•  29 Feb 2024
  •  ദീപം 56
  •  നാളം 50
കാഴ്ചയ്ക്കപ്പുറം

സ്ലീവാച്ചനും വിവേകാനന്ദനും

ലൈംഗികതയെ സംബന്ധിച്ചുള്ള ഒരുപാട് അബദ്ധധാരണകളുമായാണു പല പുരുഷന്മാരും വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്നത്. ദാമ്പത്യജീവിതത്തില്‍ അപ്രധാനമല്ലാത്ത സ്ഥാനം ലൈംഗികതയ്ക്കുണ്ട് എന്നതുകൊണ്ടും മനുഷ്യന്റെ അടിസ്ഥാനചോദനകളിലൊന്ന് ലൈംഗികതയായതുകൊണ്ടുമാവാം ഇക്കാര്യത്തില്‍ പലരും ജിജ്ഞാസുക്കളാകുന്നതും. പുരുഷന്‍ തന്റെ വീരസ്യവും പൗരുഷവും പ്രകടിപ്പിക്കുന്നതിനുള്ള മാര്‍ഗമായി കാണുന്നതും ലൈംഗികതയെയാണ് എന്നതാണ് ഏറെ പരിതാപകരം.
കൃത്യവും ശാസ്ത്രീയവുമായ ലൈംഗികവിദ്യാഭ്യാസം ലഭിക്കാത്തതാണ് ലൈംഗികതയെക്കുറിച്ചുള്ള പല തെറ്റായ ധാരണകളിലും പുരുഷന്മാര്‍ കുടുങ്ങിക്കിടക്കുന്നതിനു കാരണം. പുരുഷന്മാരുടെ ഈ അജ്ഞതയെ മുതലെടുത്തു സമ്പന്നരാകുന്ന ഒരുപാട് ഔഷധക്കമ്പനികളുമുണ്ട്. പുരുഷലൈംഗികത വീണ്ടെടുക്കാനും ദാമ്പത്യജീവിതം വിജയിപ്പിക്കാനും എന്ന മട്ടിലാണ് ഇവയുടെ പരസ്യങ്ങളേറെയും. ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് സ്ലീവാച്ചനെയും വിവേകാനന്ദനെയും അപഗ്രഥിക്കേണ്ടത്.
ദാമ്പത്യലൈംഗികത അല്ലെങ്കില്‍ മാരിറ്റല്‍ റേപ്പ് എന്ന വിഷയം ആസ്പദമാക്കി  സമീപകാലത്ത് പുറത്തിറങ്ങിയവയാണ് കെട്ട്യോളാണെന്റെ മാലാഖ (2019), വിവേകാനന്ദന്‍ വൈറലാണ് (2024) എന്നീ ചിത്രങ്ങള്‍. യഥാക്രമം  നിസാം ബഷീറും കമലുമാണ് ഈ ചിത്രങ്ങളുടെ സംവിധായകര്‍. ആസിഫ് അലിയും  ഷൈന്‍ ടോം ചാക്കോയുമാണ് പ്രസ്തുതചിത്രങ്ങളിലെ സ്ലീവാച്ചനെയും വിവേകാനന്ദനെയും അവതരിപ്പിച്ചിരിക്കുന്നത്.
അടുത്തയിടെ വിവാഹിതനായ നാട്ടിന്‍പുറത്തുകാരനാണ് സ്ലീവാച്ചന്‍. രോഗിയും പ്രായമുള്ളവളുമായ അമ്മയെ നോക്കാന്‍ ഒരു പെണ്‍കുട്ടി എന്ന നിലയിലാണ് നാട്ടിന്‍പുറങ്ങളിലെ, വിദ്യാഭ്യാസം കുറവുള്ള ഒട്ടുമിക്ക ചെറുപ്പക്കാരെയുംപോലെ സ്ലീവാച്ചനും റിന്‍സിയെ വിവാഹം കഴിക്കുന്നത്.  പക്ഷേ, ദാമ്പത്യധര്‍മം എങ്ങനെ നിര്‍വഹിക്കണമെന്ന് അയാള്‍ക്കറിയില്ല. റിന്‍സിയെ ഉള്ളുനിറഞ്ഞു സ്നേഹിക്കുമ്പോഴും അവളുടെ സാമീപ്യത്തില്‍നിന്ന് വല്ലവിധേനയും ഓടിയകലുകയാണ് അയാള്‍. സ്ത്രീയെ തന്റെ വരുതിക്കു നിര്‍ത്താനും പൗരുഷം കാണിക്കാനും  പറ്റിയ മാര്‍ഗം എന്ന നിലയില്‍ തന്നെക്കാള്‍ പ്രായക്കൂടുതലുളള സുഹൃത്തു പറഞ്ഞ രീതി അനുവര്‍ത്തിക്കുന്നതിലൂടെയാണ് സ്ലീവാച്ചന്‍ അബദ്ധത്തില്‍പ്പെടുന്നത്.
