•  29 Feb 2024
  •  ദീപം 56
  •  നാളം 50
നോവല്‍

ചക്രവര്‍ത്തിനി

മറ്റുള്ളവരുടെ ചിന്തകളുടെ പുഴയിലൂടെ ഒരു തടിക്കഷണം പോലെ ഒഴുകുകയാണ്. ചെന്നടിഞ്ഞതൊരു കൊട്ടാരത്തിന്റെ വിസ്മയത്തില്‍.
കൊട്ടാരത്തിലുമില്ല മാറ്റമൊന്നും...
പേരുപോലും മാറിപ്പോയൊരനാഥ. വാസ്തവത്തില്‍ വഞ്ചനയുടെ ആള്‍രൂപമല്ലേ ഹദസ? പേര്‍ഷ്യാചക്രവര്‍ത്തിയുടെയും ജനങ്ങളുടെയും ബന്ധുക്കളുടെയും മുന്നില്‍ ഹദസയെ എസ്‌തേര്‍ എന്ന അസത്യംകൊണ്ട് മൂടിവച്ചവള്‍.
അബ്ബയുടെ മനസ്സിലെന്തൊക്കെയാവും എന്നറിഞ്ഞിരുന്നില്ല... പെട്ടെന്നു കിട്ടാവുന്ന അമിതസൗഭാഗ്യത്തിന്റെ പ്രലോഭനത്തില്‍ വീണുപോയതാണോ? അതോ ഇത്തരമൊരു സന്ദിഗ്ധാവസ്ഥ അബ്ബ നേരത്തേ അറിഞ്ഞുവോ, ഒരു ദീര്‍ഘദര്‍ശിയെപ്പോലെ.
മുന്നില്‍ ഒരു ജനതയുടെ മുഴുവന്‍ അസ്തിത്വമാണു ചോദ്യചിഹ്നമായി നില്ക്കുന്നത്. അവരെ മരണത്തിന്റെ താഴ്‌വരയില്‍നിന്നു ജീവന്റെ പര്‍വതങ്ങളിലേക്കുയര്‍ത്താന്‍ തനിക്കു ബലമുണ്ടാവുമോ?
കൊട്ടാരത്തിലെ തന്റെ സുഖാന്വേഷണം തേടുന്ന അബ്ബയുടെ വ്യഥ മതില്‌ക്കെട്ടിനപ്പുറത്തെ പൂന്തോട്ടങ്ങളുടെ മറവില്‍ ഒളിഞ്ഞും തെളിഞ്ഞും പലവട്ടം കണ്ടതാണ് എസ്‌തേര്‍. 
ഇങ്ങോട്ടു യാത്രയാവുമ്പോള്‍ ബന്ധുജനങ്ങളുടെ മുഖത്തു തെളിഞ്ഞുനിന്നിരുന്നത് നക്ഷത്രങ്ങള്‍. ആശ്വാസക്കുളിര്‍മഞ്ഞായിരുന്നു അപ്പോള്‍ ഹൃദയത്തില്‍ പെയ്തുകൊണ്ടിരുന്നത്.
പ്രാര്‍ഥനകളുടെ ഹെര്‍മോന്‍പര്‍വതം കടന്നാണീ പറുദീസയിലെത്തിയത്. സമാധാനത്തിന്റെ ഈ പറുദീസയില്‍ നിന്ന് ആദിമാതാപിതാക്കളെപ്പോലെ സ്വജനത്തെ ആട്ടിപ്പുറത്താക്കുകയാണു ചക്രവര്‍ത്തി.
നരകത്തില്‍നിന്നു കരേറിയേ പറ്റൂ. സ്വജീവനിവിടെ ഒരു വിലയുമില്ല. ആടുകളിലൊന്നു നഷ്ടപ്പെട്ടാലും ഇടയന്‍ സങ്കടപ്പെടരുതല്ലോ. കുറുനരികളുടെ ആക്രമണത്തില്‍നിന്നും മറ്റുള്ളവയെ രക്ഷിക്കാനാവുമെങ്കില്‍. 
സുരക്ഷിതസങ്കേതമെത്താന്‍ ആ മരണത്തിന്റെ കുറച്ചുനിമിഷങ്ങള്‍ വഴിതുറക്കും.
നാവും നാണവുമില്ലാത്ത രാജ്ഞിയാണ് എസ്‌തേര്‍.
