Loneliness is not when you don't have people around. Lonliness occurs when you cannot find yourself inside you: Renuka Gavrani.
എന്തുകൊണ്ടാണ് ഒരിത്തിരിനേരം ഒറ്റയ്ക്കിരിക്കുമ്പോഴേക്കും നാം അസ്വസ്ഥരാകുന്നത്? കൂടെ ഒരാളില്ലെങ്കില്‍, ഒരു മൊബൈല്‍ ഫോണിന്റെ കൂട്ടെങ്കിലും ഇല്ലാതെ പറ്റില്ലെന്ന മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുന്നത്? ആത്മസ്‌നേഹം എന്ന മന്ത്രം അഥവാ ആത്മപരിപാലനം എന്ന കല നാം ഇനിയും അഭ്യസിച്ചിട്ടില്ല എന്നതുതന്നെ കാരണം. അവനവനെത്തന്നെ അഭിമുഖീകരിക്കാനുള്ള ഭീതിയില്‍നിന്നു സ്വതന്ത്രമാകുന്നതിനാണ് നാം പലപ്പോഴും ആള്‍ക്കൂട്ടങ്ങളില്‍ അലിഞ്ഞുചേരാന്‍ ശ്രമിക്കുന്നത്; ആര്‍പ്പുവിളികളില്‍ ആത്മബോധം നഷ്ടപ്പെട്ടു മുങ്ങിത്താഴുന്നത്. ആഴമില്ലാത്ത, ആത്മാവില്ലാത്ത ഒരു പൊങ്ങുതടി കണക്കെ വെറുതെ ഒഴുകിത്തീരേണ്ടതാണോ നമ്മുടെ ജീവിതം? അല്ല എന്നോര്‍മിപ്പിക്കുകയാണ്, ഉള്ളിലെ അനന്തസാധ്യതകളെ കണ്ടെത്താനുള്ള കൈവിളക്കാവുകയാണ് രേണുക ഗവ്‌റാണിയുടെ 'ദ ആര്‍ട്ട് ഓഫ് ബിയിംഗ് എലോണ്‍' എന്ന പുസ്തകം.
ഒറ്റയ്ക്കായിരിക്കുന്നത് ഒരു മോശം കാര്യമാണെന്ന ചിന്ത ചെറുപ്പംമുതല്‍ത്തന്നെ സമൂഹം ഒരാളുടെ അബോധമനസ്സില്‍ കുത്തിവയ്ക്കുന്നുണ്ട്. ജനപ്രിയമായ കഥകളും ചലച്ചിത്രങ്ങളും നോക്കുക. ഒറ്റയ്ക്കായിരിക്കുന്ന ആള്‍ ഒന്നുകില്‍ തരണം ചെയ്യാനാവാത്തവിധം ഗുരുതരപ്രതിസന്ധികള്‍ അനുഭവിക്കുന്നവരോ അതുമല്ലെങ്കില്‍ വിഷാദരോഗികളോ ഒക്കെയാവും. അയാളെ അല്ലെങ്കില്‍ അവളെ 'ഒറ്റപ്പെടലില്‍'നിന്നു കരകയറ്റാനാണ് നായകന്റെ അഥവാ നായികയുടെ രംഗപ്രവേശനം. ആ ദൗത്യം പൂര്‍ത്തിയാക്കി 'ആഹാ അര്‍മാദം, ആര്‍ക്കും അര്‍മാദം, ആര്‍ത്തുപൊന്തട്ടേ ആഘോഷപ്രകമ്പനം' (ഈയിടെ വലിയ പ്രദര്‍ശനവിജയം നേടിയ ആവേശം എന്ന ചലച്ചിത്രത്തിലെ വരികള്‍) എന്ന നിലയിലേക്ക് ഏകാകിയെ പറിച്ചുനടുന്നതോടെ കഥ ശുഭപര്യവസായിയാകുന്നു. ഈ ആഘോഷപ്രകമ്പനങ്ങളില്‍ ഓരോരുത്തരെയും അഭിരമിപ്പിക്കുക എന്നതുതന്നെയാണ് ഇന്ന് ലോകത്തെ ഭരിക്കുന്ന വിനോദവ്യവസായം (Entertainment Industry) ലക്ഷ്യം വയ്ക്കുന്നത്.
