•  25 Dec 2025
  •  ദീപം 58
  •  നാളം 42
ലേഖനം

അധരത്തില്‍ വിരിയട്ടെ ഹൃദയത്തിലെ ആനന്ദം

പുണ്യക്കൂട്

    പാരിന്റെ പരിത്രാണകനായ ക്രിസ്തു പിറന്ന പുല്ക്കൂട് പുണ്യങ്ങളുടെ കൂടാണ്. മഞ്ഞില്‍ മിഴിതുറന്ന മലരുകള്‍പോലെ പുണ്യങ്ങള്‍ പുല്ക്കൂട്ടില്‍ പരിലസിക്കുന്നുണ്ട്. 
നന്മ 
    പുല്ക്കൂട് നന്മ എന്ന പുണ്യത്തിന്റെ കൂടാണ്. ധാര്‍മികതയുടെ പൂര്‍ണതയാണ് നന്മ. കരളിന്റെ കളങ്കരാഹിത്യം. അധാര്‍മികതയുടെ ആധിക്യത്തില്‍ ധാര്‍മികതയുടെ ധവളമന്നയായി പൊഴിഞ്ഞ ദൈവമാണ് പിള്ളക്കച്ചയ്ക്കുള്ളില്‍ പള്ളികൊള്ളുന്നത്. അവന്‍ സൃഷ്ടപ്രപഞ്ചം കണ്ട എക്കാലത്തെയും സമ്പൂര്‍ണ സദാചാരസംഹിത. നന്മയുടെ നരരൂപം.  
കലങ്ങിയും തെളിഞ്ഞും നിമിഷംതോറും നിറഭാവങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സാഗരസസമമായ ഇന്നത്തെ ലോകത്തില്‍ മനുഷ്യജീവിതമാകുന്ന നൗകയ്ക്ക് നന്മയുടെ നങ്കൂരമുണ്ടാകേണ്ടത് അത്യാവശ്യമാണ്. നാനാതരത്തിലുള്ള സംസ്‌കാരങ്ങള്‍ പരസ്പരം ഇഴചേര്‍ന്ന് പുതിയവ നെയ്യപ്പെടുമ്പോള്‍ അവയിലോരോന്നിലും കൊള്ളാനും തള്ളാനുമുള്ളവ ഏതെല്ലാമെന്നു വിവേചിച്ചറിയാന്‍ ഇന്നത്തെ തലമുറ ശ്രദ്ധിക്കാതെപോകുന്നുണ്ട്. കൂടുതല്‍ സുലഭവും ആകര്‍ഷണീയവും ആയവയെമാത്രം മതിയായ തരംതിരിവില്ലാതെ സ്വന്തമാക്കുന്ന സമൂഹമാണ് ഇന്നത്തേത്. കതിരും പതിരും വേര്‍തിരിക്കാന്‍ കഴിയാതെവരുന്നു. കറുപ്പും വെളുപ്പും തിരിച്ചറിയാനാവാത്ത അവസ്ഥ അതീവഗുരുതരമാണ്. ഈടുറ്റതും വിലപ്പെട്ടതുമായ പലതും മനുഷ്യനറിയാതെ അവനു നഷ്ടപ്പെടുന്നു. നാശോന്മുഖമായി നീങ്ങിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രതിഭാസങ്ങളെ അതിജീവിക്കുന്നതിന് നലമെഴുന്ന സുവിശേഷത്തിന്റെ സംസ്‌കാരം നിലനില്ക്കണം. 
നീതി 
    പുല്ക്കൂട് നീതി എന്ന പുണ്യത്തിന്റെ കൂടാണ്. പക്ഷപാതരഹിതമായ പെരുമാറ്റമാണ് നീതി. മറ്റുള്ളവര്‍ അര്‍ഹിക്കുന്നത് അവര്‍ക്കു കൊടുക്കുക എന്നതാണ് മാനുഷികനീതി. എന്നാല്‍, അര്‍ഹിക്കാത്തതും കൊടുക്കുക എന്ന ദൈവികനീതിയുടെ മനുഷ്യമുഖമാണ് പുല്ക്കൂട്ടിലെ പൈതല്‍. അഹന്തയുടെയും അനുസരണക്കേടിന്റെയും അര്‍ബുദം ബാധിച്ച മനുഷ്യവര്‍ഗത്തിന് അല്പംപോലും അര്‍ഹതയില്ലാത്ത വിടുതലും വിമോചനവും തന്റെ പുത്രദാനത്തിലൂടെ കനിഞ്ഞേകുന്ന നീതിസൂര്യനായ ദൈവത്തിന്റെ സുവര്‍ണശോഭയാണ് കാലിക്കൂട്ടില്‍ പരന്നുകിടക്കുന്നത്. 