സ്ലീവാച്ചനില്‍നിന്ന് അമ്പേ വ്യത്യസ്തനാണ് വിവേകാനന്ദന്‍. അയാള്‍ വിവാഹിതനാണ്, അച്ഛനാണ്, നാട്ടില്‍ ഭാര്യയും ജോലിസ്ഥലത്ത് ലിവിങ് ടുഗെദര്‍ പാര്‍ട്ണറുമുള്ള വ്യക്തിയാണ്. ലൈംഗികതയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയെന്ന് അയാളെക്കുറിച്ച് ഒറ്റവാക്കില്‍ പറയാം. ലൈംഗികശക്തി വര്‍ദ്ധിപ്പിക്കാനുള്ള മരുന്നുകള്‍ പലരില്‍നിന്നു മാറിമാറി ഉപയോഗിക്കുകയും അവയുടെ റിസള്‍ട്ട് പരീക്ഷിക്കാന്‍ ഇണകളെ ഉപയോഗിക്കുകയും ചെയ്യുന്നവന്‍. അയാളെ സംബന്ധിച്ച്, ഏതൊരു സ്ത്രീയും തന്റെ ഇംഗിതങ്ങള്‍ക്കു കീഴ്പ്പെടാനുള്ള ഒരു വസ്തുമാത്രമാണ്. എന്നാല്‍, പുറമേക്ക് അയാള്‍ നല്ലവനും യാതൊരുവിധ ദുശ്ശീലങ്ങള്‍ക്കും അടിമയല്ലാത്തവനുമാണ്. ഇണയുടെ മാനസികാവസ്ഥയോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെയുള്ള നിര്‍ബന്ധിതവും ബലാത്കാരവുമായ ലൈംഗികവേഴ്ചകളാണ് അയാള്‍ നടത്തുന്നത്. ഇവിടെയാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ദാമ്പത്യത്തിലെ ലൈംഗികതയെക്കുറിച്ചു പ്രതിപാദിക്കുന്നതിന്റെ പ്രസക്തി.
ബലപ്രയോഗത്തിലൂടെ മറ്റൊരാളുടെ ലൈംഗികസ്വകീയതയെ ഭഞ്ജിക്കുന്നതാണ് ബലാത്സംഗം. അത് നീതിയുടെയും സ്നേഹത്തിന്റെയും ലംഘനമാണ്. ഏതൊരു വ്യക്തിക്കും അവകാശപ്പെട്ടിരിക്കുന്ന ആദരവ്, സ്വാതന്ത്ര്യം, ശാരീരികധാര്‍മികസമഗ്രത എന്നിവയെ ബലാത്സംഗം ആഴത്തില്‍ വ്രണപ്പെടുത്തുന്നു. അത് അതിനു ബലിയാടായിത്തീരുന്ന വ്യക്തിയില്‍ ആജീവനാന്തം നീണ്ടുനില്ക്കാവുന്ന ആഘാതമേല്പിക്കുന്നു. സ്വഭാവത്താല്‍ത്തന്നെ അത് എപ്പോഴും തിന്മയാണ് (2356).
