''കന്യക ഗര്‍ഭം ധരി ച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും.'' തന്റെ ഉത്കൃഷ്ടസൃഷ്ടിയായ മനുഷ്യവര്‍ഗത്തിന്റെ സമ്പൂര്‍ണരക്ഷയ്ക്കായി സ്രഷ്ടാവായ ദൈവമൊരുക്കിയ പദ്ധതികളിലൊന്നിന്റെ പൂര്‍ത്തീകരണമാണ് ക്രിസ്മസ്. സ്രഷ്ടാവായ തന്നെപ്പോലും മറന്ന്, തന്നില്‍നിന്നകന്ന് ലൗകികതയില്‍ മുഴുകി ജീവിക്കുന്ന മനുഷ്യവര്‍ഗത്തെ തന്റെ സ്വരൂപത്തിലേക്കും സാദൃശ്യത്തിലേക്കും തിരിച്ചുപിടിക്കുന്നതിനായുള്ള പിതാവായ ദൈവത്തിന്റെ പദ്ധതിയുടെ പൂര്‍ത്തീകരണം. എളിമ, സ്‌നേഹം, സന്തോഷം, സഹവര്‍ത്തിത്വം, ചേര്‍ത്തുപിടിക്കല്‍ ഇങ്ങനെ നന്മയുടെ വിവിധ ഭാവങ്ങളുടെ ഏകോപനമാണ് ക്രിസ്മസ്. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ജനനാഘോഷം.
കുടുംബങ്ങളെയും വിശ്വാസങ്ങളെയും വിവിധ സംസ്‌കാരങ്ങളെയും ഒരുമിപ്പിക്കുന്ന ക്രിസ്മസ് ജാതിമതഭേദമെന്യേ ആഘോഷിക്കപ്പെടുന്നു. അഭൗമികമായത് ഭൗമികമായപ്പോള്‍ അവിടെ ലൗകികതയുടെ വേലിക്കെട്ടുകള്‍ ഭേദിച്ച് ഒരുമയുടെ, സ്‌നേഹത്തിന്റെ പരസ്പരസഹവര്‍ത്തിത്വത്തിന്റെ സുവര്‍ണലിപികളാലെഴുതപ്പെട്ട മനോഹരചിത്രമായി മാറി ക്രിസ്മസ്.
റോമന്‍ ചക്രവര്‍ത്തിയായിരുന്ന അഗസ്റ്റസ് സീസറിന്റെ കല്പനപ്രകാരം, ദാവീദിന്റെ കുടൂംബത്തിലും വംശത്തിലും പെട്ടവനായ ജോസഫ് പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍നിന്ന് യൂദയയില്‍ ദാവീദിന്റെ പട്ടണമായ ബേത്‌ലഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി. അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല എന്ന് ലൂക്കാസുവിശേഷകന്‍ യേശുവിന്റെ ജനനത്തെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നു.
തുടര്‍ന്ന് യേശുവിന്റെ ജനനത്തെക്കുറിച്ച് ആട്ടിടയന്മാര്‍ക്കു സന്ദേശം ലഭിച്ചതായി ലൂക്കാസുവിശേഷകനും, പൗരസ്ത്യദേശത്തുനിന്നുള്ള ജ്ഞാനികള്‍ക്കു സന്ദേശം ലഭിച്ചതായി മത്തായിസുവിശേഷകനും രേഖപ്പെടുത്തിയിരിക്കുന്നു.
ഇതില്‍നിന്നുതന്നെ പാമരനെന്നോ പണ്ഡിതനോന്നോ ദരിദ്രനെന്നോ സമ്പന്നനെന്നോ ഉള്ള യാതൊരു വ്യത്യാസങ്ങളുമില്ലാതെ സ്‌നേഹത്തിന്റെ സുവിശേഷം എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ നല്‍കപ്പെടും എന്ന സന്ദേശം പ്രസരിക്കപ്പെടുന്നു. ആട്ടിടയന്മാര്‍ തങ്ങള്‍ക്കു ലഭിച്ച സന്ദേശമനുസരിച്ച് ഉടന്‍തന്നെ ബെത്‌ലഹേമിലേക്കു പുറപ്പെട്ട് പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ശിശുവിനെ, അവന്റെ അമ്മയായ മറിയത്തോടും ജോസഫിനോടുമൊപ്പം ദര്‍ശിക്കുകയും ചെയ്തു. തങ്ങളോടു പറയപ്പെട്ടതുപോലെ കാണുകയും കേള്‍ക്കുകയും ചെയ്ത സകലകാര്യങ്ങളെയുംകുറിച്ച് ദൈവത്തെ മഹത്ത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട് ആ ഇടന്മാര്‍ തിരിച്ചുപോയി.