സോഷ്യല്‍ മീഡിയകളും ഒറ്റിറ്റി പ്ലാറ്റ്‌ഫോമുകളുമടക്കം വിരല്‍ത്തുമ്പില്‍ വിനോദങ്ങളുടെ അനന്തസാധ്യതകളുള്ളപ്പോള്‍ അതിനെ അതിജീവിക്കാനുള്ള മനഃശക്തി നമുക്കുണ്ടോ എന്നതാണ് രേണുക ചോദിക്കുന്ന പ്രധാന ചോദ്യം. ഉണ്ടെങ്കില്‍ അവനവന്റെ ഉള്ളിലെ അനന്തസാധ്യതകളെ വികസിപ്പിക്കാന്‍, ഇനിയും ഖനനം ചെയ്തിട്ടില്ലാത്ത മനസ്സിന്റെ അക്ഷയഖനികളിലേക്കു യാത്ര നടത്താന്‍ നമുക്കു കഴിയും. അതിനാദ്യമായി ചുറ്റുമുള്ളവരല്ല, നിങ്ങള്‍തന്നെയാണു നിങ്ങളുടെ ജീവിതത്തെ നിര്‍ണയിക്കേണ്ടതെന്നു തിരിച്ചറിയുക. വാരാന്ത്യത്തിന്റെ ആനന്ദം ബിയര്‍പാര്‍ലറിലും പാര്‍ട്ടികളിലുംതന്നെ ആവണമെന്നില്ല. ഇഷ്ടമുള്ള ഒരു പുസ്തകത്തിലോ ഒറ്റയ്ക്കു നടത്തുന്ന ഒരു യാത്രയിലോ ആവാം. കാതടപ്പിക്കുന്ന ഡിജെ പാട്ടുകള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതുമാത്രമല്ല ശാന്തമായി ഒരു പുഴയോരത്ത് അല്പനേരം ധ്യാനാത്മകമായി കണ്ണടച്ചിരിക്കുന്നതും എന്റര്‍ടെയ്ന്‍മെന്റുതന്നെയാണ്. ചുറ്റുമുള്ളവര്‍ ചെയ്തുകൂട്ടുന്നവതന്നെയാണോ നമുക്കും സന്തോഷം നല്‍കുന്നതെന്ന് ആത്മാര്‍ഥമായി ചിന്തിക്കുക. അവനവനൊപ്പം സമയം ചെലവഴിക്കുന്നതിനെ ഭയപ്പെടാതിരിക്കുക. നമ്മളെ ഏറ്റവും നന്നായി അറിയാവുന്നത് നമുക്കുതന്നെയാണ്. നമ്മുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി, സോള്‍മേറ്റായി നമ്മളെത്തന്നെ മാറ്റിയെടുക്കാന്‍ കഴിഞ്ഞാല്‍ അതാവും അവസാനശ്വാസംവരെയും ഒപ്പമുണ്ടാകുന്ന ഏറ്റവും വിലപ്പെട്ട സമ്പത്ത്.
ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഒറ്റയ്ക്കാവുന്ന സന്ദര്‍ഭങ്ങളെ നാമെല്ലാം അഭിമുഖീകരിച്ചേ പറ്റൂ. മാതാപിതാക്കള്‍ നമുക്കുമുന്നേ കടന്നുപോകും. സഹോദരങ്ങള്‍ക്കും അവരുടേതായ ജീവിതയാത്രയില്‍ വേര്‍പിരിയേണ്ടതുണ്ട്. ഇപ്പോള്‍ കൂടെയുള്ള സഹപാഠികളും സഹപ്രവര്‍ത്തകരുമൊക്കെ ജോലിയും ട്രാന്‍സ്ഫറും പ്രമോഷനുമൊക്കെയായി നാളെ ഓരോ ദേശങ്ങളിലേക്കു കൂടുമാറേണ്ടവരാണ്. ചില വഴികളെങ്കിലും നമ്മള്‍ തനിച്ചു നടന്നേ തീരൂ എന്നു സാരം. ഈ തനിച്ചുനടപ്പിനെ, ആത്മപ്രയാണത്തെ എങ്ങനെ അഭിമുഖീകരിക്കുന്നുവെന്നതാണു പ്രധാനം. ഒന്നുകില്‍ ഒറ്റയ്ക്കായല്ലോ എന്നു വിലപിച്ചു സ്വയം പഴിച്ചും ശപിച്ചും സമൂഹം സഹതാപത്തോടെ നോക്കുന്ന ഒരാളായി മാറാം. അല്ലെങ്കില്‍ ഒറ്റയാകുമ്പോള്‍ തെളിയുന്ന അക്ഷയസാധ്യതകളിലേക്ക് ആത്മബോധത്തോടെ യാത്രയാകാം. ഏതു വഴി തിരഞ്ഞെടുക്കണമെന്ന് ഓരോരുത്തര്‍ക്കും തീരുമാനിക്കാം.
സര്‍ഗാത്മകമായി ചിന്തിക്കാന്‍, സാരവത്തായ ലക്ഷ്യങ്ങളിലേക്കു പറന്നുയരാന്‍ ഒറ്റയാവുന്നതിന്റെ ആനന്ദത്തെ ആശ്ലേഷിച്ചേ പറ്റൂ. വിക്റ്റര്‍ ഹ്യൂഗോ സര്‍വസമയവും ആള്‍ക്കൂട്ടത്തിലായിരുന്നുവെങ്കില്‍ 'പാവങ്ങള്‍' എന്ന അമൂല്യകൃതി ലോകത്തിനു ലഭിക്കുകയില്ലായിരുന്നു. ശ്രീകണ്‌ഠേശ്വരം ജി പദ്മനാഭപിള്ള എന്ന ഭാഷാപണ്ഡിതന്‍ അനേകവര്‍ഷക്കാലം ഒറ്റയ്ക്കു നടത്തിയ പ്രയത്‌നമാണ് മലയാളത്തിലെ ഏറ്റവും ആധികാരികമായ നിഘണ്ടു എന്നു വിശേഷിപ്പിക്കാവുന്ന ശബ്ദതാരാവലിയുടെ ജനനത്തിനു കാരണം. എത്തിപ്പിടിക്കാന്‍ ഒരു ലക്ഷ്യമുണ്ടെങ്കില്‍, ചെയ്യാന്‍ ഒരു കര്‍മമുണ്ടെങ്കില്‍ ഒറ്റയ്ക്കാവുന്ന സമയങ്ങള്‍ അത്യധികം പ്രയോജനപ്രദമാണ്. സഞ്ചരിക്കാന്‍ ഒരു വഴിയോ എത്തിച്ചേരാന്‍ ഒരു ലക്ഷ്യമോ ഇല്ലാതാകുമ്പോഴാണ് ആത്മാഭിമുഖീകരണം സാധ്യമാവാതെ അല്പാനന്ദത്തിന്റെ ആവേശങ്ങളിലേക്കു നാം നമ്മെത്തന്നെ ചവിട്ടിത്താഴ്ത്തുന്നത്.
നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള മാന്ത്രികദണ്ഡുമായി ഒരാളും ജീവിതത്തിലേക്കു കടന്നുവരില്ല. കാരണം, ജീവിതം ഒരു ഫാന്റസിക്കഥയോ സിനിമയോ അല്ല. നിങ്ങള്‍ക്കേറ്റവും വലിയ താങ്ങും തണലുമാവേണ്ടത്, മുന്നോട്ടുനടക്കാനുള്ള ബലവും ശക്തിയും പകരേണ്ടത് നിങ്ങള്‍തന്നെയാണ്. മറ്റുള്ളവര്‍ എന്തു ചിന്തിക്കുമെന്നു കരുതി നിങ്ങള്‍ നിങ്ങളുടെ യഥാര്‍ഥസ്വത്വത്തെ മാറ്റാന്‍ ശ്രമിക്കുന്നത് ആത്മവഞ്ചനയാണെന്നും ഗ്രന്ഥകാരി ഓര്‍മിപ്പിക്കുന്നുണ്ട്. ''നിങ്ങള്‍ നിങ്ങളായിരിക്കുക. ഹൃദയം പറയുന്നതു കേള്‍ക്കുക. മനസ്സാക്ഷിക്കനുസൃതം യാത്ര ചെയ്യുക. അപ്പോള്‍ ഒറ്റയ്ക്കായിരിക്കുന്ന നേരങ്ങള്‍ അനുഗ്രഹമായിത്തീരുന്നത് എപ്രകാരമെന്നു നിങ്ങള്‍ക്കു മനസ്സിലാകും.''
അവനവനെപ്പോലും അംഗീകരിക്കാനാവാത്ത ഒരാളെ മറ്റൊരാള്‍ എങ്ങനെ അംഗീകരിക്കും എന്ന ചോദ്യവും രേണുക ചോദിക്കുന്നുണ്ട്. അവനവനോട് ആത്മാര്‍ഥമായി സംസാരിക്കാനുള്ള ക്ഷമയില്ലാത്ത ഒരാള്‍ക്ക് മറ്റൊരാളോട് എപ്രകാരമാണ് ആത്മാര്‍ഥമായി സംസാരിക്കാനാവുക? സ്വന്തം പോരായ്മകള്‍ തിരിച്ചറിയാനാവാത്ത ഒരാള്‍ക്ക് ഏതുവിധമാണ് മറ്റൊരാളുടെ പോരായ്മകളെ ചൂണ്ടിക്കാണിക്കാനാവുക? ചുരുക്കത്തില്‍, അവനവനെ അറിയുക എന്നത്, ആത്മബോധത്തിലേക്കു വളരുക എന്നത്, ചുറ്റുമുള്ള ലോകത്തെ കൂടുതല്‍ തെളിഞ്ഞ മിഴികളോടെ സമീപിക്കാനുള്ള മാര്‍ഗംകൂടിയാണ്. സ്വന്തം കണ്ണിലെ തടിക്കഷണം എടുത്തുമാറ്റിയിട്ടു വേണം അപരന്റെ കണ്ണിലെ കരടിനെക്കുറിച്ച് ആകുലപ്പെടാന്‍. ഏകാന്തനേരങ്ങള്‍ ആത്മവിമര്‍ശനത്തിനും അതുവഴി ആത്മശുദ്ധീകരണത്തിനുമുള്ള വഴിയാക്കി മാറ്റാം എന്നര്‍ഥം.
ലോകത്തിലെ ഏഴു മഹാദ്ഭുതങ്ങളെക്കാള്‍ വലിയ അദ്ഭുതങ്ങള്‍ നമ്മുടെ ഉള്‍പ്രപഞ്ചത്തിലുണ്ടെന്നും ഗ്രന്ഥകാരി എഴുതുന്നുണ്ട്. ബോബി ജോസ് കട്ടികാടിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'നിന്റെ ഉള്ളില്‍ പുറത്തുള്ളതിനെക്കാള്‍ മഴയുണ്ട്. വനമുണ്ട്. ആകാശവുമുണ്ട്. നീയാണു പ്രപഞ്ചം.' മനസ്സാകുന്ന പ്രപഞ്ചത്തിലേക്കു ധൈര്യപൂര്‍വം യാത്ര തുടങ്ങാനുള്ള മികച്ച ഒരു വഴികാട്ടിയാകുന്നുണ്ട് ഈ പുസ്തകം. ലളിതമായ ഭാഷ. ഹൃദ്യമായ അവതരണം. അമരില്ലിസ് (Amaryllis) ആണ് ഇപ്പോള്‍ നാഷണല്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയിലുള്ള ഈ പുസ്തകത്തിന്റെ പ്രസാധകര്‍.