•  18 Jul 2024
  •  ദീപം 57
  •  നാളം 19
ലേഖനം

നിദ്രയിലെ നിശ്ശബ്ദമരണങ്ങള്‍

ബിസിനസുകാരനായ ശ്രീകുമാര്‍ അന്നു പതിവിലും വൈകിയാണു വന്നത്. കടയിലെ ജോലിയെല്ലാം ചെയ്തു തീര്‍ത്തപ്പോള്‍ ഒമ്പതു മണി. വീട്ടില്‍വന്നു കുളിയെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിച്ചപ്പോള്‍ പത്തുമണി. പതിവിലേറെ കഴിച്ചു. പൊരിച്ച ഇറച്ചിയും മത്സ്യവുമൊക്കെക്കൂടി കുശാലായ അത്താഴം. ഭക്ഷണത്തിനുമുമ്പ് പതിവുള്ള അളവില്‍ മദ്യവും. വയറുനിറച്ചു ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ മണി പതിനൊന്ന്. തളര്‍ച്ചകൊണ്ടയാള്‍ കൂര്‍ക്കംവലിച്ച് ഗാഢനിദ്രയിലാണ്ടു. പിറ്റേന്ന് എട്ടുമണിയായിട്ടും എഴുന്നേല്‍ക്കാതിരുന്നതുകൊണ്ട് ഭാര്യ തട്ടിവിളിച്ചു. അനക്കമില്ല. ശരീരം തണുത്തുറഞ്ഞിരിക്കുന്നു. ഞെട്ടിത്തരിച്ച ഭാര്യ അടുത്തുള്ള ഡോക്ടറെ വിളിച്ചു. ഡോക്ടര്‍ പറഞ്ഞു. മരണം സംഭവിച്ചിട്ട് ഏതാനും മണിക്കൂറുകളായി. മരിക്കുമ്പോള്‍ അയാള്‍ക്ക് 42 വയസ്സുമാത്രം.
ഇതൊരു അസാധാരണസംഭവമല്ല. നാം പലപ്പോഴും ഞെട്ടലോടെ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നു. പെട്ടെന്നുള്ള മരണങ്ങളുടെ ആകെക്കണക്കെടുത്താല്‍ 17-41 ശതമാനം രാത്രിസമയത്തുണ്ടാകുന്നുവെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു; രാത്രി പത്തുമണിക്കും രാവിലെ ആറു മണിക്കും ഇടയ്ക്ക്. സാധാരണയായി രാത്രിസമയത്ത് ശരീരം വിശ്രമിക്കുകയാണ്. അങ്ങനെതന്നെ  വേണംതാനും. കാരണം, അപ്പോഴാണ് ശരീരം നവചൈതന്യമാര്‍ജിക്കുന്നതും  സമൂലമായ പുനര്‍നിര്‍മാണപ്രക്രിയ നടത്തുന്നതും. പകലുണ്ടായ ശാരീരിക-മാനസിക അപചയശോഷണങ്ങള്‍ക്കുള്ള പരിഹാരപ്രക്രിയയാണ് ശാന്തമായ ഉറക്കം. ശരീരത്തിന് ആഹാരംപോലെ അനിവാര്യമായ ഒന്നാണ് ഉറക്കം. ആ സമയത്ത് ഹൃദയസ്പന്ദനവേഗവും പ്രഷറും കുറഞ്ഞിരിക്കും, ഉപാപചയപ്രവര്‍ത്തനങ്ങള്‍ മിതമായ തോതിലായിരിക്കും, പകല്‍ ഉദ്ദീപകമായ ഒന്നുംതന്നെ സംഭവിച്ചില്ലെങ്കില്‍ മാരകവും ക്രമരഹിതവുമായ നെഞ്ചിടിപ്പുണ്ടാകാനുള്ള സാധ്യതയും കുറവ്. അപ്പോള്‍, സന്ധ്യാരംഭത്തില്‍ വൈകാതെ, മിതമായി ഭക്ഷണം കഴിച്ച് പ്രക്ഷുബ്ധമല്ലാത്ത മനസ്സോടെ ശാന്തമായി നിദ്രയിലേക്കു പതിക്കുെന്നാരാള്‍ തികഞ്ഞ ഉന്മേഷത്തോടെ പിറ്റേന്ന് ഉറക്കമുണരുന്നു. മറിച്ചാകുന്ന അവസ്ഥകളിലെല്ലാം  പ്രാണനു ഭീഷണിയാകുന്ന സങ്കീര്‍ണതകളിലേക്ക് ഒരുവന്‍ വലിച്ചിഴയ്ക്കപ്പെടുകയാണ്.