ശില്പസൗന്ദര്യത്തിന്റെ വിജയചിഹ്നമായി വിലസുന്ന കമനീയമായ അരമനയിലെ കൂട്ടിലകപ്പെട്ട സ്വര്‍ണ്ണപ്പക്ഷി.
പാടാനറിയാം, ആടാനറിയാം. പക്ഷേ പറക്കാനറിയില്ല. വര്‍ണത്തൂവലുകള്‍ വിടര്‍ത്തി ആകാശസ്വപ്നങ്ങള്‍ കാണാനുള്ള ധൈര്യമില്ല.
മൂര്‍ച്ചയുള്ള വാളായി രാജശാസനം തലയ്ക്കുമീതെ തൂങ്ങിക്കിടക്കുകയാണ്. അതികൗശലക്കാരനായ ഹാമാനെന്ന അഗാഗു വംശജന്റെ കുടിലബുദ്ധിയുടെ സൂത്രങ്ങളില്‍.
അതെങ്ങനെ അഴിച്ചുമാറ്റും? തന്നെയും വംശത്തെയും എങ്ങനെ രക്ഷിക്കും!
മരണതുല്യമായ ഉത്കണ്ഠയുടെ കുന്നിലാണ് താന്‍. ആഹ്ലാദങ്ങളുടെ ആരവങ്ങളില്‍ ഒറ്റപ്പെട്ട്, ആശ്വാസവചനങ്ങളേതുമില്ലാതെ കഷ്ടപ്പെട്ട് ദൈവമേ...!
ഞങ്ങളുടെ പതനത്തില്‍ പരിഹസിക്കാന്‍ എതിരാളികളെ അനുവദിക്കരുതേ. കഷ്ടദിനങ്ങളില്‍ അങ്ങയെ വെളിപ്പെടുത്തണമേ. എന്നില്‍ നീ ധൈര്യമായി വാ... സിംഹത്തിന്റെ മുന്നില്‍ പിടയ്ക്കാത്ത ചാതുരിയോടെതിരിടാന്‍...
അപരിഹാര്യമായ എന്റെ അവസ്ഥ നീയറിയുന്നില്ലേ?
ഉന്നതസ്ഥാനത്തിന്റെ ഭാരമുള്ള ചിഹ്നം എനിക്കെന്തിന്? ആശയറ്റവരുടെ ശബ്ദത്തിന് നീ ചെവിവയ്‌ക്കേണമേ. തിന്മയുടെ ക്രൂരകരങ്ങ
ളില്‍നിന്ന്, ഭയത്തിന്റെ സിംഹക്കണ്ണുകളില്‍നിന്ന് ഞങ്ങളെയല്ലാം രക്ഷിക്കേണമേ.
ഹൃദയവ്യഥയോടെ എസ്‌തേര്‍ അന്തഃപുരത്തിലുരുകി. വസ്ത്രാഡംബരങ്ങള്‍ ഉപേക്ഷിച്ചു. ദുഃഖത്തിന്റെയും വിലാപത്തിന്റെയും വസ്ത്രങ്ങള്‍ ധരിച്ചു. കര്‍പ്പൂരം, സാമ്പ്രാണി, മറ്റു സുഗന്ധവ്യഞ്ജനങ്ങളിവയുടെ പരിമ
ളത്തില്‍ സുഗന്ധസുലളിതമാകേണ്ട തലമുടിയില്‍ ചാരവും ചാണകവും കൊണ്ടുമൂടി.
മഹാറാണിയുടെ ഉപവാസദിവസങ്ങളില്‍ യഹുദരെല്ലാവരും മൊര്‍ദെക്കായിയുടെ നേതൃത്വത്തില്‍ ഉപവാസത്തിന്റ അഗ്‌നിപരീക്ഷകളിലായിരുന്നു. പ്രത്യാശയുടെ പ്രാര്‍ഥനക്കുന്നേറുകയായിരുന്നു.
ഈ അന്ധകാരത്തില്‍ കിടക്കുമ്പോള്‍ ദൈവം എനിക്കു പ്രകാശമെത്തിക്കും. ഏറെ വേദനകള്‍ക്കിടയിലുമുണ്ട് സര്‍വേശ്വരന്റെ കാരുണ്യം. അന്ധകാരത്തില്‍ തനിയെയാണെന്നു തോന്നുന്നേയില്ല. ഇരുളാണ് പുറമേയെങ്കിലും ആത്മാവ് അങ്ങേ പ്രകാശത്തിലാണ്. മൊര്‍ദെക്കായ് ചിന്തിച്ചു.
