•  25 Dec 2025
  •  ദീപം 58
  •  നാളം 42
ലേഖനം

മനസ്സില്‍ സൂക്ഷിക്കുക, ക്രിസ്മസ്

    ക്രിസ്മസിനെപ്പറ്റി ചാള്‍സ് ഡിക്കന്‍സ് എഴുതിയ മനോഹരമായൊരു ചെറുനോവലാണ് ''ഒരു ക്രിസ്മസ് കരോള്‍.'' എബനേസര്‍ സ്‌ക്രൂജ് എന്ന ധനികവ്യാപാരിയാണ് ഈ നോവലിലെ മുഖ്യകഥാപാത്രം. ക്രിസ്മസിനെ ''വ്യര്‍ഥം'' എന്നു വിശേഷിപ്പിക്കുന്ന സ്‌ക്രൂജ് സ്വാര്‍ഥനും കരുണയില്ലാത്തവനുമായിരുന്നു. ദരിദ്രരോടും തൊഴിലാളികളോടും സ്‌ക്രൂജിനു ലവലേശംപോലും ആര്‍ദ്രതയുണ്ടായിരുന്നില്ല. ക്രിസ്മസിനോട് അയാള്‍ക്കു വെറുപ്പായിരുന്നു. സ്‌ക്രൂജ് ലുബ്ധനും അത്യാഗ്രഹിയുമായിരുന്നു. ക്രിസ്മസ് ദിനത്തില്‍ അതിന്റെ സന്തോഷം നേരാനെത്തിയവരെയും കാരുണ്യം തേടിയെത്തിവരെയും എബനേസര്‍ സ്‌കൂജ് നിരാകരിക്കുന്നു. അന്നു രാത്രിയിലാണ് തന്റെ വ്യാപാരപങ്കാളിയായിരുന്ന ജേക്കബ് മാര്‍ലിയുടെ പ്രേതം ചങ്ങലയില്‍ ബന്ധിതനായി സ്‌കൂജിനെ സന്ദര്‍ശിക്കുന്നത്. 
   ഒരു ക്രിസ്മസ്ദിനത്തില്‍് മരിച്ചുപോയ ജേക്കബ് മാര്‍ലി  ഇപ്രകാരം പ്രത്യക്ഷപ്പെടുന്നത് ഒരു പ്രത്യേക സന്ദേശം അറിയിക്കാനാണ്. സ്‌കൂജിനെപ്പോലെ ധനസമ്പാദനത്തില്‍ മാത്രം മുഴുകിജീവിച്ചതുകൊണ്ടാണ് മരണത്തിനുശേഷം ഇപ്രകാരം ചങ്ങലയില്‍ ബന്ധിതനായിരിക്കുന്നതെന്ന് ജേക്കബ് മാര്‍ലി തന്റെ സുഹൃത്തിനെ അറിയിക്കുന്നു. സമാനമായ അനുഭവം എബനേസര്‍ സ്‌ക്രൂജിനുണ്ടാകരുതെന്നാണ് ജേക്കബ് മാര്‍ലി ആഗ്രഹിച്ചത്. ഇക്കാര്യം  സമര്‍ത്ഥിക്കാന്‍ മൂന്ന് ആത്മാക്കള്‍ സ്‌കൂജിനെ രാത്രിയില്‍ സന്ദര്‍ശിക്കുമെന്നുംകൂടി പറഞ്ഞിട്ടാണ് ജേക്കബ് മാര്‍ലിയുടെ പ്രേതം അപ്രത്യക്ഷമായത്.