രാത്രിയില്‍ സംഭവിക്കുന്ന മരണത്തിന്റെ കാരണങ്ങള്‍ തേടി  ബൃഹത്തായ പഠനങ്ങള്‍ അധികം നടന്നിട്ടില്ലെന്നതാണു വാസ്തവം. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള ഗവേഷണനിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ രാത്രിമരണങ്ങളുടെ കാരണങ്ങളെ ഇപ്രകാരം ക്രോഡീകരിക്കാം:
- ഹൃദയസ്തംഭനം (ഹാര്‍ട്ടറ്റാക്ക്, ക്രമംതെറ്റിയ ഹൃദയസ്പന്ദനം, ഹൃദയപരാജയം)
- മസ്തിഷ്‌കാഘാതം
- ശ്വാസോച്ഛ്വാസസ്തംഭനം (ഒബ്‌സട്രക്ടീവ് സ്ലീപ് അപ്നിയ, സി.ഒ.പി.ഡി., ആസ്ത്മ, പള്‍മനറി എംബോളിസം)
- പ്രമേഹരോഗം (ഹൈപ്പോഗ്ലൈസീമിയ)
- മരുന്നുകളുടെ അമിതോപയോഗം
- കാര്‍ബണ്‍ മോണോക്‌സൈഡ് പോയിസണിങ്
- അപസ്മാരരോഗം
പൊതുവേ പറഞ്ഞാല്‍, പെട്ടെന്നുള്ള ഹൃദ്രോഗാനന്തരമരണം കൂടുതലും സംഭവിക്കുന്നത് പുരുഷന്മാരിലാണ് (65-75 ശതമാനം), സ്ത്രീകളില്‍ 25-35 ശതമാനവും.
രാത്രിയുടെ അവസാനയാമങ്ങളില്‍, അതായത്, അതിരാവിലെയാണ് ശരീരത്തില്‍ സ്‌ട്രെസ്‌ഹോര്‍മോണുകളുടെ തിരയിളക്കം. അതുകൊണ്ടുതന്നെ, അതിരാവിലെ മൂന്നിനും ആറുമണിക്കും ഇടയ്ക്കുള്ള സമയങ്ങളില്‍ ഹാര്‍ട്ടറ്റാക്കും സ്‌ട്രോക്കും പ്രഷറും കൂടുതലാകുന്നു. അതിരാവിലെയുള്ള ഹാര്‍ട്ടറ്റാക്കിന് മരണസാധ്യത ഏറെയാണ്.
രാത്രിമുഴുവന്‍ ശീതീകരിച്ച മുറിയില്‍ ഉറങ്ങുന്നവരാണ് അധികംപേരും. തണുത്ത അന്തരീക്ഷംമൂലം മൂത്രം അധികമായി പോകുന്നു. എന്നാല്‍, അതിനനുസൃതമായി വെള്ളം ആവശ്യത്തിനു കുടിക്കാതെയുമിരുന്നാല്‍ നിര്‍ജലീകരണമുണ്ടാവുന്നു. ഇതുമൂലം സാന്ദ്രതകൂടി രാത്രിയില്‍ രക്തം കട്ടിയാകാനുള്ള സാധ്യതയേറെയാണ്. ഇങ്ങനെയൊരു രക്തക്കട്ട ഹൃദയധമനിയില്‍ ബ്ലോക്കുണ്ടാക്കിയാല്‍ ഹാര്‍ട്ടറ്റാക്കാണ് അനന്തരഫലം.
നിര്‍ജലീകരണവുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയയിലെ ലോമലിന്‍ഡ യൂണിവേഴ്‌സിറ്റിയില്‍ 20,000 ആള്‍ക്കാരെ ഉള്‍പ്പെടുത്തി നടത്തിയ പഠനം പ്രസക്തമാകുന്നു. 38 നും നൂറിനുമിടയിലുള്ളവരെയാണു പഠനവിധേയമാക്കിയത്. ആവശ്യത്തിനു വെള്ളം കുടിക്കുന്നവരില്‍ (8 ഗ്ലാസില്‍ കൂടുതല്‍), പുരുഷന്മാരില്‍ 46 ശതമാനവും സ്ത്രീകളില്‍ 59 ശതമാനവും എന്ന തോതില്‍ ഹൃദ്രോഗസാധ്യത കുറയ്ക്കാമെന്നു പഠനം കണ്ടെത്തി. ദിവസേന അഞ്ചില്‍ കൂടുതല്‍ ഗ്ലാസ് വെള്ളം കുടിക്കുന്നവരുമായി താരതമ്യപ്പെടുത്തിയപ്പോള്‍ രണ്ടില്‍ കുറവ് ഗ്ലാസ് വെള്ളം കുടിച്ചവരില്‍ രക്തസാന്ദ്രത വര്‍ദ്ധിച്ചുകണ്ടു. രക്തകോശങ്ങളും ഫൈബ്രിനോജനും അമിതമായി കണ്ടു. ഈ അവസ്ഥ രക്തം കട്ടിയാകാനുള്ള സാധ്യത വര്‍ധിപ്പിച്ചു.
