികളായെത്തിയ ഭരണാധിപന്മാരെ അവര്‍ക്കു ശക്തിയും പിന്തുണയും നല്‍കുന്ന ജനസമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ചടുലത പോരാത്ത ബ്യൂറോക്രസി കാരണമായിട്ടുണ്ട്. അര്‍ധഭരണാധിപന്മാരായി ചമഞ്ഞ ഉദ്യോഗസ്ഥമേധാവികള്‍ ജനകീയപ്രശ്‌നങ്ങളില്‍ മുഖംതിരിച്ചു നിന്നു. ഈ ഇരുമ്പുമറ ഭേദിച്ചാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ തുടക്കം ഏറ്റവും ആവേശകരമാക്കിയത്. നൂറു ദിവസത്തെ കര്‍മപരിപാടി ആസൂത്രണം ചെയ്തുകൊണ്ട് ജനമധ്യത്തിലേക്ക് ഇറങ്ങിവരാന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി ആര്‍ജവം കാട്ടി. ജില്ലാതലസ്ഥാനങ്ങളില്‍വച്ച് ജനങ്ങളില്‍നിന്നു നേരിട്ടു പരാതികള്‍ സ്വീകരിക്കാനും അവിടെവച്ചുതന്നെ കഴിയുംവിധം പരിഹാരം കണ്ടെത്താനും താത്പര്യമെടുത്തു. കക്ഷിരാഷ്ട്രീയചിന്തകള്‍ക്കതീതമായ ജനകീയസമീപനമാണ് അദ്ദേഹം പുലര്‍ത്തിയത്.
സ്‌നേഹക്കുറിപ്പ്:
ഇങ്ങനെ ജീവിതം സേവനോത്സവമാക്കിയ ഒരു കര്‍മയോഗി കേരളത്തില്‍ ജീവിച്ചിരുന്നു എന്നത് അവിശ്വസനീയമായ ചരിത്രം. എവിടെ കണ്ണുനിറയുന്നോ, ഹൃദയം ഇടറുന്നോ അവിടെയൊക്കെ അദ്ദേഹം തന്നെത്തന്നെ മറന്ന് ഓടിയെത്തി. അതിന്റെ പ്രകടനമായിരുന്നു, ദുഃഖാഞ്ജലിയായിരുന്നു ആ ജനനേതാവിന്റെ  വേര്‍പാടില്‍ കേരളം ദര്‍ശിച്ചത്. ജനം പുഴപോലെ ഒഴുകി. പുതുപ്പള്ളി ദുഃഖക്കടലായി മാറി. ആ അന്ത്യയാത്രയില്‍ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും നാലാഞ്ചിറയിലെ എന്റെ ഗ്രാമഹൃദയത്തിലുംവച്ച് അശ്രുപൂജ അര്‍പ്പിച്ചു. പ്രിയപ്പെട്ട കൂട്ടുകാരാ, ജീവിതം മനുഷ്യസേവനത്തിനായി അര്‍പ്പണം ചെയ്ത സഹോദരാ, താങ്കളെക്കുറിച്ചുള്ള ഓര്‍മകള്‍ ജനഹൃദയങ്ങളില്‍ എന്നുമെന്നും സ്പന്ദിച്ചുകൊണ്ടേയിരിക്കും.

Login log record inserted successfully!