•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

എന്റെ ആടുകളെ മേയിക്കുക

ഏപ്രില്‍ 14 ഉയിര്‍പ്പുകാലം മൂന്നാം ഞായര്‍
പുറ 3:1-12   എസ 34:20-26
എഫേ 4:7-16    യോഹ 21:15-19

''നയിക്കുക, പരിപാലിക്കുക'' എന്നത് ഇടയധര്‍മമാണ്. ഇടയന്‍ ആടുകളെ കരുതുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഉയിര്‍പ്പുകാലം മൂന്നാം ഞായറിലെ വായനകളെല്ലാം ഇടയധര്‍മവുമായി ബന്ധപ്പെട്ടതാണ്. ഒന്നാം വായനയില്‍ (പുറ. 3:1-12) ജത്രോയുടെ ആടുകളെ മേയിച്ചു കഴിയുകയായിരുന്ന മോശയെ ദൈവം വിളിക്കുന്നതും, രണ്ടാം വായനയില്‍ (എസ. 34:20-26) ദൈവത്തിന്റെ ആട്ടിന്‍പറ്റമായ ഇസ്രയേലിനെ നയിക്കാന്‍ ഒരു ഇടയനെ നല്‍കുന്നതും; മൂന്നാം വായനയില്‍ (എഫേ. 4:7-16) ഇടയന്മാരും പ്രബോധകന്മാരുമാകാന്‍ പ്രത്യേകമായി കൃപ നല്‍കപ്പെട്ടിട്ടുള്ളവരുടെ ദൗത്യങ്ങളും; നാലാം വായനയില്‍ (യോഹ. 21:5-19) കര്‍ത്താവിന്റെ ആടുകളെ മേയിക്കാന്‍ പ്രത്യേകമായി പത്രോസിനെ നിയോഗിക്കുന്നതും നാം ധ്യാനിക്കുന്നു. ഇടയന്റെ ശുശ്രൂഷകള്‍ 'ഇടയാത്ത'തും 'ഇടര്‍ച്ച' നല്‍കാത്തതും 'ഇടിവ്' ഇല്ലാത്തതുമാകണമെന്ന ദര്‍ശനം ഈ വായനകള്‍ പ്രദാനം ചെയ്യുന്നു.
പുറപ്പാട് 3:1-12: കര്‍ത്താവായ ദൈവത്തിന്റെ പ്രത്യേകദൗത്യനിര്‍വഹണത്തിനായി മോശയെ വിളിക്കുന്നതും ഒരുക്കുന്നതുമാണിവിടെ നാം ശ്രവിക്കുന്നത്. ഇതു മോശയുടെ ദൈവവിളിയാണ്. വിളിയിലെ ദൗത്യത്തിന്റെ ഉത്തരവാദിത്വം ഭരമേല്പിക്കലാണിത്. മിദിയാനിലെ പുരോഹിതനായ ജത്രോയുടെ ആടുകളെ മേയിച്ചുകഴിയുകയായിരുന്ന മോശയ്ക്ക് കര്‍ത്താവിന്റെ ആടുകളെ മേയിക്കാനുള്ള ദൗത്യം നല്കലാണിത്.
ആടുകളെ മേയിക്കുന്ന മോശ എത്തിച്ചേരുന്നത് ദൈവത്തിന്റെ മലയായ ഹോറെബിലാണ്. 'ഹാര്‍ ഹ എലോഹിം' (ദൈവത്തിന്റെ മല) എന്ന വിശേഷണം ഹോറെബിനു നല്‍കിയതിനു കാരണം ദൈവത്തിന്റെ സാന്നിധ്യം വളരെ പ്രത്യേകമാംവിധം അവിടെ അനുഭവപ്പെട്ടതിനാലാകണം. സീനായ്മലയെന്നും ഇത് അറിയപ്പെടുന്നുണ്ട്. ഇസ്രയേലിന്റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഇടമാണിത്. ഈ മലയുടെ അടിവാരത്തുവച്ചാണ് ഇസ്രയേല്‍ജനവുമായി ദൈവം ഉടമ്പടി ചെയ്തത്.
മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍നിന്നു ജ്വലിച്ചുയര്‍ന്ന അഗ്നി 'ദൈവസാന്നിധ്യ'ത്തിന്റെ അടയാളമാണ്. Fire, a flaming എന്നര്‍ഥം  വരുന്ന ഹീബ്രുഭാഷയിലെ എഷ് (esh) എന്ന നാമം പഴയനിയമത്തില്‍ 'ദൈവസാന്നിധ്യ'ത്തെ പൊതുവെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് (പുറ. 19:16-18; നിയമ. 4:15). മാലാഖാ, ദൂതന്‍ എന്നര്‍ഥം വരുന്ന 'മലക്ക്' malak) - മലക്ക് യാഹ്‌വെ (ദൈവത്തിന്റെ ദൂതന്‍) കര്‍ത്താവുതന്നെയാണ്. ശുശ്രൂഷയ്ക്കുള്ള മോശയുടെ വിളി 'ദൈവവിളി' തന്നെയാണെന്ന് ഈ സൂചനകള്‍ ഉറപ്പിച്ചുപറയുന്നു.
ദൈവം പേരുചൊല്ലി വിളിച്ചവനാണ് മോശ. 'മോശേ, മോശേ' എന്നു രണ്ടു തവണ  ദൈവം അവനെ വിളിക്കുന്നുണ്ട്. ദൈവം പ്രത്യേകം  തിരഞ്ഞെടുക്കുന്നവരെ  അവിടുന്ന് ആവര്‍ത്തിച്ചു  വിളിക്കുന്നുണ്ട് (1 സാമു. 3:5, ഉത്പ. 22:11-13; ഉത്പ 46:1-4). ഒരു വ്യക്തിയോടുള്ള കര്‍ത്താവിന്റെ അടുപ്പത്തെക്കുറിക്കുന്ന ശൈലിയാണിത്.
കര്‍ത്താവിന്റെ ദൂതന്‍ മോശയോടു കല്പിക്കുന്നു: ''നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക'' (3:5). 'നീക്കിക്കളയുക, മാറ്റുക' (remove, put off)എന്നീയര്‍ഥങ്ങളുള്ള ഹീബ്രുഭാഷയിലെ നഷാല്‍ (nashal) എന്ന പദം പഴയതിനെ ഉരിഞ്ഞുമാറ്റാനുള്ള ഒരു ആഹ്വാനം നല്‍കുന്നുണ്ട്. കര്‍ത്താവിന്റെ സന്നിധിയില്‍ നില്‍ക്കുന്നവന്‍ പഴയജീവിതരീതിയെ ഉരിഞ്ഞുമാറ്റേണ്ടവനാണ്. ചെരിപ്പുകള്‍ അഴിച്ചുമാറ്റുക ആദരവിന്റെയും ബഹുമാനത്തിന്റെയും പ്രതീകംകൂടിയാണ്.
മോശ എന്ന ഇടയന്റെ ദൗത്യത്തെക്കുറിച്ചു വ്യക്തമായി ഇവിടെ പരാമര്‍ശിക്കുന്നുണ്ട്. കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുന്നവനാണ് ഈ ഇടയന്‍. ഈജിപ്തിന്റെ അടിമത്തത്തില്‍നിന്ന് ഇസ്രയേല്‍ജനത്തെ മോചിപ്പിക്കുക, അവരെ തേനും പാലും ഒഴുകുന്ന കാനാന്‍ നാട്ടിലേക്കു നയിക്കുക. മോശയുടെ ദൗത്യം ഒരു വിമോചനത്തിന്റേതാണ്. ദൈവത്തിലേക്കുള്ള നയിക്കലിന്റേതുമാണ്.
മോശ തന്റെ അപര്യാപ്തതയെക്കുറിച്ച് കര്‍ത്താവിനോടു പറയുമ്പോള്‍ അവിടുന്നു പറയുന്നു: ''ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും'' (3:12). ഇടയന്‍ സ്വന്തം ശക്തിയിലല്ല ആശ്രയിക്കേണ്ടത്; മറിച്ച്, ദൈവത്തിന്റെ ശക്തിയിലും കൃപയിലുമാണ്. ശുശ്രൂഷകളില്‍ കര്‍ത്താവ് എപ്പോഴും കൂടെ ഉണ്ടാകും (മത്താ. 28:20). ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരു നില്‍ക്കും? (റോമാ. 8:31).