   ചാള്‍സ് ഡിക്കന്‍സിന്റെ നോവലില്‍ മുഖ്യആശയം അവതരിപ്പിക്കുന്നത് ഈ മൂന്ന് ആത്മാക്കളാണ്. എബനേസര്‍ സ്‌കൂജിനെ അന്നു രാത്രിയില്‍ സന്ദര്‍ശിക്കുന്നതു ക്രിസ്മസിന്റെ ഭൂതകാലആത്മാവും വര്‍ത്തമാനകാല ആത്മാവും ഭാവികാല ആത്മാവുമാണ്. മൂന്നു കാലത്തിന്റെ ആത്മാക്കളെ അവതരിപ്പിക്കുന്നതിലൂടെ ക്രിസ്മസിനെപ്പറ്റി ഒരു പ്രവാചകദൗത്യമാണ് ചാള്‍സ് ഡിക്കന്‍സ് നിര്‍വഹിക്കുന്നത്. കേള്‍ക്കുമ്പോള്‍ ലളിതമെന്നു തോന്നുന്ന ഒരാശയമാണിത്. ക്രിസ്മസിന്റെ ഭൂതകാലആത്മാവിനെ അവതരിപ്പിക്കുന്നതിലൂടെ എബനേസര്‍ സ്‌ക്രൂജിന്റെ ബാല്യവും യൗവനവും ഡിക്കന്‍സ് ചിത്രീകരിക്കുന്നു. അക്കാലത്ത് സ്‌ക്രൂജിനു മറ്റുള്ളവരോട് സ്‌നേഹവും അനുകമ്പയും ആര്‍ദ്രതയും ഉണ്ടായിരുന്നു. ധനത്തോടുള്ള അമിതമായ ആസക്തി സ്‌ക്രൂജില്‍ അന്നു കുടിയേറിയിരുന്നില്ല. അക്കാലത്തു ജീവിതത്തിനൊരു പ്രസരിപ്പുണ്ടായിരുന്നുവെന്ന് അയാള്‍ തിരിച്ചറിയുന്നു. ആ പ്രസരിപ്പും പ്രതീക്ഷയും പ്രത്യാശയും തനിക്കിപ്പോള്‍ നഷ്ടപ്പെട്ടതായി എബനേസര്‍ സ്‌ക്രൂജ് മനസ്സിലാക്കുന്നു. ഭൂതകാല ആത്മാവ് പ്രത്യക്ഷപ്പെടുന്നത് സ്‌ക്രൂജിനെ ഇക്കാര്യം ഓര്‍മപ്പെടുത്താനാണ്.
   ക്രിസ്മസിന്റെ വര്‍ത്തമാനകാല ആത്മാവ് പ്രത്യക്ഷപ്പെടുന്നതു മറ്റൊരു ദൗത്യവുമായിട്ടാണ്. എബനേസര്‍ സ്‌കൂജിന്റെ ചുറ്റും ജീവിക്കുന്ന ദരിദ്രര്‍ ക്രിസ്മസിനെ ആഹ്ലാദത്തോടെ സ്വീകരിക്കുന്ന കാര്യം ഈ ആത്മാവ് ചൂണ്ടിക്കാണിക്കുന്നു. അവിടെയുള്ള ബോബ് ക്രാച്ചിറ്റിന്റെ കുടുംബം ദരിദ്രമാണെങ്കിലും ക്രിസ്മസിന്റെ സന്തോഷത്തെ സ്വീകരിക്കാന്‍ അവര്‍ക്കു ദാരിദ്ര്യം തടസ്സമായിരുന്നില്ല. രോഗിയായി കിടക്കുന്ന ടൈനിടിമിനെ ചൂണ്ടിക്കാട്ടിക്കൊണ്ട്, ക്രിസ്മസ്‌നാളില്‍ അയാള്‍ കാണിക്കുന്ന പ്രത്യാശയും വിശ്വാസവും പ്രതീക്ഷയും വര്‍ത്തമാനകാല ആത്മാവ് എബനേസര്‍ സ്‌കൂജിനെ ധരിപ്പിക്കുന്നു.