മൂന്നാംനാള്‍ ശുക്രതാരക പുലരിക്കൊട്ടാരത്തിന്റെ വാതില്‍ തുറക്കുകയാണ്. ഉപവാസത്തിന്റെ കാളരാത്രികള്‍ അവസാനിക്കുന്നു. മഞ്ഞും കുളിരും നിറഞ്ഞ പ്രഭാതത്തില്‍ എസ്‌തേര്‍ കുളിയിടത്തിലേക്കു നടന്നു. തോഴിമാരുടെ അകമ്പടിയോടെ
കുങ്കുമം, നാഗച്ചെടി, ഇലവര്‍ങം, മൈലാഞ്ചി, കര്‍പ്പൂരം, ചന്ദനം തുടങ്ങിയ രസഗന്ധികള്‍ നിറഞ്ഞുലഞ്ഞ ഉദ്യാനപാതയിലൂടെ നീരുറവ തേടിപ്പോകുന്ന  ഹെര്‍മോന്‍ താഴ്‌വരയിലെ വെണ്‍ചെമ്മരിയാടുകള്‍പോലെ സംഘം നീങ്ങി.
ചുവന്നു തുടങ്ങിയ പൂര്‍വാകാശത്തിന്റെ തെളിമയിലേക്കു ബാലസൂര്യനുസമം നീരാട്ടുകഴിഞ്ഞ മഹാറാണി തിളങ്ങി. അരിപ്രാവുകളെക്കൂട്ട് കിലുങ്ങുന്ന തോഴിമാര്‍ അവളെ അന്തഃപുരത്തിലെ വസ്ത്രധാരണമുറിയിലെത്തിച്ചു.
ഷണ്ഡന്മാരും തോഴിമാരും രാജ്ഞിയെ അണിയിച്ചൊരുക്കാന്‍ മത്സരിച്ചു. അവള്‍ രാജകീയാലങ്കാരങ്ങളുടെ അഴകണിഞ്ഞു.  അതിരുചിരമായ സൗരഭ്യമുള്ള സൗന്ദര്യവര്‍ധകദ്രവ്യങ്ങള്‍ ചാര്‍ത്തി.
 ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു തോഴിമാരെമാത്രം കൂടെക്കൂട്ടി ഷണ്ഡന്മാരെയും മറ്റെല്ലാ തോഴിമാരെയും മാറ്റിനിര്‍ത്തിയശേഷം സര്‍വേശനെ ഉള്ളില്‍ നിനച്ചുകൊണ്ട് എസ്‌തേര്‍ രാജകൊട്ടാരത്തിന്റെ മണിച്ചിത്രവാതിലിനു നേരേ മന്ദം നടന്നു.
വ്രതകാര്‍ക്കശ്യത്താല്‍ ശോഭിക്കുന്നുണ്ടെങ്കിലും ഇന്ദുകല പോലെ ക്ഷീണസൗന്ദര്യമാണ്. തോഴിയൊരാളുടെമേല്‍ ആ ദുര്‍ബലശരീരം ചാഞ്ഞുചാരുന്നുണ്ട്. മറ്റെയാള്‍ പിന്നില്‍ അഴകോടെ കിടക്കുന്ന രാജകീയചേല മടക്കിപ്പിടിച്ചിരിക്കുന്നു. 
അവികലസൗന്ദര്യം മാലാഖയെപ്പോലെ ലളിതം. മുഖം സൗമ്യവും സന്തുഷ്ടവും. എന്നാല്‍, ഹൃദയമോ ഭീതിമൂലം  തുടിതുടിച്ചിരുന്നു...!
രത്‌നഖചിതങ്ങളായ വാതിലുകള്‍ ഓരോന്നോരോന്നായി കടന്നു. അവിടെയെല്ലാമുള്ള  പരിചാരകന്മാര്‍ മഹാരാജ്ഞിയെ വന്ദിക്കുന്നുണ്ട്.
ആരെയും ശ്രദ്ധിക്കാതെ, നേരേ ഒറ്റലക്ഷ്യത്തിലേക്ക്.
അമൂല്യരത്‌നങ്ങളും സ്വര്‍ണവും പൊതിഞ്ഞ സിംഹാസനത്തില്‍ രാജകീയപ്രൗഢവേഷത്തിലിരിക്കുകയാണ് അഹസ്വേരുസ് ചക്രവര്‍ത്തി.. 
എസ്‌തേര്‍ അവിടെയെത്തി.
