വലിയൊരു കമ്പനിയിലെ ജനറല്‍ മാനേജരായിരുന്നു ഗോപിനാഥന്‍സാറ്. റിട്ടയര്‍ ചെയ്തിട്ട് ആറുവര്‍ഷം കഴിഞ്ഞു. ഭാര്യ പങ്കജവല്ലി റിട്ട. പോസ്റ്റുമാസ്റ്ററാണ്. അവര്‍ക്ക് ഒരേയൊരു മകള്‍ സുപ്രിയ. അവള്‍ ഭര്‍ത്താവു സുദേവന്റെകൂടെ വിദേശത്താണ്. സുദേവനും സുപ്രിയയ്ക്കും ഒറ്റമകള്‍ വൈദേഹി. അഞ്ചാംതരത്തില്‍ പഠിക്കുന്നു.
''ചേട്ടാ എണീക്കുന്നില്ലേ. നേരം വെളുത്തു. നടക്കാന്‍ പോകണ്ടേ. കൂട്ടുകാരൊക്കെ കാത്തുനില്‍ക്കും എണീക്ക്...'' പങ്കജവല്ലി ഭര്‍ത്താവിനെ പിടിച്ചെണീല്‍പ്പിക്കാന്‍ നോക്കി. പറ്റുന്നില്ല. അദ്ദേഹം തടിയനല്ലേ... താനൊരു മെലിഞ്ഞ സ്ത്രീയും. പങ്കജവല്ലി ഓര്‍ത്തു.
''എടീ ഇന്നിനി നടക്കാനൊന്നും പോകുന്നില്ല. വല്ലാത്ത ക്ഷീണം.'' ഗോപിനാഥന്‍സാറ് അലസനായി പറഞ്ഞു.
''പറ്റില്ല... പറ്റില്ല. നടന്നേ തീരൂ. ഒന്നിങ്ങെണീക്കെന്റെ ഗോപ്യേട്ടാ...'' പങ്കജവല്ലിയുടെ സ്‌നേഹമസൃണമായ ആ വിളി... അദ്ദേഹം കിടക്കവിട്ടെണീറ്റു. ബാത്ത്‌റൂമില്‍പ്പോയി തിരിച്ചുവന്നു. പാന്റും ടീഷര്‍ട്ടും ധരിച്ചു വേഗം ഇറങ്ങി.
''ഇന്നും അവര്‍ക്കൊപ്പമെത്താന്‍ ഓടേണ്ടിവരും.'' പങ്കജവല്ലി ചിരിച്ചു.
'നീ കൂടി വാടീ പങ്കജം എനിക്കൊരു കൂട്ടിന്.''
''ഇല്ല. എനിക്കു പൊണ്ണത്തടിയൊന്നുമില്ലല്ലോ.''
ഗോപിനാഥന്‍ നടന്നു റോഡിലെത്തിയപ്പോള്‍ അദ്ദേഹം കണ്ടു അതാ തന്റെ കൂട്ടുകാര്‍ ശിവശങ്കരന്‍സാറും മറ്റും നടക്കുന്നു. തനിക്കത്ര ചുണയായി നടക്കാന്‍ വയ്യ.
''ശിവശങ്കരന്‍സാറേ നിക്ക്. ഞാന്‍ പുറകേയുണ്ട്.'' ഗോപിനാഥന്‍ കിതച്ചുകൊണ്ട് വിളിച്ചു പറഞ്ഞു. അവര്‍ നിന്നു. ഗോപി സാറ് വേഗം നടന്ന് അവര്‍ക്കൊപ്പമെത്തി.
''ഇന്നു താന്‍ താമസിച്ചു.''
''സോറി ശിവശങ്കരാ സോറി. നാളെ മുതല്‍ ഞാന്‍ കൃത്യസമയത്തെത്തിക്കൊള്ളാം.''
''ശരി ശരി വാ...''
ശിവശങ്കരന്‍സാറും വാരിജാക്ഷന്‍സാറും തടിയന്‍ ഗോപിനാഥന്‍സാറും ഒന്നിച്ചു കൈവീശി നടന്നു.
** ** ** ഇന്നു ഗോപിനാഥന്‍സാറിനു വലിയ കിതപ്പൊന്നും തോന്നിയില്ല. മൊത്തം ശരീരത്തിനൊരയവ്... ഒരു സുഖം... രാവിലത്തെ ഇളംകാറ്റും തണുപ്പും പ്രകൃതിയുടെ തലോടലും ആരോഗ്യത്തിനു നല്ലതാണ്. തന്റെ ആരോഗ്യകാര്യങ്ങളില്‍ പങ്കജവല്ലി എത്ര ശ്രദ്ധിക്കുന്നു! സ്‌നേഹമുള്ളവളാണവള്‍. ആ ഗോപ്യേട്ടാ എന്നുള്ള വിളി... എന്നും അതു കേള്‍ക്കുന്നതൊരു സുഖമാണ്. തന്റെ മകള്‍ സുപ്രിയ ചിലപ്പോള്‍ സുദേവനെ കളിയാക്കാറുണ്ട്: ദേ കണ്ടുപഠിക്ക് എന്റച്ഛനോട് അമ്മയ്‌ക്കെന്തു സ്‌നേഹമാണെന്ന്.
