•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

മുന്തിരിച്ചെടിയും ശാഖകളും

ജൂലൈ 14  കൈത്താക്കാലം രണ്ടാം ഞായര്‍
നിയ 28:1-14   പ്രഭാ 10:19-25
റോമാ 11:17-24   യോഹ 15:1-8

കൈത്താക്കാലം ''ഫലങ്ങള്‍'' പുറപ്പെടുവിക്കുന്ന കാലമാണ്. ഒരു ക്രൈസ്തവവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍ കര്‍ത്താവിനോടു ചേര്‍ന്നുനില്‍ക്കുമ്പോഴാണ് നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്നത്. തായ്ത്തണ്ടായ കര്‍ത്താവിനോടു കൂടിച്ചേര്‍ന്നിരിക്കുമ്പോഴാണ് അവന്റെ ജീവിതത്തില്‍ ദൈവാനുഭവങ്ങള്‍ നിറയുന്നത്. ഈ യാഥാര്‍ഥ്യങ്ങള്‍ വിളിച്ചറിയിക്കുന്നതാണ് കൈത്താക്കാലം രണ്ടാം ഞായറിലെ വായനകളെല്ലാം.
ഒന്നാമത്തെ വായനയില്‍ (നിയമ. 28:1-14) ദൈവമായ കര്‍ത്താവിന്റെ വചനം പാലിച്ചു ജീവിക്കുന്നവനു ലഭിക്കുന്ന അനുഗ്രഹത്തെക്കുറിച്ചും; രണ്ടാം വായനയില്‍ (പ്രഭാ. 10:19-25) കര്‍ത്താവിനോടു ചേര്‍ന്നുനില്‍ക്കുന്നവന്‍ ആദരിക്കപ്പെടും എന്നതിനെക്കുറിച്ചും; മൂന്നാം വായനയില്‍ (റോമ. 11:17-24) ഇസ്രയേലാകുന്ന ഒലിവുമരത്തില്‍ ദൈവം ഒട്ടിച്ചുപിടിപ്പിച്ച കാട്ടൊലിവിന്റെ മുകുളങ്ങളായ വിജാതീയരെക്കുറിച്ചും; നാലാം വായനയില്‍ (യോഹ. 15:1-8) മുന്തിരിച്ചെടിയുടെയും ശാഖകളുടെയും ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന ദൈവമനുഷ്യബന്ധത്തെക്കുറിച്ചും നാം ശ്രവിക്കുന്നു.
നിയമാവര്‍ത്തനം 28:1-14: ഇസ്രയേല്‍ജനത്തിനു വിവിധ കാലങ്ങളില്‍ കല്പനകളും ഉടമ്പടികളും ലഭിച്ചിട്ടുണ്ട്. ഇവയോടെല്ലാം വിശ്വസ്തത പാലിച്ചു ജീവിക്കാന്‍ ജനത്തെ നേതാക്കന്മാരും കര്‍ത്താവുതന്നെയും ആഹ്വാനം ചെയ്തിരുന്നു. ദൈവഹിതം ഗ്രഹിച്ച്  ഉടമ്പടിയോടു വിശ്വസ്തത പാലിച്ചാല്‍ ജനത്തിന് അനുഗ്രഹവും അല്ലാത്തപക്ഷം ശിക്ഷകളും ലഭിച്ചിരുന്നു. വചനം പാലിക്കുന്നവര്‍ക്കു കരഗതമാകുന്ന അനുഗ്രഹത്തെക്കുറിച്ചാണ് ഇന്നത്തെ വചനഭാഗം. ശിക്ഷകളെക്കുറിച്ചും ശാപങ്ങളെക്കുറിച്ചും ഇതിനോടകം നിയമാവര്‍ത്തനം 27-ാം അധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്.
'കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കണം' എന്നതാണ് ആഹ്വാനം (28:1). ഗ്രീക്കുഭാഷയിലെ 'ഫിലാസോ' (phulasso) എന്ന പദത്തിന്റെയും ഹീബ്രുഭാഷയിലെ 'ഷമാര്‍' (Shamar) എന്ന പദത്തിന്റെയും അര്‍ഥം carefully guard, observe എന്നൊക്കെയാണ്. ഉടമ്പടിയുടെ പാലനത്തില്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ചാണ് ഇവിടുത്തെ സൂചന. ഇത്തരത്തില്‍ ഉടമ്പടി വിശ്വസ്തതാപൂര്‍വം പാലിക്കുന്നവര്‍ മറ്റെല്ലാവരെയുംകാള്‍ ശ്രേഷ്ഠരാകുമെന്നതാണു ഫലം. ഗ്രീക്കുഭാഷയിലെ 'ഹ്യുപെറാനോ' ((huperano) ) എന്ന ക്രിയാപദം "superior status’  നെയാണു കാണിക്കുന്നത്. കല്പന പാലിച്ചു ജീവിക്കുന്നവര്‍ ദൈവതിരുമുമ്പില്‍ വിലയുള്ളവരാണ്.
വചനം ശ്രവിച്ചു ജീവിക്കുന്നവര്‍ക്ക് ധാരാളമായി 'അനുഗ്രഹങ്ങള്‍' ലഭിക്കും (28:2). 'ബെറാക്കാ' ((beracah)) എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം 'blessing' എന്നാണ്. ഗ്രീക്കുഭാഷയിലെ 'എവുളോഗിയ' (eulogia) എന്ന വാക്കിനു തത്തുല്യമാണിത്. ഈ അനുഗ്രഹം ദൈവത്തിന്റെ ഒരു  സമ്മാനമാണ്. അത് അമൂല്യവുമാണ്. വിവിധങ്ങളായ രീതികളില്‍ ഒരാള്‍ ജീവിതത്തില്‍ അനുഗ്രഹിക്കപ്പെടും. 28:3-6 ല്‍ ആറ് അനുഗ്രഹങ്ങളെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. പൊതു അനുഗ്രഹത്തോടൊപ്പം ഈ ആറെണ്ണവും ചേര്‍ക്കുമ്പോള്‍ അനുഗ്രഹങ്ങള്‍ ഏഴെണ്ണമായി. ഏഴ് പൂര്‍ണതയുടെ സംഖ്യയാണ്.
ഒരു ആശീര്‍വാദഗാനംപോലെയാണ് ഈ 'അനുഗ്രഹങ്ങള്‍' അവതരിപ്പിച്ചിരിക്കുന്നത്: നഗരത്തില്‍ നീ അനുഗൃഹീതന്‍, വയലില്‍ നീ അനുഗൃഹീതന്‍, നിന്റെ സന്തതികള്‍ അനുഗൃഹീതര്‍, നിന്റെ കുട്ടയും മാവു കുഴയ്ക്കുന്ന കലവും അനുഗൃഹീതം, നിന്റെ വിളവുകളും കന്നുകാലിക്കൂട്ടവും മൃഗങ്ങളും ആട്ടിന്‍കൂട്ടവും അനുഗൃഹീതം (28:3-5). ജീവിതത്തിന്റെ സമസ്തമേഖലകളിലും പ്രവര്‍ത്തനങ്ങളിലും കര്‍ത്താവിന്റെ അനുഗ്രഹം ഉണ്ടാകുമെന്ന വസ്തുതയാണ് ഇവിടെ പ്രഖ്യാപിക്കുന്നത്.