   മൂന്നാമതു പ്രത്യക്ഷപ്പെടുന്ന ക്രിസ്മസിന്റെ ഭാവികാല ആത്മാവ് മറ്റൊരു സന്ദേശമാണ് സ്‌ക്രൂജിനു പകര്‍ന്നനല്‍കുന്നത്. സ്‌ക്രൂജ് മരിക്കുമ്പോള്‍ അയാളെച്ചൊല്ലി കണ്ണീര്‍പൊഴിക്കാനോ വിലപിക്കാനോ ആരും ഉണ്ടാവില്ലെന്ന യാഥാര്‍ഥ്യം ഭാവികാല ആത്മാവ് ധരിപ്പിക്കുന്നു. ധനത്തില്‍ മുകളില്‍ കാവലിരിക്കുന്ന എബനേസര്‍ സ്‌ക്രൂജിന്റെ ആര്‍ത്തിയും അത്യാഗ്രഹവും ജീവിതത്തില്‍ ഒരു മഹത്ത്വവും ഉണ്ടാക്കുകയില്ലെന്നു ഭാവികാല ആത്മാവ് മുന്നറിയിപ്പു നല്‍കുകയാണ്. 
   ചാള്‍സ് ഡിക്കന്‍സിന്റെ ഈ നോവല്‍ വായിച്ചുകഴിയുമ്പോള്‍ ക്രിസ്മസിന്റെ മഹത്തായ സന്ദേശം പ്രകടമാകുന്നു. എബേസര്‍ സ്‌ക്രൂജ് ഒടുവില്‍ രൂപാന്തരീകരണത്തിനു വിധേയനാകുന്നു. അയാള്‍ സ്‌നേഹവും കരുണയും മനസ്സലിവും നന്മയും നിറഞ്ഞ പുതിയൊരു മനുഷ്യായി മാറുകയാണ്. ക്രിസ്മസിനെ സ്‌ക്രൂജ് തന്റെ ഹൃദയത്തിലേക്കു സ്വീകരിക്കുന്നു. ക്രിസ്മസിന്റെ യഥാര്‍ഥ ആത്മാവ് സ്‌നേഹമാണെന്നും ആ സ്‌നേ
ഹം പങ്കിടാനുള്ളതാണെന്നും സ്‌ക്രൂജിനു ബോധ്യമാകുന്നു. സ്വാര്‍ഥത നിറഞ്ഞ സ്‌ക്രൂജിന്റെ മനസ്സിലേക്ക് സമൂഹത്തിന്റെ നൊമ്പരവും വേദനയും ദുഃഖവും കടന്നുവരുന്നു. മറ്റുള്ളവരുടെ സന്തോഷത്തിലും സന്താപത്തിലും പങ്കുചേരാന്‍ എബനേസര്‍ സ്‌ക്രൂജ് സന്നദ്ധനാകുന്നു. 
കഥയുടെ അവസാനം ചാള്‍സ് ഡിക്കന്‍സ് പറയുന്നത്, എല്ലാ ദിവസവും എബനേസര്‍ സ്‌ക്രൂജ് 'ക്രിസ്മസ് മനസ്സില്‍ സൂക്ഷിച്ചു' എന്നാണ്. അതായത്, ക്രിസ്മസ് ഒരു ജീവിതശൈലിയായി സ്‌ക്രൂജ് സ്വീകരിച്ചു എന്നാണ് ഡിക്കന്‍സ് പറയുന്നത്.
  ഇതിന്റെ അര്‍ഥമെന്താണ്? ക്രിസ്മസ് ഒരു ദിവസം മാത്രമുള്ള ആഘോഷമല്ല. ജീവിതത്തില്‍ ആദ്യന്തം കരുണയും സ്‌നേഹവും ആര്‍ദ്രതയും നിറയ്ക്കുന്നതാണ് യഥാര്‍ത്ഥ ക്രിസ്മസ്. സ്‌ക്രൂജിന്റെ രൂപാന്തരീകരണം സമര്‍ത്ഥിക്കുന്നത്, ക്രിസ്മസിന്റെ പ്രകാശം നമ്മുടെ ഹൃദയത്തിലേക്കു കടന്നുവന്നാല്‍, അയാളുടെ ജീവിതം പുതുതായി പിറവിയെടുക്കും എന്നുള്ളതാണ്. 
