ഉച്ചാരണസാമ്യമുള്ള പദങ്ങള്‍ അനവധാനതമൂലം തെറ്റിപ്പോകാം. തവര്‍ഗാക്ഷരങ്ങളായ ഥ (അതിഖരം) ദ (മൃദു) ധ (ഘോഷം) എന്നിവ ഉദാസീനതമൂലം മാറിപ്പോകുന്നു. അന്യഥാ എന്നുവേണ്ടിടത്ത് ''അന്യധാ'' എന്നും അന്യദാ എന്നു മതിയാകുന്നിടത്ത് ''അന്യതാ'' എന്നും അക്ഷരങ്ങള്‍ വഴുതിപ്പോകുന്നു. ഉച്ചാരണസാദൃശ്യമുള്ള പദങ്ങളിലാണ് ഇത്തരം തെറ്റുകള്‍ കടന്നുകൂടുന്നത്. ശരിയായ ഉച്ചാരണവും എഴുതിയെഴുതിയുള്ള പരിശീലനവും മാത്രമാണ് ഈ മാറിമറിച്ചിലുകള്‍ക്കുള്ള ഏകപരിഹാരം.
ഏകധാ (ഒരുതരത്തില്‍) ദ്വിധാ (രണ്ടു തരത്തില്‍) ബഹുധാ (പല തരത്തില്‍) എന്നെല്ലാം പറഞ്ഞും എഴുതിയും ശീലിച്ചവര്‍ 'അന്യധാ'യാണ് ശരി എന്നു ധരിക്കാനേ സാധ്യതയുള്ളൂ. മറ്റുതരത്തില്‍ അഥവാ മറ്റൊരു വിധം എന്ന അര്‍ഥം ലഭിക്കാന്‍ അന്യഥാ എന്നാണ് ഉച്ചരിക്കുകയും എഴുതുകയും ചെയ്യേണ്ടത്. നളചരിതം ആട്ടക്കഥ ഒന്നാം ദിവസത്തില്‍ ദമയന്തി ഹംസത്തോട് ഇങ്ങനെ പറയുന്നു: ''അര്‍ണവം തന്നിലല്ലോ നിമ്‌നഗ ചേര്‍ന്നു ഞായം / അന്യഥാ വരുത്തുവാന്‍ കുന്നു മുതിര്‍ന്നീടുമോ?'' (പദം 17 ചരണം 3 ഭൈമി) * ഈ വരികളിലെ അന്യഥാ ശ്രദ്ധിക്കുക. മറ്റൊരുവിധത്തില്‍ എന്നുതന്നെയാണ് അവിടെ അന്യഥാ എന്ന ശബ്ദത്തിന് അര്‍ഥം. അല്ലെങ്കില്‍, നേരേ വിപരീതമായി, തെറ്റായി മുതലായ വിവക്ഷിതങ്ങളിലും അന്യഥാ പ്രയോഗിക്കാം.
അന്യഥാ എന്ന വാക്കിനു പകരമല്ല അന്യദാ. മറ്റൊരിക്കല്‍, മറ്റൊരു സന്ദര്‍ഭത്തില്‍, വേറൊരിക്കല്‍ തുടങ്ങിയ അര്‍ഥങ്ങളാണ് അന്യദാ എന്ന പദത്തിനുള്ളത്. അതായത്, അന്യഥാ എന്നാണെങ്കില്‍ മറ്റൊരുവിധം എന്നും അന്യദാ എന്നാണെങ്കില്‍ മറ്റൊരിക്കല്‍ എന്നും വെവ്വേറെ അര്‍ഥം മനസ്സിലാക്കണം. 'അന്യധാ' അപപാഠമാണ്. ഉച്ചാരണത്തിലും എഴുത്തിലും ഒഴിവാക്കിയേ മതിയാവൂ.
* അര്‍ണവം - സമുദ്രം, നിമ്‌നഗ - താഴോട്ടുപോകുന്നത് (നദി). നദി സമുദ്രത്തിലാണല്ലോ സ്വാഭാവികമായി ചേരുക. മറ്റൊരുവിധത്തില്‍ വരുത്തുവാന്‍ പര്‍വതം ഒരുമ്പെടുമോ? (നദിയുടെ ഉത്പത്തിസ്ഥാനമാണല്ലോ പര്‍വതം). (1) കൃഷ്ണന്‍നായര്‍ കുളത്തുര്‍ പ്രഫ. തെറ്റരുത് മലയാളം, മനോരമ ബുക്‌സ്, 2023, പുറം - 48, 49.