തിരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളേയുള്ളൂ. ആര്‍ക്ക് വോട്ടു ചെയ്യണമെന്നു നിശ്ചയിക്കാത്ത തീരെ ചെറുതല്ലാത്ത ഒരു വിഭാഗം വോട്ടര്‍മാര്‍ ഇപ്പോഴുമുണ്ട്. ആരു ജയിക്കും ആരു തോല്‍ക്കുമെന്നു നിശ്ചയിക്കുന്നത് അവരുടെ വോട്ടുകളാണ്. അടുത്ത അഞ്ചുവര്‍ഷം ആരു ഭരിക്കണം, രാജ്യം ഏതു ദിശയില്‍ ചരിക്കണം, രാജ്യത്തിന്റെ ഭാവി എന്തായിരിക്കണം എന്നൊക്കെ നിശ്ചയിക്കപ്പെടുന്ന പൊതു തിരഞ്ഞെടുപ്പാകയാല്‍ എല്ലാവരും വോട്ടുചെയ്യണം. ആരു ജയിച്ചുവന്നാലും ജനത്തിനു പ്രയോജനമില്ല എന്ന നിഷേധാത്മകനിലപാട് രാജ്യത്തിനും ജനാധിപത്യത്തിനും ഗുണകരമാവുകയില്ല. ഒരു സ്ഥാനാര്‍ഥിയും നല്ലതല്ല എന്നതുകൊണ്ട് നോട്ടയ്ക്കു പ്രതിഷേധവോട്ടു രേഖപ്പെടുത്തുന്നതും പൗരധര്‍മത്തിനു യോജിച്ചതായി തോന്നുന്നില്ല.
പൊതുതിരഞ്ഞെടുപ്പില്‍ സ്വന്തം താത്പര്യങ്ങള്‍ക്കോ സ്ഥാനാര്‍ഥികളോടുള്ള മതിപ്പിനോ പ്രാദേശികവിഷയങ്ങള്‍ക്കോ അല്ല പ്രാധാന്യം, മുന്നണികളുടെ പ്രത്യയശാസ്ത്രങ്ങള്‍ക്കും ആ മുന്നണി രാജ്യപുരോഗതിക്കും നാടിന്റെ ബഹുസ്വരതയ്ക്കും ഭരണഘടനയ്ക്കും എത്രമാത്രം ബഹുമാനവും പിന്തുണയും നല്‍കിയെന്ന കാര്യവും പ്രത്യേകപരിഗണനാവിഷയമാകേണ്ടതാണ്.
തിരഞ്ഞെടുപ്പുകളില്‍ സമ്മതിദായകര്‍ മൂന്നു തരക്കാരാണ്. ആദ്യത്തെ കൂട്ടര്‍ ഉറച്ച പാര്‍ട്ടിപ്രവര്‍ത്തകരാണ്. 15 മുതല്‍ 25 വരെ ശതമാനം ആള്‍ക്കാരാണ് ഈ ഗണത്തില്‍ പെടുക. അവരുടെ വോട്ടിനെ ആര്‍ക്കും സ്വാധീനിക്കാനോ മാറ്റാനോ ആവുകയില്ല. അനുഭാവികളാണ് രണ്ടാമത്തെ കൂട്ടര്‍. അവര്‍ 15 ശതമാനത്തോളം വരും. പ്രത്യേക രാഷ്ട്രീയചായ്‌വുകളോ നിലപാടുകളോ ഇല്ലാത്തവരാണ് പത്തോ പതിനഞ്ചോ ശതമാനം വോട്ടര്‍മാര്‍. യഥാര്‍ഥത്തില്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് അവരുടെ വോട്ടുകളാണ്. ഈ നിഗമനം ശരിയാണെന്നു ബോധ്യപ്പെടാന്‍ ജയിക്കുന്ന സ്ഥാനാര്‍ഥികളുടെ വോട്ടുശതമാനം പരിശോധിച്ചാല്‍ വ്യക്തമാകും.
ആര്‍ക്കു വോട്ടുനല്‍കണമെന്നു തീരുമാനിക്കാനാകാതെ ആശയക്കുഴപ്പത്തില്‍ കഴിയുന്ന ഒരു വിഭാഗം സമ്മതിദായകരുണ്ട്. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിച്ചാണ് അവര്‍ വോട്ടുചെയ്യുക. നിഷ്പക്ഷമായും സത്യസന്ധമായും വസ്തുതാപരമായും അവതരിപ്പിക്കുന്ന അഭിപ്രായങ്ങള്‍ താരതമ്യേന കുറവാണ്. രാജ്യത്തെ രാഷ്ട്രീയകാലാവസ്ഥ അറിയാനുള്ള മാര്‍ഗം മാധ്യമങ്ങളാണ്. പത്രം, ചാനല്‍, സാമൂഹികമാധ്യമങ്ങള്‍ തുടങ്ങിയ സമ്പര്‍ക്കോപാധികളെയാണ് ആശ്രയിക്കുക. ഈ മാധ്യമങ്ങള്‍ എല്ലാംതന്നെ ഏതെങ്കിലും രാഷ്ട്രീയമുന്നണിയെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്ക്കുന്നതാവും. പത്രങ്ങളും ചാനലുകളും അഭിപ്രായസര്‍വേകള്‍ നടത്തി പാര്‍ട്ടിക്ക് അനുകൂലമായ പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ ശ്രമിക്കുകയാണ്. സാമൂഹികമാധ്യമങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പരസ്യപ്പലകപോലെയാണു വര്‍ത്തിക്കുന്നത്. എല്ലാം പഠിക്കുകയും സ്വന്തമായ നിലപാടു സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്കുമാത്രമാണ് ജനാധിപത്യത്തെയും രാജ്യത്തെയും സംരക്ഷിക്കാന്‍ കഴിയുക.