ശരീരത്തിലെ ജലാശം ഒരു പരിധിയില്‍ കൂടുതല്‍ കുറഞ്ഞാല്‍ കാതലായ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നു. ഹാര്‍ട്ടറ്റാക്ക്, ബൗദ്ധിക-വിവേചനശക്തിയിലുള്ള അപര്യാപ്തത, ശ്രദ്ധക്കുറവ്, മൈഗ്രേന്‍, കേള്‍വിക്കുറവും കാഴ്ചക്കുറവും, വാതരോഗം, ഗൗട്ട് തുടങ്ങിയവയെല്ലാം നിര്‍ജലീകരണംമൂലമുണ്ടാകുന്നു.
ഹൃദ്രോഗംകഴിഞ്ഞാല്‍ ഉറക്കത്തിലുള്ള മരണത്തിന്റെ പ്രധാന കാരണം ശ്വാസോച്ഛ്വാസസ്തംഭനമാണ് (റെസ്പിരേറ്ററി അറസ്റ്റ്). സി.ഒ.പി.ഡി.യും ആസ്ത്മയും ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നയും (ഒ.എസ്.എ.)മൂലം രക്തത്തില്‍ പ്രാണവായുവിന്റെ അളവ് കുറയുകയും അതേത്തുടര്‍ന്ന് ഹാര്‍ട്ടറ്റാക്ക്, സ്‌ട്രോക്ക്, മാരകമായ ഹൃദയസ്പന്ദനവൈകല്യങ്ങള്‍, അമിതരക്തസമ്മര്‍ദം തുടങ്ങിയവ ഉണ്ടാകുകയും പെട്ടെന്നുള്ള മരണത്തിനു കാരണമാകുകയും ചെയ്യുന്നു. പ്രത്യേകിച്ച് സ്ഥിരമായി കൂര്‍ക്കം വലിക്കുന്നവര്‍ ശ്വാസംകിട്ടാതെ പെട്ടെന്ന് എഴുന്നേറ്റിരുന്ന് വെപ്രാളത്തോടെ നീട്ടി ശ്വാസം വലിച്ചെടുക്കുന്നതാണ് സ്ലീപ് അപ്നിയ. സ്ലീപ് അപ്നിയ ഉള്ളവര്‍ക്ക് ഹാര്‍ട്ടറ്റാക്ക് ഉണ്ടാകാനുള്ള  സാധ്യത രണ്ടിരട്ടിയാണ്. മാത്രമല്ല, ഹൃദ്രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരില്‍ 70 ശതമാനം പേര്‍ക്കും സ്ലീപ് അപ്നിയ ഉള്ളതായി പഠനങ്ങള്‍ തെളിയിക്കുന്നു. കൂടാതെ, ഇക്കൂട്ടരില്‍ 80 ശതമാനം പേര്‍ക്ക് നിയന്ത്രിതമല്ലാത്ത രക്താതിമര്‍ദ്ദമുണ്ട്. ഹാര്‍ട്ടറ്റാക്കും സ്‌ട്രോക്കും അമിതരക്തസമ്മര്‍ദവും താളംതെറ്റിയുള്ള ഹൃദയമിടിപ്പും, പെട്ടെന്നു മരണമുണ്ടാകാനുള്ള സാധ്യത, പകല്‍സമയത്തെ തളര്‍ച്ചയും മയക്കവും, ശ്രദ്ധാദാരിദ്ര്യം, അമിതഭാരം എല്ലാം സ്ലീപ് അപ്നിയയുടെ പ്രത്യാഘാതങ്ങളാണ്. ദുര്‍മേദസ്സോടുകൂടിയ കുറുകിയ കഴുത്തുള്ളവര്‍ക്കും ഈ പ്രതിഭാസം കൂടുതലായി കാണുന്നു. കൃത്യമായി സ്ലീപ് സ്റ്റഡി (പോളിസൊമ്‌നോഗ്രഫി) പരിശോധന നടത്തുകയും 'സിപാപ്' (കണ്ടിന്യൂവസ് പോസിറ്റീവ് എയര്‍വെപ്രഷര്‍) എന്ന ശ്വസനസഹായി ഉപയോഗിച്ചുള്ള ചികിത്സയും അത്യന്താപേക്ഷിതമാണ്. പ്രത്യകിച്ച് രണ്ടില്‍ കൂടുതല്‍ മരുന്നുകള്‍ കൊടുത്തിട്ടും നിയന്ത്രിക്കപ്പെടാത്ത രക്തസമ്മര്‍ദമുള്ളവര്‍ക്ക് സ്ലീപ് സ്റ്റഡി തീര്‍ച്ചയായും നടത്തണം. 'സിപാപ്' ഉപയോഗിച്ചാല്‍ കൂര്‍ക്കംവലി നിലയ്ക്കുകയും പങ്കാളിക്കു സുഖമായി ഉറങ്ങുകയും ചെയ്യാം.