മാരിറ്റല്‍ റേപ്പ് എന്ന പൊതുസംജ്ഞയിലാണ് ഈ രണ്ടു ചിത്രങ്ങളിലെയും കേന്ദ്രപ്രമേയത്തെ കാണേണ്ടത്. വിവാഹം എന്ന ഉടമ്പടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന ലൈസന്‍സിന്റെ മറവില്‍, താലികെട്ടിയവനെന്ന അവകാശം ഉന്നയിച്ച്, പുരുഷമേല്‍ക്കോയ്മയും ആണാധിപത്യവും സ്ഥാപിക്കാനായി ഭാര്യമാരെ സ്വന്തം ലൈംഗികതയ്ക്കുവേണ്ടി അന്ധമായി ഉപയോഗിക്കുന്നവരാണ്  ഇതിലെ നായകര്‍. എങ്കിലും, സ്ലീവാച്ചനെ ഒരുപരിധിവരെ കുറ്റവിമുക്തനായിമാത്രമേ ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും കാണാനാവൂ. കാരണം, അജ്ഞതയാണ് അയാളെ വഴിതെറ്റിക്കുന്നത്. സഹോദരതുല്യനായി കണക്കാക്കുന്ന ബാര്‍ബറാണ് അവന്റെ മനസ്സിലേക്കു തെറ്റായ ചിന്ത പകര്‍ന്നുകൊടുക്കുന്നത്. അക്കാര്യം അന്ധമായി അനുസരിക്കുന്ന ശുദ്ധനാട്ടിന്‍പുറത്തുകാരനാണ് സ്ലീവാച്ചന്‍. അതുകൊണ്ടാണ്, അയാളെ ഒരു പരിധിവരെ കുറ്റവിമുക്തനാക്കാമെന്ന് എഴുതിയത്. പക്ഷേ, അവിടെയും ഒരു പ്രശ്‌നമുണ്ട്. സ്വന്തം ഭാര്യയുമായി ദാമ്പത്യധര്‍മം നിര്‍വഹിക്കാന്‍ മാനസികമായി കരുത്തില്ലാത്ത ഒരാള്‍ക്കെങ്ങനെയാണ് ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ കഴിയുന്നത്? അതിന് അയാളെ പ്രേരിപ്പിക്കുന്ന മനോവികാരം എന്താണ്? അതോ മനോവൈകല്യമോ?
യഥാര്‍ഥ ലൈംഗികതയെന്താണെന്നു മനസ്സിലാക്കാതെപോകുന്നതാണ് കിടപ്പറ പലപ്പോഴും യുദ്ധക്കളമോ മഞ്ഞുനിലമോ ഒക്കെയായി മാറുന്നതിനു കാരണം. ഭൂതക്കണ്ണാടി സിനിമയില്‍ പുള്ളുവത്തി സരോജിനി വിദ്യാധരനോടു തന്റെ ഭര്‍ത്താവിനെയും മകളുടെ അച്ഛനെയുംകുറിച്ചു പറയുന്നതുപോലെ അയാളെന്നെ തൊട്ടതുകൂടി ഞാനറിഞ്ഞിട്ടില്ല എന്ന വിധത്തിലാണ് പല ദാമ്പത്യങ്ങളിലും നടക്കുന്നത്. ഏകപക്ഷീയമായ രതിയാണ് അവിടെ സംഭവിക്കുന്നത്. സ്‌നേഹമില്ലാത്ത രതി കൊലപാതകമാണെന്ന് ഇവിടെ ദമ്പതികള്‍ വിസ്മരിക്കുന്നു.
മാരിറ്റല്‍ റേപ്പ് എന്ന പ്രസക്തിയുള്ള വിഷയത്തെ നിലവാരം കുറഞ്ഞ രീതിയിലും അപഹാസ്യമായ വിധത്തിലും ട്രീറ്റ് ചെയ്തുവെന്നതാണ് വിവേകാനന്ദനെ പൊതുസമൂഹം ശ്രദ്ധിക്കാതെ പോയതിനു കാരണം. മേഘമല്‍ഹാര്‍പ്പോലെ ദാമ്പത്യത്തിനു വെളിയില്‍ ഉണ്ടാകാനിടയുള്ള വിവാഹേതരസ്നേഹബന്ധങ്ങളെ തികഞ്ഞ കൈയടക്കത്തോടും വിവേകത്തോടുംകൂടി സമീപിച്ച സംവിധായകനും രചയിതാവും ആയിരുന്നിട്ടും വിവേകാനന്ദന്‍ വൈറലില്‍ കമലിനു തന്റെ മാന്യത നിലനിര്‍ത്താനോ കാത്തുസൂക്ഷിക്കാനോ സാധിച്ചില്ല. സെക്ഷ്വല്‍ പെര്‍വേര്‍ട്ട് എന്നോ മനോരോഗിയെന്നോ ഒക്കെ വിശേഷിപ്പിക്കാന്‍ കഴിയുന്ന വിവേകാനന്ദനെ പിടിച്ചുകെട്ടിയും അടിച്ചുവീഴ്ത്തിയും അയാളുടെ ദ്രോഹങ്ങള്‍ കാമുകിയെയും ഭാര്യയെയുംകൊണ്ടു കാമറയ്ക്കു മുമ്പില്‍ എണ്ണിയെണ്ണിപ്പറപ്പിക്കുന്നതാണ് അയാളെ തിരുത്താനും നന്നാക്കാനുമുള്ള വഴിയെന്ന് കമല്‍ തെറ്റിദ്ധരിച്ചതാണ് ചിത്രത്തെ, പ്രമേയത്തിനു വിലയുണ്ടായിട്ടും ശ്രദ്ധിക്കാന്‍തക്ക ഒന്നുമില്ലാത്തതാക്കിയത്. കാലം കഴിയുംതോറും ഒരുകാലത്ത് പ്രതിഭാസമ്പന്നരായിരുന്ന സംവിധായകര്‍പോലും പ്രതിഭ ചോര്‍ന്നുപോകുന്നവരായി കാണപ്പെടുന്നുവെന്നതാണ് പ്രേക്ഷകരെ ഏറെ വേദനിപ്പിക്കുന്നത്.