എസക്കിയേല്‍ 34:20-26: ദൈവമായ കര്‍ത്താവ് തന്റെ ഇടയധര്‍മം നിറവേറ്റുമെന്ന പ്രവാചകവചനങ്ങളാണ് രണ്ടാം വായനയില്‍ നാം ശ്രവിക്കുന്നത്. മുന്‍വാക്യങ്ങളുടെ വെളിച്ചത്തിലാണ് ഈ വചനങ്ങള്‍ നാം മനസ്സിലാക്കേണ്ടത്. ഇസ്രയേലിന്റെ ഇടയന്മാര്‍ തങ്ങളുടെ ഇടയധര്‍മം നിര്‍വഹിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ദൈവം ഇവിടെ സംസാരിക്കുന്നത്. ഇസ്രയേലിലെ ഇടയന്മാര്‍ ആടുകളെ പരിപാലിച്ചില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല, ക്രൂരമായി അവയോടു പെരുമാറി, ദുര്‍ബലമായതിനു ശക്തി കൊടുത്തില്ല (34:1-10). ഈ സാഹചര്യത്തില്‍ ഇടയനായ ദൈവം യഥാര്‍ഥ ഇടയധര്‍മം  എന്തെന്ന് 34-ാം അധ്യായത്തില്‍ പഠിപ്പിക്കുന്നുണ്ട്: ചിതറിപ്പോയവയെ അന്വേഷിച്ചു കണ്ടെത്തും, അവയെ സ്വദേശത്തേക്കു കൊണ്ടുവരും, നീരുറവകള്‍ക്കരികെ പച്ചയായ പുല്‍ത്തകിടിയില്‍ അവയെ മേയിക്കും, മുറിവേറ്റതിനെ വച്ചുകെട്ടും, അവയെ സംരക്ഷിക്കും, നീതിപൂര്‍വം പോറ്റും (34:11-6).
'വിധി' (judge) എന്നര്‍ഥം വരുന്ന ഹീബ്രുഭാഷയിലെ ഷപാത്ത് (shaphat)  എന്ന ക്രിയാപദമാണ് ഇന്നത്തെ വായനയുടെ ആദ്യവാക്യത്തില്‍ നാം കാണുന്നത്. ഏല്പിക്കപ്പെട്ട ഇടയധര്‍മം നിര്‍വഹിക്കാത്തവര്‍ക്കുനേരേ ദൈവത്തിന്റെ ശിക്ഷാവിധി ഉണ്ടാകുമെന്ന അറിയിപ്പാണിത്. ഇസ്രയേലിന്റെ സംരക്ഷകരാകേണ്ടിയിരുന്ന നേതാക്കന്മാര്‍ ഉത്തരവാദിത്വം നിര്‍വഹിക്കാത്തതിനാല്‍ അവര്‍ നേരിടേണ്ടിവരുന്ന വിധിയാണിത്. ഇടയധര്‍മം നിര്‍വഹിക്കാത്തവര്‍ ആരായാലും അവര്‍ക്കു ദൈവത്തിന്റെ വിധിയുണ്ട്. അത് അവരുടെ നാശത്തിന്റെ വിധിയാണ്.
നിരാലംബരായ ആടുകള്‍ക്ക് അഭയമരുളുന്ന ഇടയനാണു ദൈവം. ദുര്‍ബലമായ ആടുകളെ മറ്റുള്ളവ പാര്‍ശ്വംകൊണ്ടും  ചുമലുകൊണ്ടും തള്ളുമ്പോഴും കൊമ്പുകൊണ്ടു കുത്തുമ്പോഴും അവയ്ക്കു രക്ഷ നല്‍കുന്ന ഇടയനാണവിടുന്ന് (34:21-22). രക്ഷിക്കുക, സഹായിക്കുക, മോചിപ്പിക്കുക എന്നര്‍ഥം വരുന്ന യഷാ yasha)എന്ന പദം സൂചിപ്പിക്കുന്നത് ഇടയനായ ദൈവം രക്ഷിക്കുന്നവനും വിമോചിപ്പിക്കുന്നവനുമാണെന്നാണ്.
ഇസ്രയേലിന്റെ രക്ഷയ്ക്കായി പുതിയ ഒരു ഇടയനെ നല്‍കുമെന്നും ദൈവം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇസ്രയേലിന്റെ അജപാലകനായി കര്‍ത്താവു നല്‍കുന്നത് ദാവീദെന്ന ഒരു ഇടയനെയാണ്. അവന്‍ ജനത്തെ മേയിക്കുകയും, പോറ്റുകയും ചെയ്യുന്ന ഇടയനായിരിക്കും. ഈ പഴയനിയമപ്രവചനം പൂര്‍ത്തിയാകുന്നത് ദാവീദിന്റെ വംശത്തില്‍ പിറന്ന ക്രിസ്തു എന്ന യഥാര്‍ഥ ഇടയനിലാണ്. മിശിഹായാണ് രക്ഷകന്‍.
