•  25 Dec 2025
  •  ദീപം 58
  •  നാളം 42
ലേഖനം

അസൂയയുടെ പൊട്ടക്കിണറുകള്‍

    ഇ. സന്തോഷ് കുമാറിന്റെ ''മുട്ടയോളം വലുപ്പമുള്ള ധാന്യമണികള്‍'' എന്ന ചെറുകഥയിലേതാണ് ഈ സംഭവം. വെള്ളത്തിനുവേണ്ടി പൈപ്പിന്‍ചുവട്ടില്‍ ക്യൂ നില്‍ക്കുന്നു ബീരാവുവിന്റെ ഉമ്മ. അവര്‍ പറഞ്ഞു: ''വഴിയിലേക്കു നടക്കുമ്പോള്‍ അവന്‍ തിരിഞ്ഞു തന്നെ നോക്കി. സങ്കടങ്ങള്‍ നിറഞ്ഞ ആ നോട്ടമാണ് മനസ്സില്‍നിന്നും ഇപ്പോഴും ഇറങ്ങിപ്പോകാത്തത്.'' അമ്മയോടു യാത്ര പറഞ്ഞ് അപ്പനോടൊപ്പം മലമുകളിലേക്കുപോയ ഇസഹാക്കിന്റെ തിരിഞ്ഞുനോട്ടവും സാറായുടെ മനസ്സില്‍ ഒരു ഞെരിപ്പോടായി കത്തിയെരിഞ്ഞിട്ടുണ്ടാകും.  നെടുവീര്‍പ്പോടെ യല്ലാതെ അവള്‍ക്ക് അത് ഓര്‍മ്മിക്കാന്‍ ആകുന്നില്ല. ഒരുപക്ഷേ നുറുങ്ങിയ മനസ്സിലെ അവളുടെ പ്രാര്‍ഥനയാകാം ബലിപീഠത്തിനരികിലേക്ക് കുഞ്ഞാടിനെ എത്തിച്ചുകൊടുത്തത്. 