സുഗമമായ ശ്വാസോച്ഛ്വാസപ്രക്രിയയെ തളര്‍ത്തുന്ന പല മരുന്നുകളും ഇന്ന് അമിതമായി ഉപയോഗിക്കപ്പെടാറുണ്ട്. വിഷാദരോഗത്തിനും അപസ്മാരത്തിനുമുള്ള മരുന്നുകള്‍, വേദനസംഹാരികള്‍, ഉറക്കഗുളികകള്‍ തുടങ്ങി മസ്തിഷ്‌കപ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന ഔഷധങ്ങളെല്ലാം പ്രത്യേകിച്ച് ഉറങ്ങുന്നതിനുമുമ്പ് അമിതമായി സേവിച്ചാല്‍ രാത്രിയില്‍ മരണപ്പെടാനുള്ള സാധ്യതയേറുന്നു. അതുകൊണ്ട്, ഈ വിഭാഗത്തിലുള്ള മരുന്നുകള്‍ സേവിക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരംമാത്രം.
ഉറങ്ങുമ്പോള്‍ ഹാര്‍ട്ടറ്റാക്കുണ്ടാകുന്നതുപോലെ ഉറങ്ങാതിരിക്കുമ്പോഴും ഹൃദ്രോഗസാധ്യതയേറുന്നു. രാത്രിയില്‍ ആവശ്യത്തിന് ഉറക്കം വരാതിരിക്കുകയും അപൂര്‍ണമായി ഉറങ്ങുകയും ചെയ്യുന്ന പ്രതിഭാസത്തെ 'ഇന്‍സോമ്‌നിയ' എന്നു   വിളിക്കുന്നു. മുതിര്‍ന്നവരില്‍ ഏതാണ്ട് 30 ശതമാനം പേര്‍ക്കും ആവശ്യത്തിന് ഉറക്കം കിട്ടുന്നില്ലെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ഉറക്കംകിട്ടാതിരിക്കുകയും  കിട്ടിയ ഉറക്കം അപ്പപ്പോള്‍ മുറിഞ്ഞുപോകുകയും ചെയ്യുന്ന അവസ്ഥ മനുഷ്യശരീരത്തിന് ഏറെ ഭീഷണമാണ്. 7-8 മണിക്കൂര്‍ ശാന്തമായി ഉറങ്ങുന്നവരുമായി താരതമ്യപ്പെടുത്തിയാല്‍ അഞ്ചു മണിക്കൂറില്‍ കുറവുമാത്രം  ഉറക്കം ലഭിക്കുന്നവര്‍ക്ക് ഹാര്‍ട്ടറ്റാക്കുണ്ടാകാനുള്ള സാധ്യത 69 ശതമാനം കൂടുതലാണെന്ന് അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രമേഹരോഗികള്‍ക്ക്  ഉറക്കക്കുറവുകൂടി ഉണ്ടായാല്‍ ഹൃദയാഘാതസാധ്യത രണ്ടു മടങ്ങാണ്. അതുപോലെ വര്‍ധിച്ച പ്രഷറും കൊളസ്‌ട്രോളും പ്രമേഹവും അമിതഭാരവും നിദ്രാവിഹീനരില്‍ കൂടുതലായി കാണുന്നു. ഒരാള്‍ എത്രസമയം ഉറങ്ങണമെന്നു ചോദിച്ചാല്‍ ഉത്തരം 7-8 മണിക്കൂര്‍ എന്നാണ്. 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്നും പഠനങ്ങള്‍ പറയുന്നു.