    നീതിക്കുവേണ്ടിയുള്ള നിലവിളിയാണ് സമൂഹത്തില്‍ നിരന്തരം കേള്‍ക്കുന്നത്. നീതി നിഷേധിക്കപ്പെടുന്നവരുടെ മിഴിനീര് വീണുതന്നെയാണ് മണ്ണ് നനഞ്ഞുകൊണ്ടിരിക്കുന്നത്. കള്ളത്തോതുകളും, കപടക്കണക്കുകളും ദുര്‍ഭാഷണവും ദുര്‍മാര്‍ഗവും തട്ടിപ്പും വെട്ടിപ്പും കൈവശമുള്ളവരാണ് കണക്കിലധികവും. അഴിമതിയും അക്രമവും അനീതിയും അധര്‍മവുമാണ് അധികാരക്കസേരകളില്‍ അരങ്ങുവാഴുന്നത്. നീതിക്കുവേണ്ടി അടരാടുന്നവരുടെ കഴുത്തറുക്കാന്‍ മടിക്കാത്ത പുഴുത്ത കാലം. പണക്കൊഴുപ്പും പിടിപാടുമുള്ളവര്‍ക്ക് എന്തും എങ്ങനെയും ആകാമെന്ന നീതിയില്ലായ്മയുടെ ഭീതിയാണ് ഭൂതലമാകെ. വാദി പ്രതിയാക്കപ്പെടുന്ന വിരോധാഭാസം കൊടികുത്തിവാഴുന്നു. നീതിക്കുവേണ്ടി നിലകൊള്ളാന്‍ മനുഷ്യനു മനോബലമുണ്ടാകണം. നീതിരഹിതമായി ഒന്നും നേടരുത്. നീതിയില്‍ നിവസിക്കുകയെന്നാല്‍ ക്രിസ്തുവില്‍ ജീവിക്കുകയെന്നാണ്.
വിശുദ്ധി
    പുല്ക്കൂട് വിശുദ്ധി എന്ന പുണ്യത്തിന്റെ കൂടാണ്. ആത്മീയവും മാനസികവും ശാരീരികവുമായ സകല മലിനതകളില്‍നിന്നും മനുഷ്യരാശിയെ മുഴുവന്‍ ശുദ്ധീകരിക്കാനായി നരജന്മമെടുത്ത വിശുദ്ധിതന്നെയായ ദൈവത്തിന്റെ വെണ്മയേറുന്ന വദനമാണ് കാലിത്തൊഴുത്തിലെ വെള്ളക്കച്ചയിലുള്ളത്. 
   അശുദ്ധിയുടെ അഴുക്കുസംഭരണികളാക്കി സമൂഹത്തെയും മനുഷ്യമനസ്സിനെയും മാറ്റുന്നത്, വേഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന മരണസംസ്‌കാരത്തിന്റെ മായം, മദ്യം, മാലിന്യം എന്നീ മൂന്ന് ആവിഷ്‌കാരങ്ങളാണ്. മായമയമാണ് അധികവും. 'സര്‍വം മായ' എന്നത് 'സര്‍വം മായം' എന്ന് മാറ്റിപ്പറയേണ്ടതായി വന്നിരിക്കുന്നു. ആഹാരപദാര്‍ഥങ്ങളിലെ മായംചേര്‍ക്കല്‍ ഒരു വിധത്തില്‍ അഞ്ചാംപ്രമാണത്തിന്റെ ലംഘനം തന്നെയാണ്. മനസ്സാണ് ആദ്യം മായമുക്തമാകേണ്ടത്. മായമില്ലാത്ത മൊഴികളും, കലര്‍പ്പില്ലാത്ത കര്‍മങ്ങളും,  ചിന്തകളും സ്വന്തമാക്കുക. ബന്ധങ്ങളില്‍ മായം തൂളാതിരിക്കുക. മദ്യാസക്തി ജീവന്റെ മൂല്യത്തെയും പവിത്രതയെയുംകുറിച്ചുള്ള മനുഷ്യരുടെ ബോധ്യങ്ങളെ മരവിപ്പിക്കുന്നു. മനുഷ്യരുടെ 'വലിച്ചെറിയല്‍ വ്യാധി' മഹീതലം മാലിന്യമിശ്രിതമാക്കുന്നു. നാടും നഗരവും, ആറും ആഴിയും, പുഴയും വഴിയും, വായുവും വെള്ളവും ഒരുപോലെ മലിനമാണിന്ന്. മനസ്സാകുന്ന മാലിന്യക്കുട്ടയാണ് ആദ്യം മാലിന്യവിമുക്തമാകേണ്ടത്. അന്തസ്സിനും ആത്മീയജീവിതത്തിനും നിരക്കാത്തവയെ അതില്‍നിന്നു തൂത്തുവാരിക്കളയുക. ആന്തരികശുദ്ധിയില്ലാതെ ആത്മീയവളര്‍ച്ച സാധ്യമല്ല. 
