വിണ്ണിലും മണ്ണിലും ആനന്ദത്തിന്റെ, പ്രത്യാശയുടെ പൂത്തിരി കത്തിച്ചുകൊണ്ട് മാനവരാശിക്കു മുഴുവന്‍ പ്രകാശമായി, രക്ഷയായി ഒരു ദിവ്യജ്യോതിസ് മന്നിലവതരിച്ചു. പ്രപഞ്ചം മുഴുവനെയൂം ആഹ്‌ളാദഭരിതമാക്കിക്കൊണ്ട് പാതിരാവിന്റെ നിശ്ശബ്ദതയില്‍ മധുരമനോഹരമായ ഒരു ഗാനാലാപനം: ''അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം. ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം.'' (ലൂക്കാ 2:14).
സമാധാനത്തിന്റെ ഈ ഈരടികള്‍ ബെത്‌ലഹേമിലെ ഒരു കൊച്ചുകാലിത്തൊഴുത്തിനു ചുറ്റും അലിഞ്ഞുചേര്‍ന്നു. സ്വര്‍ഗീയദൂതരുടെ ശ്രവണസുന്ദരമായ മനോജ്ഞഗാനത്തിന്റെ ആലാപനത്താല്‍ നിദ്രവിട്ടുണര്‍ന്ന ആട്ടിടയന്മാര്‍ക്ക് ദൈവദൂതന്റെ അരുളപ്പാട് ലഭിച്ചു: ''ഇതാ സകലജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം. പിള്ളക്കച്ചകൊണ്ടുപൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.'' (ലൂക്കാ. 2:10-12).
ദൈവദൂതു ശ്രവിച്ച ഇടയന്മാര്‍ അതിവേഗം തങ്ങളുടെ രക്ഷകനെ, സമാധാനരാജാവിനെ തേടി ബെത്‌ലഹേമിലെ കാലിത്തൊഴുത്തിലെത്തി. അവിടെ അവര്‍ നയനമനോഹരമായ ഒരു ദൃശ്യം കണ്ട് വിസ്മയഭരിതരായി. പിള്ളക്കച്ചകളില്‍ പൊതിഞ്ഞ് ശാന്തിയുടെ പുഞ്ചിരിതൂകി തന്റെ കുഞ്ഞിക്കൈകളും കാലുകളുമിളക്കി ഏവരെയും കരുണയോടെ കടാക്ഷിക്കുന്ന ദിവ്യശിശു! ഇടയന്മാര്‍ കണ്ണിമയ്ക്കാതെ കൈകള്‍കൂപ്പി ശിശുവിനെ നോക്കിനിന്നു. സാവധാനം അവരുടെ ഹൃദയവും മനസ്സും അഭൗമികമായ സമാധാനത്തില്‍ നിറഞ്ഞുനിന്നു.
സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും പ്രഭ വിതറിക്കൊണ്ട് സ്വര്‍ഗം ഭൂമിയെ ചുംബിച്ച പുണ്യദിനമാണ് ക്രിസ്മസ്. കുഞ്ഞുങ്ങളെപ്പോലെയാകുവാന്‍ പറഞ്ഞവന്‍ കുഞ്ഞായി പിറന്നതിന്റെ അനുസ്മരണദിനം. തന്നെക്കാള്‍ ചെറുതായി ഈ ഭൂമിയില്‍ ആരുമുണ്ടാകാന്‍ പാടില്ലാത്തൊരു നിഷ്‌കര്‍ഷ ആ കുഞ്ഞിനുണ്ടായിരുന്നതുപോലെ - ആ ചെറിയവന്റെ മുമ്പില്‍ എല്ലാവരും വലുതായി. കാലിത്തൊഴുത്തിലെ മിശിഹാ നമ്മുടെ അഹംഭാവത്തെ, ഇല്ലായ്മ ചെയ്ത് എളിമയുടെ ജീവിതം നയിക്കുവാനാണ് ആഹ്വാനം ചെയ്യുന്നത്. മനുഷ്യരക്ഷയ്ക്കുവേണ്ടി ദൈവം സ്വയം ശൂന്യനാക്കി മനുഷ്യരൂപം സ്വീകരിച്ചതിന്റെ ദിവ്യമായ ഓര്‍മ്മയാണു ക്രിസ്മസ്. ഹൃദയം നിറഞ്ഞൊഴുകുന്ന സ്‌നേഹത്തില്‍ ഒന്നുമല്ലാതാകുന്നതിന്റെയും ഒന്നുമില്ലാതാകുന്നതിന്റെയും ദൈവികമായ ആനന്ദം സമ്മാനിക്കുന്ന