അഗസ്റ്റസ് സീസറിന്റെ കല്പനയനുസരിച്ച് ജോസഫ് ഗര്‍ഭിണിയായ മറിയത്തെയുംകൂട്ടി നസ്രത്തില്‍നിന്നു ബത്‌ലഹേമിലേക്കു പേരെഴുതിക്കാന്‍ യാത്ര തിരിച്ചു. ക്ലേശംനിറഞ്ഞ യാത്രയിലൂടെ അവിടെയെത്തിയ മറിയത്തിന് പ്രസവസമയമടുത്തുവെന്നു മനസ്സിലായ ജോസഫ് ഒരു കൊച്ചുകൂരയ്ക്കായി പരതിനടന്നു. സത്രംപോലും കൊട്ടിയടച്ചു. നിസ്സഹായരായ അവര്‍ പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടു മുന്നോട്ടുനീങ്ങി. ജോസഫിന്റെ കണ്ണുകള്‍ മലയടിവാരത്തുള്ള ഒരു കാലിത്തൊഴുത്തില്‍ ഉടക്കി. ധൃതിയില്‍ മറിയത്തെയുംകൂട്ടി അവന്‍ അതിനുള്ളില്‍ പ്രവേശിച്ചു. എങ്ങും നിശയുടെ നിശ്ശബ്ദത. സമയം പാതിരാവോടടുക്കുന്നു. മഞ്ഞണിഞ്ഞ ബത്‌ലഹേം സുഖസുഷുപ്തിയിലാണ്ടുപോയി. ആരോരുമറിയാതെ ഒരു കുന്നിന്‍ചെരുവിലെ കാലിത്തൊഴുത്തില്‍ ഒരു തിരുപ്പിറവി നടന്നിരിക്കുന്നു! കുഞ്ഞിളംപൈതലിന്റെ രോദനമുയര്‍ന്നു. മറിയവും ജോസഫും കണ്ണുകള്‍പൂട്ടി കരങ്ങള്‍ കൂപ്പി സര്‍വശക്തനായ ദൈവത്തിനു നന്ദിചൊല്ലി!
പിള്ളക്കച്ചയില്‍ പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ ശയിക്കുന്ന ദിവ്യശിശുവിനെ മറിയവും ജോസഫും കണ്‍കുളിര്‍ക്കെ നോക്കിനിന്നു! മറിയത്തിന്റെയും ജോസഫിന്റെയും മുഖത്ത് സംതൃപ്തിയുടെയും സായുജ്യത്തിന്റെയും തിരയിളക്കം. മറിയം മന്ത്രിച്ചു: ''സത്രത്തില്‍ ഇടംകിട്ടിയില്ലെങ്കിലെന്ത്? മുട്ടിയ വാതിലുകള്‍ തുറന്നില്ലെങ്കിലെന്ത്? ഈ കാലിത്തൊഴുത്തില്‍ ഇത്തിരി ഇടം നല്‍കാന്‍ ദൈവം തിരുമനസ്സായല്ലോ!'' അവര്‍ നന്ദിയോടെ ദൈവത്തിനു സ്തുതികളുയര്‍ത്തി. ഇതിനോടകം മാലാഖമാര്‍ മലഞ്ചെരിവിലൂടെ പാറിപ്പറന്ന് ഈണത്തില്‍ പാടി: ''അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം'' വയലുകളില്‍ ഉറക്കമിളച്ച് ആടുകള്‍ക്കു കാവലിരുന്ന ആട്ടിടയന്മാര്‍ ഭയവിഹ്വലരായി കാതോര്‍ത്തു.
ദൈവദൂതന്‍ അവരുടെ അടുത്തെത്തി ഇപ്രകാരം പറഞ്ഞു: ''ഭയപ്പെടേണ്ട, ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം. പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.'' നിരക്ഷരരും നിസ്വരും നിസ്സാരരുമായ ആട്ടിടയര്‍ക്ക് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. അവര്‍ അതിവേഗം ശിശുവിനെ കാണാന്‍ ബത്‌ലഹേമിലേക്കു പുറപ്പെട്ടു. അവിടെ തങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ മറ്റുള്ളവരോടു പങ്കുവച്ചു. ഇടയക്കുടിലുകളില്‍നിന്നു സ്ത്രീകളും കുട്ടികളും ദിവ്യശിശുവിനെ കാണാന്‍ ഓടിക്കൂടിയിട്ടുണ്ടാവാം. എണ്ണ നിറച്ച റാന്തല്‍വിളക്കുകളും അന്നവസ്ത്രാദികളും സമ്മാനിച്ചുവെന്നും അനുമാനിക്കാം. മറിയത്തിനു വേണ്ട പ്രസവശുശ്രൂഷകളും ആ പാവപ്പെട്ട ഇടയസ്ത്രീകള്‍ നല്‍കാതിരിക്കില്ല.