   ക്രിസ്തുവിന്റെ ജനനം അവതരിപ്പിക്കുന്ന പ്രകാശത്തെയും പുതുജീവിതത്തെയും കുറിച്ചാണ് 'ഒരു ക്രിസ്മസ് കരോള്‍' എന്ന ചെറുനോവല്‍ സംസാരിക്കുന്നത്. ക്രിസ്തുവിനെ മനസ്സില്‍ സൂക്ഷിക്കാന്‍ തയ്യാറാകുമ്പോള്‍ നമ്മുടെ മനസ്സിലെ ഇരുട്ടും സ്വാര്‍ത്ഥതയും കാഠിന്യവും ഇല്ലാതാകും. യഥാര്‍ഥ ക്രിസ്മസ് സ്‌നേഹത്തിന്റെ പങ്കിടലാണെന്ന് ചാള്‍സ് ഡിക്കന്‍സ് സമര്‍ത്ഥിക്കുന്നത് എബനേസര്‍ സ്‌ക്രൂജിനെ ചിത്രീകരിച്ചുകൊണ്ടാണ്. കൊടുക്കലും പങ്കിടലും ചെറിയ വാക്കുകളാണെന്നു നമുക്കു തോന്നാമെങ്കിലും അതിന്റെ പ്രയോഗത്തില്‍ ഈ വാക്കുകളുടെ അര്‍ഥത്തിന് ആഴം സംഭവിക്കുന്നു. ജീവിതം ഒരനുഗ്രഹമായി രൂപാന്തരപ്പെടുന്നു, മനുഷ്യബന്ധങ്ങള്‍ പുനഃസ്ഥാപിച്ചു കഴിയുമ്പോള്‍ ക്രിസ്മസിന്റെ സന്തോഷവും സമാധാനവും നമുക്ക് അനുഭവവേദ്യമാകുമെന്നാണ് ചാള്‍സ് ഡിക്കന്‍സ് പറയുന്നത്. 
  'ഒരു ക്രിസ്മസ് കരോള്‍' എന്ന കഥ ഇന്നത്തെ കാലവുമായി ബന്ധപ്പെടുത്തിയാവണം നമ്മള്‍ ക്രിസ്മസ് ആഘോഷിക്കേണ്ടത്. രണ്ടായിരം വര്‍ഷമായി നമ്മള്‍ ക്രിസ്മസ് ആഘോഷിക്കുന്നുണ്ടെങ്കിലും ഡിക്കന്‍സ് എഴുതിയതുപോലെ അതിനെ മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്നില്ലെന്നുള്ളതാണ് ഈ ആഘോഷം നല്‍കുന്ന പാഠം. എബനേസര്‍ സ്‌ക്രൂജ് എന്ന ഡിക്കന്‍സ് കഥാപാത്രം പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മനുഷ്യനാണ്. സ്‌ക്രൂജിന്റെ മനോഭാവത്തില്‍ ഇന്നും വ്യതിയാനമുണ്ടായിട്ടില്ലെന്നാണ് 'ഒരു ക്രിസ്മസ് കരോള്‍' കഥയുടെ വായന നമ്മെ പഠിപ്പിക്കുന്നത്. സ്വാര്‍ത്ഥതയും കാഠിന്യവും ക്രൂരതയും മനുഷ്യത്വമില്ലായ്മയും സമകാലത്തു വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
ക്രിസ്മസ് ഇന്ന് വെറുമൊരു ആഘോഷമായി പരിണമിച്ചിരിക്കുന്നു, നമുക്കു ചുറ്റും ക്രിസ്മസ് ഗാനങ്ങളും കേക്കുകളും വിളക്കുകളും മാത്രമേയുള്ളൂ! കുടുംബങ്ങളില്‍ അശാന്തിയും അസംതൃപ്തിയും ഇടംപിടിച്ചിരിക്കുന്നു. യുവതലമുറയുടെ അസ്വസ്ഥതയും പരക്കം പാച്ചിലും കണ്ടില്ലെന്ന് ആരും നടിക്കരുത്.