എന്നാല്‍, ദൈവിക അരുളപ്പാടില്‍നിന്നു വ്യതിചലിച്ച്, തങ്ങളുടെ അറിവില്‍ അഹങ്കരിച്ചിരുന്ന ജ്ഞാനികള്‍ ഹേറോദേസ്‌രാജാവിന്റെ കൊട്ടാരത്തില്‍ ചെന്ന് യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍ എവിടെയാണ് എന്ന് അന്വേഷിക്കുന്നു. അതിന്റെ പരിണതഫലമായി ബെത്‌ലഹേമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും ഹേറോദേസ് വധിക്കുന്നു. ദൈവവചനത്തെ അതിന്റെ പൂര്‍ണമായ അര്‍ഥതലത്തിലുള്‍ക്കൊള്ളാതെ, മനുഷ്യബുദ്ധിയാലളന്നതിന്റെ ഫലം എത്രയോ ഭയാനകം!
മനസ്സിനെ കുളിരണിയിക്കുന്ന ക്രിസ്മസ് ഭാവങ്ങള്‍ക്കു മാറ്റുകൂട്ടുന്നതിനായി പുല്‍ക്കൂടും നക്ഷത്രവിളക്കുകളും ക്രിസ്മസ് ട്രീയും ക്രിസ്മസ് പപ്പായുടെ സമ്മാനങ്ങളുമെല്ലാം പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടു.
ദൈവപുത്രനായ യേശുക്രിസ്തുവിന്റെ മനുഷ്യാവതാരലക്ഷ്യങ്ങളായ നന്മയുടെ വിവിധ ഭാവങ്ങളെ വിളക്കിച്ചേര്‍ത്ത് ഒരുക്കിയെടുക്കുന്നതാണ് പുല്‍ക്കൂട്. 1223 ല്‍ ഫ്രാന്‍സിസ് അസ്സീസിയുടെ, ഇറ്റലിയിലെ ഗ്രോചോ പട്ടണത്തിലുള്ള ഒരു ഗുഹയിലാണ് ആലങ്കാരികഭാവത്തോടെയുള്ള ആദ്യത്തെ പുല്‍ക്കൂട് നിര്‍മിച്ചത്. ആദ്യപുല്‍ക്കൂട് കണ്ടവരെല്ലാം അത്യപൂര്‍വമായ ഒരു ദൈവദര്‍ശനത്തില്‍ ആനന്ദപരവശരായി എന്ന് എഴുതപ്പെട്ടിരിക്കുന്നു. കുട്ടികള്‍ക്കു സമ്മാനപ്പൊതികളുമായെത്തുന്ന സാന്താക്ലോസ് അപ്പൂപ്പന്‍ കരുണയുടെയും, വാത്സല്യത്തിന്റെയും പ്രതീകമാണ്.
നന്മയുടെ പ്രതീകമായ വെളിച്ചം ചുറ്റും പ്രസരിപ്പിക്കുന്ന നക്ഷത്രവിളക്കുകള്‍ മാനവഹൃദയങ്ങളില്‍ മാത്രമല്ല, ചുറ്റുമുള്ള പ്രകൃതിയിലും ആന്ദത്തിന്റെയലകള്‍ പടര്‍ത്തും എന്നതില്‍ സംശയമില്ല. ആ ആഹ്ലാദത്തിലേക്ക് പ്രകൃതിയെക്കൂടെകൂട്ടിച്ചേര്‍ക്കുന്നതിനായാണ് ക്രിസ്മസ് ട്രീകള്‍ ഒരുക്കുന്നത്.
ക്രിസ്മസ്, അതിന്റെ എല്ലാ നന്മകങ്ങളോടുംകൂടി ഉള്‍ക്കൊള്ളാനും ആത്മീയാനുഭൂതിയുടെ ഒരു നൂതനചിന്ത നമ്മുടെയെല്ലാം ഹൃദയത്തില്‍ വരച്ചു ചേര്‍ക്കുവാനും ഉതകുന്നതാവട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
എലിസബത്ത് സാമുവല്‍
