•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ആള്‍ക്കൂട്ടദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍

  • ഡിജോ കാപ്പന്‍
  • 18 July , 2024

ജനക്കൂട്ടങ്ങള്‍ ഉണ്ടാകുന്ന എല്ലാവിധ ചടങ്ങുകള്‍ക്കും സുരക്ഷാസംവിധാനങ്ങള്‍ കുറ്റമറ്റതാക്കാന്‍ അധികൃതര്‍ തയ്യാറാവണം. കൂടുതല്‍ അനുയായികള്‍ ഉണ്ടായാല്‍ ആള്‍ദൈവങ്ങളായി മാറുകയും അവര്‍ക്കു നിയമങ്ങള്‍ ഒന്നും ബാധകമല്ലെന്ന നിലപാടിലേക്ക് അധികൃതര്‍ എത്തുകയും ചെയ്യുന്നതാണു കണ്ടുവരുന്നത്. വിശ്വാസങ്ങളുടെ പേരിലാകുമ്പോള്‍ എന്തിനോടും കണ്ണടയ്ക്കുന്ന സമീപനം അന്ധവിശ്വാസങ്ങളെയും ആള്‍ദൈവങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്കു മാറും.

ഉത്തര്‍പ്രദേശിലെ ഹത്രാസിലെ പുല്‍റയി മുഗള്‍ഗഡിഗ്രാമത്തില്‍ ജൂലൈ രണ്ടാം തീയതി ചൊവ്വാഴ്ച പ്രാര്‍ഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിക്കുകയും നിരവധി ആളുകള്‍ക്കു പരിക്കുപറ്റുകയും ചെയ്തു.ഇതില്‍ 89 പേര്‍ ഹത്രാസ് സ്വദേശികളാണ്. എണ്‍പതിനായിരം പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ചിരുന്നിടത്താണ് രണ്ടു ലക്ഷത്തിലേറെപ്പേര്‍ തിങ്ങിക്കൂടിയത്. കസന്‍ഗഞ്ച് ജില്ലയിലെ ബഹാദൂര്‍നഗര്‍ സ്വദേശിയായ നാരായണ്‍ സകര്‍ വിശ്വഹരിഭോലെബാബയുടെ അനുയായികളാണ് പ്രാര്‍ഥനയ്ക്കായി എത്തിയത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും അടിയന്തരസഹായം യു.പി. സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ വീതവും വാഗ്ദാനം ചെയ്തിട്ടുണ്ട്. പതിവിന്‍പടി മുഖ്യമന്ത്രി സംഭവത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രാര്‍ഥനായോഗത്തിന്റെ മുഖ്യസംഘാടകനായ ദേബ് പ്രകാശ് മധുകര്‍ പൊലീസില്‍ കീഴടങ്ങിയെങ്കിലും ഭോലെബാബയെ കേസില്‍ പ്രതിചേര്‍ക്കുകപോലും ഉണ്ടായില്ലെന്നതു വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.