ഏറെ പ്രത്യേകതയുള്ള ഇടമാണ് കാലിത്തൊഴുത്ത്. ദാരിദ്ര്യത്തിന്റെയും ലാളിത്യത്തിന്റെയും ഇടമായ കാലിത്തൊഴുത്തിന് മതിലുകളോ വാതിലുകളോ താഴോ താക്കോലോ ഒന്നുമില്ല. ഏവര്‍ക്കും എപ്പോള്‍വേണമെങ്കിലും അനുവാദമില്ലാതെ കയറുകയും ഇറങ്ങുകയും ചെയ്യാം. സകല ജനത്തിനുംവേണ്ടിയുള്ള രക്ഷകനു പിറക്കാന്‍ ഇതിനേക്കാള്‍ അനുയോജ്യമായ മറ്റൊരിടം എവിടെയുണ്ട്? ലോകത്തിന്റെ കണക്കുകൂട്ടലുകളനുസരിച്ച് രാജവംശജനായ മിശിഹാ പിറക്കേണ്ടത് രാജകൊട്ടാരത്തിലാണ്. സുഖത്തിന്റെ ശീതളിമയും പട്ടിന്റെ മൃദുത്വവും അത്തറിന്റെ സുഗന്ധവും വിരുന്നുമേശയിലെ വിശിഷ്ടവിഭവങ്ങളും വീഞ്ഞും ചഷകവുമെല്ലാം കൊട്ടാരങ്ങളുടെ ഉള്ളിലെ നേര്‍ക്കാഴ്ചകളാണ്. ആനയും അമ്പാരിയും തേരും തേരാളിയും അംഗരക്ഷകരും സ്തുതിപാഠകരും... ഇങ്ങനെപോകുന്നു രാജകൊട്ടാരവര്‍ണനകള്‍. രാജവംശജനായ മിശിഹാ പിറക്കേണ്ടത് ഇതുപോലൊരു കൊട്ടാരത്തിലെ അന്തഃപുരത്തില്‍ ആകേണ്ടതാണ്. എന്നാല്‍, സ്വര്‍ഗം മുന്‍നിശ്ചയം ചെയ്തിരുന്നത് ആര്‍ഭാടങ്ങളോ ആഡംബരങ്ങളോ ആരവങ്ങളോ ഒന്നുമില്ലാത്ത കാലിത്തൊഴുത്തിന്റെ തനിമയും സുതാര്യതയും ശാന്തതയും സൗന്ദര്യവും ലാളിത്യവുമെല്ലാമായിരുന്നു. നിശ്ശബ്ദതയിലാണ് ദൈവത്തിന്റെ ചൈതന്യം പ്രസരിക്കുന്നത്, ആനന്ദത്തിന്റെ അലയടികള്‍ വീശുന്നത്.
