•  18 Jul 2024
  •  ദീപം 57
  •  നാളം 19
ലേഖനം

അച്ചനുറങ്ങാത്ത ഹോസ്റ്റല്‍

വൈദികര്‍ നടത്തുന്ന എഞ്ചിനീയറിങ് കോളജില്‍ അഡ്മിഷനെടുക്കാന്‍ എത്തിയ കുട്ടിയോടും മാതാപിതാക്കളോടുമായി പ്രിന്‍സിപ്പലച്ചന്‍ പറഞ്ഞു: ''ഈ ബുക്‌ലെറ്റ് നിങ്ങള്‍ ഒന്നു വായിച്ചുനോക്കിയിട്ട് ഒപ്പിട്ടുതരണം. കോളജിലും ഹോസ്റ്റലിലും പാലിക്കേണ്ട കുറച്ചു നിയമങ്ങളാണ്.''
''ഓ... അതു വായിക്കേണ്ട കാര്യമൊന്നുമില്ലച്ചോ.. പതിവുള്ള കാര്യങ്ങളല്ലേ. ഇപ്പത്തന്നെ ഒപ്പിട്ടുതരാല്ലോ.'' പിതാവു പറഞ്ഞു.
''അതു പോരാ ചേട്ടാ. നിങ്ങള്‍ പുറത്തുപോയിരുന്നു വായിച്ചിട്ട് ഒപ്പിട്ടാല്‍ മതി.''
''ഓ, അത്രയ്ക്കു സീരിയസ് ആണോ.. എന്നാപ്പിന്നെ അങ്ങനെയാവട്ടെ അച്ചാ.''
കൊടുത്ത രണ്ടു കോപ്പികളില്‍ ഒന്നില്‍ അവര്‍ ഒപ്പിട്ടു കൊടുത്തു. ഒന്ന് അവര്‍ക്കാണ്.
അഡ്മിഷനു വന്ന എല്ലാവര്‍ക്കും ഇതേ ബുക്കു കൊടുത്തു, പ്രിന്‍സിപ്പല്‍ എല്ലാവരോടും ഏതാണ്ട് ഇതേ വാക്കുകള്‍ പറഞ്ഞു.
എല്ലാവരും കാര്യമായിത്തന്നെ വായിച്ചു, ഒപ്പിട്ടു കൊടുത്ത് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.
*** *** ***
രണ്ടാഴ്ച കഴിഞ്ഞ് കോളജ് തുറന്നു. മാതാപിതാക്കളോടൊപ്പം കുട്ടികളെത്തി. മുതിര്‍ന്ന ബാച്ചുകളിലെ വിദ്യാര്‍ഥികള്‍ കവാടത്തില്‍നിന്ന് ഓരോ റോസപ്പൂ കൊടുത്ത് അവരെ വരവേറ്റു.
പ്രിന്‍സിപ്പലും വകുപ്പുതലവന്മാരും ഹോസ്റ്റല്‍ വാര്‍ഡന്മാരും വേദിയിലുണ്ട്. കുട്ടികളും രക്ഷിതാക്കളും ഹാളില്‍ നിറഞ്ഞു.
പ്രാര്‍ഥനാഗാനം, യൂണിയന്‍ ചെയര്‍മാന്റെ ഔദ്യോഗികസ്വാഗതപ്രസംഗം എന്നിവയ്ക്കുശേഷം  പ്രിന്‍സിപ്പലച്ചന്‍ മൈക്ക് എടുത്തു. അദ്ദേഹം പറഞ്ഞു: 
''കേരളത്തിലെ ഏറ്റവും നല്ല കോളജുകളിലൊന്ന് എന്ന് ഏവരും അംഗീകരിച്ചിരിക്കുന്ന ഈ കലാലയത്തിന്റെ സുന്ദരവും സുരക്ഷിതവുമായ അന്തരീക്ഷത്തിലേക്ക്  ഏറ്റവും സ്‌നേഹത്തോടെ നിങ്ങളെ സ്വാഗതം ചെയ്യുന്നു. നല്ലൊരു ഭാവി ലക്ഷ്യമാക്കിയാണ് നിങ്ങള്‍ ഏറ്റവും നല്ലതെന്നു നിങ്ങള്‍ക്കു തോന്നിയ ഈ കോളേജ്  തിരഞ്ഞെടുത്തിരിക്കുന്നത്.''