തേജസ്വലമായ അരുണമുഖം പൊക്കി മഹാരാജാവ് എസ്‌തേറിനെ ശ്രദ്ധിച്ചു. ഭീതിദമായ ദര്‍ശനം. എസ്‌തേര്‍ വാടിയ താമരത്തണ്ടു പോലായി. കണ്ണുകളിരുണ്ടു... കൊട്ടാരമാകെ കറങ്ങിത്തിരിയുകയാണ്. നിവര്‍ന്നുനില്ക്കുവാനാകാതെ എസ്‌തേര്‍ ബോധമറ്റ് തന്റെ തോഴിയുടെമേല്‍ ചരിഞ്ഞുവീണു.
പെട്ടെന്ന് കത്തുന്ന സൂര്യന്‍ രാജാവിന്റെ മുഖത്തസ്തമിച്ചു. സന്ധ്യപോലിരുണ്ട മനസ്സോടെ അഹസ്വേരുസ് സിംഹാസനം വിട്ടു ചാടിയെഴുന്നേറ്റു.
''എസ്‌തേര്‍ എന്റെ പ്രിയപ്പെട്ടവളേ...''
തോഴിയെച്ചാരി വാടിയ മുല്ലപോലെ കിടന്നിരുന്ന രാജ്ഞിയെ രാജാവ് തന്റെ ബലിഷ്ഠമായ കൈകളിലേക്കു പകര്‍ന്നു.
തോഴിമാര്‍ അവളുടെ മുഖത്തു പനിനീര്‍ തളിച്ചു. ചാമരവിശറിയാല്‍ മന്ദമന്ദം വീശി. അഗാധതയില്‍നിന്നെന്നപോലെ അവള്‍ കണ്ണുതുറന്നു.
''എന്തേ നിനക്കെന്തുപറ്റി എസ്‌തേര്‍, എന്തിനാണ് ഭയപ്പെടുന്നത്?''
മഞ്ഞില്‍വിരിയുന്ന പൂവിനുസമമൊരു തെളിച്ചം ക്ഷീണം ഞൊറിയിട്ട അവളുടെ ചുണ്ടുകളില്‍ കണ്ടു. വിളറിയ കവിള്‍ത്തടങ്ങളില്‍ രാജാവിന്റെ പരുക്കന്‍ വിരലുകള്‍ പതിയെ ഓടിനടന്നു.
ഒരു ചുടുനിശ്വാസം കിളിക്കുഞ്ഞിനെപ്പോലെ ചിറകുകുടഞ്ഞ് മുഖമുരസിപ്പറന്നുപോകുന്നത് രാജാവറിഞ്ഞു.
വാടിപ്പോയ തൈച്ചെടി സാന്ത്വനമേറ്റു നിവരുംപോലെ എസ്‌തേര്‍ എഴുന്നേറ്റു. തോഴിമാരപ്പോഴും അവളെ ചേര്‍ത്തുപിടിച്ചു.
മിഴികള്‍ ഉണരുന്നില്ല, ചുണ്ടുകളനങ്ങുന്നില്ല.
''എന്തിനു പ്രിയേ, നീയിതു പോലെ വേവലാതിപ്പെടുന്നത്, ഞാനില്ലേ നിനക്ക്?''
അഹസ്വേരുസിന്റെ വാക്കിലും ദുഃഖം തുളുമ്പി. അവന്‍ കൂടുതല്‍ ഹൃദയഭാരത്തോടെ തുടര്‍ന്നു:
ധൈര്യമായിരിക്കൂ. നീ മരിക്കുകയില്ല, നമ്മുടെ നിയമം പ്രജകള്‍ക്കുമാത്രമുള്ളതാണ്.
അദ്ദേഹം സ്വര്‍ണച്ചെങ്കോല്‍ കൈയിലെടുത്തു. പതുക്കെ എസ്തേറിനു നേരേ നീട്ടി. എന്നാല്‍, ആകെ തളര്‍ന്നുപോയതിനാല്‍ അവള്‍ക്കതു തൊടാനായില്ല. നൊമ്പരത്തോടെ എസ്‌തേര്‍ രാജാവിനെ നോക്കി. അദ്ദേഹം തന്റെ ചെങ്കോലുകൊണ്ട് എസ്േതറിന്റെ കഴുത്തില്‍ തൊട്ടു.
അവളാകെ കുളിര്‍ന്നുലഞ്ഞു. തോഴിയുടെ കൈകളില്‍നിന്നെഴുന്നേല്ക്കാന്‍ ശ്രമിച്ചു. അവളെ മാറില്‍ച്ചേര്‍ത്തു പുണര്‍ന്നുകൊണ്ട് അദ്ദേഹം മധുരമായിമൊഴിഞ്ഞു:
''പറയൂ. എന്താണ് എന്നെ അറിയിക്കുവാനുളളത്?''