ദിനം. രാജകൊട്ടാരത്തിലെ പട്ടുമെത്തയില്‍ സസുഖം പിറക്കാമായിരുന്നിട്ടും ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ കാറ്റും തണുപ്പുമേറ്റ് കുളിര്‍ന്നുവിറച്ച് ശയിക്കുന്ന ദിവ്യപൈതല്‍ ലോകത്തിനു മുഴുവന്‍ ഒരു വെല്ലുവിളിയായി പ്രശോഭിച്ചു. ''ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല, തന്നെത്തന്നെ ശൂന്യമാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു.'' (ഫിലി. 2:6-7). എമ്മാനുവേലായി നമ്മുടെ ഇടയിലേക്കു കടന്നുവരുവാന്‍, തന്റെ സ്വര്‍ഗീയമഹത്ത്വങ്ങളെല്ലാം വെടിഞ്ഞ് ഇല്ലായ്മയുടെ ആഴങ്ങളിലേക്കിറങ്ങി, നിസ്സഹായതയുടെ പര്യായമായി, ശൂന്യവത്കരണത്തിന്റെ, ചെറുതാകലിന്റെ മാതൃക നമുക്കു കാണിച്ചുതന്ന ദൈവപുത്രന്‍. ലോകം മുഴുവന്‍ നന്മ നിറയ്ക്കുവാന്‍ പരിമിതികളുടെ പുല്‍ക്കൂട്ടില്‍ ഈശോ വന്നു പിറന്നത് പരിധികളില്ലാതെ നമ്മെ സ്‌നേഹിക്കുവാനാണ് എന്ന തിരിച്ചറിവ് നമ്മുടെ ഹൃദയത്തില്‍ നിറയട്ടെ. തിരുപ്പിറവി ദൈവസ്‌നേഹത്തിന്റെ കവിഞ്ഞൊഴുകലായിരുന്നു. ആത്മദാനപരമായ സ്‌നേഹമാണ് ക്രിസ്മസിന്റെ കൃപ. സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്തയിലേക്ക് ഒരിക്കല്‍ക്കൂടി നാം പങ്കുചേരുമ്പോള്‍ നമ്മുടെ വ്യക്തിജീവിതങ്ങളിലേക്ക്, കുടുംബങ്ങളിലേക്ക്, നിയോഗങ്ങളിലേക്ക്, സ്വപ്നങ്ങളിലേക്ക്, ദുഃഖങ്ങളിലേക്ക് പുത്തന്‍ പ്രതീക്ഷയായി കടന്നുവരുന്ന ഉണ്ണിയേശുവിനായി ഹൃദയം തുറക്കാം. സ്‌നേഹവും എളിമയുമുള്ള ഹൃദയത്തിലേ ക്രിസ്തുവിനു പിറക്കാന്‍ സാധിക്കൂ. തോമസ് മെര്‍ട്ടന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്: ''അഹങ്കാരം നമ്മെ കൃത്രിമമാക്കുമ്പോള്‍ എളിമ നമ്മെ യഥാര്‍ത്ഥമനുഷ്യരാക്കുന്നു.'' സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും എളിമയുടെയും വലിയ പാഠങ്ങള്‍ ലോകത്തിനു സമ്മാനിച്ച ഈശോയുടെ ജന്മദിനത്തില്‍ ഭാഗ്യസ്മരണാര്‍ഹനായ ഫ്രാന്‍സിസ് പാപ്പാ തിരുപ്പിറവിയെപ്പറ്റി സംസാരിച്ചത് നമുക്ക് അനുസ്മരിക്കാം: ''ക്രിസ്മസിന്റെ വിശുദ്ധ രാത്രിയില്‍ നാം നമ്മോടുതന്നെ ചോദിക്കണം, നമുക്കെങ്ങനെ യേശുവിനെ കണ്ടുമുട്ടാനാകും? യേശു നിങ്ങളുടെ ഹൃദയവാതിലില്‍ മുട്ടുന്നുണ്ട്. മാലാഖ, ആട്ടിടയന്മാരോടു പറഞ്ഞതുപോലെ തന്നെയാണ് യേശു നമ്മോടും പറയുന്നത്: ഒരു വിമോചകന്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു.