പാടത്തിനക്കരെനിന്നു പതിയെ സ്വരം കേള്‍പ്പിച്ചു തുടങ്ങിയും, പിന്നെ റബ്ബര്‍ത്തോട്ടത്തെ കുലുക്കിമറിച്ചും ഇരമ്പിയാര്‍ത്തു പെയ്യുന്ന മഴപോലെ സദസ്സില്‍നിന്ന് ഒരു കയ്യടിമേളം ഉയര്‍ന്നുപടര്‍ന്നു തിരയടിച്ചൊടുങ്ങി, പതിയെ അതു വന്നവഴിയേ തിരികെപ്പോയി.
അദ്ദേഹം തുടര്‍ന്നു: ''ഈ കോളജില്‍ രണ്ടു കാര്യങ്ങള്‍ അനുവദിച്ചിട്ടില്ല. സര്‍ക്കാരും കോടതിയും വിലക്കിയിട്ടുള്ള കാര്യങ്ങള്‍തന്നെയാണ്. രാഷ്ട്രീയവും റാഗിങ്ങും. അതു സംബന്ധിച്ച നിയമങ്ങളും നടപടികളും ഇപ്പോള്‍ നിങ്ങള്‍ ഒപ്പിട്ടുതന്ന ബുക്‌ലെറ്റിലുണ്ട്. കോപ്പി നിങ്ങളുടെ കൈയിലുമുണ്ട്. അതു രണ്ടുമൊഴികെ നിങ്ങളുടെ ഏറ്റവും മികച്ച വിദ്യാഭ്യാസത്തിനും വ്യക്തിത്വവികസനത്തിനും വേണ്ടതെല്ലാം ഇവിടെയുണ്ട്. അവയെല്ലാം ഏറ്റവും നന്നായി ഉപയോഗപ്പെടുത്താനുള്ള അവസരങ്ങളും സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്.
''പക്ഷേ, വളരെ പെട്ടെന്ന് നിങ്ങള്‍ അതു മറക്കാന്‍ ഇടയുണ്ട്. കാരണം, കൂടുതുറന്നുവിട്ട പക്ഷികളെപ്പോലെയാണ് നിങ്ങള്‍. ഇത്രയും കാലം നിങ്ങള്‍ മാതാപിതാക്കളുടെ നേരിട്ടുള്ള നോട്ടത്തിലായിരുന്നു. അവിടെ നിങ്ങള്‍ക്കു വേണ്ടത്ര സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെന്നും ഇവിടെ എന്തിനും സ്വാതന്ത്ര്യമുണ്ടെന്നും തോന്നുമ്പോള്‍ ചിന്തകളും പ്രവൃത്തികളും ജീവിതംതന്നെയും പാളം തെറ്റാനിടയുണ്ട്. അതു സ്വാഭാവികമാണ്. പക്ഷേ, അങ്ങനെ തെറ്റിപ്പോകുന്നത് അപകടമാണ്. ആ അപകടം ഒഴിവാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്, ഞങ്ങളുടെയും ഉത്തരവാദിത്വമാണ്.
''ഇത്രയും കാലം നിങ്ങള്‍ക്കു വേണ്ടതെല്ലാം തന്നും ഒത്തിരി സ്‌നേഹിച്ചും പ്രതീക്ഷകളോടെയും നിങ്ങളെ വളര്‍ത്തിയ മാതാപിതാക്കള്‍ക്കും ഈ കാലമെല്ലാം നിങ്ങളെ പഠിപ്പിച്ച ഗുരുക്കന്മാര്‍ക്കും കൊടുക്കാന്‍ നിങ്ങള്‍ക്കു കഴിയുന്ന ഏറ്റവും നല്ല സമ്മാനം നിങ്ങളെപ്പറ്റി സന്തോഷിക്കാനും അഭിമാനിക്കാനും അവസരങ്ങള്‍ ഉണ്ടാക്കുക എന്നതാണ്.
''ഇവിടെ രണ്ടു കാര്യങ്ങള്‍ പൂര്‍ണമായും നിരോധിച്ചിരിക്കുന്നു എന്നു ഞാന്‍ പറഞ്ഞല്ലോ. രാഷ്ട്രീയവും റാഗിങ്ങും. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. രാഷ്ട്രീയത്തിനുള്ള ഒരു പരിശീലനക്കളരിയല്ല ഈ കലാലയം.
''തങ്ങളെക്കാള്‍ ചെറിയവരെയും എളിയവരെയും ദുര്‍ബലരെയും ഏതെങ്കിലുമൊക്കെ രീതിയില്‍ വേദനിപ്പിച്ചു രസിക്കുന്ന നിന്ദ്യവും കിരാതവും ക്രൂരവും നിയമവിരുദ്ധവുമായ നടപടിയാണ് റാഗിങ്ങ്. ഈ കോളജില്‍ ആരും നിങ്ങളെ റാഗ് ചെയ്യില്ല എന്നു ഞാന്‍ ഉറപ്പുതരുന്നു. വരുംവര്‍ഷങ്ങളില്‍ നിങ്ങളും ആരെയും റാഗ് ചെയ്യരുതെന്നു ഞാന്‍ സ്‌നേഹപൂര്‍വം ഓര്‍മിപ്പിക്കുന്നു.