നിതാന്തജാഗ്രതയോടെ വാനനിരീക്ഷണം നടത്തിക്കൊണ്ടിരുന്ന ജ്ഞാനികള്‍ കണ്ടെത്തി, യഹൂദര്‍ക്കിടയില്‍ ഒരു രാജാവു പിറന്നിരിക്കുന്നുവെന്ന്. അവര്‍ ഹേറോദേസിന്റെ കൊട്ടാരത്തിലെത്തിച്ചേര്‍ന്നു. ജ്ഞാനികള്‍ അന്വേഷിച്ചു: ''എവിടെയാണ് യഹൂദരുടെ രാജാവാകേണ്ടവന്‍ ജന്മമെടുത്തിരിക്കുന്നത്? ഞങ്ങള്‍ക്ക് അവനെ കണ്ട് കുമ്പിട്ട് ആരാധിക്കണം.'' ഹേറോദേസ് നിയമജ്ഞരെ വിളിച്ചുവരുത്തി ക്രിസ്തുവിന്റെ ജനനം എവിടെ എന്നന്വേഷിച്ചു. യൂദയായിലെ ബത്‌ലഹേമില്‍ എന്ന് അവര്‍ ഹേറോദേസിനെ അറിയിച്ചു. നീചനും നികൃഷ്ടനുമായ ഹേറോദേസ് ജ്ഞാനികളെ തന്ത്രപൂര്‍വം ബത്‌ലഹേമിലേക്കയച്ചു. തിരിച്ചുവരുമ്പോള്‍ എല്ലാ വിവരങ്ങളും തന്നെ അറിയിക്കണമെന്ന നിര്‍ദേശവും നല്കി. ജ്ഞാനികള്‍ക്കു മുന്നേ ഒരു നക്ഷത്രം വഴികാട്ടിയായി അവരെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. മാത്രമല്ല, ദൈവത്തിന്റെ സൃഷ്ടിയായ നക്ഷത്രം കാലിത്തൊഴുത്തിനുമുകളില്‍ ദിവ്യശിശുവിനെ മഹത്ത്വപ്പെടുത്തി നിശ്ചലമായി മിഴിതാഴ്ത്തി നിന്നു. ജ്ഞാനികള്‍ ആശ്ചര്യത്തോടും ആനന്ദത്തോടുംകൂടി ശിശുവിനെ അമ്മയായ മറിയത്തോടൊപ്പം കാണുകയും കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും മീറയും കുന്തിരിക്കവും കാഴ്ചയര്‍പ്പിച്ചു. സ്വപ്നത്തില്‍ കിട്ടിയ ദര്‍ശനമനുസരിച്ച് അവര്‍ വഴിമാറി സ്വദേശത്തേക്കു തിരിച്ചുപോയി.
ആദിമാതാപിതാക്കളുടെ പാപംമൂലം തകര്‍ന്നടിഞ്ഞ ദൈവ-മനുഷ്യബന്ധം പുനഃസ്ഥാപിക്കാന്‍ കരുണാമയനായ ദൈവം ഒരു രക്ഷകനെ പറുദീസയിയില്‍വച്ച് വാഗ്ദാനം ചെയ്തു (ഉത്പ. 3:15). ആ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണ് രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ബത്‌ലേഹേമിലെ മലഞ്ചെരുവിലെ കാലിത്തൊഴുത്തില്‍ അരങ്ങേറിയ തിരുപ്പിറവി. അങ്ങനെ വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്‍ ഇന്നലെയും ഇന്നും നാളെയും എന്നും ജീവിക്കുന്ന ദൈവമാണ്. അതിനാല്‍ ക്രിസ്മസ് ഒരു ഗതകാലസംഭവമല്ല. സകല ജനത്തിനുംവേണ്ടിയുള്ള മംഗളവാര്‍ത്തയാണ്, ഒരു തനിയാവര്‍ത്തനമാണ്, പുനരാവര്‍ത്തനമാണ്, സമാനതകളില്ലാത്ത ഏകദര്‍ശനഭാഗ്യമാണ്. രക്ഷകനെ കണ്ടെത്താനുള്ള കൃപ ലഭിക്കുന്നവര്‍ക്കെല്ലാം ക്രിസ്മസ് എന്ന വിശ്വമഹോത്സവം അര്‍ഥപൂര്‍ണവും ആനന്ദനിര്‍ഭരവും സമാധാനപൂര്‍ണവുമായിരിക്കും.
ദാരിദ്ര്യത്തിന് സമൃദ്ധിയും താഴ്ചയ്ക്ക് ഉയര്‍ച്ചയും ചെറുതിന് വലുപ്പവും ഇരുളിനു വെളിച്ചവും അജ്ഞതയ്ക്ക് ജ്ഞാനവും തളര്‍ച്ചയ്ക്കു വളര്‍ച്ചയും ജീവനു മരണവും, മരണത്തിന് ഉയിര്‍പ്പും നല്‍കുന്നതാണ് ക്രിസ്മസിന്റെ അന്തസ്സത്ത. മിശിഹായുടെ മനുഷ്യാവതാരമഹാജൂബിലി ക്രൈസ്തവലോകത്തിനു മാത്രമല്ല, മാനവരാശിക്കു മുഴുവനും പുതിയൊരാകാശവും പുതിയൊരു ഭൂമിയും പ്രദാനം ചെയ്യട്ടെ.
മേരി സെബാസ്റ്റ്യന്‍