1917 ല്‍ ആദ്യമായി ഫിലിപ്പൈന്‍സില്‍ വിവരിക്കപ്പെടുകയും പിന്നീട് ഏതാണ്ട് 1981 വരെ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുകയും ചെയ്ത ഒരു സവിശേഷ രോഗസമസ്യയാണ് 'ഭംഗന്‍ഗട്ട്.' ഇതേ രോഗാവസ്ഥ ജപ്പാനില്‍ 'പോക്കുറി ഡെത്ത് സിന്‍ഡ്രോമെന്നു' എന്നു പിന്നീടറിയപ്പെട്ടു. ഇതേപ്പറ്റി പിന്നീട് ആധികാരികമായി നടന്ന ശാസ്ത്രീയപഠനങ്ങള്‍ ഈ രോഗസമസ്യയ്ക്ക് 'സഡന്‍ അണ്‍എക്‌സ്‌പ്ലെയ്ന്‍ഡ് നൊക്റ്റര്‍ണല്‍ ഡെത്ത് സിന്‍ഡ്രോം' (ടഡചഉട) എന്ന പേരിട്ടു. കൂടുതലായി ദക്ഷിണപൂര്‍വ ഏഷ്യന്‍രാജ്യങ്ങളിലും  കുറഞ്ഞ തോതില്‍ പാശ്ചാത്യനാടുകളിലും കണ്ടുവരുന്ന, വിശദീകരിക്കാനാവാത്ത രാത്രിയില്‍ സംഭവിക്കുന്ന പെട്ടെന്നുള്ള മരണത്തിന്റെ കാരണങ്ങള്‍, അസ്പഷ്ടമായി നിലകൊള്ളുന്നു. ഹൃദയധമനിയിലെ  ബ്ലോക്കും ഹാര്‍ട്ടറ്റാക്കുംകൊണ്ടല്ല മരണം സംഭവിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. ഗാഢമായ ഉറക്കത്തില്‍ അമറുന്ന ഞരക്കത്തോടുകൂടി പെട്ടെന്ന് ഉണരുകയും തല്‍ക്ഷണം മരണപ്പെടുകയും ചെയ്യുന്ന അവസ്ഥ. മരിക്കുന്നവര്‍ എല്ലാവരും തന്നെ 25 നും 44 നും വയസ്സിനിടയുള്ളവര്‍. മരിക്കുന്നതിനുമുമ്പ് കലശലായ ശ്വാസതടസ്സവും വീര്‍പ്പുമുട്ടലും അനുഭവപ്പെടുന്നു. അശരണരായ അഭയാര്‍ഥികളുടെ ഇടയില്‍ ഇതു കൂടുതലായി കണ്ടു. കഠിനമായ ജോലിസാഹചര്യങ്ങളില്‍ ദീര്‍ഘനേരം അധ്വാനം, കുറഞ്ഞ വേതനം, കടുത്ത മനോസംഘര്‍ഷം ഉള്ളവരില്‍ ഇതു കൂടുതലായി കണ്ടു.
'സണ്‍ഡ്‌സ്' മരണകാരണം ഹാര്‍ട്ടറ്റാക്കുമൂലമല്ലെന്നും പ്രധാനമായി ശ്വാസോച്ഛ്വാസതടസ്സം, താളം തെറ്റിയ ഹൃദയമിടിപ്പ് (വെന്‍ട്രിക്കുലര്‍ ഫിബ്രിലേഷന്‍), കുറഞ്ഞ ഉറക്കസമയവും താളംതെറ്റിയ ഉറക്കരീതിയും ഒക്കെക്കൊണ്ടാണെന്നു കണ്ടെത്തി. ബ്രുഗാഡ സിന്‍ഡ്രോം, രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അപര്യാപ്തത, കൂര്‍ക്കംവലിയും സ്ലീപ് അപ്നയും, വര്‍ദ്ധിച്ച മനോസംഘര്‍ഷം (വിഷാദം, നിരാശ, വിദ്വേഷം, ഭയം), അപൂര്‍വമായി ഹൃദയധമനിയുടെ ചുരുക്കം (സ്പാസം) തുടങ്ങിയവയെല്ലാം ചെറുപ്പക്കാരില്‍ രാത്രിയില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന മരണത്തിനു കാരണമാകുന്നു. ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ചെറുപ്പക്കാരില്‍ 'സണ്‍ഡ്‌സ്' സംഭവിക്കുന്നത് ജനിതകമായ പ്രവണതകൊണ്ടാണെന്നു ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

 

Login log record inserted successfully!