''നിങ്ങളുടെ അനിയനോ അനിയത്തിയോ അടുത്ത വര്‍ഷം ഇവിടെ വന്നാല്‍ നിങ്ങള്‍ റാഗ് ചെയ്യുമോ? ചെയ്യില്ല എന്നുമാത്രമല്ല, മറ്റാരും അവനെ/അവളെ റാഗ് ചെയ്യാതിരിക്കാന്‍ നിങ്ങള്‍ കാവലും കരുതലുമായിരിക്കും.
''അതുപോലെ, ഇവിടെ വരുന്നവരെയൊക്കെ നിങ്ങളുടെ അനിയനും അനിയത്തിയുമായി കാണാന്‍ കഴിഞ്ഞാല്‍ ഇവിടത്തെ ജീവിതം സ്വന്തം വീട്ടിലേതുപോലെ സുന്ദരമായിരിക്കില്ലേ?''
ഒന്നു നിര്‍ത്തിയിട്ട് പ്രിന്‍സിപ്പല്‍ സദസ്സിലാകെ കണ്ണോടിച്ചു. എല്ലാം സമ്മതിച്ചതുപോലെ തലകള്‍ മെല്ലെ കുലുങ്ങി.
അച്ചന്‍ പറഞ്ഞു: ''പാടില്ല എന്നു പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍, വിലക്കുകള്‍ ലംഘിക്കാന്‍, വേലികള്‍ പൊളിക്കാനൊക്കെ ഒരു പ്രവണത മാനുഷികമാണ്. പ്രത്യേകിച്ച് നിങ്ങളെപ്പോലുള്ള ചെറുപ്പക്കാരില്‍. പക്ഷേ, ഇവിടെ പാടില്ല എന്നു പറഞ്ഞ രണ്ടു കാര്യങ്ങള്‍ക്ക് യാതൊരു ഇളവുമില്ല എന്നു സ്‌നേഹത്തോടെ ഞാന്‍ ആവര്‍ത്തിക്കുന്നു. അഥവാ ആരെങ്കിലും ലംഘിച്ചാല്‍ അത് ഒരിക്കലേ സംഭവിക്കൂ. ഒറ്റയൊരു തവണ. അടുത്ത ദിവസം നിങ്ങള്‍ ഇവിടുന്ന് പുറത്തായിരിക്കും. കൂടാതെ, കുറ്റത്തിന്റെ ഗൗരവമനുസരിച്ചുള്ള നിയമനടപടി നേരിടേണ്ടിവരും. പഠനം അവസാനിക്കും. മറ്റു കോളജുകളില്‍ ചേരാനും കഴിയാതെവരും. ചിലപ്പോള്‍ ജയിലില്‍ പോകേണ്ടിവരും. നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവിതന്നെ തകര്‍ന്നെന്നും വരാം. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.
''നല്ല മനുഷ്യരായി, നല്ല മനുഷ്യസ്‌നേഹികളായി, നല്ല നേതാക്കന്മാരായി, കുടുംബത്തിനും ഈ കോളജിനും നാടിനും അഭിമാനിക്കാന്‍തക്ക കേമന്മാരായി നിങ്ങള്‍ വളരുന്നതു കാണാന്‍ എല്ലാവര്‍ക്കും ഭാഗ്യമുണ്ടാകട്ടെ.''
സദസ്സിന്റെ കരഘോഷം നീണ്ടുനിന്നു.
*** *** ***
വിദ്യ ഒഴികെയുള്ള സര്‍വ 'ആഭാസങ്ങളുടെയും' കൂത്തരങ്ങാണ് മിക്ക കോളജുകളും. ജീവിതമെന്ന നാടകവേദിയില്‍ ഏതു വേഷവും കെട്ടി നന്മയുള്ള മികച്ച വ്യക്തികളായി ജീവിക്കാനുള്ള പരിശീലനം നല്‍കേണ്ട ഇടങ്ങള്‍ ഗുണ്ടകളെയും കുറ്റവാളികളെയും പോറ്റുന്ന ഇടമായി മാറുന്നത് എന്തുകൊണ്ടാണ്?
ഒന്നാമത്തെ കുറ്റവാളി വിവരംകെട്ട രാഷ്ട്രീയ നേതൃത്വംതന്നെ.