തുറവ് 
   പുല്ക്കൂട് തുറവ് എന്ന പുണ്യത്തിന്റെ കൂടാണ്. പുല്ക്കൂട്ടില്‍ പരലോകം പാടേ തുറക്കുകയാണ്. പണ്ട് കൊട്ടിയടയ്ക്കപ്പെട്ട പറുദീസായുടെ പടിപ്പുരവാതില്‍ പുത്രദൈവത്തിന്റെ പിറവിയോടെ തൊഴുത്തില്‍ തുറക്കപ്പെടുന്നു. വിണ്ണ് മണ്ണിലേക്കും ദൈവഹൃദയം മനുഷ്യനിലേക്കും മറനീക്കി വരുന്നു. മനുഷ്യന്റെ അരുതായ്മകളുടെ അടഞ്ഞ അവസ്ഥയിലേക്കു തുറന്ന ദൈവത്തിന്റെ അലിവിന്റെ മിഴികളാണ് കാലിക്കൂട്ടിലെ കുഞ്ഞിന്റേത്.
     പണ്ടൊക്കെ പാതയോരത്തിലൂടെ പരസ്പരം സംസാരിച്ചും ചിരിച്ചും രസിച്ചും നടക്കുന്നവരായിരുന്നു കൂടുതലും. പക്ഷേ, നിര്‍ഭാഗ്യവശാല്‍ സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ ആഗമനത്തോടെ ആധുനികമനുഷ്യര്‍ സ്വന്തം ലോകത്തേക്കുമാത്രം കണ്ണുംനട്ട് കഴുത്തൊടിഞ്ഞിരിക്കുന്ന അന്യഗ്രഹജീവികളായി മാറുന്നു. തത്ഫലമായി സങ്കുചിതചിന്താഗതി, അപകര്‍ഷതാബോധം എന്നിവ അവരില്‍ വേരൂന്നുന്നു. മറയും കറയുമില്ലാത്ത മനസ്സും മനോഭാവങ്ങളും മനുഷ്യജീവിതത്തിന്റെ മുതല്‍ക്കൂട്ടാകണം. ദൈവത്തിന്റെയും സഹജരുടെയുംനേര്‍ക്ക് തുറന്നിട്ട ഒരു ജാലകമായി ജീവിതത്തെ മാറ്റാന്‍ കഴിഞ്ഞാല്‍ അതൊരു നേട്ടമായിരിക്കും. സുതാര്യതയുള്ളിടത്ത് സംശയത്തിനു സ്ഥലമില്ല.
ഔദാര്യം 
    പുല്ക്കൂട് ഔദാര്യം എന്ന പുണ്യത്തിന്റെ കൂടാണ്. നല്ലതു നല്കാനുള്ള മനോഗുണമാണ് ഔദാര്യം. അതില്‍ സ്വാര്‍ഥതയ്ക്കു സ്ഥാനമേയില്ല. ഉന്നതങ്ങളിലെ ഉടയവനായ ദൈവം മന്നിലെ മനുഷ്യമക്കളോടു കാട്ടിയ മഹാമനസ്‌കതയുടെ മുഖമാണ് കാലിത്തൊഴുത്തിലെ ഉണ്ണിയുടേത്. തന്റേതുമാത്രമെന്നു പറഞ്ഞ് തന്റെ ഏകപുത്രനെപ്പോലും മാറ്റിനിറുത്താതെ ലോകത്തിലേക്കയയ്ക്കാന്‍ തക്കവിധം ദൈവം തന്റെ ഉദാരതയുടെ വാതിലുകള്‍ അത്ര വിശാലമായി തുറന്നിട്ടു. 
