•  29 Feb 2024
  •  ദീപം 56
  •  നാളം 50
നേര്‍മൊഴി

ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കുതിരക്കച്ചവടം

നക്ഷേമത്തിനുവേണ്ടി ജനം തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ ജനങ്ങളെ ഭരിക്കുന്ന ഭരണക്രമം എന്ന നിലയിലാണ് ജനാധിപത്യം ജനഹൃദയങ്ങളില്‍ പ്രതിഷ്ഠനേടിയത്. എന്നാല്‍, ഇപ്പോള്‍ ജനക്ഷേമം എന്ന മഹത്തായ ലക്ഷ്യം മറന്നിരിക്കുന്നു; ജനാധിപത്യം അധികാരം നിയമാനുസൃതമായി നേടാനുള്ള മാര്‍ഗംമാത്രമായി അധഃപതിച്ചിരിക്കുന്നു. അധികാരത്തിനുവേണ്ടി കൂറുമാറാനും കുതിരക്കച്ചവടം നടത്താനും അറപ്പും ഉളുപ്പും നഷ്ടപ്പെട്ടവരുടെ എണ്ണം കൂടിയിരിക്കുന്നു. പണ്ടൊക്കെ നിലപാടുകളും മുന്നണികളും മാറിയിരുന്നത് തക്കതായ കാരണങ്ങളുടെ പേരിലായിരുന്നു.
കാലുമാറ്റവും കുതിരക്കച്ചവടവും കാര്യലാഭത്തിനുവേണ്ടിയത്രേ. കൊള്ളയടിക്കാന്‍ അധികാരത്തിന്റെ സംരക്ഷണം ആവശ്യമാണെന്ന് എല്ലാ പാര്‍ട്ടികളും തിരിച്ചറിഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പിനുമുമ്പ് മുന്നണി മാറിയാല്‍ അതിനു ന്യായീകരണം അവതരിപ്പിക്കാന്‍ എളുപ്പമാണ്. ആ തീരുമാനം തെറ്റാണെങ്കില്‍ അവരെ ശിക്ഷിക്കാനുള്ള അവസരം ജനത്തിനുണ്ട്. എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ടശേഷം, നേട്ടങ്ങള്‍ക്കുവേണ്ടി ചുവടുമാറ്റുന്നത് അക്ഷന്തവ്യമായ അപരാധവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണ്. 
കൂറുമാറ്റത്തിനും മുന്നണിമാറ്റത്തിനും കുപ്രസിദ്ധിയാര്‍ജിച്ച രാഷ്ട്രീയഭാഗ്യാന്വേഷിയാണ് നിതീഷ്‌കുമാര്‍. മുഖ്യമന്ത്രിയാകാന്‍വേണ്ടി അദ്ദേഹം ചുവടുമാറ്റിയത്, എട്ടു തവണയാണ്. അഞ്ചുവര്‍ഷത്തിനിടയില്‍ മൂന്നാമത്തെ കൂറുമാറ്റമാണ് അവസാനം നടന്നത്. ബിജെപി സഖ്യത്തില്‍ ചേര്‍ന്ന് അധികാരം ഭദ്രമാക്കിയപ്പോള്‍ നഷ്ടപ്പെട്ടത് ജനാധിപത്യത്തിന്റെ വിശുദ്ധിയും മുന്നണിഭരണസമ്പ്രദായത്തിന്റെ ഭദ്രതയുമാണ്.
കൂറുമാറ്റത്തിലൂടെ ഭരണസ്ഥിരതയും വികസനവും അപകടത്തിലാകുന്നു. രാജ്യത്തെ ഏറ്റവും അവികസിതമായ സംസ്ഥാനങ്ങളിലൊന്നാണ് ബീഹാര്‍. 51 ശതമാനത്തോളം ആളുകള്‍ ദരിദ്രരാണ്. ഒരു സംസ്ഥാനത്തിന്റെ വികസനത്തിന്റെ സൂചികയായി കണക്കാക്കപ്പെടുന്നത് വിദ്യാഭ്യാസ - ആരോഗ്യമേഖലകളുടെ വളര്‍ച്ചയാണ്. ഈ രണ്ടു മേഖലകളിലും ബീഹാര്‍ വളരെ പിന്നിലാണ്. 
തരംപോലെ മറുകണ്ടം ചാടി സ്ഥാനം ഉറപ്പിച്ചിട്ടും ജനം എന്തുകൊണ്ട് അത്തരം നേതാക്കന്മാരെ ഒഴിവാക്കുന്നില്ല എന്ന ചോദ്യത്തിനുത്തരം ലളിതമാണ്. ജനത്തിന്റെ ഓര്‍മശക്തി വലിയ തോതില്‍ കുറഞ്ഞിരിക്കുന്നു. അഥവാ അവര്‍ ഇത്തരം രാഷ്ട്രീയക്രൂരതകളോടു മാനസികമായി പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. 
രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മറ്റു പ്രസ്ഥാനങ്ങളുടെയും ചരിത്രം പരിശോധിക്കുമ്പോള്‍ വലിയ വ്യത്യാസങ്ങളും വ്യതിചലനങ്ങളും സംഭവിച്ചിരിക്കുന്നതായിക്കാണാം. എല്ലാറ്റിന്റെയും തുടക്കം ഒരാദര്‍ശമോ പ്രത്യയശാസ്ത്രമോ വിശ്വാസസംഹിതയോ ആണ്. രണ്ടാമത്തെ ഘട്ടത്തില്‍ ആദര്‍ശത്തെക്കാള്‍ പ്രാമുഖ്യം പാര്‍ട്ടിക്ക് അഥവാ പ്രസ്ഥാനത്തിനായി മാറി. ഇപ്പോള്‍ പ്രാധാന്യം വ്യക്തിക്ക് അഥവാ നേതാവിനാണ്. എല്ലാക്കാലത്തും എല്ലാ പാര്‍ട്ടികളിലും ഈ മാറ്റം വ്യക്തമായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയെക്കാള്‍ വലുതായിരുന്നു. സി.പി.എമ്മില്‍ ഇ.എം.എസിന്റെ വലുപ്പം അറിയാത്തവരായിട്ടു ആരുമുണ്ടായിരുന്നില്ല. എന്നാല്‍, ഇതൊക്കെ ചാനലുകളും സോഷ്യല്‍ മീഡിയായും ഇവന്റ് മാനേജ്‌മെന്റ് സമ്പ്രദായവുമൊന്നുമില്ലാത്ത കാലത്തായിരുന്നു. ഇതെല്ലാമുള്ള ഇക്കാലത്ത് പ്രധാനമന്ത്രി മോദി ബി.ജെ.പിയെക്കാള്‍ വലുതായതില്‍ അദ്ഭുതമില്ല. ഇന്നു പാര്‍ട്ടികളെക്കാള്‍ വലിയ ബ്രാന്‍ഡ് വ്യക്തികളാണ്.
നിതീഷ്‌കുമാര്‍ കൂറുമാറിയതിന്റെ പിന്നിലെ കാരണങ്ങള്‍ വ്യക്തമാണ്. പ്രധാനകാരണം അധികാരക്കൊതിതന്നെ. വേഷവിധാനത്തിലും ജനസമ്പര്‍ക്കത്തിലും പ്രൗഢി കാണിക്കാത്ത നിതീഷ്‌കുമാറിന് തന്റെ അധികാരഭ്രമം മറച്ചുവയ്ക്കുക എളുപ്പമാണ്. നിതീഷ്‌കുമാര്‍ മറുകണ്ടം ചാടാനുള്ള രണ്ടാമത്തെ കാരണം ബി.ജെ.പിക്കെതിരേ രൂപീകൃതമായ 'ഇന്ത്യ' പ്രതിപക്ഷസഖ്യത്തില്‍ പ്രതീക്ഷിച്ച സ്ഥാനം ലഭിക്കാതെപോയതാണ്. ഇന്ത്യാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിപദമോ സഖ്യത്തിന്റെ അധ്യക്ഷസ്ഥാനമോ കണ്‍വീനര്‍പദവിയോ ആണ് ആഗ്രഹിച്ചത്. മമതാ ബാനര്‍ജിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പ്രധാനസ്ഥാനങ്ങളില്‍നിന്ന് അകന്നുനില്‌ക്കേണ്ടിവന്ന സാഹചര്യമാണ് മന്ത്രിസഭ പിരിച്ചുവിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നു മന്ത്രിസഭ രൂപീകരിക്കാന്‍ പ്രേരണയായത്. മൂന്നാമത്തെ കാരണം അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയാണ്. അയോധ്യയിലെ രാമക്ഷേത്രം ഹൈന്ദവവോട്ടര്‍മാരെ മുഴുവന്‍ ഒന്നിപ്പിച്ചുവെന്ന വിലയിരുത്തലുണ്ടായി. അതുകൊണ്ട്, ഇന്ത്യാസഖ്യത്തിന്റെ കൂടെനില്ക്കുന്നത് നഷ്ടക്കച്ചവടമാകുമെന്ന് നിതീഷ് കുമാര്‍ കണക്കുകൂട്ടി.
നിതീഷിന്റെ ചാട്ടംകൊണ്ട് ഇന്ത്യാമുന്നണിക്കു വലിയ നഷ്ടമോ ബി.ജെ.പി.യ്ക്കു കാര്യമായ നേട്ടമോ ഉണ്ടാകുന്നില്ല. ചാട്ടക്കാരനു വ്യക്തിപരമായ നേട്ടമുണ്ടായെന്ന കാര്യം മറക്കുന്നില്ല. ബീഹാറില്‍ 40 ലോകസഭാ സീറ്റുകളാണുള്ളത്. 2019 ല്‍ 39 സീറ്റും ബി.ജെ.പി. സഖ്യം നേടി. അതു നിലനിര്‍ത്താനാണ് നിതീഷിനെ ഉള്‍ക്കൊള്ളാന്‍ ബി.ജെ.പി. സന്നദ്ധമാകാന്‍ കാരണം. സ്വഭാവമനുസരിച്ച് എപ്പോള്‍ വേണമെങ്കിലും എങ്ങോട്ടുവേണമെങ്കിലും ചാടാവുന്ന രാഷ്ട്രീയാഭ്യാസിയാണ് നിതീഷ്‌കുമാര്‍ എന്നു ബി.ജെ.പി. നേതൃത്വത്തിന് അറിയാത്തതുകൊണ്ടല്ല. ഇന്ത്യാസഖ്യത്തില്‍ നിതീഷ് തുടര്‍ന്നിരുന്നെങ്കില്‍ സഖ്യത്തിന് അത് എന്നും വെല്ലുവിളിയാകുമാ
യിരുന്നുവെന്നു കോണ്‍ഗ്രസി
നറിയാമായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ചാട്ടം സഖ്യത്തെ വലിയ തോതില്‍ ഉലയ്ക്കുകയില്ല.

 

Login log record inserted successfully!