ശരിയായ ലൈംഗികവിദ്യാഭ്യാസവും ലൈംഗികചികിത്സയും ഇല്ലാതെ പോകുന്നതാണ് സ്ലീവാച്ചന്മാരും വിവേകാനന്ദന്മാരും നമ്മുടെ സമൂഹത്തില്‍ പെരുകുന്നതിനു കാരണം. ഇവരുടെ ഈ അജ്ഞതയെ  വ്യാജഡോക്ടര്‍മാരും മരുന്നുകമ്പനിക്കാരും ചൂഷണം  ചെയ്യുന്നു. വീടുകളിലും സ്‌കൂളുകളിലും തൊട്ട് ലൈംഗികവിദ്യാഭ്യാസം മക്കള്‍ക്കു നല്കിത്തുടങ്ങേണ്ടിയിരിക്കുന്നു. പക്ഷേ, കണ്ടുവരുന്നത് വിവാഹത്തിനൊരുങ്ങാനുള്ള കോഴ്സില്‍ പങ്കെടുക്കുന്ന മൂന്നോ നാലോ ദിവസത്തെ ക്ലാസുകളിലൂടെ ലഭിക്കുന്ന പരിമിതമായ അറിവുമാത്രമേ ഭൂരിപക്ഷം ചെറുപ്പക്കാര്‍ക്കും പ്രസ്തുത വിഷയത്തിലുള്ളൂവെന്നാണ്. ഇത്തരമൊരു ക്ലാസില്‍ എത്തിപ്പെടുന്നതിനുമുമ്പുതന്നെ ഇന്റര്‍നെറ്റിന്റെ ഈ പ്രചാരകാലത്ത് സെക്സ് സംബന്ധമായ പല അറിവുകളും അവര്‍ ആര്‍ജിച്ചിട്ടുണ്ടാകും. അതു ശരിയായ അറിവായിരിക്കണമെന്നില്ല. ശരിയല്ലാത്ത ഇത്തരം അറിവ് അവരുടെ ദാമ്പത്യജീവിതത്തെ വഴിതെറ്റിക്കും.
ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവ് ആര്‍ജിച്ച് നമ്മുടെ അടുത്ത തലമുറയെങ്കിലും വളര്‍ന്നുവരട്ടെ. സമൂഹത്തിന്റെ പരിച്ഛേദങ്ങളായ സ്ലീവാച്ചന്മാരും വിവേകാനന്ദന്മാരും ഇനി ഉണ്ടാകാതിരിക്കട്ടെ.
പുരുഷനും സ്ത്രീയും തമ്മിലുള്ള ദാമ്പത്യസ്‌നേഹത്തെയാണ് ലൈംഗികത ഉന്നംവയ്ക്കുന്നത്. വിവാഹത്തില്‍ ദമ്പതികള്‍ തമ്മിലുള്ള ശാരീരികമായ ദൃഢബന്ധം ആത്മീയൈക്യത്തിന്റെ അടയാളവും അച്ചാരവുമായിത്തീരുന്നു.  ദമ്പതികളുടേതുമാത്രമായ പ്രത്യേകപ്രവൃത്തികളിലൂടെ സ്ത്രീയും പുരുഷനും പരസ്പരം നല്കുന്നതിനുള്ള മാധ്യമമായ ലൈംഗികത വെറും ജീവശാസ്ത്രപരമായ എന്തോ ഒന്നല്ല; പിന്നെയോ, മനുഷ്യവ്യക്തിയെ അവന്റെ അന്തസ്സത്തയെന്നപോലെ സ്പര്‍ശിക്കുന്നതാണ്. സ്ത്രീപുരുഷന്മാരുടെ പൂര്‍ണവും മരണപര്യന്തവുമായ പരസ്പരസമര്‍പ്പണമാകുന്ന സ്നേഹത്തിന്റെ സമഗ്രഘടകമായെങ്കില്‍ മാത്രമേ അതു മനുഷ്യോചിതമായവിധം സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഓര്‍മപ്പെടുത്തുന്നതു മറക്കാതിരിക്കാം.

 

Login log record inserted successfully!