    മനുഷ്യമനസ്സിനെ വിശാലമാക്കുന്ന മനോജ്ഞമായ ഭാവങ്ങളിലൊന്നാണ് ഔദാര്യം. സേവനസന്നദ്ധതയാണ് അതിന്റെ മുഖമുദ്ര. ഉദാരമനസ്‌കരും വിശാലഹൃദയരുമായി ജീവിക്കാനുള്ള ശേഷി മനുഷ്യനു മാത്രമുള്ളതാണ്. അതുകൊണ്ടുതന്നെ, സങ്കുചിതസ്വഭാവം വെടിഞ്ഞ് ഔദാര്യപൂര്‍വം പെരുമാറാന്‍ അവന്‍ ശീലിക്കേണ്ടതുണ്ട്. അത് അവന്റെ ചിന്തകളെയും ചെയ്തികളെയും ഉത്തരോത്തരം ഉത്തമമാക്കും. ഹൃദയമാകുന്ന അകപ്പുര വിസ്തൃതമാക്കപ്പെടണം. അപ്പോഴേ അവിടെ ദൈവത്തിനും സഹജീവികള്‍ക്കും  സ്ഥലവും സ്ഥാനവുമൊക്കെ ഉണ്ടാകൂ. സ്വത്തല്ല, ഹൃത്താണ് മഹത്തരം. വാരിക്കൂട്ടുന്നവരെയല്ല, വാരിക്കൊടുക്കുന്നവരെയാണ് വിണ്ണ് വന്ദിക്കുന്നത്.
ആനന്ദം
    പുല്ക്കൂട് ആനന്ദം എന്ന പുണ്യത്തിന്റെ കൂടാണ്. ഒരാളുടെ സമഗ്രമായ സജീവതയുടെ ഫലമായി സ്വാഭാവികമായി പ്രകടമാകുന്ന ഭാവമാണ് ആനന്ദം. ദൈവമക്കള്‍ എന്ന നിലയിലും വിലയിലും മനുഷ്യര്‍ ആത്യന്തികമായി അനുഭവിക്കേണ്ട അനശ്വരമായ ആത്മീയാനന്ദത്തിന്റെ ഭാവമാണ് പുല്ക്കൂട്ടില്‍    പുഞ്ചിരിച്ചുകിടക്കുന്ന ദിവ്യപൈതലിന്റേത്. അത് അപരാധങ്ങളില്‍നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ സന്തോഷമാണ്. സൃഷ്ടപ്രപഞ്ചമാസകലം       ആ രാത്രിയില്‍ ആഹ്ലാദിച്ചു. 
    ആനന്ദം ആത്മാവിന്റെ ദാനമാണ്. നൈമിഷികമായ സുഖങ്ങളില്‍നിന്നു മാത്രം ലഭിക്കുന്ന വെറും ഇന്ദ്രിയസന്തോഷമല്ല അത്. സുഖങ്ങളിലും അസുഖങ്ങളിലും ഒരുപോലെ സ്ഥായിയായി ഉള്ളില്‍ നിലനില്ക്കുന്ന മഹത്തരമായ ഒന്നാണ്. ആത്മാര്‍ത്ഥമായ ആനന്ദം മിന്നുന്ന മുഖങ്ങള്‍ ഭൂമുഖത്തുനിന്നു മെല്ലെ അന്യംനിന്നുപോകുന്നുണ്ടോ എന്നു സംശയം. പുഞ്ചിരിക്കാന്‍ പ്രത്യേക പരിശീലനം ആവശ്യമായിക്കൊണ്ടിരിക്കുന്ന അപകടാവസ്ഥയിലാണ് ഇന്നു മനുഷ്യന്‍. ആനന്ദം ഹൃദയത്തിലുണ്ടെങ്കിലേ വദനത്തിലും അധരത്തിലും വരൂ. കല്മഷമില്ലാത്ത ഹൃദയത്തില്‍നിന്നേ കറകളഞ്ഞ ആമോദം നിര്‍ഗമിക്കൂ. തിന്മയുടെ തേര്‍വാഴ്ച തുടരുന്നിടത്തോളംകാലം സത്യമായ സന്തോഷങ്ങള്‍ തമസ്‌കരിക്കപ്പെടും. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)