പ്രകൃതിയെ മഞ്ഞുപൊതിയുന്ന ഡിസംബര്‍മാസരാവുകളില്‍ ഒരു നക്ഷത്രം ദീപ്തശോഭയോടെ തെളിഞ്ഞുവരുന്നതു കാണുമ്പോള്‍ ലോകമാകെ സമാധാനത്തിന്റെ, ശാന്തിയുടെ, സന്തോഷത്തിന്റെ താരോദയം സംഭവിക്കുകയാണ്. ക്രിസ്മസ്മരങ്ങള്‍ മഞ്ഞില്‍ തിളങ്ങുന്നു. പുല്‍ക്കുടിലുകള്‍ തിരുപ്പിറവിക്കായി കാത്തിരിക്കുന്നു. ഇടയഗാനങ്ങള്‍ക്കൊപ്പം മാലാഖമാരുടെ സ്തുതിഗീതങ്ങള്‍ ആരംഭിക്കുകയായി. വഴികാട്ടിയായ ആ പുണ്യനക്ഷത്രം എവിടേക്കാണ് ആ രാജാക്കന്മാരെ കൂട്ടിക്കൊണ്ടുപോയത്? അത്യപൂര്‍വമായ ബത്‌ലഹേമിലെ പുല്‍ക്കുടിലില്‍ കണ്ട ആശ്ചര്യദായകമായ ആ ദര്‍ശനത്തില്‍ അവര്‍ ഉള്‍പ്പുളകമണിഞ്ഞു. അവര്‍ വാഴ്ത്തിപ്പാടി. ഭൂമിയില്‍ ദൈവപുത്രന്‍ പിറന്നിരിക്കുന്നു.
2025 വര്‍ഷങ്ങള്‍ക്കുമുമ്പു സംഭവിച്ച ഒരു ദിവ്യജനനം. മാനവരാശിയെ എത്രകണ്ട് ആഹ്ലാദിപ്പിച്ചുവെന്നതിന് സാക്ഷ്യമാണ് ഇന്നു നമ്മുടെ ചുറ്റുപാടും നിറയുന്ന വര്‍ണ്ണനക്ഷത്രങ്ങള്‍.
ക്രിസ്മസ് മനോഹരവും ഭക്തിസാന്ദ്രവുമായ ഓര്‍മയും ആഘോഷവുമാണ്. കാലം മുന്നോട്ടുപോകുന്തോറും പുതുതലമുറ ഒരുപക്ഷേ, ക്രിസ്മസ് ഒരു ആഘോഷാരവമായി മാത്രം കണ്ടുവെന്നു വരാം. കരോള്‍ഗാനങ്ങളും ക്രിസ്മസ് പപ്പയുമൊക്കെയായി അവര്‍ രാത്രികാലങ്ങളില്‍ ആടിപ്പാടി ഉത്സാഹഭരിതരാകുമ്പോള്‍ ചോര്‍ന്നുപോകുന്ന ചില സത്യങ്ങളുണ്ട്. ആര്‍ഭാടങ്ങളും ആവേശവും അതിരുവിടുമ്പോള്‍ ചുറ്റുപാടും ആരൊക്കെ എങ്ങനെയൊക്കെ കഴിയുന്നു എന്നവര്‍ ഒരുപക്ഷേ ഓര്‍ക്കാറില്ല. ബത്‌ലഹേമിലെ പുല്‍ക്കുടിലിലാണ് ദൈവപുത്രന്‍ പിറന്നത്, അതിസാധാരണക്കാരനായി. എന്നാല്‍, അസാധാരണമായ ഒരു പിറവി. ആകാശവും ഭൂമിയും അതിനു കാതോര്‍ത്തുനിന്നു. ആ മഞ്ഞുപെയ്യുന്ന രാത്രികള്‍ അനുഭൂതിസാന്ദ്രമായ ശാന്തിയുടെ തണുപ്പ് മനുഷ്യമനസ്സിനു പകര്‍ന്നു. ഇന്നും ക്രിസ്മസ് നമ്മെ അതുതന്നെ ഓര്‍പ്പിക്കുന്നു. കാലങ്ങള്‍ക്കപ്പുറത്തു നടന്ന ഒരു യുഗസംക്രമണത്തെ അതേ തീവ്രതയോടെ അവിസ്മരണീയമാക്കാനാണ് ക്രിസ്മസെന്നു തിരിച്ചറിയണം. ശത്രുമിത്രഭേദമില്ലാതെ എല്ലാ മനുഷ്യരെയും ഒന്നായി കാണുന്ന, കരുണപെയ്തിറങ്ങുന്ന കണ്ണുകളുമായി ആ ദിവ്യനാഥന്‍ അരുളിയത് നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍ എന്നാണ്, അന്യോന്യം ക്ഷമിക്കുവിന്‍ എന്നാണ്. അഞ്ചപ്പംകൊണ്ട് അയ്യായിരങ്ങള്‍ക്ക് എന്ന സന്ദേശം മനുഷ്യമനസ്സിലെത്തിച്ചത് പങ്കുവച്ചു കഴിക്കുക എന്ന ഉദാരമായ നന്മയെ ഉണര്‍ത്താനാണ്. കള്ളന്മാരും ചുങ്കക്കാരുമില്ലാത്ത, മര്‍ദനവും പീഡനവുമില്ലാത്ത ഒരു നല്ലകാലം പുലരണമെന്ന് ആ ദിവ്യശിശു വളരുന്തോറും ലോകത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അതിനു കൊടുത്തവില അത്യന്തം അസഹ്യമായ പീഡാനുഭവമായിരുന്നെങ്കില്‍ക്കൂടി, അതു സഹിച്ചുകൊണ്ട് ദിവ്യസ്‌നേഹം പകര്‍ന്ന കരുണാമയനായ കര്‍ത്താവിനെ ഓര്‍ക്കുമ്പോള്‍ ഏതു മനസ്സിലാണ് ഭക്തിയുടെ മുറിവുണ്ടാകാതിരിക്കുന്നത്?
ഓരോ ക്രിസ്മസിനെയും വരവേല്ക്കുമ്പോഴും അതിനായി ഒരുങ്ങുമ്പോഴും ക്രിസ്തു പകര്‍ന്നുതന്ന ആശയങ്ങളും സന്ദേശങ്ങളും ഒന്നുകൂടി മനുഷ്യമനസ്സില്‍ ഊട്ടിയുറപ്പിക്കുകയാണു വേണ്ടത്. നല്ല അയല്‍ക്കാരനും നല്ല സമരിയാക്കാരനുമാകാനുള്ള തയ്യാറെടുപ്പായിക്കൂടി നമുക്ക് ക്രിസ്തുവിന്റെ ജനനത്തെ തിരിച്ചറിയാന്‍ കഴിയണം. പ്രതികൂലകാലാവസ്ഥയിലും സന്തോഷവും സ്‌നേഹവും ഐക്യവും കാത്തുസൂക്ഷിക്കാനും കൈമാറാനും ഈ ക്രിസ്മസ് നമുക്കു സഹായകമാകട്ടെ.
ഡി. ശ്രീദേവി