   മാതാപിതാക്കള്‍ ഏകാന്തതയുടെ ലോകത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം, തൊഴില്‍, ഭക്ഷണം, രോഗം എന്നിങ്ങനെ പലതും ഉത്തരം കിട്ടാത്ത വിഷയങ്ങളായി വളര്‍ന്നുവരുന്നു. ആഗോളതലത്തില്‍ നോക്കിയാല്‍ യുദ്ധത്തിന്റെ കരാളഹസ്തങ്ങള്‍ മനുഷ്യരാശിയെ അമര്‍ത്തിക്കൊണ്ടിരിക്കുന്നു. ഭൂമിയില്‍ സമാധാനവും മനുഷ്യര്‍ക്കിടയില്‍ സംപ്രീതിയും സൗഹൃദവും എവിടെ? സമൂഹം ജാതിയായും മതമായും വര്‍ഗമായും ശിഥിലമാണിന്ന്.
   അതിനാല്‍ ക്രിസ്മസിന്റെ മൂന്ന് ആത്മാക്കള്‍ നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടേണ്ട കാലമാണിത്. ഈ മൂന്ന് ആത്മാക്കള്‍ അവതരിപ്പിച്ച ഭൂതവും വര്‍ത്തമാനവും ഭാവിയും ഒന്നിച്ചു നമ്മുടെ മനസ്സില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മനസ്സില്‍ സൂക്ഷിച്ചുവയ്ക്കാന്‍ കഴിയുന്ന ഒരു ക്രിസ്മസ് നമ്മില്‍ ഉണ്ടാകും. 
   ക്രിസ്തുവിന്റെ ജന്മത്തിന്റെ സത്യമായ അര്‍ഥം സാക്ഷാത്കരിക്കണമെങ്കില്‍ ക്രിസ്മസ് എല്ലാ ദിവസവും ജീവിതത്തില്‍ അനുഭവേദ്യമാക്കണമെന്നു ഗാന്ധിജി പറഞ്ഞിട്ടുണ്ട്. 1940 ഡിസംബര്‍ 24 നു ക്രിസ്മസ്‌നാളില്‍ ഹിറ്റ്‌ലര്‍ക്ക് അയച്ച കത്തില്‍ ഗാന്ധിജി ആവശ്യപ്പെട്ടതു മനുഷ്യത്വം നിലനിര്‍ത്താന്‍ യുദ്ധം അവസാനിപ്പിക്കണമെന്നാണ്. ഗാന്ധിജിയുടെ വീക്ഷണത്തില്‍ മനുഷ്യത്വം നിലനിര്‍ത്താനും പുനഃസ്ഥാപിക്കാനും ഉള്ള അസുലഭസന്ദര്‍ഭമാണ് ക്രിസ്മസ്. 
   മനുഷ്യത്വം ഇന്നൊരു സമസ്യയാണ്. മനുഷ്യത്വം വീണ്ടെടുക്കാനുള്ള ആഹ്വാനമാണ് ക്രിസ്മസ് നല്‍കുന്നത്. മനുഷ്യസ്‌നേഹം, ത്യാഗം, കരുണ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമല്ല ക്രിസ്മസ്‌വേളയില്‍ ധ്യാനിക്കാനുള്ളത്. നമ്മുടെ മനസ്സ് മാറ്റാനുള്ള ഒരു സന്ദര്‍ഭം കൂടിയാണിത്. വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങള്‍' എന്ന കൃതിയിലെ ജിയാന്‍ വാല്‍ജിന്‍ എന്ന കുറ്റവാളി ഒരു ബിഷപ്പിന്റെ കരുണയും സ്‌നേഹവും കരുതലും കണ്ടപ്പോള്‍ മാറ്റത്തിനു സന്നദ്ധനായി, മനുഷ്യനെ രൂപാന്തരപ്പെടുത്തുന്നതു കരുണയും കരുതലും കടാക്ഷവുമാണെന്ന് വിക്ടര്‍ ഹ്യൂഗോ മാത്രമല്ല ടോള്‍സ്റ്റോയിയും ദോസ്‌തോയേവ്‌സ്‌കിയും എഴുതിയിട്ടുണ്ട്. ഫാദര്‍ സോസിമയിലുടെയും കരമസോവിലൂടെയും ദോസ്‌തോയേവ്‌സ്‌കി പഠിപ്പിക്കുന്നത്, ചോദ്യം മാറുന്നത് സ്വയംമാറുന്നതിലൂടെയാണെന്നാണ് നമ്മുടെ മനസ്സില്‍ മാറ്റം വന്നാല്‍ ലോകവും മാറും. 