 സംഘാടകപിഴവുംയോഗസ്ഥലത്തിന്റെവിസ്തൃതിക്കുറവുംകാലാവസ്ഥയ്ക്ക്അനുയോജ്യമായസൗകര്യങ്ങള്‍ഏര്‍പ്പെടുത്താത്തതുംഅഗ്നിശമനസജ്ജീകരണങ്ങളുള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് ദുരന്തത്തിനു കാരണമായത്. ഇത്രയധികം ആളുകള്‍ പങ്കെടുത്ത പരിപാടി കഴിഞ്ഞ് തിരിച്ചു പുറ
ത്തേക്കിറങ്ങിപ്പോകുന്നതിനുവേണ്ടത്ര വഴികള്‍ ഉണ്ടായിരുന്നില്ല. ചടങ്ങ് അവസാനിച്ചയുടന്‍ പങ്കെടുത്ത എല്ലാവരും കൂട്ടത്തോടെ പുറത്തേക്കിറങ്ങാന്‍
ശ്രമിച്ചതോടെ തിക്കും തിരക്കും വര്‍ധിച്ചു. ബാബ ഇറങ്ങിപ്പോകുന്ന വഴിയില്‍ അദ്ദേഹത്തെ തൊട്ട് അനുഗ്രഹം തേടാന്‍ ശ്രമിച്ചവരെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിമാറ്റിയതുപലരും നിലത്തുവീഴാന്‍ കാരണമായി. ബാബയുടെ പാദസ്പര്‍ശംഉണ്ടായ സ്ഥലത്തെ മണ്ണു ശേഖരിച്ച് വീട്ടില്‍ എത്തിച്ചാല്‍ കുടുംബത്തില്‍ അഭിവൃദ്ധിയുണ്ടാകുമെന്ന അന്ധവിശ്വാസം പൂണ്ട ആളുകള്‍ തിക്കിലും തിരക്കിലും നിലത്തുവീണതും മരണസംഖ്യ ഉയരാന്‍ കാരണമായി. സമ്മേളനസ്ഥലത്തിന്റെ ചെരിവും വയലിലെ ചെളിയും കാരണം തെന്നിവീണവര്‍ക്ക് എഴുന്നേല്ക്കാന്‍ കഴിയാതെവന്നതും നിലത്തു വീണുകിടന്നവരുടെ മുകളിലേക്കു കൂടുതലാളുകള്‍ വന്നു പതിച്ചതും ദുരന്തത്തിന്റെ തീവ്രതകൂട്ടി. എണ്ണത്തില്‍ കുറവായിരുന്ന പൊലീസിനു ഭക്തരെ നിയന്ത്രിക്കാനാകാതെ നിസ്സഹായരാകേണ്ടിയും വന്നു.

  മുത്തശ്ശിമാരെമുതല്‍ കൊച്ചുകുട്ടികളെവരെ മോര്‍ച്ചറിയില്‍ കിടത്തിയിരിക്കുന്നത് ആരുടെയും കണ്ണുനിറയ്ക്കുന്നതാണ്. ദുരന്തസ്ഥലത്ത് സംഗീതോപകരണങ്ങള്‍, ചെരുപ്പ്, ബാഗ്, കുടകള്‍, വെള്ളക്കുപ്പികള്‍, ഭക്ഷണപ്പൊതികള്‍ തുടങ്ങിയവ ചിതറിക്കിടക്കുന്നു. ബാബയുടെ ആശീര്‍വാദത്തിനായി കൊണ്ടുവന്നിരുന്ന വിവാഹക്ഷണക്കത്തുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. പരിക്കേറ്റവര്‍ക്കുവേണ്ട വൈദ്യസഹായം നല്‍കാന്‍ സംഘാടകര്‍ തയ്യാറായില്ലെന്ന ആക്ഷേപവും കേള്‍ക്കുന്നുണ്ട്. നാട്ടുകാരില്‍ ഭൂരിപക്ഷവും ബാബയുടെ അനുയായികള്‍ അല്ലാതിരുന്നതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു വേഗംകുറയാന്‍ ഇടയാക്കി.
     ഹത്രാസില്‍ ഉണ്ടായതുപോലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ജനക്കൂട്ടങ്ങള്‍ ഉണ്ടാകുന്ന എല്ലാവിധ ചടങ്ങുകള്‍ക്കും സുരക്ഷാസംവിധാനങ്ങള്‍ കുറ്റമറ്റതാക്കാന്‍ അധികൃതര്‍ തയ്യാറാവണം. കൂടുതല്‍ അനുയായികള്‍ ഉണ്ടായാല്‍ ആള്‍ദൈവങ്ങളായി മാറുകയും അവര്‍ക്കു നിയമങ്ങള്‍ ഒന്നും ബാധകമല്ലെന്ന നിലപാടിലേക്ക് അധികൃതര്‍ എത്തുകയും ചെയ്യുന്നതാണു കണ്ടുവരുന്നത്. വിശ്വാസങ്ങളുടെ പേരിലാകുമ്പോള്‍ എന്തിനോടും കണ്ണടയ്ക്കുന്ന സമീപനം അന്ധവിശ്വാസങ്ങളെയും ആള്‍ദൈവങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്കു മാറും.