എസ്‌തേര്‍ കഴുത്തുയര്‍ത്തി അവനെ നോക്കി. പിന്നെ തന്റെ മുഖം അവന്റെ നെഞ്ചോടു ചേര്‍ത്തുവച്ച് തേങ്ങി. വാത്സല്യപൂര്‍വം മുഖം നേരെയാക്കിക്കൊണ്ട് രാജാവു തുടര്‍ന്നു:
''മടിക്കേണ്ട, നമ്മോടു പറഞ്ഞോളു.''
പ്രാവുപോലവള്‍ കുറുകി.
''മഹാനുഭാവാ...! അങ്ങ് എനിക്ക് ദൈവത്തിന്റെ ദൂതനെപ്പോലെയാണ്. ആ മഹത്ത്വം ദര്‍ശിച്ച് ഹൃദയം പിടഞ്ഞുപോയി.''
അഹസ്വേരുസ് പുഞ്ചിരിച്ചു. രാജ്ഞിയുടെ അധരങ്ങള്‍ കുളിരുപെയ്തുകൊണ്ടിരുന്നു.
''അങ്ങ് അദ്ഭുതപുരുഷനാണ്. തേജസ്സുറ്റവനാണ്. ദാസിയുടെ മനസ്സിനെ വ്യക്തമായറിയുന്നവനാണ്.''
പറഞ്ഞുകൊണ്ടിരിക്കേ അവള്‍ വീണ്ടും മോഹാലസ്യപ്പെട്ടു. പെട്ടെന്ന് രാജാവ് അവളെ താങ്ങി, പരിചാരകവൃന്ദങ്ങള്‍ ഓടിയെത്തി ശുശ്രൂഷിച്ചു.
വെമ്പല്‍പൂണ്ട മഹാരാജാവ് രാജ്ഞിയെ എത്രയും വേഗത്തില്‍ അന്തഃപുരത്തിലേക്കെടുക്കാന്‍ ആജ്ഞാപിച്ചു. കൊട്ടാരം വൈദ്യന്മാരെ വിളിച്ചു വരുത്തി.
ഹഗായി ഓടിക്കിതച്ചെത്തി.
''മഹാരാജ്ഞിക്കെന്തു പറ്റി?''
അവന്‍ കിതച്ചുകൊണ്ടന്വേഷിച്ചു. തളര്‍ന്നുവീണ രാജ്ഞിയെ അവന്റെ നേതൃത്വത്തില്‍ കിടപ്പുമുറിയിലേക്കു കൊണ്ടുപോയി. തോഴിമാരുടെയും ഷണ്ഡന്മാരുടെയുമെല്ലാം കണ്ണു നിറഞ്ഞിരുന്നു. എസ്‌തേറിനോട് അവര്‍ക്കെല്ലാം അത്രമേലിഷ്ടമായിരുന്നു.
വൈദ്യശുശ്രൂഷ പുരോഗമിക്കുമ്പോള്‍ മഹാരാജാവ് മുറിയിലെത്തി ആരാഞ്ഞു.
''രാജ്ഞിക്ക് എങ്ങനെയുണ്ട്?''
''പേടിക്കാനൊന്നുമില്ല. ക്ഷീണം മാത്രമേയുള്ളൂ.''
ആശ്വാസത്തോടെ അദ്ദേഹം പള്ളിമഞ്ചത്തിനരികെ ഇരുന്നു. ബലമില്ലാതെ കിടക്കുന്ന കൈത്തണ്ടയില്‍ തടവി.
''എസ്‌തേറിന്എന്താണു സംഭവിച്ചത്?''
പ്രധാന തോഴിയോടു രാജാവു തിരക്കി.
''മഹാരാജാവിനെക്കാണാന്‍ രണ്ടു മൂന്നു ദിവസമായി രാജ്ഞി ആഗ്രഹിക്കുന്നുണ്ട്. വിളിക്കാതെ എത്താന്‍ ധൈര്യമില്ലാതെ സങ്കടമടക്കി. ഭക്ഷണംപോലും ഉപേക്ഷിച്ചു. തോഴിമാരുടെ വാക്കുകള്‍ രാജാവിന്റെ ഹൃദയമലിയിച്ചു.

 

Login log record inserted successfully!