  ദരിദ്രനായ ഒരു ചെരുപ്പുകുത്തിയുടെ കഥ ടോള്‍സ്റ്റോയി എഴുതിയിട്ടുണ്ട്. 'ഒരു ചെരുപ്പുകുത്തിയുടെ സ്വപ്നം' എന്ന ഈ കഥയുടെ ഇംഗ്ലീഷ് ശീര്‍ഷകം എന്നെ ഏറെ ആകര്‍ഷിച്ചു. ‘Where Love Is, God is’  എവിടെയാണ് സ്‌നേഹം, അവിടെയാണ് ദൈവം എന്നാണ് ഈ കഥ ഉദ്‌ഘോഷിക്കുന്നത്. ഒരു ദുരന്തത്തില്‍ മനസ്സ് തകര്‍ന്ന മാര്‍ട്ടിന്‍ അദേച്ചിനു ഒരു മിഷനറി ബൈബിള്‍ സമ്മാനിക്കുന്നു. അതു വായിക്കുന്ന അയാള്‍ ക്രിസ്മസ് ദിനത്തില്‍ യേശു തന്നെ കാണാന്‍ വരുമെന്നു സ്വപ്നം കാണുന്നു. അതിനായി കാത്തിരിക്കുന്ന അയാള്‍ പാവങ്ങളെ സഹായിക്കുന്ന ദൗത്യത്തില്‍ ഏര്‍പ്പെടുന്നു. ദിവസം മുഴുവന്‍ അയാള്‍ പട്ടിണിപ്പാവങ്ങളെ ശുശ്രൂഷിച്ചു. എന്നാല്‍,  ക്രിസ്മസ് ദിനത്തില്‍ യേശു വന്നില്ല. പക്ഷേ, അയാള്‍ ഒരു അശരീരി കേട്ടു. ഞാന്‍ നിന്റെ  കൂടെ ഉണ്ടായിരുന്നുവെന്നായിരുന്നു ആ അശരീരി. അയാള്‍ പാവങ്ങളെ ശുശ്രൂഷിച്ചപ്പോഴും സ്‌നേഹിച്ചപ്പോഴും കരുണ ചൊരിഞ്ഞപ്പോഴും യേശുവിനെയാണ് ശുശ്രൂഷിച്ചതും സ്‌നേഹിച്ചതും എന്നായിരുന്നു അശരീരി വ്യക്തമാക്കിയത്. അതിനാല്‍ ക്രിസ്മസ് നല്‍കുന്ന ബോധ്യം, കരുണയും സ്‌നേഹവും ആര്‍ദ്രതയും പ്രകടിപ്പിക്കുമ്പോള്‍ അതു നമ്മുടെ മനസ്സില്‍ യേശുവിനെ സ്വീകരിക്കുന്നതിനു തുല്യമാണെന്ന ആശയമാണ്. 
   ടോള്‍സ്റ്റോയിയുടെ ഈ കഥയുടെ ശീര്‍ഷകം തന്നെയാണ് ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ നിറയേണ്ടത്   ‘Where Love Is, God is എന്നോ 'Where Love is, There God is Also’  എന്നോ നമുക്ക് ഈ കഥയുടെ ആത്മീയസത്യത്തെ ഒരു മിന്നല്‍വളയായി മനസ്സില്‍ പേറേണ്ടതുണ്ട്.
 
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)