കേന്ദ്രത്തില്‍ ബിജെപി ദേശീയമാധ്യമങ്ങളെ പ്രീണിപ്പിച്ചു കൂടെനിര്‍ത്തുന്നുവെന്നും ഭീഷണിപ്പെടുത്തി നിശ്ശബ്ദമാക്കുന്നുവെന്നുമുള്ള ആക്ഷേപം ശക്തമാണ്. മോദിസ്തുതികള്‍മാത്രം പാടുന്ന പത്തിലധികം ദേശീയചാനലുകളുണ്ട്. മോദി ലോകനേതാവ്, അവതാരപുരുഷന്‍, രാജ്യത്തിന്റെ രക്ഷകന്‍, വികസനനായകന്‍, അഴിമതിവിരുദ്ധന്‍ എന്നിങ്ങനെയുള്ള സ്തുതിപ്പുകളാണ് തുടര്‍ച്ചയായി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ വീഴ്ചകളെ മറച്ചുവയ്ക്കാനും നല്ല പ്രവര്‍ത്തനങ്ങളെ ഊതിവീര്‍പ്പിച്ച വര്‍ണബലൂണ്‍പോലെ അവതരിപ്പിക്കാനും ഈ ചാനലുകള്‍ തമ്മില്‍ മത്സരിക്കുന്നു. ഇത്തരം മാധ്യമങ്ങളെ പൊതുവേ 'ഗോദി മീഡിയ' എന്നാണു വിശേഷിപ്പിക്കുന്നത്.
ഗോദി മീഡിയ എന്ന വാക്കുണ്ടാക്കിയത് രവീഷ് കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ്. എന്‍ ഡി ടിവി ഗൗതം അദാനി വിലയ്ക്കു വാങ്ങിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് അദ്ദേഹം ചാനല്‍ വിട്ടു. എന്‍ ഡി ടിവി പോലെയുള്ള ചാനലുകളുടെ പ്രവര്‍ത്തനശൈലിയെ പരിഹസിച്ച് അദ്ദേഹം നല്‍കിയ പേരാണ് ഗോദി മീഡിയ. ആ വാക്കിന്റെ അര്‍ഥം മടിയില്‍ ഇരിക്കുന്ന ഇണക്കമുള്ള ചെറിയ നായ എന്നോ വാലാട്ടിപ്പട്ടി എന്നോ ആണ്. അതായത,് യജമാനന്റെ മുമ്പില്‍ വാലാട്ടി വിധേയത്വം പ്രഖ്യാപിക്കുകയും ശത്രുക്കളെ കാണുമ്പോള്‍ കുരച്ച് ബഹളമുണ്ടാക്കുകയും ചെയ്യുന്ന നായ്ക്കൂട്ടംപോലെയാണ് ഗോദി മീഡിയ. ഹിന്ദുത്വപ്രത്യയശാസ്ത്രത്തോട് അനുഭാവമുള്ളവര്‍മാത്രമാണ് ഗോദി മീഡിയായിലുള്ളത.് മോദി 2014 ല്‍ പ്രധാനമന്ത്രിസ്ഥാനത്ത് എത്തിയനാള്‍മുതല്‍ സ്തുതിപാഠകരായ മാധ്യമപ്രവര്‍ത്തകര്‍മാത്രമായിരിക്കണം ദേശീയമാധ്യമസ്ഥാപനങ്ങളില്‍ ഉണ്ടായിരിക്കേണ്ടതെന്ന് നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്നു. അവ എല്ലാംതന്നെ കോര്‍പ്പറേറ്റ് മാധ്യമസ്ഥാപനങ്ങളായിരുന്നതുകൊണ്ട് പ്രധാനമന്ത്രിക്ക് അവ നിയന്ത്രിക്കുക എളുപ്പമായിരുന്നു.
ജനാധിപത്യത്തിന്റെ നാലു തൂണുകളിലൊന്നാണ് മാധ്യമങ്ങള്‍. ഫോര്‍ത്ത് എസ്റ്റേറ്റ് എന്നാണത് അറിയപ്പെടുന്നത്. മാധ്യമങ്ങളെ കാവല്‍നായ് (ണമരേവ റീഴ) എന്നാണു വിശേഷിപ്പിക്കുക. മോദിസര്‍ക്കാരിന്റെ കാലത്ത് കാവല്‍നായ വാലാട്ടിപ്പട്ടിയായി എന്നാണ് ആക്ഷേപം. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പ്രചരിപ്പിക്കപ്പെടുമ്പോള്‍ ശരിതെറ്റുകള്‍ പഠിച്ചു മനസ്സാക്ഷിക്കു യോജിച്ച സത്യസന്ധരും അര്‍പ്പണബുദ്ധിയുള്ളവരും ജനാധിപത്യ മതനിരപേക്ഷമൂല്യങ്ങളില്‍ വിശ്വസിക്കുന്നവരും ജനപക്ഷത്തു നില്‍ക്കുന്നവരുമായ നേതാക്കന്മാരെ തിരഞ്ഞെടുക്കാന്‍ പൗരബോധം നമ്മെ നിര്‍ബന്ധിക്കുന്നു.