എവിടെയാണ് നാം യേശുവിനെ അന്വേഷിക്കാന്‍ പോകേണ്ടത്? ഇടയന്മാര്‍ക്കു കൊടുത്ത സന്ദേശം ശ്രദ്ധിക്കുക: ''നിങ്ങള്‍ക്കുള്ള അടയാളമിതാണ്. പിള്ളക്കച്ച കൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.'' ഇത് വ്യക്തമായ സന്ദേശമാണ്. ആരും അന്വേഷിക്കാത്ത ഒരിടത്ത് നിങ്ങള്‍ അവനെ തിരയുക. വലിയ നഗരങ്ങളുടെ വെള്ളിവെളിച്ചത്തില്‍ അവനെ അന്വേഷിക്കേണ്ടാ; വിജാതീയര്‍ മേളിക്കുന്ന സ്ഥലത്തും അവനെ നോക്കേണ്ടാ. ആരും പ്രതീക്ഷിക്കാത്ത, വിചാരിക്കാന്‍പോലും സാധിക്കാത്ത സ്ഥലങ്ങളില്‍അവനെ അന്വേഷിക്കുക.
അതേ, ആട്ടിടയന്മാരോടു പറഞ്ഞതുപോലെ പുല്‍ത്തൊഴുത്തില്‍ കിടത്തിയിരിക്കുന്ന ആ ശിശുവിനെ അന്വേഷിച്ചാല്‍ മതി. പച്ചിലകള്‍ മാറ്റിയാല്‍ ജീവന്റെ മുള നിസ്സാരമായ പുല്‍ത്തൊട്ടിയില്‍ ശയിക്കുന്നതു കാണാം... ഏറ്റവും ലളിതമായ, ദാരിദ്ര്യം മുറ്റിനില്‍ക്കുന്ന ആ പുല്‍ത്തൊഴുത്തില്‍'' (ഫ്രാന്‍സിസ് പാപ്പാ)
രവീന്ദ്രനാഥടാഗോര്‍ ഇപ്രകാരം അനുസ്മരിപ്പിക്കുന്നു. ''പ്രകാശം മുന്നില്‍ നില്‍ക്കുമ്പോള്‍ നിഴല്‍ പിന്നിലാണ്. പ്രകാശം പിന്നില്‍ നിന്നാല്‍ നിഴല്‍ മുന്നിലാണ്. എന്നാല്‍, പ്രകാശം നിന്നിലായാല്‍ നീയുമില്ല നിഴലുമില്ല. പ്രകാശം മാത്രമേ ഉള്ളൂ.''
ഞാന്‍ ലോകത്തിന്റെ പ്രകാശമാണ് (വി. യോഹ. 8:12) എന്നു പറഞ്ഞ ഈശോയെ കാണുവാനും ആരാധിക്കുവാനും ജ്ഞാനികള്‍ക്കു വഴികാട്ടിയായി മാറിയ നക്ഷത്രത്തെപ്പോലെ ക്രിസ്തുവാകുന്ന പ്രകാശത്തെ സ്വന്തമാക്കി മറ്റുള്ളവരെ അവിടുത്തെ സവിധത്തിലേക്കു നയിക്കുന്ന നക്ഷത്രമായി സ്വയം പ്രകാശിക്കാന്‍ ഈ ക്രിസ്മസ് നമ്മെ പ്രചോദിപ്പിക്കട്ടെ.
സി. ലിസറ്റ് വെള്ളാത്തോട്ടം എസ്.എച്ച്