മകളുടെ സംസാരം കേട്ട് പങ്കജവല്ലി ഒരു മുഴം പൊങ്ങും.
മകളെ കാണാന്‍ കൊതിയാവുന്നു. അവള്‍ വന്നു പോയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. തന്റെ പേരക്കുട്ടി വൈദേഹി ഒരു കാന്താരിക്കുട്ടിയാണ്. അപ്പൂപ്പാന്നു വിളിച്ചാല്‍ കേള്‍ക്കാനെന്തു സുഖം...!
ഗോപിസാര്‍ ഓരോന്നോര്‍ത്തിരുന്നു.
''എന്താ ചിന്തിക്കുന്നെ?'' പങ്കജവല്ലി അടുത്തുവന്നു ചോദിച്ചു.
''മോളുടെ കാര്യം ഓര്‍ക്കുകയായിരുന്നെടീ.''
''അതു ശരി. അവളിടയ്ക്കിടെ വിളിക്കാറില്ലേ പിന്നെന്താ?''
''എങ്കിലും അവളെ കാണാനൊരു കൊതി.''
''ങാ... ഉടനെ അവള്‍ വരും. വാ കാപ്പി കുടിക്കാം. മണി ഒന്‍പതര ആയില്ലേ.'' ഗോപിനാഥന്‍ എണീറ്റുപോയി തീന്‍മേശയ്ക്കരികെ ഇരുന്നു. നല്ല മൊരിഞ്ഞ ദോശ. തേങ്ങാ ചട്ണി. അയാള്‍ വേഗം കാപ്പി കുടിച്ചെണീറ്റു കൈകഴുകി. സിറ്റൗട്ടില്‍ ചെന്നിരുന്ന് പത്രം വിശദമായി വായിച്ചു.
ഫോണ്‍ റിങ് ചെയ്യുന്ന ശബ്ദം. ഗോപിസാര്‍ അകത്തുചെന്ന് ഫോണെടുത്തു: ''അച്ഛാ'' മോളാണ്.
''ഹലോ മോളേ, ഇന്നോഫീസില്‍പ്പോയില്ലേ?''
''ഇന്നെനിക്കവധിയാണച്ഛാ. മോള്‍ സ്‌കൂളില്‍പ്പോയി. സുദേവന്‍ ജോലിക്കു പോയി. തനിയെ ഇരുന്നപ്പോള്‍ അച്ഛനെ ഒന്നു വിളിക്കാമെന്നു കരുതി.''
''നന്നായി. ഞാനിപ്പോള്‍ അമ്മയോടു നിന്റെ കാര്യം പറഞ്ഞതേയുള്ളൂ.''
''ഉവ്വോ. അമ്മയെവിടെ?''
''പച്ചക്കറിത്തോട്ടത്തിലുണ്ടാവും.''
''എന്നാ ഇന്നച്ഛനു വഴുതനങ്ങാത്തോരനായിരിക്കും.''
''തീര്‍ച്ച.'' ഗോപിനാഥന്‍ തുടര്‍ന്നു.
''ഇന്നു വഴുതനങ്ങ. നാളെ വെണ്ടയ്ക്കാ മെഴുക്കുപുരട്ടി.''
''അച്ഛന്റെ ഭാഗ്യം. നല്ല പച്ചക്കറി കഴിക്കാമല്ലോ.'' സുപ്രിയ ഫോണിലൂടെ പറഞ്ഞു.
''പിന്നെ എന്തുണ്ടച്ഛാ വിശേഷങ്ങള്‍. പ്രഭാതനടത്തം ഇപ്പോഴുമുണ്ടോ?''
''ഉണ്ടു മോളെ. അതു നിര്‍ത്തരുതെന്നാ ഡോക്ടറുടെ കല്പന. ഷുഗര്‍ അല്പം കൂടുതലല്ലേ. മരുന്നും വ്യായാമവും ചിട്ടയായ ഭക്ഷണവുമൊക്കെയായി ഷുഗര്‍ അല്പം കുറയ്ക്കണം.''
''ശരിയച്ഛാ. അമ്മയെ ഞാന്‍ വൈകിട്ടു വിളിച്ചോളാം.''
''ഓക്കെ മോളേ.'' ഗോപിനാഥന്‍ ഫോണ്‍ വച്ചു.
(തുടരും)