    സ്വര്‍ഗത്തിനു പരിഹരിക്കാനാകാത്ത ദുഃഖം ഭൂമിക്ക് ഉണ്ടാവുകയില്ല എന്ന സന്ദേശമല്ലേ ഇതിലൂടെ ലഭിക്കുന്നത്? സ്വന്തം ചിതയ്ക്കുള്ള വിറകുമായി നടന്നുനീങ്ങുന്ന ഇസഹാക്കിന്റെ ചിത്രം നമ്മുടെ മനസ്സിലും തെളിഞ്ഞുനില്‍ക്കുന്നു.  നമ്മള്‍ പാവം മനുഷ്യര്‍ സ്വന്തം ചിതയ്ക്കുള്ള വിറകുമായി നടന്നുനീങ്ങുന്നവരാണെന്ന സത്യം തിരിച്ചറിയാനാകാത്ത സഞ്ചാരികള്‍. ഹേറോദേസ് കുഞ്ഞിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ എത്രയും വേഗം കുഞ്ഞിനെയും കൊണ്ട് ഈജിപ്തിലേക്ക് ഓടി രക്ഷപ്പെടുക  എന്ന ദൂതന്റെ വാക്കുകള്‍കേട്ട്  മാതാവും യൗസേപ്പിതാവും കൂടി ഉണ്ണീശോയെയും എടുത്തുകൊണ്ടു നടത്തുന്ന യാത്രയും ഇവിടെ അനുസ്മരിക്കാം. ഒന്നും സ്വന്തമാക്കാനോ വെട്ടിപ്പിടിക്കാനോ രാജാവാകാനോ അധികാരം സ്ഥാപിക്കാനോ ഒന്നിനുമല്ല താന്‍ വന്നിരിക്കുന്നത്. എന്നിട്ടും തന്നെ ഇല്ലാതാക്കാനാണ് ഹേറോദേസും അനുയായികളും ശ്രമിക്കുന്നത്. ഈശോയുടെ കണ്ണുകളില്‍ ഇങ്ങനെയൊരു സങ്കടം കാണുന്നില്ലേ? 
 ''മരിച്ചിട്ടും എന്തിനാണ് അവര്‍ എന്റെ മകനെ മഴയെത്തുതന്നെ നിര്‍ത്തിയിരിക്കുന്നത്?'' ഈച്ചരവാര്യര്‍ എന്ന അപ്പന്റെ കരച്ചില്‍ ഒരു വിലാപഗാനം പോലെ ഒഴുകിയിറങ്ങുന്നുണ്ട്. കാലികസമൂഹത്തില്‍ പല മനസ്സുകളും ഇത്തരം നൊമ്പരക്കോടതിയിലാണ്.  നിഷിദ്ധമാക്കപ്പെട്ട പല ജന്മങ്ങളെയും തെരുവിലേക്കു വലിച്ചിഴച്ച് വീണ്ടും വിധിയും വിചാരണകളുമായി കൂ ക്കുവിളിക്കുന്ന കുറുനരികള്‍ പെരുകി വരുന്നു എന്നത് ഭീതിപ്പെടുത്തുന്ന കാലികസത്യം. 'കുഞ്ഞാടിന്റെ രക്തം ചെന്നായയുടെ ജീവിത'മെന്ന പഴഞ്ചൊല്ല് യാഥാര്‍ത്ഥ്യത്തിന്റെ കുപ്പായമിട്ട് വര്‍ത്തമാനകാലത്തില്‍ വിലസുകയാണ്.
   ഉയരുക വളരുക എന്നൊക്കെ പറയുമ്പോള്‍ അപരനെ ഇടിച്ചുതാഴ്ത്തുക എന്നാണോ അര്‍ഥമാക്കുന്നതെന്ന് സമകാല അനുഭവങ്ങള്‍ കാണുമ്പോള്‍ തോന്നിപ്പോകും. ഉയരത്തില്‍ പറക്കുന്ന 'കടല്‍ക്കിളി'യെ കണ്ട ദേശാടനക്കിളികള്‍ അതിശയിച്ചു. ഉയരത്തില്‍ പറക്കാനുള്ള മോഹം അവരെയും കീഴടക്കി. പക്ഷേ, എങ്ങും എത്തിയില്ല.  പരാജിതരായി തിരിച്ചെത്തിയ പക്ഷിക്കൂട്ടം കരയില്‍ യോഗം കൂടി, അഭിപ്രായങ്ങള്‍ പങ്കുവച്ചു.  അവസാനം തീരുമാനിച്ചു. 'അവനെ വകവരുത്തുക.' എങ്കില്‍പിന്നെ നമുക്കു മുകളില്‍ ആരും ഉണ്ടാവില്ലല്ലോ.  ഏതായാലും അതുവേണ്ട. ഒരു ചിറകൊടിച്ചു വിട്ടാല്‍ മതിയാകും. നമ്മള്‍ പറക്കുന്നതു കണ്ട് അവന്‍ അടങ്ങിയിരുന്നുകൊള്ളട്ടെ  എന്നായിരുന്നു കുറച്ചുപേരുടെ ചിന്ത. എന്നാല്‍, 'കടല്‍ക്കിളി'ക്കു ദൈവം നല്‍കിയ സാധ്യതകള്‍ക്കു മുന്നില്‍ നോക്കിനിന്ന് നെടുവീര്‍പ്പിടാനല്ലാതെ അവര്‍ക്കാര്‍ക്കും കടല്‍ക്കിളിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അനന്തമായ സാധ്യതകളുമായി പിറന്നുവീഴുന്ന ജന്മങ്ങളെ വ്യക്തിതാല്‍പര്യങ്ങള്‍ വിഴുങ്ങുമ്പോള്‍ ചരിത്രം പോലും വിഭജിക്കപ്പെടുന്നു. ഉത്പത്തിപ്പുസ്തകത്തില്‍ നാം കാണുന്ന ജോസഫിനെ സ്വന്തം സഹോദരങ്ങള്‍ കൊല്ലാന്‍ തീരുമാനിക്കുന്നു. എന്നാല്‍, തെല്ലു വെളിച്ചം  കിട്ടിയ  റൂബന്‍ പറയുന്നുണ്ട്: കൊല്ലണ്ട,  പിതാവ് വേദനിക്കും. നമുക്ക് അവനെ പൊട്ടക്കിണറ്റില്‍ ഇട്ടാല്‍ മതി.
   ഒരു രാജ്യത്തെ മുഴുവന്‍ ക്ഷാമത്തില്‍നിന്നു രക്ഷിക്കാന്‍ ദൈവം മുദ്ര കുത്തി വിട്ട ജോസഫ് അവസാനം ഈജിപ്തിന്റെ തന്നെ അധിപനായിത്തീരുന്നു. 
    ക്രിസ്തുവിന്റെ ജനനത്തില്‍ അസ്വസ്ഥനായ ഹേറോദേസാണ് മറ്റൊരാള്‍. നാനാദിക്കിലേക്കും ആളുകളെ അയയ്ക്കുന്നു. കുഞ്ഞുങ്ങളെ വധിക്കുന്നു. ആകെ അസ്വസ്ഥനാകുന്നു. ചുറ്റുപാടുകളിലേക്കും ആ അസ്വസ്ഥത  വളരെ വേഗം പടരുന്നു. ഇന്നും, പലരും അസ്വസ്ഥരാണ്. തങ്ങളുടെ അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും മറ്റുള്ളവര്‍ വിലങ്ങുതടിയാകുമോ എന്ന ഭയം. ദുര്‍ബലന്റെ മനസ്സിലെ വിലകെട്ട വിചാരങ്ങളാണിത് എന്ന്  എന്നാണിനി ഇക്കൂട്ടര്‍ മനസ്സിലാക്കുന്നത്?

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)