പ്രഭാഷകന്‍ 10:19-25: പ്രഭാഷകന്റെ പുസ്തകം ബൈബിളിലെ ഏറ്റവും വലിയ ജ്ഞാനഗ്രന്ഥമാണ്. വിജ്ഞാനത്തിന്റെയും  വിവേകത്തിന്റെയും ധാരാളം ജ്ഞാനസൂക്തങ്ങള്‍ ഇവയില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ധാര്‍മികമൂല്യങ്ങള്‍ക്കു വില കല്പിക്കുന്ന ഈ ജ്ഞാനഗ്രന്ഥം ദൈവമക്കള്‍ക്കു ജീവിതദര്‍ശനങ്ങളും ഉള്‍ക്കാഴ്ചകളും പ്രദാനം ചെയ്യുന്നു. ഇന്നത്തെ വായനയില്‍ ബന്ധങ്ങളുടെ ആവശ്യകതയെക്കുറിച്ചും ബന്ധങ്ങളെ തകര്‍ക്കുന്ന ചില ജീവിതരീതികളെക്കുറിച്ചുമാണു നാം ശ്രവിക്കുന്നത്.
ഒരുവന്റെ ദൈവമനുഷ്യബന്ധത്തെയും സഹോദരങ്ങളുമായുള്ള ബന്ധത്തെയും തകര്‍ക്കുന്ന അഹങ്കാരത്തെക്കുറിച്ചു പ്രതിപാദിച്ചശേഷം (10:6-18) ദൈവഭക്തിയെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ പ്രഭാഷകന്‍ കുറിക്കുന്നു. കര്‍ത്താവിനോടു ഭക്തിയുള്ള മനുഷ്യനാണ് ബഹുമാനത്തിന് അര്‍ഹനായവന്‍ എന്നാണ് പ്രഭാഷകന്‍ പഠിപ്പിക്കുന്നത്. 
വിശുദ്ധഗ്രന്ഥത്തിന്റെ സെപ്തജ്വിന്ത് വിവര്‍ത്തനത്തില്‍ 'ഹോയ് ഫോബുമെനോയ് തോന്‍ കുരിയോന്‍' (hoi phobou-menoi ton kyrion)  എന്ന ഒരു പ്രയോഗമുണ്ട്. 'ഫോബെയോ' (phobeo)) എന്ന ക്രിയാപദത്തിന്റെ അര്‍ഥം  'ഭയം' എന്നാണ്. ഇതിന് 'ആദരവ്, ഭക്തി, ബഹുമാനം' എന്ന അര്‍ഥങ്ങളുമുണ്ട്. 'ദൈവഭയം' എന്നത് ദൈവത്തോടുള്ള മനുഷ്യന്റെ ആദരവും സ്‌നേഹവുമാണ്. അവിടുത്തോടുള്ള അടുപ്പമാണ്. ആഴമായ സ്‌നേഹബന്ധത്തിന്റെ സൂചനയാണ് ഈ പദം. 
ഇപ്രകാരമുള്ളവര്‍ക്കാണ് ജീവിതത്തില്‍ 'ബഹുമാനം' ലഭിക്കുന്നത്. ഗ്രീക്കുവിവര്‍ത്തനത്തില്‍ 'എന്‍തിമോസ്' (entimos) എന്ന നാമവിശേഷണം ഉപയോഗിച്ചിട്ടുണ്ട്. ഈ വാക്കിന്റെ അര്‍ഥം  esteemed, more distinguished എന്നൊക്കെയാണ്. സമൂഹത്തില്‍ ഒരുവന്റെ ശ്രേഷ്ഠതയെക്കുറിക്കുന്ന പദമാണിത്. ദൈവഭയമുള്ളവന് ബഹുമാനവും ആദരവും അംഗീകാരവും ലഭിക്കും എന്നു ചുരുക്കം.