എഫേസോസ് 4:7-16: എഫേസോസ് ലേഖനത്തിന്റെ ആദ്യ മൂന്ന് അധ്യായങ്ങള്‍ ദൈവശാസ്ത്രപരമായ ചിന്തകള്‍ (doctrinal) അവതരിപ്പിക്കുമ്പോള്‍ അവസാന മൂന്ന് അധ്യായങ്ങള്‍ പ്രായോഗികനിര്‍ദേശങ്ങളും  ധാര്‍മികദര്‍ശനങ്ങളും (ethical) അവതരിപ്പിക്കുന്നു. ഓരോരുത്തരും തങ്ങള്‍ക്കു ലഭിച്ച വിളിക്കു യോഗ്യമായ ഒരു ജീവിതം നയിക്കാനുള്ള പൗലോസ് ശ്ലീഹായുടെ ഉപദേശമാണ് ഇന്നത്തെ വചനവായനയുടെ പശ്ചാത്തലം. വിളിക്കപ്പെട്ടവര്‍ക്കു നല്‍കിയിരിക്കുന്ന കൃപകളും വരങ്ങളും അനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കണമെന്ന ആഹ്വാനമാണ് ശ്ലീഹാ നല്‍കുന്നത്.
നമുക്ക് ഓരോരുത്തര്‍ക്കും 'കൃപ' നല്‍കപ്പെട്ടിട്ടുണ്ട് (4:7). grace എന്നര്‍ഥം വരുന്ന ഗ്രീക്കുഭാഷയിലെ ഖാരിസ് (charis)എന്ന പദം വ്യത്യസ്തങ്ങളായ വരദാനങ്ങളെയാണ് ഇവിടെ വിവക്ഷിക്കുന്നത് (റോമ. 12:3-12; 1 കോറി. 12:4-11). കൂടാതെ, അപ്പസ്‌തോലന്മാരും പ്രവാചകന്മാരും സുവിശേഷപ്രഘോഷകന്മാരും ഇടയന്മാരും പ്രബോധകന്മാരും ആകാനുള്ള വരം നല്‍കി. വരങ്ങളെല്ലാം നല്‍കപ്പെട്ടിരിക്കുന്നത് പൊതുനന്മ(common good)യ്ക്കുവേണ്ടിയാണ്     (1 കോറി. 12:7).
വിളിക്കപ്പെട്ടവരും വരങ്ങളും കൃപകളും ലഭിച്ചവരുമെല്ലാം ചില ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടതായിട്ടുണ്ട്. 1. വിശുദ്ധരെ പരിപൂര്‍ണരാക്കുക; 2. ശുശ്രൂഷയുടെ ജോലി ചെയ്യുക 3. ക്രിസ്തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുക (4:12). സഭാകൂട്ടായ്മയിലെ അംഗങ്ങളെ പൗലോസ്ശ്ലീഹാ വിളിക്കുന്നത് 'വിശുദ്ധര്‍' (saints) എന്നാണ്. അവരെ എല്ലാവരെയും വിളിക്കനുസരിച്ചു  ജീവിക്കാന്‍ സന്നദ്ധരാക്കുക എന്നതാണ് ഒന്നാമത്തെ ദൗത്യം. 'കത്താര്‍ത്തിസ്‌മോസ്' എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥം  equip  എന്നാണ്. വിശുദ്ധിയിലേക്കുള്ള പരിശീലനം നല്‍കുക എന്നര്‍ഥം. രണ്ടാമത്തെ ദൗത്യം 'ദിയക്കോണിയ' ആണ്. ഇടയന്റെ ധര്‍മം ശുശ്രൂഷയുടേതാണ്, സേവനത്തിന്റേതാണ്. 'ക്രിസ്തുവിന്റെ ശരീരം' സഭയാണ് - the body of Christ. . അതിനെ വളര്‍ത്തുക എന്നതാണ് മൂന്നാമത്തെ ദൗത്യം. ഇടയന്റെ ധര്‍മം സഭയെ നശിപ്പിക്കുകയല്ല; മറിച്ച്, പടുത്തുയര്‍ത്തുകയാണ് - മിശിഹായിലേക്ക്.
യോഹന്നാന്‍ 21:15-19: ഉത്ഥിതനായ ഈശോ പത്രോസ് ശ്ലീഹായെ അജപാലനദൗത്യം ഭരമേല്പിക്കുന്നതാണ് ഇന്നത്തെ സുവിശേഷവായനയുടെ പശ്ചാത്തലം. പത്രോസ് ശ്ലീഹായുടെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള പ്രവചനവും ഈ വചനഭാഗത്തുണ്ട്. കര്‍ത്താവിന്റെ ഇടയന്‍ അവിടുത്തേക്കുവേണ്ടി ജീവിക്കുന്നവനും രക്തസാക്ഷിത്വം വരിക്കേണ്ടവനുമാണെന്ന ദര്‍ശനം ഈ വചനഭാഗം നല്‍കുന്നുണ്ട്.
യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? (21:15). പത്രോസിനോടുള്ള ഒന്നാമത്തെ ചോദ്യത്തില്‍ 'ഇവരെക്കാള്‍ അധികമായി' (more than these) എന്ന് ഈശോ ചോദിക്കുന്നു. 'പ്ലെയോണ്‍ തൂത്തോണ്‍' എന്ന പ്രയോഗത്തിന് 'ഇവയെക്കാള്‍ അധികമായി' എന്നര്‍ഥംകൂടിയുണ്ട്. മറ്റു മനുഷ്യരെക്കാളും, മറ്റ് എല്ലാ വസ്തുവകകളെക്കാളും കൂടുതലായി ഈശോയെ പത്രോസ് സ്‌നേഹിക്കുന്നുണ്ടോ എന്നാണ് ചോദ്യം. ഈശോയെ എല്ലാറ്റിനുമുപരിയായി അവിടുത്തെ ശിഷ്യന്മാര്‍ സ്‌നേഹിക്കേണ്ടതുണ്ടെന്ന സൂചനയാണ് ഈ വാക്കുകള്‍ നല്‍കുന്നത്. ഈശോയാണ് എന്റെ പ്രയോരിറ്റി. ബാക്കിയെല്ലാം രണ്ടാമത്തേതാണ്.
ഒന്നാമത്തെയും രണ്ടാമത്തെയും ചോദ്യങ്ങളില്‍ 'സ്‌നേഹിക്കുന്നുവോ?' എന്നു ചോദിക്കുമ്പോള്‍ ഈശോ ഉപയോഗിക്കുന്ന ക്രിയാപദം അഗാപാഓ (agapao)  എന്നാണ്. ഇത് ദൈവികമായിട്ടുള്ള സ്‌നേഹത്തെക്കുറിക്കുന്ന പദമാണ്. മൂന്നാം പ്രാവശ്യത്തെ ചോദ്യത്തില്‍ 'സ്‌നേഹിക്കുന്നുവോ' എന്നതിന് ഉപയോഗിക്കുന്ന ക്രിയാപദം  'ഫിലെയോ' (phileo) എന്നതാണ്. ഇതു സുഹൃത്തുക്കള്‍തമ്മിലുള്ള സ്‌നേഹത്തെക്കുറിക്കുന്ന പദമാണ്. ശിഷ്യനില്‍നിന്ന് ഈശോ ആവശ്യപ്പെടുന്ന സ്‌നേഹം ദൈവികമായ സ്‌നേഹവും സുഹൃത്തുക്കള്‍ എന്നപോലെയുള്ള സ്‌നേഹവുമാണ്. സ്‌നേഹത്തിന്റെ ഈ രണ്ടു മാനങ്ങളും ശിഷ്യനില്‍ ഉണ്ടാകണം.
പത്രോസിന്റെ മറുപടിക്ക് ഈശോ നല്‍കുന്ന പ്രത്യുത്തരങ്ങള്‍ ശ്രദ്ധേയമാണ്. 1. എന്റെ ആടുകളെ മേയിക്കുക; 2. എന്റെ കുഞ്ഞാടുകളെ മേയിക്കുക 3. എന്റെ കുഞ്ഞാടുകളെ മേയിക്കുക. 'അര്‍നിയോണ്‍' (lamb);  പ്രൊബാത്തോന്‍ (sheep) എന്നീ രണ്ടു വാക്കുകള്‍ ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. എല്ലാത്തരത്തിലുമുള്ള ആടുകളെ മേയിക്കണമെന്ന സൂചനയാണിവിടെ നല്‍കുന്നത്. അജഗണത്തിലെ എല്ലാ വിഭാഗങ്ങളെയും പരിചരിക്കേണ്ടതുണ്ട്. 'പോറ്റുക, മേയിക്കുക' എന്നര്‍ഥം വരുന്ന 'ബോസ്‌കോ' എന്ന പദമാണ് ഒന്നും മൂന്നും  പ്രത്യുത്തരങ്ങളില്‍ കാണുന്നത്. 'പരിപാലിക്കുക' എന്നര്‍ഥം വരുന്ന 'പൊയ്‌മെയ്‌നോ' എന്ന ക്രിയാപദമാണ് രണ്ടാമത്തെ പ്രത്യുത്തരത്തിലുള്ളത്. ഇടയന്റെ ജോലി ആടുകളെ മേയിക്കലും അവയെ പരിപാലിക്കലുമാണെന്ന് ഇത് അര്‍ഥമാക്കുന്നു. ഇടയന്‍ അജഗണത്തിന്റെ പരിപാലകനും സംരക്ഷകനുമാണ്.

 

Login log record inserted successfully!