ചുരുക്കംചില കോളജുകളെ മാതൃകാകലാലയങ്ങളാക്കി നിലനിര്‍ത്താന്‍ സാധിക്കുന്നത് എല്ലാ കോളജുകള്‍ക്കും ബാധകമായ നിയമത്തിന്റെ ബലത്തില്‍ത്തന്നെയാണ്. പക്ഷേ, സര്‍ക്കാര്‍കോളജുകളില്‍ അതു പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്? നിയമത്തെ വകവയ്ക്കാത്ത രാഷ്ട്രീയാതിപ്രസരംകൊണ്ടുതന്നെ!
***     *** ***
കോളജുകളിലെ പഠനത്തെയും കുട്ടികളുടെ ജീവിതത്തെയും നരകതുല്യമാക്കിയത് റാഗിങ്ങാണ്. ആവശ്യത്തിലേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടും ആ പ്രാകൃതവിനോദം പൂര്‍ണമായി അവസാനിപ്പിക്കാന്‍ എല്ലാ നിയമസംവിധാനങ്ങളുമുണ്ടായിട്ടും സാധിക്കാത്തത് വഴിവിട്ട വഴികളിലൂടെ അവിടെയൊക്കെ കയറിപ്പറ്റിയ രാഷ്ട്രീയക്കോമരങ്ങള്‍ കാരണമാണ്.
ആ നിയമത്തിലെ ഏതാനും വകുപ്പുകള്‍ ഇങ്ങനെയാണ്:
1.  ഒരു ജൂനിയര്‍ വിദ്യാര്‍ഥിക്ക് ശാരീരികമോ മാനസികമോ ആയ പരിക്കോ വേദനയോ വിഷമമോ ഉണ്ടാക്കുന്ന ഏതൊരു പ്രവൃത്തിയും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.
2. ഇപ്രകാരമുള്ള ഏതെങ്കിലും പ്രവൃത്തിമൂലം വിഷമിക്കുന്ന ഏതൊരാള്‍ക്കും ഉടനടി പരാതി കൊടുക്കാനുള്ള അവസരവും അത് അപ്പോള്‍ത്തന്നെ പരിഹരിക്കാനുള്ള നടപടികളും കോളേജുകളില്‍ ഉണ്ടായിരിക്കണം, സ്ഥാപനത്തിനു അത് പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇരയ്‌ക്കോ ബന്ധപ്പെട്ടവര്‍ക്കോ പൊലീസില്‍ എഫ്.ഐ.ആര്‍. ഫയല്‍ ചെയ്യാവുന്നതാണ്.
3. ഇര അല്ലെങ്കില്‍ ഇരയുടെ ബന്ധുക്കള്‍ പരാതി കൊടുത്തു എന്നുവച്ച് കുറ്റകരമായ ഒരു സംഭവം പൊലീസില്‍ അറിയിക്കുന്നതില്‍നിന്നു സ്ഥാപനത്തിന് ഒഴിഞ്ഞുനില്‍ക്കാന്‍ പറ്റില്ല.
4. ആര്‍ക്കും ഒരു ഗുണവും ചെയ്യാത്ത നിന്ദ്യമായ പ്രവൃത്തിയാണ് റാഗിങ്ങ്. വിദ്യര്‍ഥികളിലും മാതാപിതാക്കളിലും അധ്യാപകരിലും ഇതിനെപ്പറ്റി ബോധവത്കരണം നടത്തണം.
ഇങ്ങനെ നിരവധി വകുപ്പുകള്‍ ഉണ്ടായിട്ടും പല കോളജ് മേലധികാരികളും അവ നടപ്പാക്കുന്നതില്‍ പരാജയപ്പെടുന്നു. അല്ലെങ്കില്‍ കണ്ണടയ്ക്കുന്നു.
ഇത്രയൊക്കെ മുന്നറിയിപ്പുകളോടെ തുടക്കമിട്ടിട്ടും  കോളജിന്റെ ഹോസ്റ്റലില്‍ ചില കൊള്ളരുതായ്മകള്‍ പതിവായപ്പോള്‍ വാര്‍ഡനച്ചന്‍ അവരോടു പറഞ്ഞു: ''ഇനിയിതു നടക്കില്ല.''
അച്ചന് അവരോട് പലപ്പോഴും ആവര്‍ത്തിക്കേണ്ടിവന്നു, ''ഇനിയിതു നടക്കില്ല, ഇനി ഞാന്‍ ഉറങ്ങില്ല.''
കുട്ടികള്‍ ഹോസ്റ്റലിനു പേരിട്ടു: ''അച്ചനുറങ്ങാത്ത ഹോസ്റ്റല്‍.''
Login log record inserted successfully!