പ്രഭാഷകന്റെ അഭിപ്രായത്തില്‍, പ്രഭുവും ന്യായാധിപനും ഭരണാധികാരിയും ബഹുമാനിക്കപ്പെടുന്നതിനെക്കാള്‍ ശ്രേഷ്ഠനായി വിലമതിക്കപ്പെടുന്നത് ദൈവഭയമുള്ള വ്യക്തിതന്നെയാണ്. ജീവിതത്തിന്റെ ഏത് അവസ്ഥയിലുള്ളവരും - ധനവാന്‍, ദരിദ്രന്‍, ഉത്കൃഷ്ടന്‍ - ദൈവഭക്തിയിലാണ് മഹത്ത്വം കണ്ടെത്തേണ്ടത്. ദൈവബന്ധമില്ലാതെ ഭൗതികസമൃദ്ധിയില്‍ ജീവിക്കുന്നവനെക്കാള്‍ ദൈവം വിലമതിക്കുന്നത് ദൈവഭക്തിയുള്ള ദരിദ്രനെയാണ്. കാരണം, അവന്‍ ദൈവത്തോടുള്ള ബന്ധത്തിലാണു ജീവിക്കുന്നത്.
റോമാ: 11:17-24: ദൈവത്തിന്റെ വാഗ്ദാനം ആദ്യം ലഭിച്ചത് യഹൂദര്‍ക്കായിരുന്നു. എന്നാല്‍, അവര്‍ക്കു ജീവിതത്തില്‍ 'ഇടര്‍ച്ച' ഉണ്ടായി. അവിശ്വാസംവഴി ദൈവത്തില്‍നിന്നകന്നുമാറിയ ഇസ്രയേലിന്റെ സ്ഥാനത്ത് വിജാതീയര്‍ക്കു രക്ഷ നല്‍കാന്‍ ദൈവം തിരുമനസ്സായി. ഇത് ദൈവപദ്ധതിയുടെയും ദൈവേഷ്ടത്തിന്റെയും ഭാഗമാണ്. ഇതില്‍ വിജാതീയര്‍ക്ക് അഹങ്കരിക്കാന്‍ ഒന്നുമില്ല. വിജാതീയരുടെ എന്തെങ്കിലുമുള്ള ശ്രേഷ്ഠതകൊണ്ടല്ല അവര്‍ രക്ഷയിലേക്കു പ്രവേശിച്ചത്; മറിച്ച്, ദൈവത്തിന്റെ ഇഷ്ടമാണ്. ഈ യാഥാര്‍ഥ്യം പൗലോസ് റോമാജനത്തെ അറിയിക്കുന്നതാണ് വായനപശ്ചാത്തലം.
ഗ്രീക്കുഭാഷയില്‍ 'എലെയ്‌യാ' (elaia)  എന്ന പദത്തിന്റെ അര്‍ഥം olive tree എന്നാണ്. ഇത് ഈശോയെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പ്രതീകമാണ്. ഒലിവുചെടിയില്‍നിന്നു മുറിച്ചുമാറ്റപ്പെട്ട  ചില്ലകള്‍ ഈശോമിശിഹായില്‍ വിശ്വസിക്കാത്ത യഹൂദരെയാണു ധ്വനിപ്പിക്കുന്നത്. അവിശ്വാസികള്‍ 'brokken off ആണ്. ഗ്രീക്കിലെ 'എക്ലാവോ' (ekklao)  എന്ന പദത്തിന്റെ അര്‍ഥം വിച്ഛേദിക്കുക, മുറിക്കുക എന്നാണ്.
കാട്ടൊലിവിന്റെ മുളകള്‍ വിജാതീയരാണ്. അവര്‍ ഈശോയാകുന്ന ഒലിവുമരത്തോട് ഒട്ടിച്ചേര്‍ക്കപ്പെട്ടു. ഈശോമിശിഹായുടെ ജീവരസത്തില്‍ അവര്‍ പങ്കുചേര്‍ന്നു. 'പിയോത്തേസ്' (piotes) എന്ന ഗ്രീക്കുവാക്കിന്റെ അര്‍ഥം  fatness, richnessഎന്നാണ്. ഇസ്രയേലിന്റെ ഉടമ്പടിവാഗ്ദാനങ്ങളെ ഇതു പ്രതീകാത്മകമായി സൂചിപ്പിക്കുന്നുണ്ട്. 'ജീവരസത്തില്‍' പങ്കുചേര്‍ന്നു എന്നതിന്റെ അര്‍ഥം മിശിഹായോടു ചേര്‍ന്നു, മിശിഹായില്‍ പൂര്‍ത്തിയാകുന്ന രക്ഷയില്‍ അവര്‍ പങ്കുകാരായി എന്നാണ്. അക്കാരണത്താല്‍, വിജാതീയക്രിസ്ത്യാനികള്‍ അഭിമാനിക്കേണ്ടത് ഈശോമിശിഹായിലാണ്; തങ്ങളില്‍ത്തന്നെയോ തങ്ങളുടെ ഭൗതികമേഖകളിലോ അല്ല. 