      പൊലീസില്‍ പതിനെട്ടുവര്‍ഷം കോണ്‍സ്റ്റബിളായിരുന്നസൂരജ്പാല്‍ 1990 ല്‍ സേനയില്‍നിന്നു സ്വയം വിരമിച്ചശേഷംഭോലെബാബ എന്ന ആള്‍ദൈവത്തിന്റെ സ്ഥാനത്തേക്ക് ഉയരുകയാണുണ്ടായത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ ലക്ഷക്കണക്കിനു ഭക്തരുണ്ട് ഇദ്ദേഹത്തിന്. ഈ സംഖ്യാബലമാണ് സംഘാടകരായ ചിലരെമാത്രം പ്രതിയാക്കി കേസ് എടുക്കുകയും മുഖ്യ ഉത്തരവാദിയായ ഭോലാ ബാബയുടെ പേരില്‍ കേസ് എടുക്കാതിരിക്കുകയും ചെയ്യുന്നത്.
    കഴിഞ്ഞ ഇരുപതുവര്‍ഷത്തിനിടെ തിക്കും തിരക്കുംമൂലം രാജ്യത്തുണ്ടായ വലിയ ദുരന്തങ്ങളില്‍ ഭൂരിഭാഗവും മതപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ടുള്ളവയാണ്. 2005 ജനുവരിയില്‍ മഹാരാഷ്ട്രയില്‍ വായ്പട്ടണത്തിലെ  മണ്ഡര്‍ ദേവീക്ഷേത്രത്തില്‍ 340 പേര്‍ മരിച്ചത് തിക്കിലും തിരക്കിലും പെട്ടായിരുന്നു. ഹിമാചല്‍പ്രദേശിലെ മലമുകള്‍ നൈനാദേവി ക്ഷേത്രത്തില്‍ 2008 ഓഗസ്റ്റിലാണ് 162 പേരുടെ ജീവന്‍ നഷ്ടപ്പെട്ടത്. രാജസ്ഥാനിലെ ജോധ്പൂര്‍നഗരത്തിലെ ചാമുണ്ഡാദേവീക്ഷേത്രത്തില്‍ 250 പേരുടെ ജീവന്‍ നഷ്ടമായത് 2008 സെപ്റ്റബര്‍ 30 ന് ആയിരുന്നു. 2010 മാര്‍ച്ചില്‍ യുപിയിലെ രാംജന്‍കി ക്ഷേത്രത്തില്‍ സൗജന്യഭക്ഷണത്തിനും വസ്ത്രത്തിനുംവേണ്ടിയുള്ള തിരക്കില്‍ ജീവന്‍ നഷ്ടപ്പെട്ടത് 68 പേര്‍ക്കായിരുന്നു.  2011 ല്‍ ഹരിദ്വാറിലെ ഹര്‍കിപ്രൗഢിഘട്ടില്‍ 20 പേരാണ് മരണപ്പെട്ടത്. അതേവര്‍ഷംതന്നെയാണ് ശബരിമലയില്‍ 104 പേരുടെ ജീവന്‍ നമ്മുടെ കണ്‍മുമ്പില്‍ നഷ്ടമായത്. 2013 ഒക്‌ടോബറില്‍ മധ്യപ്രദേശിലെ രത്‌നഗഡ്‌ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തില്‍ പങ്കെടുത്ത 115 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2014 ല്‍ പട്‌ന ഗാന്ധിമൈതാനത്ത് ദസറ ആഘോഷിച്ച 32 പേര്‍ മരണത്തിനു കീഴടങ്ങി. ആന്ധ്രാപ്രദേശില്‍ പുഷ്‌കരം ആഘോഷത്തില്‍ പങ്കെടുത്ത 27 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 2022 ജനുവരിയില്‍ ജമ്മുകഷ്മീരിലെ മാതാ വൈഷ്ണവോ ദേവീക്ഷേത്രത്തിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത് 12 പേരായിരുന്നു. 2023 മാര്‍ച്ചില്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെ ക്ഷേത്രത്തിലെ രാമനവമി ആഘോഷത്തിനോടനുബന്ധിച്ചു നടന്ന പരിപാടിക്കിടെ ജനക്കൂട്ടം കയറിനിന്നിരുന്ന കിണറിന്റെ മുകളിലെ സ്‌ളാബ് തകര്‍ന്നു മരണപ്പെട്ടത് 36 പേര്‍. ഇവ കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ ക്രമാതീതമായി കൂടുന്ന സ്ഥലങ്ങളില്‍ രണ്ടും മൂന്നുംപേര്‍ക്ക് തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെടുന്നുണ്ട്. ഓരോ സംഭവത്തിലും ജീവിതകാലം മുഴുവന്‍ കിടപ്പുരോഗികളായിത്തീരുന്നവരുടെ എണ്ണം ആരും കണക്കാക്കുന്നില്ല.
    ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും പ്രാര്‍ഥനയിടങ്ങളിലും ആഘോഷസ്ഥലങ്ങളിലും ഒരു നിയന്ത്രണവും വ്യവസ്ഥകളുമില്ലാതെ ജനങ്ങള്‍ ഒത്തുകൂടുന്നു. 2004 ഏപ്രില്‍ 10 ന് കൊല്ലം പുറ്റിങ്ങലില്‍ ഉണ്ടായ വെടിക്കെട്ടപകടത്തെത്തുടര്‍ന്ന് കേരളത്തില്‍  നടത്തപ്പെടുന്ന ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും കലാകായികമേളകള്‍പോലെയുള്ള ഒത്തുചേരലുകള്‍ക്കും ദുരന്തനിവാരണ അതോറിറ്റി ചില നടപടിക്രമങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. 2017 ജൂലൈയില്‍ കേരളത്തില്‍വച്ചാണ് ദേശീയദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ ആള്‍ക്കൂട്ട നിയന്ത്രണശില്പശാല സംഘടിപ്പിച്ചത്.
തൃശൂര്‍പൂരം, കൊച്ചിന്‍ കാര്‍ണിവല്‍, ശബരിമല മണ്ഡലകാലം, ആറ്റുകാല്‍ പൊങ്കാലപോലെയുള്ള ചടങ്ങുകള്‍ വിപുലമായ ആസൂത്രണത്തോടെയാണു നടത്തപ്പെടുന്നത്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ മൂന്നു മാസംമുമ്പെങ്കിലും വിശദമായ ആള്‍ക്കൂട്ടനിയന്ത്രണപദ്ധതി തയ്യാറാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ക്കു നല്‍കേണ്ടതുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടക്കുന്ന പരിപാടികള്‍ക്കായി ഹൈക്കോടതി നല്‍കിയ നിര്‍ദേശമനുസരിച്ചുള്ള നടപടിക്രമവും നിലവിലുണ്ട്.
    ജനപക്ഷത്തുനിന്നു തീരുമാനങ്ങളെടുക്കുന്ന ശക്തരായ ഭരണാധികാരികളുടെ അഭാവമാണ് ഇത്തരം ദുരന്തങ്ങളുടെ അടിസ്ഥാനകാരണം. ഹത്രാസിലെ ദുരന്തത്തിന്റെ ഉത്തരവാദിത്വം സംഘാടകരുടെയും പൊലീസിന്റെയും മേല്‍ കെട്ടിവച്ച് ബാബയെ രക്ഷിക്കാനുള്ള നീക്കമാണു കണ്ടുവരുന്നത്. പ്രാര്‍ഥനാസമ്മേളനങ്ങളില്‍നിന്നു കിട്ടുന്ന വരുമാനം മുഴുവന്‍ കൈക്കലാക്കുന്ന ബാബയ്ക്ക് ഈ ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്വത്തില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയുമോ?

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)