യോഹന്നാന്‍ 15:1-8: മുന്തിരിച്ചെടിയും മുന്തിരിത്തോപ്പുമെല്ലാം വിശുദ്ധഗ്രന്ഥത്തിലെ മനോഹരമായ ചിത്രങ്ങളാണ്. ഇസ്രയേലിനെ കരുതിയിരുന്നത് ദൈവമായ കര്‍ത്താവിന്റെ മുന്തിരിത്തോപ്പെന്നാണ്. ദൈവം മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരനാണ്. കര്‍ത്താവായ ദൈവത്തിന് ഇസ്രയേലിനോടുള്ള ബന്ധത്തെയാണ് മുന്തിരിയുമായി ബന്ധപ്പെട്ട ഉപമയിലൂടെ ചിത്രീകരിക്കുന്നത്. പുതിയ നിയമത്തിലും ഇതിനോടു സമാനമായ രീതിയില്‍ ഈ ചിത്രീകരണം ഉപയോഗിക്കുന്നുണ്ട്. ഇന്നത്തെ സുവിശേഷവായന അത്തരത്തിലുള്ള ഒന്നാണ്.
ഈശോ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് യഥാര്‍ഥ 'മുന്തിരിച്ചെടി' എന്നാണ്.real, true, genuine  എന്നൊക്കെയര്‍ഥം വരുന്ന 'അലെന്തിനോസ്' (alen-thinos) എന്ന നാമവിശേഷണം ഇവിടെ ഉപയോഗിച്ചിട്ടുണ്ട്.
പിതാവായ ദൈവത്തെ ചിത്രീകരിച്ചിരിക്കുന്നത് മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരനായിട്ടാണ്. മുന്തിരിച്ചെടിയെ വേണ്ടവിധം പരിപാലിക്കുന്നതും ആവശ്യമായ വെട്ടിയൊരുക്കലുകള്‍ നടത്തുന്നതും കൃഷിക്കാരനാണ്.  ഫലരഹിതമായ ശാഖകളെ പിതാവാകുന്ന ദൈവം വെട്ടിയൊരുക്കും, കൂടുതല്‍ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍വേണ്ടി. 
ഇവിടെ ഈശോ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്: ഈശോയില്‍ വസിക്കുന്നവര്‍ ഫലം പുറപ്പെടുവിക്കും. അതിനായി ഈശോ എല്ലാവരെയും ക്ഷണിക്കുന്നുണ്ട്. Abide in meþ-എന്നില്‍ വസിക്കുവിന്‍ (15:4). 'മെയ്‌നാത്തെ ഏന്‍ എമോയ്' (meinate en emoi)   എന്നത് ശക്തമായ ഒരു ആഹ്വാനമാണ്. ഇത് ഭൗതികമായ, ബാഹ്യമായ ഒരു ബന്ധം എന്നതിനപ്പുറത്ത് ജീവാംശമായ ഒരു ബന്ധമാണ്. ഈശോയുടെ ജീവരസത്തോടുള്ള ഒരു ചേരലാണിത്. ഒരു ഒന്നാകലാണിത്. അപ്പോഴാണ് ഫലങ്ങളുണ്ടാകുന്നത്. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)